എന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി സമ്മതമായി കണ്ടാവണം ആഗ്രഹങ്ങൾ വാനോളം പിന്നെയും ഉയരുന്നത്…

രചന: ശിവാംഗിശിവ

” ഈ നാടിന്നെവരെ കാണാത്ത തരത്തിലൊരു കല്യാണം ആയിരിക്കണം നമ്മുടേത്… പുതിയ എല്ലാ ടെക്നോളജിയും ഉപയോഗിക്കണം വീഡിയോയിൽ..പിന്നെ ഉത്തരേന്ത്യൻ മോഡലിൽ ആയിരിക്കണം എല്ലാ ചടങ്ങുകളും… ” വാതോരാതെ അവളങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്… എന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി സമ്മതമായി കണ്ടാവണം ആഗ്രഹങ്ങൾ വാനോളം പിന്നെയും ഉയരുന്നത്… അല്ലെങ്കിലും കോടീശ്വരൻ ആയ ദേവേന്ദ്രപ്രസാദിന്റെ മകളുടെ മോഹങ്ങൾ കുറഞ്ഞെന്നാലെ അത്ഭുതമുള്ളൂ… !!

” നരന്റെ ഇഷ്ടങ്ങളും കൂടി പറയൂ ന്നെ… എന്നാലല്ലേ ഒരുക്കങ്ങൾ ഇപ്പോൾ തന്നെ തുടങ്ങാൻ പറ്റൂ… ” ഘോരമായ പ്രസംഗത്തിനൊടുവിൽ മുന്നിലിരുന്ന ജ്യൂസ് ഒന്ന് സിപ്പ് ചെയ്തതിനുശേഷം അവളെന്നോട് പറഞ്ഞതുകേട്ട് എനിക്ക് ചിരിപൊട്ടി… ” ഭാഗ്യം… ഇപ്പോഴെങ്കിലും നിന്റെ കഴുത്തിൽ വീഴാൻ പോവുന്നത് എന്റെ താലിയാണെന്ന്‌ ഓർമ്മവന്നല്ലോ… ” ” താനെന്നെ കളിയാക്കുവാണോ…അതോ ഭരണം ഇപ്പോൾ തന്നെ തുടങ്ങിയോ.? ” ” അല്ലെടോ… ഞാൻ ചുമ്മാ പറഞ്ഞതാ… ”

ദീർഘമായ നിശ്വാസത്തിനൊടുവിൽ.. കെറുവിച്ചിരുന്ന അവളുടെ കൈകൾ കൂട്ടിച്ചേർത്ത്‌ എന്നോടടുപ്പിച്ചു പറഞ്ഞു… ” ആവണി… നമുക്കൊരിടം വരെ പോണം നാളെ… എന്നിട്ട് പറയാം എന്റെ വിവാഹസ്വപ്‌നങ്ങൾ… പോരെ?” ” ഉം… മതി…” *** പിറ്റേന്ന് കാറിൽ പോവാമെന്ന് വാശി പിടിച്ചിരുന്ന അവളെ നിർബന്ധിച്ചിട്ടാണ് ബൈക്കിനുപിറകിൽ കയറ്റിയതും യാത്ര തിരിചതും… അതിന്റെ പരിഭവം അങ്ങെത്തുന്നതുവരെ അവളിൽ ഉണ്ടായിരുന്നു… ” ആകാശപ്പറവ…. ! ഇതേതാ നരൻ ഈ പ്ലേസ്…? നമ്മളിവിടെ…? ” ” വാ പറയാം… ” തെല്ല് മടിയോടെ നിന്നിരുന്ന അവളുടെ കൈകൾ മെല്ലെ പുണർന്നു കൊണ്ട് ആ വരാന്തയിലൂടെ നടന്നുനീങ്ങാൻ തുടങ്ങുമ്പോൾ കണ്ടു…. നീളമേറിയ ഒറ്റമുറിയിൽ ഒത്തിരിയാളുകൾ… വസ്ത്രങ്ങളും പാത്രങ്ങളുമെല്ലാം തന്നെ… പഴഞ്ചൻ പായകളിൽ ചുരുണ്ടുകൂടിയുറങ്ങുന്ന വൃദ്ധർ…!!

അതിനറ്റത്തെ മുറിയിൽ കടന്നതും അവളിൽ നിന്നൊരിറ്റു കണ്ണീർ പൊഴിഞ്ഞു. ഇരുപതോളം കുഞ്ഞുങ്ങൾ… അനാഥർ… ആയമാർ അവരെ ഊട്ടുന്നു… ചിലവർ മെല്ലെയെങ്കിലും ശകാരിക്കുന്നു… മുലപ്പാലിന്റെ കുറവുകൊണ്ടാവണം പലരുടെയും കണ്ണുന്തി വയറൊട്ടി അസ്ഥികൂടം പോലെയാണ് രൂപം… തൊട്ടിലിൽ കിടക്കുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ മാറുപിളർക്കുന്ന കരച്ചിൽ അവളിൽ നേർത്തൊരു തേങ്ങലുയർത്തി… ! ” ഹാ നരനോ… വാടോ… തന്റെ അന്നക്കുട്ടിയെ കാണണ്ടേ…? ” ” വേണം ഹരി മാഷേ… അതിനുവേണ്ടിയാ ഇവളെകൂട്ടി ഇപ്പോൾ വന്നതുതന്നെ… ” ” ഓ .. ഇതാണല്ലേ തന്റെ വൂട്ബി…ആദ്യായിട്ടാണ് കാണുന്നത്… നരനിവിടെ വെറുമൊരു വിസിറ്റർ അല്ലാട്ടോ… ഈ സംരംഭം ഇങ്ങനെ പോകുന്നതുതന്നെ ഇവനുള്ളതുകൊണ്ടാണ്… അച്ഛനുശേഷം മകനിത് ഏറ്റെടുക്കുമെന്ന് ഞാനൊരിക്കലും കരുതിയില്ല .. എല്ലാരേം ഞെട്ടിച്ചുകളഞ്ഞില്ലേ ന്റെ കുട്ടി… ”

എന്നുപറഞ്ഞു അയാൾ അവനെ ചേർത്ത് പിടിച്ചു.. ഏതോ ഒരു സ്ത്രീ കയ്യില് ഒന്നരവയസ്സുള്ളൊരു കുഞ്ഞിനേയും കൊണ്ടുവരുന്നതുകണ്ട നരൻ അങ്ങോട്ട് നടന്നു. ” അന്നക്കുട്ടിയെ ചോരകുഞ്ഞാവുമ്പോ ഈ വീടിന്റെ ഉമ്മറത്തിട്ടിട്ട് പോയതാ അതിന്റെ തള്ള… അന്ന് തൊട്ടിന്നുവരെ അവളെ സ്വന്തം കുഞ്ഞിനെപ്പോലെയാ അവൻ നോക്കുന്നത്.. കഴിഞ്ഞ ആഴ്ചയാണ് അവളുടെ ഹൃദയവാൽവിന്റെ ഓപ്പറേഷൻ കഴിഞ്ഞത്… വലിയൊരു തുക മുടക്കിയതും അവൻ തന്നെയാണ്… മോളുടെ ഭാഗ്യമാണ് അതുപോലൊരു ആളെ കിട്ടിയത്…” അറിയാതെ തുളുമ്പിയ കണ്ണീർ ഒപ്പിക്കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു ആവണി.. അന്നക്കുട്ടിയെ നെഞ്ചോട് ചേർത്തണച്ചു നെറ്റിയിൽ ഒരു ചുടുമുത്തം നൽകിയപ്പോൾ എന്തിനോ അവളും ആ കുഞ്ഞിനെപ്പോലെ വിതുമ്പിക്കൊണ്ടിരുന്നു.. അന്തേവാസികളെ എല്ലാം കണ്ടും കളിച്ചുചിരിച്ചും നടക്കുന്ന നരൻ ആവണിക്കൊരു പുതിയകാഴ്ചയായിരുന്നു.. രണ്ട് വർഷക്കാലത്തെ പ്രണയദിനങ്ങളിൽ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത ഒരാൾ… അവന്റെ പെണ്ണായതിൽ അഭിമാനത്തോടെ അവളൊന്നു പുഞ്ചിരിച്ചു… !

തിരികെ പോകുമ്പോൾ നരന്റെ കൈകൾ പിടിച്ചുനിർത്തി അവൾ… ” നരൻ… ന്റെ ഡാഡിക്ക് എന്നെ കിട്ടിയതും ഇതുപോലൊരു സ്ഥലത്തുനിന്നാവും ലേ…? ” തുളുമ്പുന്ന കണ്ണുകളിൽ നോക്കിയൊന്നു പുഞ്ചിരിച്ചതേയുള്ളൂ… അവൻ… ! തേങ്ങിക്കൊണ്ട് അവന്റെ മാറിൽ പറ്റിക്കിടന്നവൾ പറഞ്ഞു..

” ഗുരുവായൂരിൽ വെച്ചുമതി താലികെട്ട്… ആഭരണമായി നീ ചാർത്തിത്തരുന്ന താലിയും തുളസിമാലയും മാത്രം… ഇനി ഒന്നിനും നീയൊറ്റക്കല്ല… അന്നക്കുട്ടിയെ ഞാനും സ്വന്തമായി എടുത്തോട്ടെ? ” ആശ്വാസത്തോടെ അതിലേറെ ഇഷ്ടത്തോടെ അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് നെറുകയിൽ ചുംബിക്കുമ്പോൾ അവനുറപ്പുണ്ടായിരുന്നു..അമ്മയില്ലാതെ വളരുന്ന തന്റെ കുഞ്ഞുപെങ്ങന്മാർക്ക് ഒരമ്മയാവാനും തന്റെ നല്ലപാതിയായി മാറാനും അവൾക്കാകുമെന്ന്… !!

ഫോണിലൂടെ മറുതലക്കൽ മകളുടെ മാറ്റത്തിന്റെ സ്വരം ശ്രവിച്ചുകൊണ്ടിരുന്ന വളർത്തച്ഛന്റെ കണ്ണുകളും എന്തോ അപ്പോൾ നിറഞ്ഞിരുന്നു…. !

രചന: ശിവാംഗിശിവ

Leave a Reply

Your email address will not be published. Required fields are marked *