മറ്റൊരാൾ ഭര്തതാവിനെ കുറിച്ച് മോശം പറയുന്നത് കേൾക്കാൻ ഇഷ്ടപ്പെടാത്ത ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു….

രചന: Ajan Anil Nair

ഭാര്യ,,,

“നിങ്ങളെ എന്ന് കണ്ടുമുട്ടിയോ അന്ന് തുടങ്ങിയതാണ് എന്റെ ദുരിതം ”

“എന്റെ ഭഗവാനെ ഇത്പോലൊരു മുതു പോത്തിനെ ആണല്ലോ കല്യാണം കഴിക്കാൻ എനിക്ക് തോന്നിയത് ”

”അതേ ..ഞാൻ പോത്ത് ആ…പെണ്ണ് കാണാൻ വന്നപ്പോ എന്താരുന്നു …അപ്പൊ തന്നെ അങ്ങ് വേണ്ടാന്ന് വെച്ചാൽ പോരാരുന്നോ ”

“മതിയാരുന്നു ”

“പിന്നേ ,അപ്പൊ എന്റെ അച്ഛൻ തരാമെന്നു പറഞ്ഞ സ്ഥലം മാത്രം ആരിക്കും നോക്കിയത് ”

“നിന്റെ അച്ഛൻ ഉണ്ടാക്കിയ പൈസ കൊണ്ടാണല്ലോ ഞാൻ ജീവിക്കുന്നെ, എനിക്ക് അങ്ങേരുടെ അഞ്ച് പൈസ വേണ്ട ”

“ഇത് എന്നും പറയണം ”

“പറയുമെടീ, അധ്വാനിച്ച് ജീവിക്കാൻ തന്നെയാ എന്നെ എന്റെ അച്ഛൻ പഠിപ്പിച്ചിട്ടുള്ളത്, അല്ലാതെ നിന്റെ അപ്പനെ പോലെ പലിശ കാശ് പിടുങ്ങി ജീവിക്കാനല്ല ”

“ദേ ,എന്റെ അച്ഛന് പറഞ്ഞാൽ ഉണ്ടല്ലോ ”

“പറഞ്ഞാൽ എന്താടീ, ഇനിയും പറയും..പലിശ പിള്ള ..പലിശ പിള്ള ”

ഗ്ലാസ്സുകൾ വീണുടയുന്നു

“ദേഷ്യം വന്നുകഴിഞ്ഞാൽ എറിഞ്ഞ് പൊട്ടിക്കുന്ന വൃത്തികെട്ട സ്വഭാവം മാറ്റണം കേട്ടോ രമ്യേ ”

” ഞാൻ എന്ത് ചെയ്യണം ചെയ്യണ്ട എന്ന് എന്നെ ആരും പഠിപ്പിക്കേണ്ട ..എന്തേലും ആവശ്യം ഉള്ളപ്പോ മാത്രം രമ്യ മതി…അല്ലാത്തപ്പോ ഫ്രെണ്ട്സ് ആയി…ബന്ധക്കാരായി ..എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട് ”

“ഹോ തുടങ്ങി…കെട്ടിന്റെ അന്ന് മുതൽ കേട്ട് തുടങ്ങിയതാ ഇത് ”

മൗനം

“വേറെ ഓരോരുത്തരെ ഒക്കെ കെട്ടിയോന്മാർ കൊണ്ട് നടക്കുന്നത് കണ്ടാൽ കൊതിയാവും,ആരോട് പറയാനാ ”

സംഭാഷണം നീണ്ടു നീണ്ടു പോയി ..വഴക്ക് മുറുകി മുറുകി വന്നു

ഫോണിന്റെ നീണ്ട ബെല്ലടി

“രമ്യ ആണോ ? ”

“അതേ ”

“ഞാൻ അനിതയാണ് ”

“ഷാജിയേട്ടൻ ഇന്ന് അവിടെ തൊടിയിൽ പണിക്ക് വന്നിട്ടുണ്ടോ ?”

“ഉണ്ടല്ലോ…കാലത്തേ എത്തി ”

“പല തവണ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് അങ്ങേരെ പണിക്ക് വിളിക്കരുത് എന്ന്, അത്യാവശ്യം സമൂഹത്തിൽ നിലയും വിലയും ഉള്ള ഒരാളാണ് ഞാൻ ”

“അതിന് ഇതൊക്കെ എന്തിനാ നിങ്ങൾ എന്നോട് പറയുന്നത്, നിങ്ങൾക്ക് തെറ്റില്ലാത്ത ഒരു ജോലി ഉണ്ടെന്ന് കരുതി കെട്ടിയവൻ പണിക്ക് പോവരുത് എന്നൊക്കെ പറയുന്നത് ഒരുതരംകോംപ്ലക്സ് ആണ് ”

“നിന്റെ കെട്ടിയവൻ ഇല്ലേ ഒരുത്തൻ, സുമേഷ്, എങ്കിൽ അവനെ ഞാൻ എന്റെ വീട്ടിലെ പണിക്ക് വിളിച്ചാൽ നിനക്ക് ഇഷ്ടപ്പെടുമോ ?”

“എടീ പോടീ എന്നുള്ള വിളിയൊക്കെ അവിടെ നിൽക്കട്ടെ, ഒന്നാമത്തെ കാര്യം നിന്റെ ഭാര്തതാവ് ഇങ്ങോട്ട് പണി എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ച് എത്തിയതാണ്, എന്ത് പണിയും മതിയെന്ന് പറഞ്ഞപ്പോഴാണ് തൊടിയിലെ പണി ഏല്പിച്ചത്, അല്ലാതെ അയാളെ ഞങ്ങൾ വിളിച്ച് വരുത്തിയതല്ല , പിന്നെ മറ്റൊരു കാര്യം …നിനക്ക് എന്റെ സുമേഷേട്ടനെ കുറിച്ച് പറയാൻ എന്ത് അവകാശം ”

“പറഞ്ഞാൽ നീ എന്ത് ചെയ്യും ? കണ്ട ഡോക്ടർമാരുടെ അടുത്തൊക്കെ പോയി മരുന്ന് വില്പനയല്ലേ അങ്ങേർക്ക് പണി ,അങ്ങനെ ഒരുത്തനെ അത്ര ബഹുമാനിക്കണോ ഞാൻ ?”

“എടീ, പുല്ലേ, അങ്ങേര് എന്റെ കെട്ടിയവൻ ആണ്, ചേട്ടൻ നല്ല മാർക്കോടുകൂടി പഠിച്ച് പാസ്സായി, അന്തസായി ഒരു ജോലി എടുത്ത് തന്നെയാണ് എന്നെ നോക്കുന്നത്, അഞ്ചു പൈസ സ്ത്രീധനം പോലും വാങ്ങാതെ അങ്ങേരു എന്നെ കെട്ടിക്കൊണ്ട് വന്നു പൊന്നുപോലെ നോക്കുന്നുണ്ടേൽ അങ്ങേര് എനിക്ക് വലുത് തന്നെയാ, നിന്നെപോലുള്ള മനോരോഗികൾക്ക് അതൊന്നും പറഞ്ഞാൽ മനസിലാവില്ല…വല്ലതും പറയാൻ ഉണ്ടേൽ നീ നിന്റെ കെട്ടിയവനോട് പറ ”

ആവേശത്തോടെ ഫോൺ വെച്ച് തിരിഞ്ഞു നോക്കിയപ്പോ അതേ നിൽക്കുന്നു സുമേഷേട്ടൻ

ഇത്തിരി മുൻപ് തന്നെ ചീത്ത പറഞ്ഞുകൊണ്ടിരുന്ന രമ്യയെ അല്ല ഇപ്പൊ അവൾ…അവൾ ഇപ്പൊ സുമേഷേട്ടനെ രമ്യ ആണ്…

“എന്ത് പറ്റി ..ഫോണിൽ ആരാരുന്നു ” കുലുങ്ങി ചിരിച്ചുകൊണ്ട് അയാൾ ചോദിച്ചു പോയി

“അത് പിന്നെ, വല്ലവരും വല്ലതും ഏട്ടനെ കുറിച്ച് പറഞ്ഞാൽ അത് എനിക്ക് സഹിക്കില്ല”

അസമയത്ത് വന്ന ഫോൺ വിളിയോട് മനസുകൊണ്ട് അയാൾ നന്ദി പറഞ്ഞു

എന്തൊക്കെ വഴക്ക് കൂടിയാലും മറ്റൊരാൾ ഭര്തതാവിനെ കുറിച്ച് മോശം പറയുന്നത് കേൾക്കാൻ ഇഷ്ടപ്പെടാത്ത ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു ..അത് ഭാര്യയായിരുന്നു

രചന: Ajan Anil Nair

Leave a Reply

Your email address will not be published. Required fields are marked *