തുലാമിലെ മഴ വല്ലാതെ വീശിയടിച്ചു പെയ്യുന്നുണ്ട് സന്ധ്യയാവാൻ ആയിരുന്നു….

രചന: അയ്യപ്പൻ അയ്യപ്പൻ

പനി വെന്ത്, ചൂട് നെറ്റി പൊള്ളിച്ചപ്പോളാണ് , അയാൾ അവളുടെ നെറ്റിയിൽ നനഞ്ഞ ഒരു തുണി ഇട്ടു കൊടുത്തത്… പുറത്തു തുലാമാസത്തിലെ മഴ വല്ലാതെ പെയ്യുന്നുണ്ട്…

ശേഷം പുതപ്പൊന്നു കൂടി അവളുടെ ദേഹത്തേക്ക് ഇട്ടു കൊടുത്തു… വീടിന്റെ ഇറയത്തൊരു ബെഞ്ചിൽ കൂനിപിടിച്ചിരിക്കുകയായിരുന്നു അവൾ… അവളെ ഒന്നുകൂടി നോക്കിയ ശേഷം അയാൾ അടുക്കള വശത്തേക്ക് സാവധാനം നടന്നു…

അടുപ്പിൽ രണ്ടാൾക്കു കുടിക്കാൻ ഉള്ള വെള്ളം വെച്ച ശേഷം തീപ്പെട്ടി എളിയിൽ നിന്നും തപ്പിയെടുത്തു ചുരുണ്ടു കൂടിയ ഒരു കഷ്ണം കടലാസിൽ കത്തിച്ച ശേഷം വിറകിൽ വെച്ചു..

ആദ്യമൊന്നു ചിണുങ്ങിയ ശേഷം മെല്ലെ മെല്ലെ വിറകു കത്താൻ തുടങ്ങി… വെള്ളം തിളച്ച ശേഷം പൊടിച്ചു വെച്ചിരുന്ന ചുക്കും കുരുമുളകും ഒരല്പം ജീരകവും എടുത്തു തിളച്ചു മറിഞ്ഞ വെള്ളത്തിലേക്ക് അയാൾ ഇട്ടു..

അയാൾക്ക് പ്രായത്തിന്റേതായ കാഴ്ച കുറവുണ്ടായിരുന്നു…

ഒരു തവി ഉപയോഗിച്ച് മെല്ലെ തിളച്ചു പൊന്തുന്നവെള്ളത്തിൽ ഇളക്കികൊടുത്തുകൊണ്ടേ ഇരുന്നു…

കണ്ണട അല്പം കൂടി ഒന്ന് കണ്ണോട് ചേർത്തു വെച്ച്…. വീടിന്റെ ഉമ്മറത്തു മഴ നനഞ്ഞു നിന്ന കൃഷ്ണ തുളസിയിൽ നിന്നും കുറച്ചു പിച്ചി എടുത്തു .

എന്നിട്ട് ചുക്കും കുരുമുളകും ജീരകവും തിളച്ചു പൊന്തിയ വെള്ളത്തിൽ തുളസിയില ഇട്ടു ആവി പൊന്തിയ സമയത്ത് അയാൾ കുറച്ചു ചക്കര കൂടി ഇട്ടുകൊടുത്തു…

വല്ലാത്തൊരു എരിഞ്ഞ സുഗന്ധം അവിടെയാകെ പരക്കുന്നുണ്ട്… അവസാനമായി ഒരല്പം കാപ്പിപ്പൊടി കൂടി ചേർത്ത ശേഷം ബലമില്ലാത്ത കൈകളോടെ അയാൾ വാങ്ങി വെച്ചു…

ഒരല്പം ആറ്റി തണുപ്പിച്ച ശേഷം രണ്ടു ഗ്ലാസിൽ പകർന്നയാൾ അയാളുടെ പനിപിടിച്ചു വല്ലാത്തൊരു തളർച്ചയോടെയിരിക്കുന്ന പ്രിയപ്പെട്ടവളുടെ അടുത്തേക്ക് ചെന്നിരുന്നു….

മഴ വല്ലാതെ പെയ്യുന്നുണ്ട്.. അവൾക്കരികിലേക്ക് ഒരു ഗ്ലാസ്സ് നീട്ടിയ ശേഷം.. തിമിരം വന്ന കണ്ണുകൾ ചിമ്മി കൊണ്ട് അയാൾ പറഞ്ഞു….

” ഇതൊരിറക്കു കുടിച്ചാൽ ഉള്ളിലൊള്ള പനി വന്നു അന്റെ കവിളത്തൊരു ഉമ്മേം തന്നു ഇനി പിന്നെ കാണാട്ടോ എന്ന് പതിയെ സലാം പറഞ്ഞു പോവുട്ടോ “………

അവർ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഗ്ലാസ്സ് വാങ്ങി ഒരിറക്കു കുടിച്ചു … ചക്കരക്കാപ്പി എരിഞ്ഞു കയറി മധുരത്തിന്റെ മേമ്പൊടി ചൂഴ്ന്നിറങ്ങി വല്ലാത്തൊരു മണത്തോടെ അവളുടെ തൊണ്ട നനഞ്ഞു…..

തുലാമിലെ മഴ വല്ലാതെ വീശിയടിച്ചു പെയ്യുന്നുണ്ട് സന്ധ്യയാവാൻ ആയിരുന്നു…. അയാൾ അവളുടെ പനി പിടിച്ച മുഖത്തേക്ക് നോക്കി…. അവളുടെ വയസ്സ് 70…

അയാൾക്കപ്പോൾ……

തനിക്ക് 8 വയസ്സുള്ളപ്പോ കൂടെ കളിച്ചിരുന്ന ഒരു 7 വയസ്സുകാരിയെ ഓർമ്മ വന്നു….

5പ്ലാവില തുട്ടു നൽകി ഉരുളൻ കല്ലരി വാങ്ങി കൊണ്ട് പോവുന്ന വാലിട്ടെഴുതിയ പെൺകുട്ടിയെ…,, കണ്ണൻ ചിരട്ട വെച്ചു ത്രാസുണ്ടാക്കി അതിൽ ചോന്ന ചെങ്കട്ട പൊടിച്ച മുളകും.. ഉരുളൻ കല്ലിന്റെ അരിയും.. പഞ്ചാര മണലിന്റെ ഉപ്പും വിറ്റോണ്ടിരുന്ന എട്ടു വയസ്സുകാരൻ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ട്….

കളിച്ചോണ്ടിരുന്ന കൂട്ടത്തിൽ അവൻ ചീനി തണ്ട് വെച്ചൊരു മാലയുണ്ടാക്കി അവൾക്കിട്ടുകൊടുക്കുന്നുണ്ട്…

25 പൈസക്ക് കിട്ടിയ നാരങ്ങ മിട്ടായി കയ്യിൽ മുറുകെ പിടിച്ച ശേഷം അവൾ അവനോട് ചോദിക്കുന്നുണ്ട്..

“ചോപ്പ് വേണോ മഞ്ഞ വേണോ??

പത്താം വയസ്സിൽ അവൾ വയസ്സറിഞ്ഞ സമയത്ത് 4ദിവസമായിട്ടും അവളെ കാണാതെ ഒരു പതിനൊന്നു വയസ്സുകാരൻ തലയണയിൽ മുഖം ചേർത്തു ഉണ്ണാതെ ഉറങ്ങാതെ കിടക്കുന്നുണ്ട്….

അവളെ കൺനിറഞ്ഞു കാണാൻ പൂരത്തിന്റെ അന്ന് അവളുടെ മുന്നിൽ അവളറിയാതെ ചെന്നൊന്നു നിന്നിട്ടുണ്ട്…..

പത്താംതരത്തിൽ പഠിക്കുമ്പോൾ…” മറക്കാൻ പറ്റൂല്ല……. എനിക്ക് നിന്നോട് വല്ലാത്തൊരു പ്രേമമാണെന്ന്” വിക്കി വിങ്ങി അവൻ പറയുന്നുണ്ട്…

രണ്ട് ദിവസങ്ങൾക്കു ശേഷം മതിലിൽ ചാരി നിൽക്കുന്ന അവനെ തിരിഞ്ഞൊന്നു നോക്കി അവൾ നാണത്തോടെ ചിരിക്കുന്നുണ്ട്… അതുകൊണ്ട് അവൻ വല്ലാത്തൊരു സന്തോഷത്തിൽ സ്വന്തം കോളറിൽ കടിക്കുന്നുണ്ട്….

ഇടവഴിയിൽ അവളുടെ കയ്യിൽ കേറി പിടിച്ചവന്റെ കഴുത്തിൽ അവനൊന്നു മുറുക്കെ പിടിക്കുന്നുണ്ട്…

അവളുടെ വീട്ടിൽ ചിലതൊക്കെ അറിയുന്നുണ്ട്… ഇടറിയ കരച്ചിലോടെ ” നീയില്ലാതെ എനിക്ക് പറ്റുന്നില്ല്ലന്നു” അവളവനോട് പറയുന്നുണ്ട്.

മഴ നിർത്താതെ പെയ്തൊരു രാത്രിയിൽ ആരോടും പറയാതെ അവരൊരുമിച്ചു കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് എങ്ങോട്ടെന്നില്ലാതെ ഓടുന്നുണ്ട്…

കുന്നിൻ ചെരുവിന്റെ ചോട്ടിൽ ഒരു കൂര വെക്കുന്നുണ്ട്…. അവർ ഇരുവരും ചേർന്നൊരു കുഞ്ഞ് ജീവിതം തുടങ്ങുന്നുണ്ട്…

ഒരൊറ്റ പായിൽ ഒരൊറ്റ പുതപ്പിൽ അവർ ചേർന്നുറങ്ങുന്നുണ്ട്…

പണിക്കു പോയി താമസിച്ചു വന്നൊരു രാത്രിയിൽ അയാളെ കെട്ടിപിടച്ചവൾ പറയുന്നുണ്ട് ഇരുട്ടും ഇടിയും പേടിയാണെന്ന്….

ഇടയ്ക്ക് ഒരിത്തിരി പിണക്കവും ഇണക്കവും ജയിക്കലും തോക്കലും.. കരച്ചിലും പരിഭവമൊക്കെ ഉണ്ടാവുന്നുണ്ട്….അതിനുമപ്പുറം സ്നേഹം കൊണ്ട് ഇരുവരും വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ട്…

അവളുടെ ഗർഭം പൂക്കാത്ത വയറിൽ മുഖം ചേർത്ത് അയാൾ പറയുന്നുണ്ട്

“എനിക്ക് നീയും നിനക്ക് ഞാനും ഉള്ളപ്പോ വേറെ ആരും വേണ്ട… “അത്‌ കേൾക്കുമ്പോൾ അവളുടെ നെഞ്ചോന്നു കത്തി ഉരുകുന്നുണ്ട്…..

** ചുക്ക് കാപ്പി വലിച്ചൂതി കുടിക്കുമ്പോൾ അയാൾ അവരുടെ ചുളുവു വീണ മുഖത്തേക്ക് നോക്കി ചോദിച്ചു…

“ഞാ മരിച്ചാൽ നിനക്കാരാ പെണ്ണെ ഉള്ളെ????

അയാൾ അത് ചോദിക്കുമ്പോൾ ഹൃദയം വല്ലാതെ പിടച്ചിരുന്നു… അവർക്കു ആ സ്പന്ദനം അറിയാൻകഴിഞ്ഞ പോലെ മെല്ലെ തലയുയർത്തി നോക്കി…

പുറത്ത് തണുത്ത കാറ്റും മഴയും ഒരുപോലെ പുണർന്നു പെയ്യുന്നുണ്ട്…

“നിങ്ങൾ മരിച്ചാൽ ഞാൻ… ഞാൻ പിന്നെ ഇല്ലാ….. ”

അവരുടെ മുഖം വിളറി വെളുത്തു… എന്നോ എഴുതിയ കണ്മഷി പടർന്ന കണ്ണുകൾ നിറഞ്ഞിരുന്നു… തെല്ലു മൗനത്തിനു ശേഷം അവർ ചോദിച്ചു…

” ഞാൻ ആദ്യം മരിച്ചാലോ???? ”

അയാൾ കണ്ണട ഊരി മാറ്റി എന്നിട്ട് തിമിരം വന്ന കണ്ണുകൾ ഒന്ന് മുറുക്കെ തുടച്ചു എന്നിട്ട് പറഞ്ഞു…

“വേറെ ഒരു പെണ്ണ് കെട്ടാം ല്ലേ?????

അത്‌ കെട്ടിട്ടാണ് അവർ മുഖം കൂർപ്പിച്ചു അയാളെ ഒന്ന് ദഹിപ്പിച്ചോന്നു നോക്കിയത്….

അയാൾ ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു ..

അവളെയൊന്നു ചേർത്തു പിടിക്കാൻ തുടങ്ങിയ മാത്രയിൽ ആണ് അവൾ വേഗം ബെഞ്ചിന്റെ ഓരത്തേക്ക് നീങ്ങിയത്.. അയാളും നീങ്ങി… അവൾ വീണ്ടും നീങ്ങി… അയാളും…. ഇനി നീങ്ങാൻ സ്ഥലമില്ലാതെ അവർ ഭിത്തിക്കോരം ഇരുന്നപ്പോൾ ആണ് അയാൾ അവളോട് കൂടുതൽ കൂടുതൽ ചേർന്നിരുന്നത്…

എന്നിട്ട് പല്ലില്ലാത്ത മോണ കാട്ടിയോന്നു ചിരിച്ചു..

. അവൾക്കു ചിരി പൊട്ടി…

മഴയൊന്നു ആർത്തുപെയ്ത കൂട്ടത്തിലാണ് ഒരു മിന്നൽ പിണർ വീശിയടിച്ചത്… അടുത്ത വരുന്ന ഇടിക്കു മുന്നെയായി അവർ അയാളുടെ കയ്യിൽ മുറുക്കെ പിടിച്ചു…

അയാൾ അവളെ പെട്ടന്ന് ചേർത്ത് വെച്ചു….അവളുടെ പനി ചൂട്‌… നേർത്ത ശ്വാസം…

അയാൾക്കപ്പോൾ വാലിട്ടു കണ്ണെഴുതിയ ഒരു പെൺകുട്ടിയെ ഓർമ്മ വന്നു.. അവൾ നാരങ്ങ മുട്ടായി ചോന്ന കയ്യിൽ മുറുക്കെ പിടിച്ചു ചോദിക്കുണ്ട്

“ചോപ്പ് വേണോ മഞ്ഞ വേണോ???”

രചന: അയ്യപ്പൻ അയ്യപ്പൻ

Leave a Reply

Your email address will not be published. Required fields are marked *