നിന്റ പ്രണയത്തേക്കാൾ എനിക്കിഷ്ടം മീനുവിന്റെ സൗഹൃദമാണ്…

 

രചന: അമ്മു സന്തോഷ്

ഇഷ്ടം… “നിന്റ പ്രണയത്തേക്കാൾ എനിക്കിഷ്ടം മീനുവിന്റെ സൗഹൃദമാണ്.അതാവുമ്പോൾ ഞാൻ ഫ്രീ ആണ് ഊർമ്മി ..നീ എനിക്കിപ്പോ സത്യത്തിൽ ഒരു ശല്യമാണ് ,,ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് എന്നത് സത്യമാണ്. പക്ഷെ എന്റെ സ്വകാര്യതയിലേക്കു ഇങ്ങനെ ദിശാബോധമില്ലാതെ കടന്നു കയറുന്നതു സഹിക്കാൻ എനിക്ക് പറ്റില്ല . എപ്പോഴും ഫോൺ വിളികൾ മെസേജ് ,,…ലുക്ക് ഞാൻ തിരക്കുള്ള ഒരു ഡോക്ടറാണ്. നിന്നെ പോലെ കഥയും കവിതയും വായിച്ചിരിക്കലല്ല എന്റെ പണി ..മീനുവിന്റ് പേരിൽ ഉള്ള ഈ വഴക്കുകളും എനിക്ക് മടുത്തു ..അവളെന്റെ ബെസ്റ് ഫ്രണ്ട് ആണ് …ഞാൻ എത്ര തവണ പറഞ്ഞു തന്നതാണ് അത് ..പൊസ്സസ്സീവ്നെസ് കൂടിയാ അത് ഭ്രാന്ത് തന്നെയാണ് ..എനിക്കിതു മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല ലെറ്റ്സ് ബ്രേക്ക് അപ്പ് ”

ഊർമിള രാഹുലിനെ നോക്കി മരവിച്ചങ്ങനെ ഇരുന്നു

“ശരിയാണ്. എനിക്ക് ഭ്രാന്താണ് രാഹുൽ ചേട്ടാ ..എപ്പോഴും മിണ്ടണം, മെസ്സേജ് അയയ്ക്കണം എന്നൊക്കെ ഞാൻ വാശി പിടിക്കുന്നതും വഴക്കിടുന്നതു മൊക്കെ ഇഷ്ടം കൊണ്ടാ. എന്റെ മാത്രം ആകണമെന്ന് തോന്നുന്നതും ഇഷ്ടം കൊണ്ടാ ”

ആ ഇഷ്ടം എനിക്ക് ഇപ്പൊ വെറുപ്പാണ് ..ഇപ്പൊ മടുപ്പാണ് “രാഹുലിന്റ ശബ്ദം തെല്ല് ഉയർന്നു

“ഞാനിനി എപ്പോളും വിളിക്കാതിരിക്കാം..മീനുവിന്റെ പേരിൽ വഴക്കിടില്ല സത്യം . എന്തിനാ ബ്രേക്ക് അപ്പ് എന്നൊക്കെ പറയുന്നത് ?”അവളുടെ കണ്ണ് നിറഞ്ഞു

“അത് മാത്രം അല്ല …മീനാക്ഷി എന്ന ടോപ്പിക്ക് എന്നും നമുക്കിടയിൽ കലഹം മാത്രമേ ഉണ്ടാക്കിയിട്ടുള്ളു..എന്റെ ലൈഫില് എന്നും ആ കൂട്ടുകാരി ഉണ്ടാകും ഊർമ്മി ..എനിക്ക് ജീവിതകാലം മുഴുവനും നിന്നോട് വഴക്കടിക്കാൻ പറ്റില്ല,,നമ്മൾ ശരിയാവില്ല. ഒരേ വേവ്ലെങ്ത്തല്ല ”

” പ്രണയത്തിനു അങ്ങനെ ഒക്കെ ഉണ്ടോ രാഹുൽ ചേട്ടാ ?മീനു പിണങ്ങിയാലോ വഴക്കുണ്ടാക്കിയാലോ രാഹുൽ ചേട്ടൻ മീനുവിനെ വേണ്ട എന്ന് വെക്കുമോ? ”

“ദേ ഉടനെ വന്നു കമ്പാരിസൺ..മീനു അങ്ങനെ ചെയ്യില്ല ..അവൾക്ക് ഡിഗ്നിറ്റി ഉണ്ട് .ഒരു വ്യക്തിത്വം ഉണ്ട് ..സർവോപരി എന്നെ അവൾക്ക് അറിയാം …കുഞ്ഞു നാൾ മുതൽ കാണുന്നതല്ലേ ?” ഊർമിള ഒന്ന് വിളറിച്ചിരിച്ചു

“രാഹുൽ ചേട്ടന് എന്നെ അറിയോ ?ഉള്ളിൽ എപ്പോഴും ഈ മുഖമാണ് ,കാതിൽ ഈ ശബ്ദം ആണ്.ഞാൻ എത്രയാ സ്നേഹിക്കുന്നതെന്നു അറിയുവോ ? ”

“വിൽ യു പ്ലീസ് സ്റ്റോപ്പ് ദിസ് നോൺസെൻസ്?നീ വെറും പൈങ്കിളി ആണ് .ബി പ്രാക്ടിക്കൽ. നിന്റ കഥകളല്ല ലൈഫ് ..എനിക്ക് ജോലി ഉണ്ട് തിരക്കുകൾ ഉണ്ട് എപ്പോഴും നിന്നെ ഓർത്തിരിക്കാൻ എനിക്ക് കഴിയില്ല ഊർമ്മി ”

ഊർമിള തണുത്തു തുടങ്ങിയ കാപ്പി വേഗം കുടിച്ചു തീർത്തു കോഫി ഷോപ്പിന്റെ ചില്ലു ജാലകത്തിലൂടെപുറത്തേക്കു നോക്കി ..പുറത്തു മഴ പെയ്തു തുടങ്ങിയിരുന്നു.

“പോട്ടെ രാഹുൽചേട്ടാ ..ലൈബ്രറിയിൽ പോകണം ..ബുക്ക് കൊടുക്കേണ്ട അവസാന തീയതിയാണ് ”

“നീ ഒന്നും പറഞ്ഞില്ല “രാഹുലും എഴുനേറ്റു .

“എനിക്ക് മാറാൻ കഴിയില്ല രാഹുൽ ചേട്ടാ ഞാൻ ഇതാണ് ..കഥകളും കവിതകളും വായിച്ചും എഴുതിയുമൊക്കെ ഇങ്ങനെ ആയി പോയതാവും ചിലപ്പോൾ .എന്നാലും എനിക്ക് ഈ എന്നെ വലിയ ഇഷ്ടമാണ്. രാഹുൽ ചേട്ടനെന്നെ ഇഷ്ടമല്ലെങ്കിൽ ഞാൻ എന്ത് പറയാനാണ് ?ഞാൻ പൊയ്ക്കൊള്ളാമെന്നെല്ലാതെ ..”എനിക്ക് മീനു ആകാൻ കഴിയില്ല രാഹുൽ ചേട്ടാ. വേറെ ആരുമാകാൻ കഴിയില്ല …അല്ലെങ്കിൽ തന്നെ ഞാൻ ഇയാളെ അർഹിക്കുന്നുമില്ല ,,സാരോല്ല ഇനി ഞാൻ വിളിക്കില്ല ട്ടോ “അവൾ ഇടർച്ചയോടെ പറഞ്ഞു നിർത്തി

“മഴയല്ലേ ഞാൻ കൊണ്ടാക്കാം “രാഹുൽ മെല്ലെ പറഞ്ഞു

ഊർമിള ആ കണ്ണുകളിലേക്കു നോക്കി.

“ഈ മഴ ഞാൻ നനഞ്ഞോളാം “ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

രാഹുലിന്റ ഹൃദയത്തിലൊരു ഭാരം നിറഞ്ഞു .ദേഷ്യത്തി ലെന്തൊക്കെയോ പറഞ്ഞെങ്കിലും ആ കണ്ണുനീര് അവനെ തളർത്തിക്കളഞ്ഞു ..അവളവനെ കടന്നു പോകുമ്പോൾ ഉള്ളിലെന്തോ ഒന്ന് വീണുടയുന്ന അവൻ അറിഞ്ഞു .

ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു ..

ആദ്യമൊക്കെ ആശ്വാസമായിരുന്നു മണിക്കൂറു കണക്കിനുള്ള വിളികളില്ല. മിനിറ്റു കണക്കിനുള്ള മെസ്സേജുകളില്ല ..ഇപ്പോഴിപ്പോ ഒരു ശൂന്യത ..ഭൂമിയുടെ ഒരറ്റത്ത് തന്നെ ഓർത്തിരിക്കാൻ ഇന്നവൾ ഇല്ല എന്ന് ഓർക്കുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ .

“നിങ്ങൾ പെണ്ണുങ്ങളുടെ മനസ്സ് സമ്മതിക്കണം ?എങ്ങനെ കഴിയുന്നു ഇങ്ങനെ ഒക്കെ ?ബ്രേക്ക് അപ്പ് എന്ന് പറഞ്ഞാൽ ഉടനെ ഇട്ടേച്ചു അങ്ങ് പോവാ ” മീനു രാഹുലിനെ നോക്കി പൊട്ടിച്ചിരിച്ചു

“എടാ പൊട്ടാ ലോകത്തു എന്ത് വേണമെങ്കിലും ഒരു പെണ്ണ് സഹിക്കും ..നിന്നെ കൊണ്ട് കൊള്ളില്ല എന്നോ നീ വിഡ്ഢി ആണെന്നോ ഒക്കെ പറഞ്ഞോ അവൾ ചിരിച്ചു കളയും..എന്നാൽ മറ്റൊരു പെണ്ണിനെ അതും കൂട്ടുകാരിയെ..പുകഴ്ത്തി അവൾ സംഭവമാണ് നീ ഒന്നുമല്ല എന്നൊക്കെ പറഞ്ഞാലുണ്ടല്ലോ ഞാൻ ആണെങ്കിൽ നല്ല ചീത്ത വിളിക്കും ..ഇത് അവൾ പാവമായതു കൊണ്ടാ ..ഞാൻ ഇന്നലെ അവളെ വിളിച്ചിരുന്നു .നിന്നെപേടിച്ചു വിളിക്കത്തതാ പാവം . നീ ഒന്ന് പോയി കാണു ”

“പിന്നേ ഞാൻ പോവില്ല ..അവൾ ഇങ്ങോട്ട് വരും നോക്കിക്കോ ..”

“ഉം വരും വരും …അവളുണ്ടല്ലോ നല്ല സുന്ദരിക്കുട്ടിയാ,,നല്ല ആണ്പിള്ളേര് എപ്പോ അടിച്ചോണ്ടു പോയെന്നു നോക്കിയാ മതി ..അവനൊരു വലിയ ഡോക്ടർ ..എടാ ജീവനെ പോലെ സ്നേഹിക്കുന്ന പെണ്ണിനെ കിട്ടാൻ ഭാഗ്യം ചെയ്യണം ഭാഗ്യം അതും ഈ വന്ന കാലത്ത് ..”

ലൈബ്രറിയിൽ നിന്ന് ഇറങ്ങുന്ന ഊർമിളയെ കാത്തു നിൽക്കുമ്പോൾ അവനു നാണക്കേട് ഒന്നും തോന്നിയില്ല ..ഊർമിളയ്ക്കൊപ്പം സുമുഖനായ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു ..രാഹുലിനെ കണ്ടു അവൾ പുഞ്ചിരിച്ചു കൊണ്ടടുത്തേക്കു വന്നു ..രാഹുലിന്റെ കണ്ണ് ആ ചെറുപ്പക്കാരനിലായിരുന്നു .അയാളുടെ കണ്ണിൽ അവ്യക്തമായി ഊർമിളയോടുള്ള ഒരു പ്രണയത്തിന്റെ ചുവപ്പ് അവൻ കണ്ടുപിടിച്ചു.

“രാഹുൽ ചേട്ടനെന്താ ഇവിടെ ?രാഹുൽ ഒന്നും പറയാതെ അവളുടെ ഒപ്പമുള്ള ചെറുപ്പക്കാരനെ നോക്കി

“ഇത് ശ്രീ. ഇവിടെ വെച്ച് പരിചയമായതാ …ഇപ്പൊ നല്ല കൂട്ടായി അല്ലെ ശ്രീ ?”ആ ശ്രീ ഇത് ..”

“ഞാൻ രാഹുൽ. ഊർമ്മിളയുടെ ഫിയാൻസി. ” രാഹുൽ പുഞ്ചിരിയോടെ അവനു ഹസ്തദാനം നൽകി

ഊർമിള കണ്ണുമിഴിച്ചു രാഹുലിനെ നോക്കി. “നമുക്ക് പോവാം ” വിളർച്ചയോടെ നിൽക്കുന്ന ശ്രീയെ നോക്കി ഒന്ന് കൈ വീശി രാഹുൽ അവളെ ചേർത്ത് പിടിച്ചു കാറിനടുത്തേക്ക് നടന്നു ..

“അയ്യേ അയാളെന്തു വിചാരിച്ചിട്ടുണ്ടാകും ?” “അയാളെന്തു വിചാരിക്കാൻ നീ എന്റെ പെണ്ണാണ് എന്ന് നിന്നെയും കൂടെ ഒന്നോർമ്മിപ്പിച്ചതല്ലേ ഞാൻ ?”

“എങ്ങനെ ?എങ്ങനെ ?കേട്ടില്ല ..ബ്രേക്ക് അപ്പ് പറഞ്ഞു പോയതല്ലേ ?എനിക്ക് ഡിഗ്നിറ്റി ഇല്ല ഞാൻ പൈങ്കിളി ആണ് ..നമ്മൾ തമ്മിൽ ചേരില്ല മടുത്തു ..എന്നൊക്ക പറഞ്ഞു പോയതാരാ ? കാത്തിരിക്കാൻ ഞാൻ ത്രേതാ യുഗത്തിലെ ഊർമിള ഒന്നുമില്ല ..ശ്ശൊ ആ ശ്രീ എന്ത് നല്ലതാണ് അറിയുമോ ..എന്നെ പോലെ തന്നെ ..ഞങ്ങൾ ഒരേ വേവ് ലെങ്ത് ആണ് “അവൾകുസൃതിയി ൽ ഏറുകണ്ണിട് നോക്കി

പൊടുന്നനെ പെയ്ത അതിശക്തമായ മഴയിൽ നിരത്തു കാണാൻ കഴിയാതെ രാഹുൽ കാർ ഒതുക്കി നിർത്തി.

” പറഞ്ഞെ കേൾക്കട്ടെ ..”

“അതയാതു രാഹുൽച്ചേട്ടാ ശ്രീ ഉണ്ടല്ലോ …”പൊടുന്നനെ രാഹുൽ അവളെ കെട്ടിപ്പുണർന്നു മുഖം താഴ്ത്തി കണ്ണുകളിലേക്കു നോക്കി

“പറയടി ”

ഊർമിള കണ്ണുകൾ അടച്ചു കളഞ്ഞു … രാഹുൽ ആ ചുണ്ടുകളിലേക്കു മുഖം താഴ്ത്തി …വിരഹത്തിന്റ പ്രണയത്തിന്റെ …തീച്ചൂടുള്ള ഉമ്മകൾ .. “ഇപ്പൊ എന്റെ ചിന്തകളിലൊക്കെ നീയാണ് ഊർമ്മി ” അവൻ മന്ത്രിച്ചു “അവൾ നാണത്തോടെ അവനെ തള്ളിമാറ്റി

“വിരഹം പ്രണയത്തിന്റ ആഴം കൂട്ടും ..കാണാതിരിക്കുമ്പോൾ മിണ്ടാതിരിക്കുമ്പോ തീ പോലെ അത് നമ്മെ പൊള്ളിച്ചു കളയും .പറഞ്ഞു പോയ വാക്കുകൾ എത്ര മാത്രം നോവിച്ചിട്ടുണ്ടാകുമെന്നോർത്തു കരച്ചിൽ വരും ..തമ്മിൽ വഴക്കടിച്ചതൊന്നും ചിന്തയിലെ ഉണ്ടാകില്ല ..അവിടെ അനുഭവിച്ച സ്നേഹം മാത്രമേ ഉണ്ടാകു ..”രാഹുൽ ആ മുടിയൊതുക്കി അവളുടെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു

“ദൈവമേ ഈ ഡോക്ടർക്കു വട്ടായി …”

“പോടീ..ഞാൻ കഥകൾ വായിച്ചു തുടങ്ങി അതാ ..”രാഹുൽ പറഞ്ഞു

“സത്യം ?” “സത്യം ”

“ഇനി എന്നെ വേണ്ട എന്ന് പറയുവോ ?” നിഷ്കളങ്കമായ ആ ചോദ്യത്തിന് മുന്നിൽ അവൻ നിശബ്ദനായി .

‘ചിലപ്പോൾ പറയുമായിരിക്കും ….ദേഷ്യപ്പെടുമായിരിക്കും …പിന്നെയും വന്നിങ്ങനെ അണച്ച് പിടിക്കും ..പിന്നെയും കലഹിക്കും പിണങ്ങും ഇരട്ടി പ്രണയത്തോടെ ..സ്നേഹിക്കും ..ഒരിക്കലും നിന്നെ ഉപേക്ഷിക്കില്ല രാഹുൽ ..ജീവിതതിൽ ഒരിക്കലൂം ” ഊർമിള ഒരു വിതുമ്പലോടെ അവനെ ഇറുകെ പിടിച്ചു ആ നെഞ്ചിൽ മുഖം ചേർത്ത് വെച്ചു.. “ഇത് പൈങ്കിളി ആണ് കേട്ടോ “അവൾ മന്ത്രിച്ചു രാഹുൽ അതിനു മറുപടി പറഞ്ഞില്ല ആർത്തലച്ചു പെയ്യുന്ന മഴത്തുള്ളികൾ കാറിന്റ ചില്ലിൽ ചിത്രങ്ങൾ വരയ്ക്കുന്നതു നോക്കി അവൻ അവളെ ചേർത്ത് പിടിച്ചു അനങ്ങാതെഇരുന്നു …..

രചന: അമ്മു സന്തോഷ്

1 thought on “നിന്റ പ്രണയത്തേക്കാൾ എനിക്കിഷ്ടം മീനുവിന്റെ സൗഹൃദമാണ്…

  1. Orupaadu orupaadu ishtaayi………. ente lifeil njn ippo anubhavikkunnna ente pranayathinum oru khadhayundu but enikku ithupole ezhuthaan ariyillla…. inganathe stories vaayikkumbo sathyamaayittum anganathe oru kazhivillathathil njn vallandu vishamikkunnnu

Leave a Reply

Your email address will not be published. Required fields are marked *