പ്രതീക്ഷ.. ചെറുകഥ വായിക്കൂ…

രചന: മൃൺമയി

അഡോപ്ഷൻ സെന്ററിലെ വിസിറ്റേർസ് റൂമിൽ ആനി സിസ്റ്ററെ കാത്തിരിക്കുമ്പോൾ അപർണയുടെ മനസ് അസ്വസ്ഥമായിരുന്നു.ആഗ്രഹിച്ചില്ലെങ്കിലും മനസ് പിറകോട്ട് പോയി. “ഐ ആം സോറി മിസിസ്സ് അപർണ, നിങ്ങൾക്ക് ഒരു അമ്മ ആവാൻ കഴിയില്ല. പറയുന്നതിൽ വിഷമം ഉണ്ട്, എങ്കിലും ട്രീറ്റ്മെന്റ് ആരംഭിച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ് ഇതൊരു പരീക്ഷണം ആണെന്ന്. ദൈവത്തിന്റെ തീരുമാനം ഇങ്ങനെ ആണെന്ന് കരുതി ആശ്വസിക്കൂ.” ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ ഒരുതരം മരവിപ്പാണ് തോന്നിയത്. പ്രതീക്ഷയുടെ ചെറുതിരി ബാക്കി ഉണ്ടായിരുന്നു .ഇപ്പോഴതും കെട്ടുപോയിരിക്കുന്നു.ഡോക്ടർ സീതാലക്ഷ്മി പേരുകേട്ട ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ആണ്. എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ ‘നോ ‘ എന്ന് ഡോക്ടർ പറയില്ല. എല്ലാ വാതിലുകളും തനിക്കു മുൻപിൽ കൊട്ടി അടയ്ക്കപ്പെട്ടത് പോലെ. മനോജേട്ടനെ നോക്കാനുളള ധൈര്യം വന്നില്ല. തിരിച്ചു വീട്ടിലേക്കുള്ള യാത്രയിലും രണ്ടുപേരും മൗനമായിരുന്നു. ജീവിതത്തിൽ ആകെ ഇരുട്ട് മൂടിയത് പോലെ. വീട്ടിൽ

ചെന്നുകയറുമ്പോൾ തന്നെ കണ്ടു ഉമ്മറത്ത് കാത്തുനിൽക്കുന്ന അമ്മയെ. ആരെയും നോക്കാതെ മുറിയിലേക്ക് കയറിപോകുമ്പോൾ അമ്മ മനോജേട്ടനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. കട്ടിലിലേക്ക് വീണ് അത്രയും നേരം പിടിച്ചു നിർത്തിയ വേദനകൾ ഒഴുക്കി കളയുമ്പോൾ ജീവിതത്തിൽ ആദ്യമായി തനിച്ചായ പോലെ തോന്നി. കരഞ്ഞ് തളർന്ന് എപ്പോഴോ ഉറങ്ങി . രാവിലെ എഴുന്നേൽക്കുമ്പോൾ മുറിയിൽ തനിച്ചായിരുന്നു. താഴേക്ക് ചെല്ലാൻ തുടങ്ങിയപ്പോൾ അമ്മയുടെ സംസാരം പിടിച്ച് നിർത്തി. ” നീ ഇങ്ങനെ വിഷമിച്ചിട്ട് എന്താ കാര്യം മനു, നിന്നോട് ഞാൻ മുൻപേ പറഞ്ഞതല്ലേ ഈ ബന്ധം വേണ്ടെന്ന്. മേലേടത്ത് തിരുമേനി പറഞ്ഞാൽ അച്ചട്ടാ.അവൾക്ക് സർപ്പദോഷമുണ്ട് , സന്താനഭാഗ്യം ഉണ്ടാവില്ലെന്ന് തിരുമേനി പറഞ്ഞതല്ലേ. ഞാൻ അത് പറഞ്ഞപ്പോ അന്ധവിശ്വാസം എന്ന് പറഞ്ഞു നീ തള്ളി. എന്നിട്ടിപ്പോ എന്തായി?” ” അമ്മ ഇതെന്തൊക്കെയാ പറയുന്നത്. അമ്മയാവില്ല എന്നത് അപർണയുടെ കുറ്റം ആണോ.കുറവുകൾ എല്ലാവർക്കും ഉണ്ടാവില്ലേ”

“മനു ഇത് ആരുടെയും കുറ്റമല്ല. അവളോടെനിക്ക് സഹതാപം ഉണ്ട്. പക്ഷെ അപർണയുടെ കുറവ് തല്ലി കെടുത്തുന്നത് ഈ വീടിന്റെ സന്തോഷമാണ്. നിനക്ക് ശേഷം ഈ തറവാട് അന്യം നിന്ന് പോകും. മാത്രമല്ല ഒരു കുഞ്ഞിന് വേണ്ടി നീ എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഞാനെ നിന്റെ അമ്മയാ, നിന്റെ മനസ് മറ്റാരെക്കാളും എനിക്കറിയാം. നീ അപർണയെ സ്നേഹിക്കുന്നുണ്ട്, എന്നാൽ അതിലും കൂടുതൽ നീ ഒരു കുഞ്ഞിനായ് ആഗ്രഹിക്കുന്നുണ്ടെന്ന് അമ്മയ്ക്കറിയാം. ഇല്ലെന്ന് നിനക്കെന്റെ മുഖത്ത് നോക്കി പറയാമോ.?” അമ്മയുടെ വാക്കുകളെക്കാൾ

അതെല്ലാം ശരിവച്ചുകൊണ്ടുളള മനോജേട്ടന്റെ മൗനം ആണ് വേദനിപ്പിച്ചത്. ഇത്രയും കാലത്തെ സ്നേഹമെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായ പോലെ..ആറു വർഷത്തെ ജീവിതത്തിൽ ഒരിക്കൽ പോലും മനോജേട്ടൻ വേദനിപ്പിക്കുന്ന രീതിയിൽ പെരുമാറിയിട്ടില്ല. അമ്മയ്ക്കും സ്വന്തം മകളെപ്പോലെ ആയിരുന്നു.കുഞ്ഞിനെ കുറിച്ചോർത്ത് താൻ വിഷമിച്ചപ്പോഴൊക്കെ സമയമുണ്ടല്ലോ എന്ന് പറഞ്ഞു മനോജേട്ടൻ ആശ്വസിപ്പിച്ചു. വർഷങ്ങൾ കടന്നു പോകുന്തോറും തന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു തുടങ്ങി. എന്നിട്ടും മനോജേട്ടൻ വിശ്വാസം കൈവിട്ടില്ല.ഏറെ പ്രതീക്ഷയോടെ ആണ് സീതാലക്ഷ്മി ഡോക്ടറെ കാണാൻ പോയത്. ആദ്യത്തെ ടെസ്റ്റുകൾക്ക് ശേഷം, അമ്മയാവാനുളള സാധ്യത കുറവാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആദ്യമായി മനോജേട്ടന്റെ മുഖത്ത് നിരാശ പടരുന്നത് കണ്ടു. ട്രീറ്റ്മെന്റിന്റെ ഇടയിൽ രാത്രികളിൽ ഉറക്കമില്ലാതെ നിൽക്കുന്നത് പലവട്ടം കണ്ടതാണ്.ഓഫീസിലെ പ്രശ്നങ്ങൾ എന്ന് പറഞ്ഞൊഴിഞ്ഞെങ്കിലും തനിക്ക് അറിയാമായിരുന്നു അതല്ല കാരണം എന്ന്. ഇന്നലെ ഡോക്ടറെ കാണുന്നത് വരെ ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു. ഇന്നതും ഇല്ല. ഏറെ നേരം മുറിയടച്ചിരുന്നു.

പുറത്തിറങ്ങുമ്പോൾ താൻ കാരണം ഈ വീട്ടിലെ സന്തോഷം ഇല്ലാതാവരുതെന്ന് തീരുമാനം എടുത്തിരുന്നു. “മനോജേട്ടൻ ഓഫീസിൽ പോകുമ്പോൾ എന്നെ ഒന്ന് വീട്ടിൽ ആക്കാമോ, അമ്മയെ കാണാൻ തോന്നുന്നു.” മറുപടി കേൾക്കാൻ നിൽക്കാതെ മുറിയിലേക്ക് പോയി. ഡ്രസ്സെല്ലാം അടുക്കി വച്ച് ഇറങ്ങുമ്പോൾ തിരിച്ച് എന്ന് വരും എന്നൊരു ചോദ്യം അമ്മയിൽ നിന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.തന്റെ തിരിച്ച് വരവ് ആഗ്രഹിക്കാത്ത പോലെ തോന്നി. ഇറങ്ങുമ്പോൾ ഒരിക്കൽ കൂടി ആ വീട് നോക്കി കണ്ടു. “ഞാൻ കുറച്ച് ദിവസം കഴിഞ്ഞേ വരൂ.മനോജേട്ടൻ കൂട്ടാൻ വരണ്ട”,വീട്ടിൽ എത്തിയപ്പോൾ അത്രയും പറഞ്ഞു ബാഗുമെടുത്തു പുറത്തിറങ്ങി. അമ്മ കാണാതെ കണ്ണീരടക്കാൻ പാടുപെടുകയായിരുന്നു. “കുറച്ച് ദിവസം ഉണ്ടാവും”…അമ്മയോട് അത്ര മാത്രം പറഞ്ഞു. എന്റെ മുഖഭാവത്തിൽ നിന്നും എന്തൊക്കെയോ മനസിലായെങ്കിലും അമ്മയൊന്നും ചോദിച്ചില്ല. വന്നിട്ട് രണ്ടാഴ്ചയിലേറെ ആയി. മനോജേട്ടൻ വന്നില്ല. ആദ്യമൊക്കെ വിളിക്കുമായിരുന്നു പിന്നീട് അതുമില്ലാതായി. ഇനിയൊരു തിരിച്ചു പോക്കില്ലെന്ന് പറഞ്ഞപ്പോൾ അമ്മ ആദ്യം എതിർത്തു.സ്ഥാനമില്ലാത്തിടത്ത് നിൽക്കേണ്ട കാര്യമില്ലെന്നായിരുന്നു അച്ഛന്റെ മറുപടി. ഒരു മാസം കഴിഞ്ഞു ഡിവോഴ്സ് നോട്ടീസ് അയക്കുന്ന കാര്യം പറഞ്ഞപ്പോഴും അച്ഛൻ പറഞ്ഞു നീയാണ് ശരി . ഒന്നും പിടിച്ച് വാങ്ങാൻ ആവില്ല.ഡിവോഴ്സ് പേപ്പർ കിട്ടിയിട്ടും മനോജേട്ടൻ വിളിക്കാഞ്ഞപ്പോൾ വേദന തോന്നി.ഡിവോഴ്സിനെക്കുറിച്ചറിഞ്ഞ് ബന്ധുക്കളുടെയെല്ലാം ചോദ്യം ചെയ്യലും കുറ്റപ്പെടുത്തലും മുറപോലെ നടന്നു . ഒരു തരം മരവിപ്പായിരുന്നു എല്ലാത്തിനോടും.

പഠിച്ച സ്കൂളിൽ തന്നെ ജോലി കിട്ടിയപ്പോൾ അച്ഛനാണ് പോവാൻ നിർബന്ധിച്ചത്. ഒരു തരത്തിൽ അതൊരു ആശ്വാസമായിരുന്നു. സ്കൂളിലെ സിസ്റ്റർ ആനിയാണ് ദത്തെടുക്കലിനെക്കുറിച്ച് ആദ്യം പറഞ്ഞത്.ആരോരുമില്ലാത്ത ഒരു കുഞ്ഞിന് അമ്മയാവുന്നതിലും വലിയ പുണ്യമില്ലെന്ന് അച്ഛൻ പറഞ്ഞപ്പോൾ, അതിലൂടെ എനിക്കു സ്വന്തമായി ഒരു കുഞ്ഞിനെ കിട്ടും എന്നതായിരുന്നു അമ്മ ചിന്തിച്ചത്. ഞാൻ പറഞ്ഞില്ലെങ്കിലും എന്റെ വേദന അമ്മ മനസിലാക്കിയിരുന്നു.എന്നിട്ടും തന്റെ മനസിൽ കുറെയേറെ ചോദ്യങ്ങൾ ബാക്കിയായിരുന്നു. അമ്മയും അച്ഛനും സിസ്റ്ററുമെല്ലാം മനസ്സറിഞ്ഞ് കൂടെ നിന്നു. സിസ്റ്റർ വന്നു വിളിച്ചപ്പോഴാണ് ഓർമകളിൽ നിന്നും ഉണർന്നത്..കുഞ്ഞിനെആദ്യമായി കാണാൻ പോകുകയാണ്.

സിസ്റ്റർക്ക് പരിചയമുളള അഡോപ്ഷൻ സെൻറർ ആയിരുന്നു.ആറുമാസം പ്രായമുള്ളൊരു പെൺകുഞ്ഞ്.ശരിക്കുമൊരു കുഞ്ഞു മാലാഖ. കുഞ്ഞിനെ കയ്യിലെടുത്ത നിമിഷം ഹൃദയമിടിപ്പ് വർദ്ധിച്ചു.അന്ന് വരെ തോന്നാത്തൊരു ഭാവം മനസിൽ നിറഞ്ഞു.ജീവിതത്തിലെ ഏറ്റവും ഭംഗിയുള്ള നിമിഷം അതായിരുന്നു. അത്രയും നേരമുണ്ടായിരുന്ന ആശങ്കകൾ എല്ലാം മാഞ്ഞു പോയി. മതൃത്വത്തിന്റെ ആവരണം തന്നെ വന്നു പൊതിയുന്നതറിഞ്ഞു. അവൾ തന്റെ സ്വന്തമാണെന്ന് തോന്നി. കണ്ണുകൾ നിറഞ്ഞൊഴുകി. ദത്തെടുക്കലിന്റെ നിയമനടപടികൾ എല്ലാം സിസ്റ്റർ ഇടപെട്ട് പൂർത്തിയാക്കി. കുഞ്ഞിനെ ചേർത്ത് പിടിച്ച് വീട്ടിലേക്കു പോകുമ്പോൾ തനിക്കും സ്വന്തമായി ആരൊക്കെയോ ഉണ്ടെന്ന തോന്നൽ ആയിരുന്നു…

ആറുമാസം കഴിഞ്ഞതിനാൽ പേരിടലും ചോറൂണും ഒരുമിച്ച് നടത്താൻ തീരുമാനിച്ചു. കണ്ണന്റെ മുൻപിൽ വച്ചവൾക്ക് പേരിട്ട് ചോറു നൽകിയപ്പോൾ കണ്ണും മനസും ഒരുപോലെ നിറഞ്ഞു…

” പ്രതീക്ഷ “… ഞാനവൾക്ക് നൽകിയ പേര്. എന്റെ ജീവിതത്തിന്റെ തന്നെ പ്രതീക്ഷയായവൾ മാറിയിരുന്നു……❣

രചന: മൃൺമയി

Leave a Reply

Your email address will not be published. Required fields are marked *