പല വീട്ടിലും നമ്മൾ കാണുന്ന ഒരു വേർതിരിവ് മാത്രമാണ് ഈ കഥ…

രചന: ഗുൽമോഹർ

” ആഹാ, ഒരുങ്ങി ഇറങ്ങി ഇതെങ്ങോട്ടാ കെട്ടിലമ്മ. തോന്നുമ്പോൾ ഇറങ്ങി പോകാനും കേറി വരാനും ഇത് സത്രമാണെന്ന് കരുതിയോ? ഇത് എന്റെ വീടാണ്, ഇവിടെ ഞാൻ പറയുന്നത് പോലെ നടക്കൂ.. കേട്ടല്ലോ, അതുകൊണ്ട് തമ്പുരാട്ടി ആ ചുറ്റികെട്ടിയ ചേലയൊക്കെ അഴിച്ചു വെച്ച് ആ പശുവിനുള്ള പുല്ല് വെട്ടാൻ നോക്ക്.. നീ പോയാൽ അതിന് പിന്നെ എന്തോന്ന് എടുത്ത് കൊടുക്കും. ”

സരസ്വതിയുടെ പുച്ഛവും നിന്ദയും കലർന്ന വാക്കുകൾ കേട്ടപ്പോൾ ആരതിക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയപ്പോഴേ സരസ്വതി വീണ്ടും കലിതുള്ളി തുടങ്ങി,

” ഹോ, തുടങ്ങിയല്ലോ കെട്ടിലമ്മയുടെ പൂങ്കണ്ണീര്. ഇതൊക്ക എവിടുന്നാവോ ഇങ്ങനെ പൊട്ടി ഒലിക്കുന്നത് . എന്തേലും പറഞ്ഞാൽ അപ്പൊ തുടങ്ങും.. ഇതൊക്ക കുറെ കണ്ടിട്ടാണ് മോളെ ഞാൻ ഇവിടം വരെ എത്തിയത്, അതുകൊണ്ട് ഈ അടവൊന്നും എന്റെ അടുത്ത് വേണ്ട. അതുകൊണ്ട് നിന്ന് മോങ്ങാതെ പോയി പണിയെടുക്കടി ”

സരസ്വതിയുടെ പരുഷമായ വാക്കുകൾ ഹാളിൽ മുഴങ്ങിത്തുടങ്ങിയപ്പോൾ ആരതി വേഗം വീടിന്റെ ഉള്ളിലേക്ക് കയറി. അവൾക്കറിയാം ഇനിയും കൂടുതൽ നേരം അവിടെ നിന്നാൽ തെറി കൊണ്ട് ചെവി പൊട്ടിക്കും അമ്മ എന്ന്. അകത്തു ചുറ്റിയ സാരി അഴിച്ചു വലിച്ചെറിയുമ്പോൾ അവളിൽ സങ്കടം തിരതല്ലുകയായിരുന്നു, പൊട്ടിക്കരഞ്ഞുകൊണ്ട്‌ ബെഡിലേക്ക് മുഖം ചേർത്ത് കിടക്കുമ്പോൾ പുറത്തു നിന്ന് സരസ്വതിയുടെ ഉച്ചത്തിൽ ഉള്ള സംസാരം കേൾക്കാമായിരുന്നു, “ഇനി റൂമിൽ കേറി കതകടച്ചിരിക്കാൻ ആണ് തമ്പുരാട്ടിയുടെ ഉദ്ദേശമെങ്കിൽ എന്റെ വായിൽ ഉള്ളത് മുഴുവൻ നീ കേൾക്കും, അത് വേണ്ടെങ്കിൽ കള്ളക്കണ്ണീര് മതിയാകി പുറത്ത് വന്ന് പണിയെടുക്കാൻ നോക്ക്. ഇവിടെ ഒരു നൂറു കൂട്ടം പണിയുണ്ട്, അപ്പഴാ അവളുടെ തള്ളയെ കാണാൻ ഉള്ള ഒരു സർക്കീട്ട്.. ഇതൊക്ക നിന്റെ കെട്ടിയോൻ കോന്തനെ പറഞ്ഞാൽ മതി. ”

അമ്മയുടെ വാക്കുകൾക്ക് മൂർച്ച കൂടിത്തുടങ്ങിയെന്ന് മനസ്സിലായപ്പോൾ കരഞ്ഞു വിങ്ങിയ മുഖം തുടച്ചുകൊണ്ട് ആരതി വേഗം പുറത്തേക്കിറങ്ങി അടുക്കളയിലേക്ക് നടന്നു. ********

” വാ മോളെ കേറി വാ… എത്ര ദിവസമായി ഞാൻ ന്റെ മോളെ ഒന്ന് കണ്ടിട്ട്. നിന്റെ കേട്ടിയോനോട് ഞാൻ പല വട്ടം പറഞ്ഞതാ ന്റെ മോളെ എനിക്ക് കാണാൻ തോന്നുമ്പോൾ ഇങ്ങോട്ട് കൊണ്ട് വരണം എന്ന്.. അതെങ്ങനാ അമ്മയുടെ വാലിൽ തൂങ്ങി നടക്കുവല്ലേ അവൻ. ”

സരസ്വതിയുടെ വാക്കുകളിൽ സ്നേഹവും സന്തോഷവും പരന്നൊഴുകുന്നുണ്ടായിരുന്നു. മകളായ ശരണ്യയുടെ വിരുന്ന് വരവിന്റെ സന്തോഷമായിരുന്നു അത്. ” എന്റെ അമ്മേ, അവിടെ നൂറു കൂട്ടം പണിയുണ്ട്. അതിനിടക്ക് ഇങ്ങോട്ട് ഇറങ്ങാൻ പറ്റണ്ടേ, പിന്നെ, എല്ലാ ഞായറാഴചയും ഞാൻ ഇവിടെ വരുന്നുണ്ടല്ലോ, എന്നിട്ടാണോ ഇപ്പോൾ വരാത്തതിന്റെ പരാതി. ” ചിരിയോടെ ശരണ്യ അമ്മയെ ചേർത്ത് പിടിക്കുമ്പോൾ സരസ്വതി അത് ശരിവെക്കുന്ന പോലെ തലയാട്ടി, “എങ്കിലും ന്റെ മോളെ കാണാതെ എനിക്ക് ഇരിക്കാൻ പറ്റുമോ. ഒരാഴ്ച എന്നൊക്ക പറയുമ്പോൾ ഒരു മാസം കാണാത്ത പോലെയാ എനിക്ക് തോന്നുന്നത്. അതുകൊണ്ടല്ലേ അമ്മ പരാതി പറയുന്നത് . അമ്മയുടെ മോളിവിടെ അടുത്തിരുന്നേ, അമ്മയൊന്നു കാണട്ടെ ” സരസ്വതി ശരണ്യയെ പിടിച്ച് അടുത്തിരുത്തി.

“അല്ല അമ്മേ, ഏട്ടത്തിയമ്മ എവിടെ, വന്നിട്ട കണ്ടില്ലല്ലോ.. അടുക്കളയിൽ ആയിരിക്കുമല്ലേ ”

ശരണ്യയുടെ ചോദ്യം കേട്ടപ്പോഴേ അത്ര നേരം സന്തോഷം നിറഞ്ഞു നിന്നിരുന്ന സരസ്വതിയുടെ മുഖം കാർമേഘം ഇരുണ്ടു കൂടിയ പോലെ ആയി. ” ഓഹ്, ആ കെട്ടിലമ്മ അവിടെ എവിടേലും ഉണ്ടാകും. തമ്പുരാട്ടി അല്ലെ.. അതുകൊണ്ട് നമ്മളെന്തേലും പറഞ്ഞാൽ അപ്പൊ തുടങ്ങും ദേഷ്യം. അതുകൊണ്ട് ഞാൻ ഒന്നും പറയാൻ പോവാറില്ല.. ഇന്നിപ്പോൾ ദേ, വീട്ടിലേക്കാണെന്നും പറഞ്ഞ് സാരിയും ചുറ്റി ഇറങ്ങാൻ തുടങ്ങിയതാ, അപ്പൊ ഞാൻ ചോദിച്ചു, നീ പോയാൽ പിന്നെ പശുവിന് ആരാ പുല്ലൊക്കെ വെട്ടുക എന്ന്, അതിനു ചാടിത്തുള്ളി അകത്തേക്ക് പോകുന്നത് കണ്ടു. കൂടുതൽ ഞാൻ എന്തേലും പറഞ്ഞാൽ മറ്റുള്ളവർ പറയും അമ്മായിഅമ്മ പോരാണെന്ന്, അതുകൊണ്ട് ഞാൻ ഒന്നും പറയാനും പോകാറില്ല.. ”

സരസ്വതിയുടെ നിഷ്ക്കളങ്കമായ സംസാരം കേട്ടപ്പോൾ ശരണ്യ ഉള്ളിൽ ചിരിക്കുകയായിരുന്നു. അമ്മയുടെ സ്വഭാവം നന്നായി അറിയാവുന്ന അവൾ ചിരിച്ചില്ലെങ്കിലേ ഉള്ളൂ..

“എന്റെ അമ്മേ, എടതിയമ്മക്കും ഉണ്ടാകില്ലേ വീട്ടിൽ പോകാൻ ആഗ്രഹം.. അവർ പോയിട്ട് വരട്ടെ. ഇന്ന് ഞാൻ വരുമെന്ന് അമ്മക്ക് അറിയാവുന്നതല്ലേ, അപ്പൊ പുല്ലൊക്കെ ഞാൻ വെട്ടില്ലേ. പിന്നെ എന്തിനാ ആ പാവത്തിനെ… ”

“ഹോ, പാവമോ, അവളോ…. എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട.. പിന്നെ നീ ഇവിടെ വരുന്നത് പുല്ല് വെട്ടാൻ ആണോ… എനിക്ക് ന്റെ മോളെ കണ്ണ് നിറയെ കാണാൻ വേണ്ടിയാ.. അതുകൊണ്ട് നീ ഇവിടെ ഇരുന്നാൽ മതി. അവൾക്ക് ചെയ്യാവുന്ന പണിയേ ഈ വീട്ടിൽ ഉള്ളൂ.. അല്ലാതെ മൂന്ന് നേരവും വെട്ടിവിഴുങ്ങി കെട്ടിലമ്മയായി ഇരിക്കാൻ ആണെങ്കിൽ അവളുടെ വീട്ടിൽ തന്നെ ഇരുന്നാൽ മതിയായിരുന്നല്ലോ.. ”

അമ്മയോട് കൂടുതൽ പറയുന്നത്തിലോ തർക്കിക്കുന്നതിലോ അർത്ഥമില്ലെന്ന് അറിയാവുന്നത് കൊണ്ട് ശരണ്യ കൂടുതൽ ഒന്നും പറയാതെ എഴുനേറ്റു, ” എന്തായാലും അമ്മ ഇവിടെ ഇരിക്ക്, ഞാനൊന്ന് തൊടിയിലൊക്കെ ഇറങ്ങിയേച്ചും വരാം… ” ശരണ്യ പുറത്തേക്ക് ഇറങ്ങി ഏടത്തിയമ്മയെ തിരയുമ്പോൾ ആരതി തൊഴുത്തിൽ ചാണകമ്മ വാരുന്ന തിരക്കിൽ ആയിരുന്നു. *******

പല വീട്ടിലും നമ്മൾ കാണുന്ന ഒരു വേർതിരിവ് മാത്രമാണ് ഈ കഥ.. നിങ്ങളിൽ പലർക്കും ഈ അനുഭവം ഉണ്ടായിക്കാണും.. ———-

Leave a Reply

Your email address will not be published. Required fields are marked *