സ്വപ്നക്കൂട് Part 1 , Part 2,Part 3

സ്വപ്നക്കൂട് Part 1

പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്ന വലിയ മാവിന്റെ മുകളിൽ കയറി നന്നായി പഴുത്തൊരു മാമ്പഴം പറിക്കാനുള്ള ശ്രമത്തിലാണ് ഞാൻ. “ചേച്ചീ……… ചേച്ചീ” താഴെനിന്നും ദേവക്കുട്ടന്റെ വിളി കേൾക്കുന്നുണ്ട്. അതൊന്നും മൈൻഡ് ചെയ്യാതെ ഞാൻ മാമ്പഴം കയ്യെത്തി പിടയ്ക്കാൻ നോക്കുകയാ…… “ഡീ ചേച്ചീ………..” വീണ്ടും അവന്റെ വിളികേട്ട് താഴേക്ക് നോക്കാൻ തുടങ്ങിയതും………… കാലു വഴുതി ഞാൻ താഴേക്കു പതിച്ചു…………… നേരെ പോയി വീണത് പുഴയിലേക്കും……..!!!!!!!!!!!! മുഖത്തു ശക്തിയിൽ വെള്ളം വീണപ്പോൾ ഞെട്ടി കണ്ണു തുറന്നു ഞാൻ ചുറ്റും നോക്കി…………….. ഞാൻ ഇപ്പോളും എന്റെ കട്ടിലിൽ തന്നെയാണ്.

അപ്പൊ പുഴക്കരയും മാവും എല്ലാം ഒരു സ്വപ്നം ആയിരുന്നോ………….. ഞാൻ പുഴയിൽ വീണില്ലേ……………. പക്ഷേ ആകെ നനഞ്ഞിട്ടുണ്ടല്ലോ……………. ഒന്നുകൂടി നന്നായി കണ്ണും തിരുമ്മി ഞാൻ ചുറ്റിലും നോക്കി………… ഒരു കപ്പും കൈയിൽ പിടിച്ചു ദേവ എന്നെ നോക്കി ഇളിച്ചോണ്ടു നിൽക്കുന്നു. ഞാൻ നടന്ന കാര്യങ്ങൾ ഒന്ന് കൂടി ആലോചിച്ചെടുത്തു……… ഇപ്പോളാ കാര്യങ്ങൾ ശരിക്കും കത്തിയത്…… മാവിന്റെ മുകളിൽ നിന്നപ്പോൾ കേട്ടവിളി എന്നെ എണീപ്പിക്കാൻ ദേവ വിളിച്ചതാ……….. പിന്നെ പുഴയിൽ വീണത്, എത്ര വിളിച്ചിട്ടും ഞാൻ എണീക്കാത്തിനു ആ ദുഷ്ടൻ എന്റെ തലവഴി വെള്ളം കോരി ഒഴിച്ചതാ……… എല്ലാം ചെയ്തിട്ടവൻ നിന്ന് ഇളിക്കുന്നു……… “ഡാ………”

ദേഷ്യത്തിൽ വിളിച്ചുകൊണ്ട് ഞാൻ എഴുന്നേറ്റപ്പോഴേക്കും അവൻ ഓട്ടം കഴിഞ്ഞു. ഞാൻ വിട്ടുകൊടുക്കുമോ…………. ഞാനും പിറകെ ഓടി……… താഴെ ചെന്നു നോക്കുമ്പോ അവനുണ്ട് നന്ദേട്ടന്റെ അടുത്തു നിന്ന് എന്നെ കോക്രി കാട്ടുന്നു. ഞാൻ പിടിക്കാൻ ചെന്നതും അവൻ ഏട്ടന്റെ പിന്നിൽ കയറി ഒളിച്ചു. “നോക്ക് നന്ദേട്ടാ……… അവൻ രാവിലെ തന്നെ ചെയ്തത് എന്താണെന്ന്…………….” “അത് ഏട്ടാ ചേച്ചിയെ കുറെ വിളിച്ചിട്ടും എണീറ്റില്ല…………… അവസാനം ദേഷ്യം വന്നപ്പോളാ ഞാൻ വെള്ളം കോരി ഒഴിച്ചത്”

“നോക്കിക്കേ അവൻ നല്ല കുട്ടി ആകാൻ നോക്കുന്നത്………” ഏട്ടന്റെ പിന്നീന്ന് അവനെ പിടിച്ചിറക്കി തല്ലാൻ നോക്കിയതും എന്റെ ചെവിയിൽ പിടിവീണു…………….. തിരിഞ്ഞു നോക്കാതെ തന്നെ മനസിലായി അച്ചയാണ്…….. കൂടെ അമ്മയും. “ദേ കണ്ടോ അച്ഛേ ഇവൻ കാണിച്ചത്………..” “അതെ പെണ്കുട്ടികളായാൽ നേരത്തെ എണീക്കണം. അല്ലേൽ ഇങ്ങനെയിരിക്കും……..” ഞാൻ ഒരു സപ്പോർട്ടിനായി അമ്മയെ നോക്കി. എവിടെ അമ്മ അത് മൈൻഡ് ചെയ്യുന്നതേയില്ല. ഞാൻ എന്റെ പത്തൊമ്പതാമത്തെ അടവെടുത്തു. നല്ലൊരു കരച്ചിലങ്ങ് തുടങ്ങി……….. അതേറ്റു ഏട്ടൻ എന്റടുത്തേക്ക് വരുന്നുണ്ട്.

” എന്താ മോളെ ഇത്………അവൻ കുഞ്ഞല്ലേ…….. അവനെന്തോ തമാശയ്ക്ക് ചെയ്തേനു മോളിങ്ങനെ കരയാതെ…… നോക്കിക്കേ ഇപ്പൊ അവനും സങ്കടാവൂലെ…………. ഇപ്പൊ മോളു പോയി ഫ്രഷായി വായോ…….” ഇത്രയും കേട്ടതെ ഞാൻ മുഖമുയർത്തി ഒരു കള്ളച്ചിരിയും ചിരിച്ചു ദേവയ്ക്കിട്ട് ഒരു തല്ലും കൊടുത്തു കയറി ഓടി… ” അച്ഛേ……….. ചേച്ചി………..” അവൻ നിന്ന് ചിണുങ്ങുന്നുണ്ട്. ഇങ്ങനെ രണ്ടെണ്ണം എന്ന് വിചാരിച്ചാവും അച്ഛയും അമ്മേം ഏട്ടനുമൊക്കെ തലയിൽ കൈവച്ചു നിൽക്കുന്നുണ്ട്. അയ്യോ…………… രാവിലത്തെ ഈ ബഹളത്തിന്റെ ഇടയിൽ ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നൂല്ലേ………… ഞാൻ മൃദുല. എല്ലാവരുടെയും മൃദു. ഇപ്പൊ ഡിഗ്രി ഒന്നാം വർഷം. അച്ഛൻ ഹരികൃഷ്ണൻ. ഇവിടുത്തെ ബാങ്ക് മാനേജരാണ്. അമ്മ നന്ദിനി. ഈ വീടിന്റെ മാനേജരാട്ടോ…… മനസിലായില്ലേ ഒരു പാവം വീട്ടമ്മ. ഏട്ടൻ ഹരിനന്ദ്. എം ബി എ കഴിഞ്ഞു ജോലിക്കായി കാത്തിരിക്കുന്നു. ഏട്ടന്റെ കല്യാണം ഉറപ്പിച്ചു വച്ചേക്കുവാ. ഏട്ടത്തിയുടെ പേര് ദീപ്തി. ഇപ്പൊ എം ബി എ അവസാന വർഷം പഠിക്കുവാ. ഏട്ടന് ഒരു ജോലി കിട്ടിയിട്ടു മതി കല്യാണം എന്ന് പറഞ്ഞു നിൽക്കുവാ.

പിന്നെയുള്ളത് ഇവിടുത്തെ പ്രധാന താരം. ഹരിദേവ്. ഞങ്ങളുടെ എല്ലാം ദേവക്കുട്ടൻ. അവനിപ്പോ മൂന്നിൽ പഠിക്കുന്നു. ശരിക്കും അവനു രണ്ട് അച്ഛന്മാരാ. തെറ്റിദ്ധരിക്കല്ലേ……… ഏട്ടന് അവൻ ഒരു മോനെപോലെയാ……. ഞങ്ങൾക്കാർക്കും അവനെ ഒരു ദിവസം പോലും കാണാതെ ഇരിക്കാൻ പറ്റില്ല. ഞാനും ദേവയും എപ്പോളും അടിയാ. ഏട്ടന് ഞങ്ങളെ പിടിച്ചു മാറ്റലുത്തന്നെയാ പണി. ഇത് കാണുമ്പോ അച്ചേടേം അമ്മേടേം ഒക്കെ ഏറ്റവും വലിയ സംശയം ഞങ്ങളിൽ ആരാ ഇളയതെന്നാ. അച്ഛയും അമ്മയും മക്കളും ശരിക്കും കൂട്ടുകാരെ പോലെ തന്നെയാ. ഞങ്ങളുടെ തല്ലുപിടുത്തവും കളി ചിരികളും കാരണം വീട്ടിൽ എപ്പോളും ബഹളമയമാ. ഞങ്ങളിൽ ആരെങ്കിലും ഒരാൾ വീട്ടിൽ ഇല്ലെങ്കിൽ വീട് ഉറങ്ങിയത് പോലെയാ എന്ന് അച്ഛ എപ്പോളും പറയും……..

ഇങ്ങനെയൊക്കെ ആണെങ്കിലും എനിക്കൊരു ചെറിയ കള്ളത്തരം കൂടി ഉണ്ടട്ടോ………!!!!!!!!!!!!! “അതെന്താണെന്നല്ലേ………….. ഞാൻ പറയാം………….. ആരോടും പറയരുത് ട്ടോ…………. എനിക്കേ ഒരു പ്രണയമുണ്ട് ……….!!!!!!!! പക്ഷേ അതിനെ പ്രണയം എന്നൊക്കെ വിളിക്കാൻ പറ്റുമോ എന്നൊന്നും എനിക്ക് അറിയില്ല…………… കാരണം ആളുടെ പേര് പോലും എനിക്ക് അറിയില്ലാന്നേ………… ഇപ്പോൾ നിങ്ങൾ കരുതുന്നുണ്ടാകും ഇതെന്തു പ്രണയമാണെന്ന് അല്ലേ…………… അതിനേ കുറിച്ച് പറയണമെങ്കിൽ കുറച്ചു വർഷം പിറകോട്ടു പോകണം… അയ്യോ…………. ഒത്തിരി ഒന്നും വേണ്ടാട്ടോ ………….. ഒരു രണ്ടു വർഷം………… ഞാൻ പ്ലസ് വണ്ണിൽ പഠിക്കുന്ന സസമയം********

ഞാൻ , ഹൃദ്യ, നവനീത്, ആരവ്, മെറിൻ ഞങ്ങൾ അഞ്ചു പേരാണ് കട്ട കമ്പനി. ഞങ്ങളുടെ ഗ്രൂപ്പിന് പേരുമുണ്ട് ‘ഫൈവ് ഫിംഗേഴ്‌സ്’. ഒരു ദിവസം ഉച്ചയ്ക്കത്തെ ഫുഡ് ഒക്കെ കഴിഞ്ഞു ഞങ്ങൾ ക്ലാസിൽ കത്തിവച്ചോണ്ടിരുന്നപ്പോളാണ് പുറത്തു നല്ല മഴ പെയ്യാൻ തുടങ്ങിയത്……… മഴ കണ്ടാൽ എനിക്ക് ഭ്രാന്താണ്……………… ‘മഴ’ സിനിമയിലെ ശ്രേയ ചേച്ചിയെ പോലെ മഴ പെയ്താൽ എനിക്ക് നനയണം……….. വീട്ടിലാണെങ്കിൽ നല്ല മഴ പെയ്താൽ അപ്പൊ ഞാൻ പുറത്തു ചാടും………… ഇതിപ്പോ ക്ലാസിൽ ആയതുകൊണ്ട് നനയുന്നതിനെ കുറിച്ചു ആലോചിക്കുകയെ വേണ്ടാ…………… എങ്കിലും പുറത്തിറങ്ങി മഴ വെള്ളത്തിലേക് കൈ നീട്ടി നിൽക്കാമെന്ന് വിചാരിച്ചു……….

ഈ മഴത്തുള്ളികൾ കൈകൊണ്ട് തട്ടി മുഖത്തും ദേഹത്തും തെറിപ്പിക്കുന്നത് ഒരു പ്രത്യേക ഫീലാ…………… അങ്ങനെ ഞാനും ചങ്കുകളും പുറത്തേക്ക് ഇറങ്ങി. മുകൾ നിലയിലാണ് ഞങ്ങളുടെ ക്ലാസ് റൂം. ഞാൻ മഴയത്തിറങ്ങാനുള്ള ആവേശത്തിൽ താഴേക്ക് ഓടുകയാണ്……… ” ഡീ …….. പതിയെ സ്റ്റെപ്പിൽ മുഴുവൻ ചെളിയാ……… വഴുതി വീഴും” പിന്നിൽ നിന്ന് ഹൃദ്യ വിളിച്ചു പറയുന്നുണ്ട്. എവിടെ ഞാൻ കേൾക്കുമോ…………..സ്റ്റെയറിലൂടെ ഇറങ്ങി ഓടി………… പെട്ടന്ന്……………. എതിരെ കയറി വന്ന ഒരാളുമായി കൂട്ടി ഇടിച്ചത് മാത്രമേ ഓർമ്മയുള്ളൂ…………………. ഒരു രണ്ടു മൂന്നു നിമിഷത്തേക്ക് നമ്മുടെ നിവിൻ അച്ചായൻ പറഞ്ഞത് പോലെ………… “ന്റെ സാറേ………. ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല………” കുറച്ചു നേരത്തേക്ക് വിഷുവും ക്രിസ്തുമസും ഒന്നിച്ചു വന്നത് പോലെ ആരുന്നു……………….. “ദെന്താപ്പോ ഇണ്ടായെ……….. ന്തിനാ ആളോളു പടക്കം പൊട്ടിച്ചേ……………..” ഏതാണ്ട് ഈ അവസ്ഥേലാരുന്നു ഞാൻ.

“നിനക് നിലത്തു നോക്കി നടന്നൂടെ ഡീ……..” ആരോ ദേഷ്യപ്പെടുന്നത് കേട്ടാണ് ഞാൻ സ്ഥലകാല ബോധത്തിലേക് തിരിച്ചു വന്നത്. തല നന്നായി വേദനിക്കുന്നുണ്ട്. തലയും തടവി ഞാൻ നടന്ന കാര്യങ്ങൾ ഒന്ന് സ്ലോമോഷനിൽ ഒന്ന് റീവൈൻടു ചെയ്തു നോക്കി. സ്റ്റെപ്പിലൂടെ ഓടി ഇറങ്ങിയ ഞാൻ കാലു വഴുതി എതിരെ കയറി വന്ന ചേട്ടന്റെ മെത്തേക്കാ ഇടിച്ചത്. പെട്ടന്നുള്ള ഇടിയിൽ പുള്ളി ബാലൻസ് തെറ്റി പിന്നിലേക്ക് വേച്ചു പോയി. പിന്നാലെ ഞാനും…………. എന്റെ തല അടുത്തുള്ള ഭിത്തിയിൽ ചെറുതല്ലാത്ത രീതിയിൽ തന്നെ ഇടിച്ചു. നക്ഷത്രം എണ്ണിപ്പോയി……………… അമ്മാതിരി ഇടി ആരുന്നു……………. ” എന്താടീ നിന്ന് സ്വപ്നം കാണുന്നോ……….” ആ ചോദ്യം കേട്ട് ഞാൻ ഞെട്ടി ആ ചേട്ടനെ നോക്കി. പാവത്തിന്റെ കൈയ്യാ ഇടിച്ചതെന്നു തോന്നുന്നു………. തിരുമ്മുന്നുണ്ട്. “അത്………….ചേട്ടാ………ഞാൻ ……കാലുവഴുതി………..” “വായിനോക്കി നടന്നാൽ അങ്ങനെയിരിക്കും…”

ചേട്ടൻ കട്ട കലിപ്പിലാണ്……….. “സോറി ചേട്ടാ………അറിയാതെ പറ്റിയതാ…….” ഞാൻ മെല്ലെ അവിടുന്ന് സ്‌കൂട്ടായി. നോക്കുമ്പോ ആ അലവലാതികൾ എല്ലാം നിന്ന് ചിരിക്കുന്നു. മഴ കാണാനുള്ള കൊതി അവസാനിപ്പിച്ചു ഞാൻ ക്ലാസ്സിൽ കയറി. നെറ്റിയൊക്കെ നന്നായി മുഴച്ചു വന്നിരുന്നു……………. ആ ചേട്ടൻ അവിടെ പ്ലസ് ടൂവിനാരുന്നു പഠിച്ചോണ്ടിരുന്നത്. പിന്നെയും ഒരുപാട് തവണ ആ ചേട്ടനെ കണ്ടെങ്കിലും എന്നെ കാണുമ്പോളൊക്കെ കലിപ്പിൽ നോക്കും…… അതുകൊണ്ട് പിന്നെ അടുത്തൂടെ പോലും പോയിട്ടില്ല. …………… ആ വർഷം ആ ചേട്ടൻ പാസ് ഔട്ട് ആയി പോകുകയും ചെയ്തു……… അതിൽ പിന്നെ മഴ കാണുമ്പോൾ ആ ചേട്ടനെ ഓർമ്മ വരും………… ഇപ്പോളും പല രാത്രികളിലും ആ മുഖം എന്റെ ഉറക്കം കളയാറുണ്ട്………. എന്തോ ഒരു പ്രത്യേക അടുപ്പമാ ആ മുഖത്തോട്…………….*********

പറഞ്ഞോണ്ടിരുന്നു സമയം പോയി. ഇന്നെനിക്കു ക്ലാസ്സ് തുടങ്ങുന്ന ദിവസമാ….. പെട്ടന്ന് തന്നെ കുളിയൊക്കെ കഴിഞ്ഞു ഒരു ദാവണിയും ചുറ്റി ഞാൻ താഴേക് ചെന്നു. ഇങ്ങനെ ഒരു കാഴ്ച്ച പതിവില്ലാത്തതുകൊണ്ട് അമ്മ ചിരിക്കുന്നുണ്ട്. ഞാൻ അത് മൈൻഡ് ചെയ്യാതെ നേരെ ചെന്ന് ദേവയെയും കൂട്ടി അമ്പലത്തിലേക് പോയി. കോളേജിലെ ആദ്യ ദിവസമാണെ. അതുകൊണ്ട് തന്നെ നല്ല പേടിയുമുണ്ട്. രാവിലത്തെ വഴക്കു കാരണം കൂട്ടുവരാൻ ആ കുട്ടി പിശാശ് ഒരു ഡയറി മിൽക്കാ ചോദിച്ചത്. പിന്നെ ആവശ്യം എന്റേത് ആയതുകൊണ്ട് ഞാൻ സമ്മതിച്ചു. തിരിച്ചു വീട്ടിൽ എത്തിയപ്പോൾ നേരം വൈകിയിരുന്നു. അതുകോണ്ട് ഏട്ടൻ കോളേജിൽ ആക്കി തരാമെന്നു പറഞ്ഞു. *******

കോളേജിനു പുറത്തു ഹൃദ്യ നിൽക്കുന്നുണ്ടായിരുന്നു. അവളെയും കൂട്ടി അകത്തേക്കു കയറി. നല്ല പേടിയുണ്ട്. ഗേറ്റ് കടന്നതെ കണ്ടു അവിടെ കുറച്ചു ചേട്ടന്മാർ കൂടി നിൽക്കുന്നത്. അവരെ കാണാത്ത രീതിയിൽ പോകാൻ തുടങ്ങിയതും “ഡീ” ഞങ്ങൾ തിരിഞ്ഞപ്പോൾ അടുത്തേക് ചെല്ലാൻ ഒരു ചേട്ടൻ ആംഗ്യം കാട്ടി. “എന്താ പേര്” “മൃദു………… അല്ല മൃദുല” “നിന്റെയോ” “ഹൃദ്യ”

“മോളിങ്ങോട്ട് നീങ്ങി നിന്നേ” അവളെ വിറയ്ക്കാൻ തുടങ്ങി. “മോള് ചേട്ടന്മാർക്കു വേണ്ടി ഒരു ഡാൻസ് കളിച്ചേ” അവളുടെ പകുതി ശ്വാസം നേരെയായി. അവൾ നന്നായി ഡാൻസ് ചെയ്യും. “ഈശ്വരാ…….. എന്നോട് എങ്ങാനും ഡാൻസ് ചെയ്യാൻ പറഞ്ഞാൽ തീർന്നു……” “നീയെന്താ സ്വപ്നം കാണുന്നോ………. ഇങ്ങോട്ട് നീങ്ങി നിൽക്കെടീ…………….” ഞാൻ ഞെട്ടിപ്പോയി……… “അയാം ട്രാപ്പ്ഡ്………!!!!!!!!!!!!!!!!!”….

(തുടരും…..)

സ്വപ്നക്കൂട് Part 2
സ്വപ്നക്കൂട് Part 3

രചന: നക്ഷത്ര നച്ചു

Leave a Reply

Your email address will not be published. Required fields are marked *