അഹങ്കാരം നന്നല്ല.പുതിയ പരീക്ഷണമാണ് . കുഞ്ഞുങ്ങൾക്കൊരു കഥ

രചന . Princy Tijo

പുതിയ പരീക്ഷണമാണ് . കുഞ്ഞുങ്ങൾക്കൊരു കഥ . കഥകേട്ടാലെ ഉറങ്ങൂ എന്ന് വാശിപിടിക്കുന്ന മുത്തുമണികൾ ഉള്ളവർക്ക് ഉപകാരപ്പെടുമെന്നു കരുതുന്നു.

പണ്ട് പണ്ട് ചിങ്ങവനത്തിൽ ഒരു കുറുമ്പൻ ആനയുണ്ടായിരുന്നു 🐘. ശങ്കു എന്നായിരുന്നു അവന്റെ പേര്. വലിയ നാല് കാലുകളും നീണ്ട തുമ്പികൈയും ചൂലുപോലുള്ള വാലും മുറം പോലുള്ള രണ്ടു ചെവികളുമായി കാട്ടിലൂടെ മദിച്ചു നടന്ന ഒരു വലിയ ആന.

കാട്ടിലെ മറ്റുള്ള മൃഗങ്ങളെ അവനു ഒട്ടും ഇഷ്ട്ടമല്ല. ” പീക്കിരികളെ ….നിങ്ങളെ എന്തിനു കൊള്ളാം?? എന്റെ പകുതി വലിപ്പം പോലുമില്ലല്ലോ… കണ്ടോ…ഞാനാ ഇവിടെ ഏറ്റവും വലുത്”..

. ഇങ്ങനെയൊക്കെ പറഞ്ഞാണ് അവൻ മറ്റു ജീവികളെ കളിയാക്കുന്നത്. അവൻ പോകുന്ന വഴിയിൽ എങ്ങാനും പെട്ടുപോയാൽ പിന്നെ രക്ഷയില്ല. ചവിട്ടിയരച്ചുകളയും ആ ദുഷ്ടൻ.

ഒരിക്കൽ അവൻ തുമ്പികൈയിൽ ചുറ്റിയെടുത്തു വലിച്ചെറിഞ്ഞപ്പോൾ ഒടിഞ്ഞതാണ് കിട്ടുമുയലിന്റെ കാൽ. ആ പാവം ഇപ്പോഴും ഞൊണ്ടി ഞൊണ്ടിയാണ് നടക്കുന്നത്. പാച്ചു കുരങ്ങന്റെ വാലിൽ തൂക്കിയെറിഞ്ഞതും മറ്റാരുമല്ല…

ഇങ്ങനെ അക്രമം കാണിച്ചു നടക്കുന്ന ശങ്കുവിന് രണ്ടു തല്ലു കൊടുക്കണം എന്ന് കാട്ടിലെ എല്ലാവര്ക്കും ആഗ്രഹം ഉണ്ട്… പക്ഷെ ധൈര്യമില്ല…. രാജാവായ ജിമ്മൻ സിംഹത്തിനാണെങ്കിൽ നല്ല ധൈര്യമുണ്ട് …പക്ഷെ പ്രായം ഇത്തിരി കൂടുതൽ ആണ്. അതുകൊണ്ട് ഈ വയസ്സാം കാലത്ത് ആനയുടെ ചവിട്ടു കൊണ്ട് മരിക്കണ്ട എന്ന് മൂങ്ങമുത്തശ്ശിയാണ് പറഞ്ഞത്. മറ്റുള്ള എല്ലാവരും അത് അംഗീകരിച്ചു…

പക്ഷെ എന്താണ് ഈ പ്രശ്നത്തിന് ഒരു പരിഹാരം? എല്ലാവരും തലപുകഞ്ഞു ആലോചിച്ചു. അപ്പോഴാണ്‌ കുഞ്ഞൻ ഉറുമ്പ് മുന്നോട്ടു വന്നത്. “…ഞാനും എന്റെ കൂട്ടുകാരും കൂടി ഈ ആനയെ ഒരു പാഠം പഠിപ്പിക്കാം…” അവൻ പറഞ്ഞു.

എല്ലാവരും പൊട്ടിച്ചിരിച്ചു. ഈ കുഞ്ഞൻ ഉറുമ്പുകൾ എന്ത് ചെയ്യാനാണ്??? പക്ഷെ കുഞ്ഞൻ വിശദമായി പറഞ്ഞപ്പോൾ ‘അത് കൊള്ളാമല്ലോ’ എന്ന് എല്ലാവര്ക്കും തോന്നി.

അങ്ങനെ ആ അഹങ്കാരിയായ കൊമ്പനാനയെ ഒരു പാഠം പഠിപ്പിക്കാൻ കുഞ്ഞനും കൂട്ടരും പുറപ്പെട്ടു. വൈകുന്നേരം പുഴയിലേക്ക് വരുന്ന ശങ്കുവിനെ കാത്തു കുഞ്ഞനും കൂട്ടരും ഒളിച്ചിരുന്നു. അവന്റെ വഴിയിൽ ഒരു ചെറിയ പഴക്കുല വെക്കാൻ പൊക്കൻ കുരങ്ങനെ എല്പ്പിച്ചിരുന്നു.

പൊക്കൻ തന്റെ ജോലി ചെയ്തു. പഴക്കുല കണ്ട ശങ്കു അവിടെ നിന്ന് തന്നെ തീറ്റ തുടങ്ങി. നിമിഷനേരം കൊണ്ട് കുഞ്ഞനും കൂട്ടുകാരും അവന്റെ തുമ്പികൈയിലേക്ക്‌ പാഞ്ഞുകയറി തലങ്ങും വിലങ്ങും കടിച്ചു…… പ്രാണവേദനകൊണ്ട് ശങ്കു തുമ്പികൈ കുടഞ്ഞ്‌ അലറിവിളിച്ചു….. പക്ഷെ ആരും അവനെ സഹായിച്ചില്ല.

കുറച്ചുനേരം കഴിഞ്ഞപ്പോൾ ആൽമരത്തിനു മുകളിൽ നിന്ന് പൊക്കൻ കുരങ്ങൻ വിളിച്ചു പറഞ്ഞു ” ശങ്കു… ഇനി ഞാൻ ആരെയും ശല്യം ചെയ്യില്ല… നല്ലവനായി ജീവിച്ചോളാം… എന്ന് മൂന്നു തവണ വിളിച്ചു പറയൂ…

എങ്കിൽ നിനക്ക് രക്ഷപ്പെടാം. അതുകേട്ട പ്പോൾ നിലവിളിച്ചുകൊണ്ട് ശങ്കു പറഞ്ഞു. “ഞാൻ ഇനി ആരേം ശല്യം ചെയ്യില്ലാ… നല്ലവനായി ജീവിച്ചോളാമേ……. അതോടെ കുഞ്ഞനും കൂട്ടരും പതുക്കെ ഇറങ്ങിപ്പോയി.

അങ്ങനെ അഹങ്കാരിയായ ശങ്കുവാന ഒരു പാഠം പഠിച്ചു. അതിനു ശേഷം അവൻ ആരെയും ഉപദ്രവിച്ചിട്ടില്ല…

രചന . Princy Tijo

Leave a Reply

Your email address will not be published. Required fields are marked *