പിറന്നാൾ സമ്മാനം….

രചന: Gopika Vipin

“പൊന്നു……..!!” രാവിലെ അടുക്കളയിൽ തിരക്കിട്ട പണിയിൽ ആണ് പൊന്നമ്പിളി എന്ന പൊന്നു… അതിനിടയിൽ ആണ് നീട്ടിയുള്ള വിളിയുമായി പ്രാണനാഥന്റെ രംഗപ്രവേശം….

സിങ്കിലേ പത്രങ്ങളുമായി ഉള്ള മല്പിടുത്തത്തിനിടയിൽ ആ വിളി കാതിൽ വീണതും ഞെട്ടി പാത്രം ഞൊടിയിടയിൽ കൈവിട്ടു നിലത്തു വീണതും ഒരുമിച്ചായിരുന്നു… തിരിഞ്ഞു നിന്നു കൂർപ്പിച്ചൊന്നു നോക്കി അവൾ ആ പാത്രം കുനിഞ്ഞെടുത്തു വീണ്ടും പണി തുടർന്നു…

അവൾക്കറിയാം ആ വിളിക്കു മറുപടി പറയാൻ പോയാൽ പിന്നെ ഒരുവാക്കിൽ തീരില്ല എന്ന്… അതുകൊണ്ടു ആ ഭാഗത്തേക്കെ നോക്കാൻ പോയില്ല…

അപ്പോളേക്കും പ്രാണനാഥാൻ തപ്പിത്തടഞ്ഞു അടുക്കളയിൽ എത്തി… തൊട്ടടുത്ത് സ്ലാബിനു മുകളിൽ കയറി ഇരുപ്പും ഉറപ്പിച്ചു… ” ലക്ഷണം അത്ര ശുഭകരമല്ലല്ലോ… എന്താണ് ഇപ്പോൾ ഉദ്ദേശം…. ” പൊന്നു ഒന്ന് ഇരുത്തി നോക്കി… അവനും അവളെ തന്നെ നോക്കിയിരിക്കുകയാണ്…

“ശെരിയല്ല… ശെരിയല്ല… ഈ നോട്ടത്തിൽ എന്തോ ഒരു വശപ്പിശക് ഇല്ലേ… ” അവൾ ഉമിനീർ ഇറക്കി…

അല്ലെങ്കിലേ രാവിലെ ഓഫീസിൽ പോകാൻ നേരം ഇങ്ങേരുടെ സ്ഥാനത്തും അസ്ഥാനത്തും ഉള്ള പൊന്നുവിളി കേട്ടാൽ തന്നെ തുടങ്ങും അമ്മയും അനിയത്തിയും അർത്ഥം വച്ച് മൂളാനും ചുമക്കാനും ഒക്കെ… ഇതിപ്പോൾ അവിടം കൊണ്ടെങ്ങും നിൽക്കും എന്ന് തോന്നുന്നില്ലല്ലോ എന്റെ ശിവനെ…

തലചെരിച്ചു ഒന്നുകൂടി നോക്കി… “ഇങ്ങേരുടെ കണ്ണിലെന്താ ഈർക്കിലി വച്ചിട്ടുണ്ടോ ഒന്ന് ഇമ വെട്ടുന്നത് പോലും ഇല്ലല്ലോ… ”

പിന്നെ ഒന്നും നോക്കിയില്ല… തലവേഗം ചെരിച്ചു പണിതുടർന്നു…

“പൊന്നു…. ” വീണ്ടും വിളി… ഇങ്ങേരെന്നെ നാറ്റിക്കും…

“ന്താ ഏട്ടാ…. ” തല ഉയർത്താതെ തന്നെ ചോദിച്ചു…

“നാളെ കഴിഞ്ഞ… ന്റെ പൊന്നൂന്റെ പിറന്നാൾ അല്ലെ… ന്റെ വക സമ്മാനം വേണ്ടേ…. ” ഒരു കുസൃതി കലർന്ന ചോദ്യം…

” പിന്നെ സമ്മാനം തരുന്ന ആള്… ഒന്നുകിൽ രാവിലെ ഞാൻ പറയണം… അല്ലേൽ വീട്ടിന് ‘അമ്മ വിളിച്ചു ഓര്മിപ്പിക്കണം… അല്ലാണ്ടെ ഒരു തവണ എങ്കിലും ഇങ്ങള് ന്റെ പിറന്നാൾ ഓർത്തിരുന്നിട്ടുണ്ടോ ഏട്ടാ… ആ ആളാ … നിക്ക് രണ്ടുസം മുന്നേ സമ്മാനം തരാൻ പോണത്… ” അവൾ പാത്രങ്ങൾ ഒതുക്കി വച്ചുകൊണ്ട് പറഞ്ഞു…

“അതൊക്കെ പണ്ടല്ലേ… ഇത്തവണ ന്റെ പൊന്നു നോക്കിക്കോ… ഞാൻ ഞെട്ടിച്ചിരിക്കും… ” സ്ലാബിൽ നിന്നും ചാടി ഇറങ്ങിക്കൊണ്ടു അവൻ പറഞ്ഞു..

“ഉവ്വ്…. ഉവ്വേ……. ഏട്ടൻ തരുന്ന സർപ്രൈസ് കണ്ട് ഞാൻ ഞെട്ടിയപോലെ വേറെ ആരും ഞെട്ടികണില്യട്ടോ… ” ചിരിച്ചു കൊണ്ട് അവൾ അവനെ കളിയാക്കിയപ്പോൾ മറുപടി ആയി അവളെ വലിച്ചു തന്റെ കൈക്കുള്ളിൽ ആക്കിയിരുന്നു അവൻ…

“ഏട്ടാ.. വിട്ടേ… അമ്മ ഇപ്പോൾ വരും… കണ്ടാൽ അതുമതി…. ” അവൾ കൈക്കുള്ളിൽ കിടന്നു പിടഞ്ഞു…

“നടക്കില്ല മോളെ… ന്നെ കളിയാക്കുന്നോ നീയ്യ് … നോക്കിക്കോ…. ഇത്തവണ എന്റെ സർപ്രൈസ് കണ്ടു നീ ഞെട്ടും… ” അവളുടെ മൂക്കിന് തുമ്പിൽ മൂക്കുരസി അവൻ പറഞ്ഞപ്പോൾ പിന്നിൽ നിന്നും അർത്ഥം വച്ചുള്ള ചുമ തുടങ്ങിയിരുന്നു…

ഞെട്ടി രണ്ടുപേരും അകന്നു മാറി… അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി തിരിഞ്ഞു നിന്നു. വേറെ ഒന്നും കൊണ്ടല്ല ചമ്മിയ മുഖം അനിയത്തി കാണാതിരിക്കാനാ… മുന്നിൽ നിൽക്കുന്ന അനിയത്തിയെ നോക്കി ഒന്ന് കണ്ണുരുട്ടി ചുക്കുവെള്ള പാത്രത്തിൽ നിന്നും ഒരു ഗ്ലാസ് വെള്ളവും എടുത്തു കുടിച്ചു അവൻ പുറത്തേക്ക് കടന്നു….

“അതെ വെള്ളം കുടിക്കാൻ ആണെങ്കിൽ ദേ ടേബിളിന്റെ മുകളിൽ ഇരിപ്പുണ്ട് ഏട്ടാ… ഇത്രേടം വരെ വന്നു ബുദ്ധിമുട്ടണോ… ” പൊട്ടിവന്ന ചിരി അടക്കിപ്പിടിച്ചു അനിയത്തി കുരിപ്പ് ചോദിച്ചപ്പോൾ ആകെ ചമ്മി നാശമായി എങ്കിലും വേഗം കലിപ്പിൽ അവളുടെ ചെവിൽ പിടിച്ചു…

“അടുക്കള വരെ വരുന്നത് ബുദ്ധിമുട്ടാണെന്ന് ഞാൻ നിന്നോട് പറഞ്ഞുവോ… ഇല്ലല്ലോ… കാര്യസ്ഥത നോക്കണ്ടേ പോയി വല്ലതും എടുത്തുവച്ചു പഠിക്കടി… ” ആ ഒരൊറ്റ അലർച്ചയിൽ അനിയത്തി ഓടിയ വഴിയിൽ പുല്ലുപോലും മുളക്കില്ല…

തിരിഞ്ഞു അവളെ നോക്കി ഒന്ന് മീശപിരിച്ചു… കൈകൾ രണ്ടും കൂപ്പി പിടിച്ചു കണ്ണുകൾ കൊണ്ട് തിരിച്ചു പോകുവാൻ അപേക്ഷിക്കുന്നുണ്ടായിരുന്നു അവൾ അപ്പോൾ… ഒരു കള്ളചിരിയോടെ അവൻ തിരിഞ്ഞു നടക്കുമ്പോൾ അവളുടെ ചുണ്ടിലേക്കും ആ ചിരി പടർന്നു കഴിഞ്ഞിരുന്നു…

“മറ്റന്നാൾ എന്റെ പിറന്നാൾ ആണ്… ” അവൾ സ്ലാബിൽ ചാരി നിന്നു…. കൈനിറയെ മഞ്ഞ പനിനീർ പൂക്കളുമായി തനിക്കുമുന്നിൽ വന്നു നിൽക്കുന്ന ഒരുമുഖം മനസ്സിൽ തെളിഞ്ഞു വന്നു… ഉള്ളിൽ എവിടെയോ ഒരു വേദനപടർന്നതു അവൾ അറിഞ്ഞു… തലയൊന്നു കുടഞ്ഞു ചിന്തകളെ ആട്ടിപ്പായിച്ചവൾ വീണ്ടും തന്റെ തിരക്കുകളിലേക്ക് ഊളിയിട്ടു….

ഇതേസമയം അവൾക്കെന്തു സമ്മാനം കൊടുക്കും എന്നറിയാതെ കൂലംകക്ഷമായ ചിന്തയിൽ ആണ് ജീവൻ…

“ന്റെ പൊന്നു ഒരു പാവട്ടോ… ന്നോട് ഒരുപാട് സ്നേഹാ… ഈ തിരക്കിനിടയിൽ അവൾടെ ഇഷ്ടങ്ങൾ അറിയാനോ നടത്തികൊടുക്കാനോ ഒന്നും എനിക്ക് കഴിയാറില്ല… അവളായിട്ട് ഒന്നും പറയും ഇല്ല്യ… ന്നട്ടും അവൾക്ക് എന്നോട് ഒരു പിണക്കവുമില്യട്ടോ… അവളെ കിട്ടിയത് ന്റെ ഭാഗ്യണെന്ന് എപ്പളും ‘അമ്മ പറയും… അത് സത്യവും ആണ്… അതോണ്ടാ ഇത്തവണ അവൾക്ക് ഒരു സമ്മാനം കൊടുക്കണം എന്ന് കരുതിയെ… ഒരു ഐഡിയ ന്റെ മനസ്സിൽ ഉണ്ട്ട്ടാ… ഇത്തവണ അവൾ എന്തായാലും ഞെട്ടും… ”

എന്തൊക്കെയോ കണക്കുകൂട്ടിയവൻ കിടക്കയിലേക്ക് മലർന്നു കിടന്നു…

രണ്ടു ദിനങ്ങൾ സാധാരണ പോലെ കടന്ന് പോയി… പിറന്നാളിനെ പറ്റിയോ പിറന്നാൾ സമ്മാനത്തെ പറ്റിയോ അവർക്കിടയിൽ പിന്നെ സംസാരമേ ഉണ്ടായില്ല…

സാധാരണ പിറന്നാൾ ദിവസം ഒരുമിച്ച് അമ്പലത്തിൽ പോകും, അമ്മ എനിക്ക് ഇഷ്ടപെട്ട കറികൾ എല്ലാം ഉണ്ടാക്കി വയ്ക്കും, ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കും അത്രയൊക്കെയേ ഉണ്ടാകാറുള്ളൂ…

ഇത്തവണ പക്ഷെ ജീവൻ ഞെട്ടിക്കും എന്ന് പറഞ്ഞതുകൊണ്ട് അവൾ പ്രതീക്ഷയിൽ ആയിരുന്നു… എന്താണ് അവൾക്കായി അവൻ കൊണ്ട് നൽകുന്ന സമ്മാനം എന്നറിയാൻ…

പിറന്നാൾ ദിവസം രാവിലെ… കുളിച്ചു അടുക്കളയിൽ ചെന്നപ്പോൾ ‘അമ്മ അടുക്കളയിൽ ഉണ്ട്… പിറകിലൂടെ ചെന്ന് കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു അവൾ….

“ആഹാ അമ്മടെ പൊന്നൂട്ടി ഇന്ന് ഭയങ്കര സന്തോഷത്തിൽ ആണല്ലോ എന്താ കാര്യം….??? ” അവളുടെ കവിളിൽ തലോടി അവർ തിരക്കി… അവൾ ഒന്ന് ഞെട്ടി.

“അമ്മക്ക് ഇന്ന് എന്താ എന്ന് അറിയില്ലേ…?? “തെല്ല് അമ്പരപ്പോടെ അവൾ തിരക്കി…

“ഇന്ന് ബുധനാഴ്ചയല്ലേ അല്ലാതെ വേറെ എന്താ…. ” അമ്മയുടെ മറുപടിയിൽ അവളുടെ മുഖം മ്ലാനമായി.. ഉണ്ടായിരുന്ന സന്തോഷം മുഴുവൻ എങ്ങോ പോയിമറഞ്ഞു… താൻ ഓർത്തിലെങ്കിലും ‘അമ്മ മറക്കാത്തതാണ്… ഈ തവണ മാത്രം ‘അമ്മ മറന്നു…

“ഏട്ടത്തി….. ചായ….. ” ദേ അടുത്ത അവതാരം… രാവിലെ എഴുന്നേറ്റാൽ ആദ്യം വിളിക്കുന്നത് എന്നെയാണ്… അത് ഞാൻ ഇവിടെ അവളുടെ ഏട്ടത്തിയായി വന്നു കയറിയ പിറ്റേദിവസം മുതൽ ഉള്ള പതിവാണ്… ഒരു കപ്പ് ചായയുമായി അവളുടെ മുറി ലക്ഷ്യമാക്കി നടക്കുമ്പോൾ എന്തോ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു മനസ്സിൽ… അവൾ എന്തായാലും ഓർക്കും… എന്നെ വിഷ് ചെയ്യും…

ചായ അവൾക്ക് നൽകി പൊന്നു പ്രതീക്ഷയോടെ നിന്നു… ഒന്ന് ചിരിച്ചു കാണിച്ചു ചായവാങ്ങി കുടിച്ചു എന്നല്ലാതെ അവൾ ഒന്നും പറഞ്ഞില്ല… ചായകുടിച്ചു കപ്പ് തിരികെ തരുന്നത് വരെ പൊന്നു ഇപ്പൊ പറയും എന്ന് കരുതി ഇരുന്നു… പക്ഷെ കപ്പ് പൊന്നുവിന്റെ കയ്യിൽ വച്ചുകൊടുത്തു കവിളിൽ ഒന്ന് നുള്ളി അവൾ വേഗം ബാത്റൂം ലക്ഷ്യമാക്കി നടന്നു…

ആകെ ദേഷ്യവും സങ്കടവും എല്ലാം കൂടി വല്ലാത്ത ഒരു അവസ്ഥയിൽ ആണ് മുറിയിലേക്ക് ചെന്ന് കയറിയത് അപ്പോൾ അവിടെ കണ്ട കാഴ്ച..

രണ്ടുദിവസം മുന്നേ സമ്മാനം തന്നു ഞെട്ടിക്കും എന്ന് പറഞ്ഞ മൊതല് ദേണ്ടെ മുടി പുതച്ചു കിടന്നു ഉറങ്ങുന്നു… ഒരു ബക്കറ്റ് വെള്ളം തലവഴി കൊണ്ട് കമഴ്ത്താൻ ആണ് തോന്നിയത്… പിന്നെ എന്തിനാ വെറുതെ ബർത്ത് ഡേയും ഡെത്ത് ഡേയും ഒരുമിച്ച് ആഘോഷിക്കേണ്ടി വരും എന്ന് ഓർത്തു വേണ്ട എന്ന് വച്ചു … പതുക്കെ തലയിൽ നിന്നും പുതപ്പ് എടുത്തു മാറ്റി തട്ടി വിളിച്ചു…

“ജീവേട്ടാ… എഴുനേൽക്കുന്നില്ലേ… നേരം ഒരുപാടായി…. ” കണ്ണുകൾ തുറന്ന ജീവൻ ആദ്യം നോക്കിയത് ക്ലോക്കിലേക്കാണ്… സമയം 8 കഴിഞ്ഞിരിക്കുന്നു… പിന്നെ പൊന്നുവിന് നേരെ ഒരു ചാട്ടമായിരുന്നു…

“നിന്നോട് ഞാൻ ഇന്നലെ 7 മണിക്കെന്നെ വിളിക്കണം എന്ന് പറഞ്ഞതല്ലേ… അയ്യോ നേരം വൈകി… ഇന്ന് നേരത്തെ ഓഫീസിൽ എത്തേണ്ടത്… മാറി നിൽക്കഡി അങ്ങോട്ട്… 7 മണിക്ക് വിളിക്കാൻ പറഞ്ഞിട്ട് 8 മണിക്ക് വന്നു വിളിച്ചതും പോരാ കുന്തം വിഴുങ്ങിയ പോലെ മുന്നിൽ വന്നു നിൽക്കുകയാ അവൾ… പൊക്കോണം.. എന്റെ മുന്നിൽ കണ്ടു പോകരുത്… ” പുതപ്പ് ചുരുട്ടി കട്ടിലിലേക്ക് എറിഞ്ഞുകൊണ്ടു അവളെ നോക്കി കണ്ണുരുട്ടി അവൻ ധിറുതിയിൽ ബാത്റൂമിലേക്ക് കയറി… ഒന്നും മനസിലാകാതെ ഇപ്പോളും കണ്ണും തള്ളി നിൽക്കുകയാണ് നമ്മുടെ കഥാനായിക… പിറന്നാൾ ആശംസ പ്രതീക്ഷിച്ചു വന്നു നിന്ന അവൾക്ക് കിട്ടിയത് നല്ല കിടിലൻ ചീത്ത… ഞെട്ടിക്കും എന്ന് പറഞ്ഞപ്പോൾ ഇത്രയും അതികം ആകും എന്ന് കരുതി കാണില്ല പാവം… ഞെട്ടി പണ്ടാറമടങ്ങി പോയി… കണ്ണുകൾ നിറഞ്ഞൊഴുകി… പിറന്നാൾ സമ്മാനം ഒന്നും കിട്ടിയില്ലെങ്കിലും ഒരു നല്ല വാക്കെങ്കിലും പറയാമായിരുന്നില്ലേ… പരിഭവമായിരുന്നു മനസ്സ് നിറയെ… കുറെ നേരം അങ്ങനെ ആ നിൽപ്പ് തുടർന്ന് പിന്നെ പതുക്കെ മുറിവിട്ടു പുറത്തേക്ക് കടന്നു…

നിറഞ്ഞകണ്ണുകളെ അമ്മയിൽ നിന്നും അനിയത്തികുട്ടിയിൽ നിന്നും ഒളിപ്പിച്ചുവയ്ക്കാൻ അവൾക്ക് കുറെ ഏറെ പാടുപെടേണ്ടി വന്നു… കുറച്ചു നേരത്തിനു ശേഷം പ്രാതൽ കഴിക്കാൻ എല്ലാവരും ഡൈനിങ് ടേബിളിൽ സ്ഥാനം പിടിച്ചു… റെഡി ആയി ജീവനും വന്നു…

ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ആണ് പുറത്തു കാളിങ് ബെൽ മുഴങ്ങിയത്… ജീവൻ എഴുനേൽക്കാൻ ഒരുങ്ങിയതും… എല്ലാവര്ക്കും ഭക്ഷണം വിളമ്പാൻ ആയി തൊട്ടുപുറകിൽ നിന്നിരുന്ന പൊന്നു അവനെ തടങ്ങു… പകരം അവൾ പോയി വാതിൽ തുറക്കാം എന്ന് പറഞ്ഞു…

ചുണ്ടിൽ വിരിഞ്ഞ കുസൃതി ചിരിയോടെ അവൾ പോകുന്നത് നോക്കി ഇരുന്നു അമ്മയും അനിയത്തിയും പിന്നെ അവളുടെ ജീവന്റെ ജീവനും…

വാതിൽ തുറന്ന പൊന്നു കണ്ടത് ആരോ പുറം തിരിഞ്ഞു നിൽക്കുന്നതാണ്…

“ആരാ……. ” അവൾ തിരക്കി… ആ ചോദ്യം കാതിൽ പതിച്ച ഉടനെ അയാൾ തിരഞ്ഞു നിന്നു… കയ്യിൽ നിറയെ മഞ്ഞപനിനീർ പൂക്കളും പിന്നെ birthday കേക്കും ആയി അവൻ… അവളെ കണ്ട സന്തോഷത്തിൽ അവന്റെ പൂച്ചകണ്ണുകൾ തിളങ്ങി… സ്വതസിദ്ധമായ ആ പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞു…

“വിഷ്ണു….. നീ…. ഇവിടെ…… ” അമ്പരപ്പും അതിലുപരി സന്തോഷവും അവളുടെ വാക്കുകളിൽ ഇടം പിടിച്ചു… വിശ്വസിക്കാൻ ആകാതെ അവൾ വീണ്ടും വീണ്ടും കണ്ണുകൾ തിരുമ്മി നോക്കി… അവൾ ചെയ്യുന്നത് കണ്ടു അവനും ചിരി വന്നു…

“Many more happy returns of the day സഖി….. ” ആ പനിനീർ പൂക്കൾ അവൾക്കുനേരെ നീട്ടിക്കൊണ്ടവൻ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി….

ആ പൂക്കളെ അവൾ നെഞ്ജോട് ചേർത്തു പിടിച്ചു… അവൻ അതുകണ്ടു ചിരിച്ചു… തൊട്ടുപിറകിൽ നിന്നും ഉയർന്നു കേട്ട ഹർതാരവങ്ങൾ കൊണ്ട് അവൾ തിരഞ്ഞു നോക്കി…

ചിരിച്ചുകൊണ്ട് തന്നെ നോക്കി നിൽക്കുന്ന ജീവനെ കണ്ടവൾ ഒരു തേങ്ങലോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു… അവൻ അവളെ ചേർത്തുപിടിച്ചു…

“അയ്യേ എന്റെ പൊന്നൂസ് കരയാ… വർഷങ്ങൾക്ക് ശേഷം ദേ ഇവനെ കണ്ടപ്പോൾ ഞാൻ കരുതി നീ വാ തോരാതെ സംസാരിച്ചു അവന്റെ തലയറുക്കും എന്ന്… ” ഒരു ചിരിയോടെ അവൻ അവളുടെ കണ്ണുകൾ തുടച്ചു…

“എങ്ങനെ പിറന്നാൾ സമ്മാനം ഇഷ്ടപ്പെട്ടോ…. ” അവരെ തന്നെ നോക്കി നിൽക്കുന്ന വിഷ്ണുവിനെ ചൂണ്ടി കൊണ്ട് ജീവൻ ചോദിച്ചപ്പോൾ ഒന്നും മനസിലാകാതെ അവൾ കണ്ണുതള്ളി…

“കണ്ണുതള്ളണ്ട… നിന്റെ പിറന്നാളിന് എന്റെ സമ്മാനമായി ഞാൻ നിനക്ക് മടക്കി നൽകുകയാണ് ഇവനെ…. നിന്റെ ആത്മാർത്ഥ സുഹൃത്തിനെ അവന്റെ സൗഹൃദത്തെ… ” വിഷ്ണുവിനെ തന്നോട് ചേർത്തുനിർത്തികൊണ്ടു ജീവൻ പറയുമ്പോൾ അവൾ അപ്പോളും ആ ഞെട്ടലിൽ നിന്നും മുക്തയായിരുന്നില്ല… വിഷ്ണു അപ്പോളും അവളെ നോക്കി ചിരിച്ചുകൊണ്ടെ ഇരുന്നു…

“എനിക്കറിയാം പൊന്നൂസേ… ഓരോ പിറന്നാളിലും നീ ആദ്യം കേൾക്കാൻ ആഗ്രഹിച്ചിരുന്ന ആശംസ അത് ഇവന്റെ ആയിരുന്നു എന്ന്… മനഃപൂർവം അല്ലെങ്കിൽ കൂടിയും ജീവിതത്തിൽ വന്നുചേരുന്ന സാഹചര്യങ്ങൾ നിമിത്തം പിരിയേണ്ടി വന്നതാണ് നിങ്ങൾക്ക്… അവന് ജോലി തിരക്കുകൾ കാരണം.. നിനക്ക് വീട്, കുടുംബം, അതിനിടയിൽ ഇവന്റെ സൗഹൃദം എനിക്ക് അക്‌സെപ്റ് ചെയ്യാൻ കഴിയുമോ എന്ന ചിന്ത അങ്ങനെ പറയാൻ ആണെകിൽ രണ്ടുപേർക്കും കാരണങ്ങൾ പലതും ആകാം… അപ്പോളൊക്കെയും രണ്ടുപേർക്കുള്ളിലും നിങ്ങളുടെ സൗഹൃദം കോട്ടം തട്ടാതെ തന്നെ ഉണ്ടായിരുന്നു…

സുഹൃത്തുക്കൾ ആയ അന്നുമുതൽ നിന്റെ ഒരൊപിറന്നാളിലും ആദ്യത്തെ ആശംസ അത് ഇവന്റെ ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ എന്നാൽ പിന്നെ ഇത്തവണയും അത് തന്നെ ആകട്ടെ എന്ന് ഞാൻ കരുതി… അതുകൊണ്ടാ അമ്മയും ഞാനും ദാ അവളും ഒക്കെ ഒന്നും അറിയാത്തപോലെ അങ്ങ് നിന്നത്… ” ഒരു കള്ളച്ചിരിയോടെ ജീവൻ പറഞ്ഞു തീർത്തപ്പോൾ അവൾ ആണോ എന്ന അർത്ഥത്തിൽ എല്ലാവരെയും ഒന്ന് നോക്കി… എല്ലാവരും അവളെ നോക്കി ചിരിച്ചു…

അവളുടെ സന്തോഷത്തിന് അതിർവരമ്പുകൾ ഉണ്ടായിരുന്നില്ല… അവൾ നന്ദിയോടെ അതിലേറെ സ്നേഹത്തോടെ ജീവന്റെ കൈകളിൽ ചേർത്ത് പിടിച്ചു… അത് കണ്ടു അവളെ തന്നോട് ചേർത്തു നിർത്തി ജീവൻ …

“നിന്റെ ഉള്ളിൽ മറ്റാർക്കും നൽകാത്ത ഒരു സ്ഥാനം എനിക്കുണ്ടെന്ന് എനിക്ക് നന്നായി അറിയാം… അതുപോലെ ഞാൻ എത്ര ശ്രെമിച്ചാലും ഇവന് നീ നൽകിയ സ്ഥാനം നേടാൻ ആകില്ല എന്നും… കാരണം ഞാൻ നിന്റെ പ്രണയമാണ്… അവൻ നിന്റെ ആത്മാർത്ഥ സുഹൃത്തും…

ആകാശത്തിനു അതിർവരമ്പുകൾ നിർണ്ണയിക്കാൻ കഴിയുമോ.??? അതുപോലെയാണ് സൗഹൃദവും… അതിന് അതിരുകൾ നിർണ്ണയിക്കുക എന്നത് അസാധ്യമാണ്…

ഇനി എന്നും ഇവനും ഞാനും ഒരുപോലെ നിന്റെ കൂടെ ഉണ്ടാകും… എന്താ വിഷ്ണു അങ്ങനെ അല്ലെ… ” അവളെ ചേർത്ത് നിർത്തി ജീവൻ ചോദിച്ചു

“തീർച്ചയായും…. ആരൊക്കെ വന്നാലും പോയാലും എത്ര കാലങ്ങൾ കാണാതെ മിണ്ടാതെ മാറി നിന്നാലും അന്നും ഇന്നും എന്നും നീ എന്റെ സഖി തന്നെയായിരിക്കും… എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി…. ” അവളുടെ കവിളിൽ പിടിച്ചു വലിച്ചവൻ പറയുമ്പോൾ അവന്റെ കൈയിൽ ചേർത്ത് പിടിച്ചുകൊണ്ടവൾ ജീവന്റെ നെഞ്ജോട് ചേർന്ന് നിന്നു…

തന്റെ ആത്മാർത്ഥ പ്രണയവും സൗഹൃദവും ഒരുപാട് നാളുകൾക്ക് ശേഷം ഒരുപോലെ തന്നിലേക്ക് എത്തിയ ആത്മനിർവൃതിയോടെ…. ഇനി എന്നും രണ്ടുപേരും ഒപ്പം ഉണ്ടാകും എന്ന വിശ്വാസത്തോടെ…. ഹൃദയം നിറഞ്ഞ സന്തോഷത്തോടെ…

രചന: Gopika Vipin

Leave a Reply

Your email address will not be published. Required fields are marked *