അയലത്ത് ചെറുപ്പക്കാരൊക്കെ ഉള്ളതാ.. മാറ്റിയെച്ചും വേറെ വെല്ലോം ഉടുക്ക്…

രചന: മുരളി.ആർ.

“ഇതെന്തൊരു വേഷാടി..? ഇതൊന്നും ഇവിടെ പറ്റില്ല. അയലത്ത് ചെറുപ്പക്കാരൊക്കെ ഉള്ളതാ.. മാറ്റിയെച്ചും വേറെ വെല്ലോം ഉടുക്ക്..’ ആ തള്ള എന്നെ നോക്കി അങ്ങനെ പറഞ്ഞു പപ്പേ..”

“തള്ളയോ..? ” എന്റെ ആ ചോദ്യത്തിന് സോഫിയ മുഖം തിരിച്ചു. ഞാൻ അവളോട്‌ പറഞ്ഞു.

“മോളെ.. അങ്ങനെ ഒന്നും പറയല്ല്.. അവര് നിന്റെ കെട്ടിയോന്റെ അമ്മയാ.. നിന്റെ അമ്മേടെ സ്ഥാനത്തവരെ കാണണം.”

“ഓ.. ശരി. പപ്പക്ക് അറിയാവുന്നതല്ലേ ഞാൻ ഇവിടെയും ഇങ്ങനെ തന്നെയല്ലെ..? പിന്നെ എന്ത അവിടെ ആയാല്..”

“ശരിയാ മോളെ.. ഇവിടെ നീ ഇങ്ങനെ ഒക്കെയായിരുന്നു. എന്നാ.. നീ ഇപ്പോ എന്റെ മോള് മാത്രല്ല, ഒരു ഭാര്യ കൂടിയാ. അത് നീ മനസിലാക്കണം. ആ രീതിക്ക് വേണം നീ ഇനി നടക്കാൻ. ”

“പപ്പേ.. എന്റെ രീതികൾ ശരിയാണെന്നല്ലേ പപ്പാ എപ്പോഴും പറയാറ്. ‘ആണുങ്ങളെ പോലെ ധൈര്യത്തോടെ ജീവിക്കണം, സമൂഹത്തിലേക്ക് ഇറങ്ങി നടക്കണം.’ ഇങ്ങനൊക്കെ പറഞ്ഞല്ലേ പപ്പയെന്നെ വളർത്തിയത്. ഞാൻ ഇപ്പോളും അങ്ങനെ തന്നെയല്ലെ. ” സോഫിയ അത് പറയുമ്പോഴും തികഞ്ഞ ആത്മവിശ്വാസം അവളിൽ ഉണ്ടായിരുന്നു. അവൾ അവളുടെ ശരികളിൽ ഉറച്ചു നിന്നു. ഞാൻ അവളോട്‌ ചോദിച്ചു.

” ശരിയാ മോളെ.. അതൊക്കെ നിന്റെ നല്ലതിന് വേണ്ടിയാ പപ്പാ പറഞ്ഞത്. ഇപ്പോ അലക്സ്‌ നിന്നോട് വെല്ലോം പറഞ്ഞോ..? ”

“ഇച്ഛയന് ഒരു കുഴപ്പവും ഇല്ല. ഞങ്ങൾ ഹാപ്പിയാ..”

“പിന്നെ എന്താ മോളെ പ്രശ്നം.”

“ആ തള്ള.. ” വീണ്ടും സോഫിയ ആ വാക്ക് ആവർത്തിച്ചതും ഞാൻ അവളെ തുറിച്ചു നോക്കി. ഉടനെ അവൾ പറഞ്ഞു.

“സോറി.. സോറി പപ്പേ.. അങ്ങനെ ഇനി വിളിക്കില്ല. വായിൽ അറിയാതെ വന്നു പോയതാ.. അമ്മച്ചി പറയുവാ.. എന്റെ തുണിയൊക്കെ ഞാൻ തന്നെ അലക്കണം, അവിടുത്തെ പാത്രങ്ങളൊക്കെ ഞാൻ തന്നെ കഴുകണമെന്ന്. ഞാൻ ഇവിടെ അങ്ങനെയൊന്നും ആയിരുന്നില്ലല്ലോ പപ്പേ..”

“ശരിയാ മോളെ.. ആയിരുന്നില്ല. നിന്റെ അമ്മ ഇല്ലാത്തതിന്റെ ഒരുപാട് അറിയാനുണ്ട് ഇപ്പോ. ഞാൻ വേറെ ഒരു കല്യാണത്തിന് സമ്മതിക്കാതെ ഇരുന്നത് അവളോട്‌ ഉള്ള സ്നേഹം കൊണ്ട് മാത്രാ.. എന്നാ, ഇപ്പോ എനിക്കത് തെറ്റായിപോയിന്ന് തോന്നുവാ.. നിന്നെ ഞാൻ ഒരു ജോലിയും ഇതുവരെ ചെയ്യിച്ചിട്ടില്ല. ഒരു ബുദ്ധിമുട്ടും അറിയാതെയാ നീ വളർന്നത്. അതാ നിന്നെ ഇങ്ങനെ

ആക്കി തീർത്തത്. എല്ലാം എന്റെ തെറ്റാ മോളെ.. ” ഞാൻ അവളുടെ മുന്നിൽ സങ്കടം കൊണ്ട് തല താഴ്ത്തിയതും അവളെന്നോട് പറഞ്ഞു.

“അയ്യോ.. പപ്പാ അങ്ങനെ പറയല്ലേ.. പപ്പാ സങ്കടപെടുന്നത് എനിക്ക് സഹിക്കില്ല. പറ പപ്പാ.. ഞാൻ ഇനി എന്തു ചെയ്യണം. ”

“എന്റെ മോള് അമ്മച്ചി പറയുന്നതൊക്കെ കേൾക്കണം. അമ്മച്ചിയെ സഹായിക്കണം, അമ്മച്ചിയെ സ്വന്തം അമ്മയായി കാണണം. മോള് തൊട്ടതിനും, പിടിച്ചതിനും വഴക്കടിക്കാൻ പോകരുത്. അത് മോൾടെ കുടുംബമാണെന്ന് മനസിലാക്കണം. എന്റെ മോള് അവിടെ സന്തോഷത്തോടെ ജീവിക്കണം. അതാ ഈ പപ്പക്ക് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. ” ഞാൻ അത് പറഞ്ഞപ്പോ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു. ഉടനെ അവള് എന്നെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു.

“ശരി പപ്പേ.. പപ്പാ പറയുന്നതൊക്കെ ഞാൻ ചെയ്യാം. ഇനിയെന്റെ പപ്പാ കരയല്ലേ..” സോഫിയ അത് പറഞ്ഞതും എന്റെ മനസ് നിറഞ്ഞു.

( മൂത്തവർ ചൊല്ലും മുതുനെല്ലിക്ക.. ആദ്യം കയ്ക്കും പിന്നെ മധുരിക്കും. )

രചന: മുരളി.ആർ.

Leave a Reply

Your email address will not be published. Required fields are marked *