അഞ്ചു വർഷത്തെ പ്രണയം ഒരുമിച്ചുള്ള ഒരു ജീവിതമായി മാറിയപ്പോൾ ഒരുപാട് സന്തോഷിച്ചു…

രചന: ഗുൽമോഹർ

“മോഹൻ , എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞുകഴിഞ്ഞു .എനിക്കിപ്പോൾ ഒരു കുഞ്ഞിന്റെ അമ്മയാകാൻ താല്പര്യം ഇല്ല . പത്തു മാസം വയറും തള്ളിപ്പിടിച്ചു നടന്ന് പ്രസവിക്കാനും മുലയൂട്ടാനും എന്നെ നിർബന്ധിക്കരുത് .

എനിക്കിപ്പോൾ എന്റെ കരിയർ ആണ് പ്രധാനം .അത്‌ നശിപ്പിക്കാൻ തീരെ താല്പര്യം ഇല്ലാത്തതു കൊണ്ടും പെറ്റുകൂട്ടി സൗന്ദര്യം നശിപ്പിക്കാൻ ഇഷ്ടമല്ലാത്തത് കൊണ്ടും പറയുവാ എന്നെ ഈ കാര്യത്തിന് നിർബന്ധിക്കരുത് ” അവളുടെ വാക്കുകൾ സൂചിമുനപോലെ ആയിരുന്നു അവന്റെ ചെവിയിൽ പതിച്ചത് .

എല്ലാവരുടെയും ആഗ്രഹം ആണ് വിവാഹശേഷം ഒരു അച്ഛനാകുക , അമ്മയാകുക എന്നത് . പക്ഷേ ഇവിടെ …. അഞ്ചു വർഷത്തെ പ്രണയം ഒരുമിച്ചുള്ള ഒരു ജീവിതമായി മാറിയപ്പോൾ ഒരുപാട് സന്തോഷിച്ചു .. ആ സന്തോഷത്തെ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കുന്നതായിരുന്നു ഗായത്രിയുടെ ഉറച്ച നിലപാട് .

” അമ്മയാകാൻ താല്പര്യം ഇല്ല ”

മോഹൻ ആകെ തളർന്ന അവസ്ഥയിലായിരുന്നു . ഒരുപാട് ആഗ്രഹിച്ചതാണ് ഒരു കുഞ്ഞ് , ഒരു കുടുംബം ..എല്ലാം വാശിക്ക് മുന്നിൽ പൊട്ടിച്ചിതറുന്നു . ” ഗായത്രി . നീ ഒന്ന് ആലോചിച്ചു നോക്ക് ..ഒരു കുഞ്ഞില്ലെങ്കിൽ പിന്നെ എന്ത് ജീവിതം ആണെടോ നമ്മൾ ആസ്വദിക്കുന്നത് . ഒരു കുടുംബം …അതിന്റ പൂർണതയല്ലേ ഒരു കുഞ്ഞ് . നമ്മൾ ഒന്നാവാൻ കൊതിച്ചത് , ഒരുമിച്ച് ജീവിക്കാൻ കൊതിച്ചത് , ഞാനും നീയും നമ്മുടെ മക്കളും .. എത്രയേറെ സ്വപ്‌നങ്ങൾ കണ്ടിട്ടുണ്ട് നമ്മൾ . അന്ന് എന്നെക്കാൾ കൂടുതൽ നിനക്കായിരുന്നു ആഗ്രഹങ്ങൾ കൂടുതൽ ..ആ നീ ഇപ്പോൾ ..”

” മോഹൻ ..ഈ കാര്യത്തിൽ എനിക്ക് കൂടുതൽ സംസാരിക്കാൻ ഇല്ല . എല്ലാ ആഗ്രഹങ്ങളും നടക്കണമെന്നില്ലല്ലോ ..അതിൽ പെടുത്തിയാൽ മതി ഇതും . അന്ന് എനിക്ക് പ്രണയത്തെയും നിന്നെയും ചുറ്റിപറ്റി ജീവിച്ചാൽ മതിയായിരുന്നു ..പക്ഷേ , ഇന്നെനിക്ക് എന്റെ കരിയർ നോക്കണം . മോഹന് അറിയാലോ , ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് സംഭവിക്കുന്ന നഷ്ട്ടങ്ങൾ എന്തൊക്കെ ആണെന്ന് . ഈ സൗന്ദര്യം , ഈ ശരീരം , ഇതൊക്കെ ആണ് ഇന്നിപ്പോൾ എന്റെ കരിയറിനെ മുന്നോട്ട് കൊണ്ട് പോകുന്നത് .ഒന്ന് വീണാൽ അവിടെ കയറിപ്പറ്റാൻ വേണ്ടി കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട് . ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ ഇവിടെക്കൊരു മടക്കം വെറും സ്വപ്നം മാത്രമാകും ..

അതുകൊണ്ട് പ്രസവിക്കാനും തടിച്ചു കുത്തി വീട്ടിൽ ഇരിക്കാനും മുലയൂട്ടി അതിന്റെ ഭംഗി ഇല്ലാതാക്കാനും മോഹൻ എന്നെ നിർബന്ധിക്കരുത് .ഇനി മോഹന് അത്ര നിർബന്ധം ആണെങ്കിൽ നമുക്ക് ഒരു കുട്ടിയെ ദത്തെടുക്കാം ..അതിനും നിയമപ്രശ്നം വല്ലതുമുണ്ടെങ്കിൽ ഒരു ഗർഭപാത്രം വാടകക്ക് എടുക്കാം .. കാശ് കൊടുത്താൽ കിട്ടുന്ന കുറെ ചവറുകൾ ഉണ്ടാകും .. അതിൽ ഏതിലേക്കും മോഹന്റെ കുട്ടിക്ക് ജന്മം നൽകാം .. അതാകുമ്പോൾ എന്റെ കരിയറിന് ഒരു പ്രശ്നവും ഉണ്ടാകില്ല മോഹന്റെ ചോരയിൽ പിറന്ന ഒരു കുഞ്ഞും ആകും ”

പറഞ്ഞു തീരും മുൻപ് മോഹന്റെ കൈകൾ അവളുടെ കവിളിൽ ആഞ്ഞു പതിച്ചിരുന്നു . ഒരു നിമിഷം സ്ഥലകാലബോധം നഷ്ടപ്പെട്ടുപോയി ഗായത്രിയുടെ . അടികൊണ്ട് തിണർത്ത കവിൾ പൊത്തിപ്പുടിച്ചുകൊണ്ട് അവൾ മോഹനെ രൂക്ഷമായി നോക്കി ,. “ഗായത്രി , ഇത് ഇപ്പോൾ നീ ചോദിച്ചു വാങ്ങിയതാണ് . ജീവിതത്തെ ഇത്ര നിസ്സാരമായി കാണുന്ന നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം . നീ കുറച്ചു മുന്നേ പറഞ്ഞല്ലോ , കാശ് കൊടുത്താൽ കുറെ ചവറുകൾ കിട്ടുമെന്ന് , നീ പറഞ്ഞ അവരുടെ അന്തസ്സ് പോലും നിനക്ക് ഇപ്പോൾ ഇല്ലാതെ പോയല്ലോ എന്നോർക്കുമ്പോൾ വിഷമം തോനുന്നു . ഒരു സ്ത്രീ അമ്മയാകുമ്പോഴെ പൂർണ്ണമായൊരു പെണ്ണാവൂ . പലരും ഒരു കുഞ്ഞിന് വേണ്ടി കൊതിച്ചു കരഞ്ഞു നടക്കുന്നത് കണ്ടിട്ടുണ്ട് . ഇവിടെ ഒരാൾ സൗന്ദര്യം പോവാതിരിക്കാൻ വേണ്ടി അമ്മയാകാൻ മടിക്കുന്നു . എടി ,ഒരു കാര്യം നീ മനസ്സിലാക്കിക്കോ . ദേ , ഇതുപോലെ ഒരു അടി കിട്ടിയാൽ തിണർത്തു പൊന്തുന്ന സൗന്ദര്യമേ നിനക്കുള്ളൂ ..

ഇപ്പോൾ നീ കണ്ണാടി ഒന്ന് പോയി നോക്ക് .. അപ്പോൾ മനസ്സിലാകും കൊണ്ട് നടക്കുന്ന സൗന്ദര്യം എത്രത്തോളം ഉണ്ടെന്ന് . മുഖത്തൊരു ചൂടുവെള്ളം തെറിച്ചാലോ , ഒരു തുള്ളി ആസിഡ്ഡ് വീണാലോ , നല്ല ഒരു ആവി മുഖത്തടിച്ചാലോ തീരും ഈ സൗന്ദര്യം ഒക്കെ .. കരിയർ നല്ലതാണ് , സ്വന്തം കാലിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും നിനക്കുണ്ട് . പക്ഷേ , അത് മാത്രം ആണ് ജീവിതം എന്ന നിന്റ ചിന്ത എത്രത്തോളം ശരിയാണെന്ന് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ് . ഇതല്ലെങ്കിൽ വേറെ ഒരു ജോലി , അതിനുള്ള വിദ്യാഭ്യാസം നിനക്കുണ്ട് , കഴിവുമുണ്ട് . പക്ഷേ ,നിനക്ക് വലുത് സൗന്ദര്യം ആണ്. കുറച്ചു കാലം കഴിഞ്ഞാൽ ചുക്കിച്ചുളിഞ്ഞ പോകുന്ന ഈ സൗന്ദര്യം നിനക്ക് ശാപമായി തോന്നുന്ന ഒരുനാൾ വരും . അന്ന് ആരും ഉണ്ടാകില്ല , ഇപ്പോൾ നിന്റ കൂടെ നിന്റ സൗന്ദര്യത്തെ വർണ്ണിച്ചു നടക്കുന്ന ആരും .അത്‌ മറക്കണ്ട ”

മോഹൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു . കിതപ്പിനിടയിലും മുറിഞ്ഞു മുറിഞ്ഞുകൊണ്ട് വാക്കുകൾ പുറത്തേക്ക് തുപ്പുമ്പോൾ ഗായത്രി നിർവികാരമായ ഒരേ നിൽപ്പ് ആയിരുന്നു .

” നീ പറഞ്ഞല്ലോ ഒരു ഗർഭപാത്രം വാടകക്ക് എടുക്കാമെന്ന് . അങ്ങിനെ ഒരു കുഞ്ഞിനെ കിട്ടാൻ ആണോ പണ്ട് നമ്മൾ ആഗ്രഹിച്ചത് ? നമ്മുടെ കുഞ്ഞുങ്ങൾ എന്ന് നിനക്കതിനെ വിളിക്കാൻ പറ്റുമോ ? ഇല്ല , ഒരിക്കലും അതിന് കഴിയില്ല . കരിയർ എന്നും ചേർത്ത് പിടിക്കേണ്ടതാണ് , പക്ഷേ , അതിനിടയിൽ നിനക്കൊരു കുടുംബം ഉണ്ടെന്ന് കൂടി ഓർക്കുന്നത് നല്ലതാണ് . അല്ലെങ്കിൽ പിന്നീട് പിന്തിരിഞ്ഞു നോക്കുമ്പോൾ നിന്റ നിഴൽ പോലും കൂടെ ഉണ്ടായെന്ന് വരില്ല ..മറക്കണ്ട ” അവൻ ഈറനണിഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പുറത്തേക്ക് നടന്നു . ഗായത്രി അപ്പോഴും അതെ നിൽപ്പ് തന്നെ ആയിരുന്നു , ഉറച്ച തീരുമാനങ്ങൾ ഉരുകിവീഴുന്ന പോലെ അവളുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു…

രചന: ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *