എനിക്ക് കല്യാണം കഴിഞ്ഞ പെണ്ണുങ്ങളോടാണ് താല്പര്യം. അതാകുമ്പോൾ ഫ്രീ പാസിൽ സിനിമ

രചന: ഗുൽമോഹർ

എനിക്ക് കല്യാണം കഴിഞ്ഞ പെണ്ണുങ്ങളോടാണ് താല്പര്യം. അതാകുമ്പോൾ ഫ്രീ പാസിൽ സിനിമ കാണുകയും ചെയ്യാം പടം നല്ല രീതിയിൽ ഓടിയാൽ അത് തിയറ്റർ മുതലാളിയുടെ തലയിൽ തന്നെ വെക്കുകയും ചെയ്യാം.. ”
ബാബുവിന്റെ അർത്ഥം വെച്ചുള്ള സംസാരത്തിന്റെ അർത്ഥം മനസ്സിലാകാതെ അണ്ടി പോയ അണ്ണാനെ പോലെ ഇരിക്കുകയാണ് ദിനേശൻ ,
” അല്ല ബാബേട്ടാ.. ങ്ങള് ന്താണ് ഉദേശിച്ചേ.. ഇതിപ്പോ ഏതു പടം കണ്ട കാര്യമാ ങ്ങള് വീമ്പു പറയുന്നത്. നിക്കൊന്നും മനസ്സിലായില്ല ”
തല ചൊരിയുന്ന ദിനേശന്റെ തല തിരിഞ്ഞുള്ള സംശയം കേട്ടപ്പോൾ ബാബുവിന്റെ ചിരിയുടെ ആക്കം ഒന്നുകൂടി കൂടി, ഇവന് ഇത്രേ വിവരം ദൈവം കൊടുത്തുള്ളൊ എന്ന് ആലോചിക്കാതിരുന്നില്ല ബാബു.

” എന്റെ ദിനേശാ , നീ പൊട്ടനായി അഭിനയിക്കുകയാണോ, അതോ ശരിക്കും പൊട്ടനാണോ.. അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ… ”
അപ്പോഴും സംശയം മാറാതെ വാ പൊളിച്ചിരിക്കുന്ന ദിനേശന്റെ വായിലേക്ക് കയ്യിലുള്ള സീതാ ബീടിയിലൊന്ന് തിരുകി വെച്ച് കത്തിച്ചു കൊടുത്തു ബാബു,
” നീ ഇത് ഊതി വിട്ടോ.. നിനക്കൊകെ ഇതേ പറഞ്ഞിട്ടുള്ളൂ.. പോകയും വിട്ട് മാനത്തു നോക്കി ഇരിക്ക്…..
എന്റെ പൊന്ന് ദിനേശാ, ഞാൻ പറഞ്ഞത് എന്താണെന്ന് പോലും മനസ്സിലാക്കാനുള്ള ബുദ്ധി ദൈവം നിനക്ക് തന്നില്ലല്ലോ…
ഞാൻ പറഞ്ഞത് എന്താണെന്ന് വെച്ചാൽ കല്യാണം കഴിഞ്ഞ ചേച്ചിമാർ ആണെങ്കിൽ കാര്യം പെട്ടന്ന് നടക്കും, കാര്യം നടന്നു വല്ലതും സംഭവിച്ചാൽ അത് അവരുടെ കെട്ടിയോന്റെ തലയിൽ വെക്കുകയും ചെയ്യാം എന്ന്.. ഇപ്പോൾ മനസ്സിലായോ ”

മനസ്സിലായെന്ന പോലെ തലയാട്ടുമ്പോഴും നൂറു കൂട്ടം സംശയം ഉണ്ടായിരുന്നു ദിനേശന്.
” അല്ല ബാബേട്ടാ… ഇതിപ്പോ കല്യാണം കഴിഞ്ഞ ചേച്ചിമാർക്ക് നമ്മളോടും ഒരു താല്പര്യം ഒക്കെ തോന്നണ്ടേ, പിന്നെ അവർക്ക് ഇതിനൊക്കെ താല്പര്യം ഉണ്ടെന്ന് എങ്ങനെ മനസ്സിലാകും ”
വലിയ ആലോചനയോടെ ഉള്ള ദിനേശന്റെ ചോദ്യം കേട്ടപ്പോൾ ബാബു അവനെ അടുത്തേക്ക് പിടിച്ചിരുത്തി,
” എടാ, പൊട്ടാ… അതൊക്ക മനസ്സിലാകും, പക്ഷെ, ഓടി കേറി ചോദിക്കരുത്.. എല്ലാ ചേച്ചിമാരും ഒരുപോലെ ആകില്ല. ആള് മാറി മുട്ടിയാൽ ചിലപ്പോൾ മുട്ടുകാല് തല്ലി ഓടിക്കും അവളുമാരുടെ കെട്ടിയോന്മാർ . അതുകൊണ്ട് നമ്മൾ വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട ഒരു ജോലിയാണ് ഈ കോഴിത്തരം. സത്യത്തിൽ ഇതും ഒരു കലയാണ്. വളരെ തന്ത്രപ്പൂർവ്വം ചെയ്യേണ്ട ഒന്ന്. ഒന്ന് പാളിപ്പോയാൽ ശാരീരത്തിൽ നീര് വരും. മനസ്സിലായോ? ”

എല്ലാം മനസ്സിലായെന്ന മട്ടിൽ ദിനേശൻ ആഞ്ഞു തലയാട്ടി.

” പിന്നെ, ഒരു കാര്യം. ചില ചേച്ചിമാരെ കണ്ടാൽ അവർക്ക് നമ്മളോട് താല്പര്യം ഉണ്ടെന്നൊക്കെ തോന്നും, പക്ഷെ, അവർ പക്കാ ഡീസന്റ് ആയിരിക്കും. ചിലരാണെങ്കിൽ വളരെ ഗൗരവം ഉള്ളവരായി കാണും, അവനാണെങ്കിൽ എപ്പോ വീണെന്ന് ചോതിച്ചാൽ മതി… ഇങ്ങനെ കുറെ പ്രശ്നങ്ങൾ ഉണ്ട് ഇതിൽ. അതുകൊണ്ട് വളരെ ബുദ്ധിപരമായി വേണം ഈ വിഷയത്തിൽ മുന്നോട്ട് പോകാൻ .
ഇതിൽ നമുക്ക് പെട്ടന്ന് അടുക്കുന്നത് ഭർത്താക്കന്മാർ ഗൾഫിൽ ഉള്ള ചേച്ചിമാർ ആണ് . പക്ഷെ, എല്ലാവരും അതിൽ പെടില്ലാട്ടോ… നൂറെണ്ണം എടുത്താൽ അതിൽ ഒരു പതിനഞ്ച് എണ്ണം നമ്മുടെ വരുതിക്ക് വരുന്നവൾമാർ ആയിരിക്കും. അവരെ കണ്ടെത്തി അവരിൽ നമ്മളോട് ഒരു സ്നേഹം തോന്നുന്ന രീതിയിൽ പെരുമാറി വലയിൽ ആക്കിയാൽ പിന്നെ കാര്യം ഓക്കേ ആണ്…. ചേച്ചിയെയും കിട്ടും, ഇടക്ക് ഒന്ന് മുട്ടിയാൽ കെട്ടിയോൻ അയച്ചുകൊടുക്കുന്ന കാശിൽ നിന്ന് കുറേശ്ശേ വാങ്ങിക്കുകയും ചെയ്യാം .. അവർക്കൊരു നേരം പോക്ക്… നമുക്കൊരു……… ”
പിന്നെ ഉള്ളത്, കുറെ പോങ്ങാൻമാരായ കെട്ടിയോൻ മാർ ഉള്ളവൾമാരെ ആണ് .. പക്ഷെ അതിലും ഉണ്ടാകുംട്ടോ പതിവ്രതമാർ .. കെട്ടിയോന്മാർ എങ്ങനെയൊക്കെ വന്നാലും തല്ലിയാലും കൊന്നാലും കെട്ടിയോനെ സ്നേഹത്തോടെ മാത്രം കാണുന്നവൾമാർ.. അവരോടും നോക്കീം കണ്ടും നിന്നില്ലേൽ പിച്ചാത്തിക്ക് പൂളിക്കളയും അവളുമാർ.. അതുകൊണ്ട് നോക്കീം കണ്ടും ആദ്യം നല്ല പിള്ള ചമഞ്ഞും പിന്നെ അവർ വളയുമെന്നായാൽ മാത്രം ഉള്ളിലെ കോഴിയെ പുറത്തേക്ക് ഇറക്കി വിട്ടും വേണം മുന്നോട്ട് പോകാൻ.. ”
അതും പറഞ്ഞ് ബാബു ഊറിചിരിച്ചു.

ബാബുവിന്റെ ഓരോ വാക്കും ഈ കാര്യത്തിലുള്ള നിരീക്ഷണവും വല്ലാത്ത അത്ഭുതത്തോടെയും ആശ്ചര്യത്തോടെയും ആണ് ദിനേശൻ കേട്ടിരുന്നത്.
ദക്ഷിണ വെക്കാൻ കാശില്ലാത്തത് കൊണ്ട് അത് കടം പറഞ്ഞ് വീട്ടിലേക്കു നടക്കുമ്പോൾ ദിനേശന്റെ മനസ്സ് നിറയെ പുഞ്ചിരിയോടെ നിൽക്കുന്ന ആന്റിമാരുടെ മുഖം മാത്രമായിരുന്നു.

*********

ശാന്ത ഛർദിക്കുന്നത് കേട്ടാണ് ബാബു അടുക്കളവരാന്തയിലേക്ക് വന്നത്, എന്ത് പറ്റി എന്ന അർത്ഥത്തിൽ ശാന്തയെ നോക്കിയപ്പോൾ അവളൊന്നു നാണത്താൽ ചിരിച്ചു,
ആ ചിരിയുടെ അർത്ഥം പിടികിട്ടിയപ്പോൾ ബാബു ഒരുപാട് ആഹ്ലാദത്തിൽ ആയിരുന്നു.
അങ്ങനെ താൻ വീണ്ടും അച്ഛനാകാൻ പോകുന്നു. സന്തോഷം സിരകളിൽ നുരഞ്ഞുപൊങ്ങുമ്പോൾ പെട്ടന്ന് അവനിലെ കെട്ടിയോൻ മറിച്ചു ചിന്തിച്ചു പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു,

” അതിന് ഇവൾക്കെങ്ങനെ ഇപ്പോൾ വയറ്റിലുണ്ടായി. ഞാൻ ആണേൽ പാതിരാത്രി പലരെയും താരാട്ടി പാടി ഉറക്കിയിട്ട് ഫുൾ ഫിറ്റും ആയാണ് ഇവിടെ എത്തുന്നത്.. ആ ഫിറ്റും പുറത്ത് കിടന്നാൽ പിന്നെ എണീക്കുന്നത് രാവിലെയാണ്.. അതിനിടക്ക് ഇതെങ്ങനെ ”
അവനിൽ സംശയത്തിന്റെ നാമ്പുകൾ പൊട്ടിതുടങ്ങിയപ്പോൾ സിരകളിൽ സന്തോഷത്തിനു പകരം രോഷം തിളച്ചുമറിയാൻ തുടങ്ങിയിരുന്നു,
“എടി ശാന്തേ, സത്യം പറ.. ഇത് ആരുടെയാ ഗർഭം… സത്യം പറയടി ”

അവന്റെ ആക്രോശം കേട്ടപ്പോൾ ശാന്തക്ക് സങ്കടവും അതോടൊപ്പം തന്നെ വല്ലാത്ത ദേഷ്യവും വരുന്നുണ്ടായിരുന്നു,
“ദേ, മനുഷ്യാ…. രാത്രി കള്ള് കുടിച്ച് വന്നിട്ട് തോന്നിയത് കാട്ടിയതും പോരാ… ഇപ്പോൾ അനാവശ്യം പറയുന്നോ…
ഞാൻ നിങ്ങളെ പോലെ കണ്ടവരെ തിരഞ്ഞു പോകുന്നവൾ അല്ല, അങ്ങനെ ആയിരുന്നെങ്കിൽ അത് ഞാൻ എന്നെ ചെയ്തേനെ. ഈ നശിച്ച വീട്ടിൽ കഴിയുന്ന പാട് എനിക്കെ അറിയൂ.. എന്നിട്ടും ഒരു കുറ്റവും കുറവും പറയാതെ നിങ്ങടെ ആട്ടും തുപ്പും കേട്ട് ഇവിടെ കഴിയുന്നതിന്റെ ശിക്ഷയാണ് ഇത്. അല്ലെ… ഇപ്പോൾ സംശയവും… കൊള്ളാം…. ഇനി എനിക്ക് ചത്താൽ മതി.. ”
അവളുടെ പായാരം പറച്ചിലും കരച്ചിലും കണ്ടപ്പോൾ അവളുടെ നിരപരാധിത്വം വിശ്വസിക്കാതിരിക്കാം ബാബുവിന് കഴിയുന്നില്ലായിരുന്നു, പക്ഷെ എങ്കിലും…..

അവനിലെ സംശയം മുളയോടെ നുള്ളിക്കളയാൻ അവളുടെ കരച്ചിലിന് കഴിഞ്ഞില്ല..

” നിങ്ങൾക്ക് ഇപ്പഴും എന്നെ സംശയമാണല്ലെ. ഞാൻ പെഴച്ചവൾ ആണെന്ന് നിങ്ങളുടെ മനസ്സ് പറയുന്നു അല്ലെ… ഇത്ര വൃത്തിക്കെട്ട മനസ്സാണോ നിങ്ങളുടെ… നിങ്ങൾ പലയിടത്തും പോകുന്നതും വരുന്നതും എല്ലാം അറിഞ്ഞിട്ടും അറിയാത്ത പോലെ നിങ്ങളോട് സ്നേഹത്തോടെ മാത്രം പെരുമാറുന്ന എനിക്ക് ഇത് തന്നെ വേണം. .
നാല് കാലിൽ വരുമ്പോൾ കാട്ടികൂട്ടുന്നതൊന്നും ഒരു ബോധവുമില്ലാതെ അല്ലെ… എന്നിട്ട് ഇപ്പോൾ ഇങ്ങനെ ആയപ്പോൾ ഒടുക്കത്തെ സംശയവും.. ”
അവൾ അതും പറഞ്ഞ് അകത്തേക്ക് പോകുമ്പോൾ അവന്റെ മനസ്സിലെ സംശയങ്ങൾക്ക് ഒരു അറുതി വരുന്നുണ്ടായിരുന്നു.
തന്റെ തന്നെ ആയിരിക്കും എന്ന വിശ്വാസത്തോടെ അവൻ പുറത്തേക്ക് പോകുമ്പോൾ അവളിൽ ഒരു കള്ള ചിരി ഉണ്ടായിരുന്നു.

*********

” ടാ, ദിനേശാ.. ഞാൻ വീണ്ടും ഒരു അച്ഛനാകാൻ പോകുന്നു.. ”
ബാബുവിന്റെ സന്തോഷം നിറഞ്ഞ സംസാരം ദിനേശനിലും ഒരുപാട് സന്തോഷമുണർത്തി.

“ഇങ്ങള് കൊള്ളാലോ ബാബേട്ടാ… ചുളുവിൽ അതും ഒപ്പിച്ചല്ലേ.. ഈ സന്തോഷത്തിന്റെ ചിലവ് എന്റെ വക.. വാ മ്മക്ക് ബാറിൽ പോയി തന്നെ ആഘോഷിക്കാം ”

അതും പറഞ്ഞ് ബൈക്കിന്റെ ബാക്കിലേക്ക് ബാബുവിനെയും ഇരുത്തി ബാർ ലക്ഷ്യമാക്കി കുതിക്കുമ്പോൾ ദിനേശൻ ആലോചനയിൽ ആയിരുന്നു..
‘ രാത്രി ആന്റിമാരെ കാണാൻ ബാബുവേട്ടന് കൂട്ട് പോകുന്നതും പിന്നെ ഉള്ള മദ്യസേവയും വീട്ടിൽ കൊണ്ടാക്കലും .. അതിനടക്ക് ബാബുവേട്ടൻ തന്ന ഉപദേശങ്ങൾ പരീക്ഷിക്കാൻ അതിലും നല്ലൊരു സ്ഥലം വേറെ ഇല്ലെന്നു തോന്നിയ ആ നിമിഷവും.. ”

ആലോചിക്കുമ്പോൾ ദിനേശനിൽ ഉൾപുളകമുണ്ടായി..
ബാറിന്റെ ഇരുണ്ട മൂലയിൽ ഇരുന്ന് ഗ്ലാസ്സിലേക്ക് മദ്യം പകർന്നു ദിനേശൻ..
വെള്ളം ഒഴിച്ചു ഗ്ലാസ്‌ കയ്യിലെടുത്തു ചിയേർസ് പറയാൻ മറന്നില്ല രണ്ടു പേരും…

” അങ്ങനെ വീണ്ടും ബാബേട്ടൻ അച്ഛനാകാൻ പോകുന്ന ഈ സന്തോഷനിമിഷത്തിൽ ചിയേർസ്… ”
അതും പറഞ്ഞ് ഗ്ലാസ്‌ ഒറ്റവലിക്ക് കാളിയാക്കുമ്പോൾ ദിനേശൻ മനസ്സിൽ പറയുന്നുണ്ടായിരുന്നു,

” അച്ഛനായ സന്തോഷത്തിന്റെ ആഘോഷവേളയിൽ വളർത്തച്ഛന്റെ കൂടെ ചിയേർസ് പറയുന്ന ഒരു സുഖം ഉണ്ടല്ലോ….
ബാബേട്ടാ .. നിങ്ങള് മാസ്സ് ആണ്…. നിങ്ങൾ പറഞ്ഞ പോലെ വീട്ടിൽ കനി ഉണ്ടായിട്ടും പുറമെ കറങ്ങുന്ന പോങ്ങാൻമാരായ കെട്ടിയോൻമാർ ഉള്ള ചേച്ചിമാരെ വളക്കാൻ ഇത്ര എളുപ്പമാണെന്ന് അറിഞ്ഞില്ല.. ”

മനസ്സിൽ വന്ന സന്തോഷം പുറത്തുകാണിക്കാതെ
അടുത്ത ഗ്ലാസ്സിലേക്ക് മദ്യം പകർത്തുമ്പോൾ ബാബു വേറൊരു ആലോചനയിൽ ആയിരുന്നു,

” ന്നാലും അത്രേം ഫിറ്റായി പോകാറുള്ള ഞാൻ എപ്പഴാ ആ പണി പറ്റിച്ചത്.. എനിക്ക് ഇത്രേം കപ്പാസിറ്റിയോ ”

 

രചന: ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *