അഗ്നി…

 

രചന: ബിന്ധ്യ രഘുനാഥ്

“എന്നാലുമെന്റെ ആദി ഇതൊരു വല്ലാത്ത ചെയ്ത്തായിപ്പോയി…. ഛെ.. നാണക്കേട്….കുടുംബത്തിന്റെ മാനം കളയാനായിട്ട്.. ”

ജോലിക്ക് പോകാനായി വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോഴാണ് തെക്കേലെ രാധേച്ചീടെ കമന്റ് കേട്ടത്. തിരിഞ്ഞൊന്നു നോക്കി പല്ലിറുമ്മി, അവരോടുള്ള ദേഷ്യം തീർക്കാനെന്നവണ്ണം കിക്കറിൽ ആഞ്ഞു തൊഴിച്ച് വണ്ടി സ്റ്റാർട്ടാക്കുമ്പോൾ അവരുടെ മുഖം മാറുന്നതും പമ്മിപ്പരുങ്ങി അവരകത്തേക്കോടുന്നതും കണ്ടപ്പോൾ മനസിന്‌ ചെറിയൊരാശ്വാസം തോന്നാതിരുന്നില്ല.

പോകുന്ന വഴിക്കെല്ലാം ആളുകളുടെ അർത്ഥം വച്ചുള്ള നോട്ടവും പരിഹാസം നിറഞ്ഞ ചിരികളും കണ്ടില്ലെന്നു നടിക്കുമ്പോഴും, സംഭവിച്ചു പോയതിനെക്കുറിച്ചോർത്ത് രാവിലെ രാധേച്ചി പറഞ്ഞത് പോലെ നാണക്കേടൊന്നും എനിക്ക് തോന്നിയില്ല. കളിയാക്കി ചിരിക്കുന്നവർക്കിടയിലൂടെ പോടാ പുല്ലേ എന്ന ഭാവത്തിൽ വണ്ടിയോടിക്കുമ്പോൾ മനസ് ഒരു കടല് പോലെ ഇളകിമറിയുകയായിരുന്നു.
ഓഫിസിലെ ജോലിത്തിരക്കുകൾക്കിടയിൽ, അകവും പുറവും ഒരുപോലെ കിതചിരിക്കുമ്പോഴാണ്

“ആദി.. ദേ നിന്റെ ഫോൺ.. നീയിത് വാഷ്റൂമിൽ വച്ചിട്ട് പോന്നോ? ”
എന്ന്‌ ചോദിച്ചു കൊണ്ട് സുഹൃത്ത് കിഷോർ എന്റെ ചിന്തകൾക്ക് ഫുൾസ്റ്റോപ്പിട്ടത്‌. അവന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ടേബിളിൽ വച്ച് ഒരു ദീർഘനിശ്വാസം എടുക്കുന്നത് കണ്ട് കിഷോർ എന്റെയടുത്തേക്ക് കസേര വലിച്ചിട്ടിരുന്നിട്ട് എന്നെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു

“സാരമില്ലെടാ.. വരാനുള്ളത് വന്നു..ഇതിപ്പോ ലോകത്തെ ആദ്യത്തെ സംഭവം ഒന്നുമല്ലല്ലോ ഇങ്ങനെ ടെൻഷനടിക്കാനും സങ്കടപ്പെടാനുമൊക്കെ.. ആളുകൾ പറയുന്നതൊന്നും നീ ശ്രദ്ധിക്കണ്ട.. ”

സത്യത്തിൽ അവൻ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ചിരിക്കാനാണ് തോന്നിയത്. സംഭവിച്ചു പോയതോർത് എനിക്ക് സങ്കടമോ ടെൻഷനോ നാണക്കേടോ അല്ല, മറിച്ച്‌ ഒരുതരം ആകാംഷയാണുള്ളതെന്നു പറഞ്ഞാൽ അവനു മനസിലാകില്ലല്ലോ… അവനെന്നല്ല, ആർക്കുമത് മനസിലാവില്ല.കാരണം ഈ ലോകം ‘മറ്റുള്ളവരെന്തു വിചാരിക്കും ‘എന്നോർത്ത് പേടിച്ചു ജീവിക്കുന്നവരുടേതാണ്. അവരോട് ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചു പറഞ്ഞു മനസിലാക്കുക എന്നത് വെള്ളത്തിൽ വരച്ച വര പോലെയാണ്.. ഒരു പ്രയോജനവുമില്ല.
കാര്യങ്ങൾ എല്ലാം ഞാൻ ആഗ്രഹിച്ചത് പോലെ തന്നെ നടക്കട്ടെ എന്ന്‌ മനസ്സിൽ പ്രാർത്ഥിച്ച് ജോലിത്തിരക്കുകൾക്കിടയിലേക്ക് വീണ്ടും തിരിയുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്.. നോക്കുമ്പോൾ അച്ഛനാണ്. നെഞ്ചിലൊരാന്തൽ ആയിരുന്നു. ഫോൺ ചെവിയോട് ചേർത്തപ്പോൾ അച്ഛന്റെ വിറയ്ക്കുന്ന സ്വരമാണ് കേട്ടത്

“ആദി.. അമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു. മോൻ വേഗം വാ.. ഇവിടെ മെഡിക്കൽകോളേജിൽ ഉണ്ട് ഞങ്ങൾ ”

“അച്ഛാ ദേ ഞാനെത്തി ”
എന്ന് പറഞ്ഞ് ഫോൺ കട്ട്‌ ചെയ്തിട്ട് എംഡി യുടെ കാബിനിലേക്ക് ഒറ്റയോട്ടമായിരുന്നു. ചെന്ന് കണ്ട് കാര്യം പറഞ്ഞു പോകാനുള്ള അനുവാദം വാങ്ങി ബുള്ളറ്റെടുത്തു പറക്കുകയായിരുന്നു ഞാൻ.

ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ കാണുന്നത് ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ സർവ്വതും നഷ്ട്ടപ്പെട്ടവനെപ്പോലെ തളർന്നിരിക്കുന്ന അച്ഛനെയാണ്. അടുത്ത് ചെന്ന് മെല്ലെ അച്ഛാ എന്ന് വിളിച്ചപ്പോൾ കണ്ണുകൾ നിറച്ച് അച്ഛൻ നോക്കുന്നത് കണ്ടപ്പോൾ ഇടനെഞ്ചു പൊട്ടുന്നത് പോലെ തോന്നിയെനിക്ക്..
എന്റെ കണ്ണുകൾ അമ്മയെ തിരഞ്ഞു..

“സിസ്റ്റർ ഇപ്പൊ ഇവിടെ അഡ്മിറ്റായ നിർമ്മല രാജീവ് എന്റെ അമ്മയാണ്..അമ്മയെ ഒന്നു കാണാൻ പറ്റോ സിസ്റ്ററെ ”

അമ്മയെ കാണാനുള്ള ആഗ്രഹത്തോടെ, ഓപ്പറേഷൻ തീയറ്ററിൽ നിന്ന് പുറത്ത് വന്ന നഴ്സിനോട് ഞാൻ ചോദിച്ചു.. എന്നെ തറപ്പിച്ചൊന്നു നോക്കിയിട്ട്

“ഓപ്പറേഷൻ തീയറ്ററിൽ ആണോടോ വിസിറ്റേഴ്സിനെ കയറ്റുന്നത്.. കുറച്ചു കഴിഞ്ഞു പുറത്തേക്ക് കൊണ്ട് വരും.. അപ്പൊ കാണാല്ലോ ”
എന്ന്‌ പറഞ്ഞിട്ട് അവർ ചവിട്ടിക്കുലുക്കിയൊരു പോക്ക്.അല്ലെങ്കിലും അവരെ പറഞ്ഞിട്ട് കാര്യമില്ല.. ഒരു മകന്റെ ഇമോഷനേക്കാൾ അവർക്ക് വലുത് അവരുടെ പേഷ്യൻസ് ആണല്ലോ…

അമ്മയെ കാണാൻ കഴിയാത്ത സങ്കടത്തോടെ നഖം കടിച്ചങ്ങനെ നിൽക്കുമ്പോഴാണ് തോളിൽ ഒരു കൈ വന്നമർന്നത്, അച്ഛൻ…

“എന്താ അച്ഛാ… ടെൻഷൻ ആവണ്ട.. അമ്മ വേഗമിങ് വരും.. അച്ഛൻ അവിടെപ്പോയിരിക്ക്.. ഞാൻ ഉണ്ടല്ലോ ഇവിടെ ”

എന്റെ മുഖത്തേക്ക് കുറച്ചു നേരം നോക്കി നിന്നിട്ട് ഒരൊറ്റ പൊട്ടിക്കരച്ചിലായിരുന്നു അച്ഛൻ… എനിക്കറിയാം ആ കരച്ചിലിന്റെ അർത്ഥം.. അച്ഛനെ മെല്ലെ കസേരയിലേക്കിരുത്തിയിട്ട് ഞാനും അച്ഛന് തൊട്ടടുത്തായിരുന്നു… കണ്ണടയൂരി നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അച്ഛൻ പറഞ്ഞു തുടങ്ങി

“ഈ അച്ഛനോട് പൊറുക്ക് മോൻ.. അത്രയും വലിയ നാണക്കേടാണ് അച്ഛനും അമ്മയും മോനുണ്ടാക്കിയത്.. കല്യാണപ്രായമായ മകനുള്ളപ്പോൾ വീണ്ടും ഒരു കുഞ്ഞുണ്ടാവുക…അറിഞ്ഞപ്പോൾ തന്നെ വേണ്ടാന്ന് വയ്ക്കാനൊരുങ്ങിയപ്പോ തടഞ്ഞത് നീയാണ്..അപ്പൊ മറുത്തൊന്നും പറയാൻ ഞങ്ങൾക്ക് തോന്നിയില്ല.. പക്ഷെ ഇപ്പൊ ഞങ്ങൾ കാരണം എല്ലാവരും നിന്നെ പരിഹസിക്കണത് കാണുമ്പോ അച്ഛന്റെ ചങ്ക് പൊട്ടുവാ.. അച്ഛനോട് നിനക്ക് വെറുപ്പായിരിക്കും അല്ലേടാ ”

“എന്തിനാ എനിക്കെന്റെ അച്ഛനോട് വെറുപ്പ്…
ഒരു കൂടപ്പിറപ്പില്ലാത്തതിന്റെ വേദന ഒത്തിരി ഉണ്ടായിരുന്നു എനിക്ക്.. ഒറ്റപ്പെട്ടുപോയ എന്റെ മനസ് അച്ഛന് മനസിലാവില്ല.. അമ്മ കൺസീവ് ആണെന്നറിഞ്ഞ അന്ന് മുതൽ ഞാൻ എക്സൈറ്റഡ് ആയിരുന്നു.. ഈ ഒരു ദിവസത്തിനായി കാത്തിരിപ്പായിരുന്നു … എനിക്കിതിലൊരു നാണക്കേടുമില്ല.. കളിയാക്കുന്നവര് കളിയാക്കട്ടെ.. അച്ഛനതൊന്നും കാര്യമാക്കണ്ട ”

അച്ഛന്റെ കൈകളിൽ മുറുകെപ്പിടിച്ച് ഞാൻ അത് പറയുമ്പോൾ, വലിയൊരാശ്വാസത്തിന്റെ നിശ്വാസങ്ങൾ അച്ഛനിലുയരുന്നുണ്ടായിരുന്നു.

“അച്ഛനിപ്പോ അഭിമാനമുണ്ട് എന്റെ ആദീടെ അച്ഛൻ ആയതിൽ ”

എന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ച് അച്ഛൻ വീണ്ടും തേങ്ങി.എനിക്കെന്തോ അച്ഛനോട് പാവം തോന്നി. അച്ഛനോട് ഒന്നുകൂടി ചേർന്നിരുന്ന് ഒരു ചെറുചിരിയോടെ ഞാൻ പറഞ്ഞു

“ദേ അച്ഛാ.. വരാൻ പോകുന്ന ആ കുരുപ്പ് പെൺകുട്ടി ആയാൽ മതീട്ടോ… എനിക്കൊരു പെങ്ങൾകൊച്ചിനെ മതി.. ഒരു അനിയത്തി ഉണ്ടായാൽ പണ്ട് തൊട്ടേ അവൾക്കിടാൻ ഞാനൊരു പേര് കണ്ട് വച്ചിരുന്നു. അഗ്നി… ആദിത്യന്റെ പെങ്ങൾ അഗ്നി…ആ പേര് മതി അവൾക്ക്.. എല്ലാം വിഴുങ്ങുന്ന.. എല്ലാ അശുദ്ധിയേയും ശുദ്ധിയാക്കുന്ന അഗ്നി… ”

അത് കേട്ട് അച്ഛനും ചിരിച്ചു… ആ ചിരി നിമിഷത്തിന്റെയറ്റത്താണ്

“രാജീവ് മേനോൻ ആരാണ്? ”
എന്ന നഴ്സിന്റെ ചോദ്യം കേട്ടത്. ആകാംഷയോടെ ഓടിച്ചെന്ന അച്ഛന്റെ കൈകളിലേക്ക് വെള്ളതുണിയിൽ പൊതിഞ്ഞ് കടുക് മണിയോളം പോന്നൊരു കുഞ്ഞ് പൂവിനെ കൊടുത്തു കൊണ്ട് അവർ പറഞ്ഞു

“പെൺകുട്ടിയാണ്.. അമ്മ സുഖമായിരിക്കുന്നു.. സെഡേഷന്റെ മയക്കം വിട്ട് കഴിഞ്ഞാൽ വാർഡിലേക്ക് മാറ്റും.. അപ്പൊ കാണാട്ടോ ”

വലിയൊരാശ്വാസത്തോടെ നഴ്സിനോട് നന്ദി പറഞ്ഞിട്ട് അച്ഛൻ അവളെ എന്റെ കൈകളിൽ വച്ച് തന്നു. സന്തോഷം കൊണ്ട് നെഞ്ച് വിങ്ങുന്നുണ്ടായിരുന്നു എന്റെ… അവളെ നെഞ്ചോട് ചേർത്ത് പിടിച്ച് പിങ്ക് നിറമുള്ള കവിളിൽ ഒരുമ്മ കൊടുത്തിട്ട് ആ കുഞ്ഞ് കാതിൽ ഞാൻ മെല്ലെ വിളിച്ചു ‘അഗ്നി.. അഗ്നി.. അഗ്നി… ‘

രചന: ബിന്ധ്യ രഘുനാഥ്

Leave a Reply

Your email address will not be published. Required fields are marked *