അയാള് രാവിലെ ഓഫീസിൽ പോയാൽ പിന്നെ, വൈകിട്ട് ആറേഴ് മണിയാകും വീട്ടിലെത്തുമ്പോ…

രചന: സജി തൈപ്പറമ്പ്.

ഭാര്യയുടെ അടിവസ്ത്രങ്ങൾ ബക്കറ്റിൽ നിന്നെടുത്ത് അയയിലേക്ക് വിരിച്ചിട്ട്, കൊണ്ടിരിക്കുമ്പോഴാണ്, അപ്പുറത്തെ സുമതി, മട്ടുപ്പാവിൽ നിന്ന് തന്നെ നോക്കുന്നത്, രാജേഷ് കണ്ടത്.

അവളുടെ മുഖത്ത് അപ്പോൾ വിടർന്നത്, ഒരു പരിഹാസച്ചിരിയാണെന്നും, അത് തന്നെയൊന്ന് ആക്കിയതാണെന്നും അയാൾക്ക് മനസ്സിലായി.

ശ്ശെ ! നാണക്കേടായി.

അയാൾ പിറുപിറുത്ത് കൊണ്ട് സ്റ്റെയർകെയ്സിറങ്ങി വേഗം താഴേക്ക് പോന്നു.

“എടീ ഷൈലേ … നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ, നീ വൈകിട്ട് ഓഫീസിൽ നിന്ന് വന്നിട്ട് തുണി വിരിച്ചാൽ മതിയെന്ന്, നിനക്കിപ്പോൾ സമാധാനമായല്ലോ ?മനുഷ്യൻ്റെ തൊലിയുരിഞ്ഞ് പോയി”

രാജേഷ് ഭാര്യയുടെ മുന്നിൽ ഉറഞ്ഞ് തുള്ളി.

“അതിനിപ്പോൾ എന്ത് പറ്റി രാജേഷേട്ടാ ..?

അയാൾ നടന്ന കാര്യങ്ങൾ പറഞ്ഞു.

“ആഹാ .. അത്രേയുള്ളോ ?അതിനാണോ ഈ കിടന്ന് ബഹളം വയ്ക്കുന്നത് ,ഇതിപ്പോൾ എല്ലാ ആണുങ്ങളും ചെയ്യുന്ന കാര്യം തന്നെയല്ലേ?

“പിന്നേ .. എന്നിട്ട് സുമതിയുടെ ഭർത്താവ് ചെയ്യുന്നത് ഞാനിത് വരെ കണ്ടിട്ടില്ലല്ലോ?

“അതെങ്ങനാ, അയാള് രാവിലെ ഓഫീസിൽ പോയാൽ പിന്നെ, വൈകിട്ട് ആറേഴ് മണിയാകും വീട്ടിലെത്തുമ്പോൾ, ഒരു ദിവസം പോലും അങ്ങേര് ലീവെടുക്കത്തുമില്ല ,ആണുങ്ങളായാൽ അങ്ങനാ”

“ഓഹ് അപ്പോൾ അതാണ് കാര്യം, ഞാനിപ്പോൾ ജോലിക്ക് പോകണം, എടീ എനിക്കതിന് ജോലിയില്ലാത്തത് കൊണ്ടല്ലേ?

“അതിന് നിങ്ങള് മാനേജർ പണി മാത്രമേ ചെയ്യത്തൊള്ളുന്ന് വാശി പിടിരുന്നിട്ടല്ലേ? മെയ്യനങ്ങാൻ തയ്യാറുള്ളവർക്ക് ഈ നാട്ടിൽ ഇഷ്ടം പോലെ തൊഴിലുണ്ട് ,വൈകുന്നേരമാകുമ്പോൾ രൂപ ആയിരമാ കൂലി കിട്ടുന്നത്,”

“പിന്നേ ….കൂലിപ്പണിക്കെൻ്റെ പട്ടി പോകും ,”

“ങ്ഹാ, എന്നാൽ പോകേണ്ട ഇവിടെ തന്നെയിരുന്നോ, നേരമൊരുപാടായി ,ഞാൻ ഓഫീസിൽ പോകുവാ ,പിന്നേ അരി തിളയ്ക്കുമ്പോൾ ഒന്ന് വാർത്തേക്കണേ ,കറിക്കുള്ള സാധനങ്ങൾ ഫ്രിഡ്ജിലിരുപ്പുണ്ട് എന്താന്ന് വച്ചാൽ എടുത്ത് കറി വച്ചോളു ,കൃത്യം പന്ത്രണ്ട് മണിക്ക് തന്നെ മോളുടെ ലഞ്ച് ബോക്സ് സ്കൂളിലെത്തിക്കണേ ,തിരിച്ച് വന്നാലുടനെ തൊഴുത്തിൽ നിന്ന് പശുവിനെ അഴിച്ച് പറമ്പിൽ കെട്ടിയിട്ട് തൊഴുത്തൊന്ന് കഴുകി വൃത്തിയാക്കണേ, പുല്ലും വെള്ളവും കൊടുക്കാൻ മറക്കല്ലേ ,ടി വി യിൽ വല്ല സീരിയലും കണ്ടോണ്ടിരുന്നിട്ട്,ഒടുക്കം മഴ വരുമ്പോൾ വിരിച്ചിട്ടിരിക്കുന്ന തുണികളെടുക്കാൻ മറന്ന് പോകരുത്”

ഒറ്റ ശ്വാസത്തിൽ ഷൈല അത്പറഞ്ഞിട്ട് പുറത്തേക്കിറങ്ങി.

തരക്കേടില്ലാത്തൊരു കമ്പനിയിൽ ,ഭേദപ്പെട്ടൊരു പോസ്റ്റിൽ ജോലി ചെയ്ത് കൊണ്ടിരുന്ന താൻ ,അഹങ്കാരം കൊണ്ട് ശബ്ബളം പോരെന്ന് പറഞ്ഞ്, രാജിക്കത്തും കൊടുത്ത് വന്നിട്ട് ,ഒരു മാസമേ ആയിട്ടുള്ളു ,താൻ ജോലിക്ക് പോകുമ്പോഴൊക്കെ ഷൈല തന്നെയാണ്, ഈ കണ്ട ജോലികളൊക്കെ ചെയ്തിരുന്നത് ,എന്നിട്ടാണ് അവള് ഓഫീസിലും പൊയ്ക്കൊണ്ടിരുന്നത് , പക്ഷേ ഇപ്പോൾ ,താനൊരു ചാഞ്ഞ മരമായത് കൊണ്ടാണ്, അവൾ തൻ്റെ തലേൽ കേറുന്നതെന്ന് അയാൾക്ക് ബോധ്യമായി .

നാണം കെട്ടിട്ടാണെങ്കിലും പിറ്റേന്ന് മുതൽ കൂട്ടുകാർക്കൊപ്പം പെയിൻറ് പണിക്ക് പോകാൻ തന്നെ അയാൾ തീരുമാനിച്ചു.

അതാകുമ്പോൾ, വൈകുന്നേരം ആയിരം രൂപാ കൂലിയും കിട്ടും, ഇടയ്ക്ക് ചായകുടിക്കാനും ചോറുണ്ണാനുമൊക്കെ പോകുമ്പോൾ റെസ്റ്റ് എടുക്കാനും പറ്റുമല്ലോ?

ഈ റെസ്റ്റില്ലാത്ത വീട്ട് ജോലി അതികഠിനം തന്നെ!

അയാൾ മനസ്സിൽ പറഞ്ഞു.

രചന: സജി തൈപ്പറമ്പ്.

Leave a Reply

Your email address will not be published. Required fields are marked *