ഇങ്ങനെയും ചില ഭാര്യമാർ

രചന: സോളോ-മാൻ

“ഡാ..ആ മേലേടത്തെ മീനാക്ഷിയല്ലെ ആ പോണത്..അവളൊരു ആറ്റൻ ചരക്ക് തന്നെയാണല്ലെ..” “അതെ അതെ..കെട്ടിയോൻ കിടപ്പിലായിട്ടും അവൾടെ എടുപ്പിലും നടപ്പിലും ഒരു മാറ്റോമില്ല..” എനിക്കു ചുറ്റിലും ഇരുന്ന് കൂട്ടുകാർ അവരെ പറ്റി പറയുമ്പൊ ഞാനും അവളെ ശ്രദ്ധിച്ചു..

യൌവ്വനം വിട്ടൊഴിയാത്ത മേനിയഴക്..ഒന്നു നോക്കിയാൽ വീണ്ടും നോക്കാൻ തോന്നുന്ന അത്രയും ഭംഗി.. “അപ്പൊ നീയൊന്നും അറിഞ്ഞില്ലെ..അവിടെ ആരാണ്ടൊക്കെയോ വന്നു പോണുണ്ട്..” “ങെ..നിന്നോടാരാ പറഞ്ഞെ..” “ആരു പറയാൻ..ഞാനെന്നും കാണാറുള്ളതാ..”

“ആയിരിക്കും..അവന്റൊപ്പം ഒളിച്ചോടി വന്നതല്ലെ..അവളിനീം ചാടിയില്ലെങ്കിലേ അൽഭുതമുള്ളൂ..” അവരിങ്ങനെ പറഞ്ഞു കാടു കയറുമ്പൊ ഞാൻ ഇടയിൽ കേറി.. “ഡാ..വെറുതെ ഓരോന്ന് പറയണ്ട..”

“ഒഹൊ..ഇപ്പൊ കുറ്റം എന്റേതായി..സംശയമുണ്ടേൽ നിങ്ങളു നോക്കിക്കൊ..പാതിരാത്രിയാൽ അവൾടെ മുറിയിൽ ലൈറ്റ് ഓൺ ആകും..ഏകദേശം ഒരു അരമണിക്കൂറൊക്കെ കഴിയുമ്പൊ ഓഫാകുവേം ചെയ്യും..” “ഒള്ളതാണൊ നീ ഈ പറയണെ..”

“ഡാ സത്യം..ഞാനെത്ര തവണ കണ്ടിട്ടുള്ളതാ..” “എന്താ പറയാ..അവന്റെ ഗതികേട്..കിട്ടുന്നോന്റെ ഭാഗ്യോം..” ഒക്കെ കേട്ടപ്പൊ എന്നിലും സംശയങ്ങൾ നാമ്പിട്ടു..

“ഡാ..നിങ്ങൾ പറയണത് ഒള്ളതാണേൽ അത് ഇന്നത്തോടെ നിർത്തണം..ഞങ്ങളൊക്കെ ഇവ്ടെ പന പോലെ നിക്കുമ്പൊ അങ്ങനിപ്പൊ വരത്തന്മാരു പണിയണ്ട..” “നീ എന്താ പറഞ്ഞു വരുന്നത്..”

“നമുക്കത് കയ്യോടെ പിടിക്കണം..ഇന്ന് മുതൽ നമ്മൾ ഉറക്കമിളച്ച് കാത്തിരിക്കുന്നു..ഒകെ അല്ലെ..” “ഒകെ..” അങ്ങനെ തീരുമാനിച്ച പ്രകാരം ഞങ്ങൾ രാത്രിയിൽ അവളുടെ വീട്ടിലെ ലൈറ്റ് തെളിയുന്നതും കാത്തിരുന്നു.. ഏകദേശം ഒരു പതിനൊന്നര മണി കഴിഞ്ഞിട്ടുണ്ടാകും,മീനാക്ഷിയുടെ വീട്ടിലെ മുറിയിൽ ലൈറ്റ് തെളിഞ്ഞു..ഞങ്ങൾ ജാഗരൂകരായി..

ഒച്ചയുണ്ടാക്കാതെ ഞങ്ങൾ അവളുടെ മുറിക്കരുകിലേയ്ക്കെത്തി.. ചെറുതായി തുറന്നിട്ട ജനാല വാതിൽ പഴുതിലൂടെ ഞങ്ങളുടെ കണ്ണുകൾ തുറന്നിട്ടു.. പക്ഷെ,ഞങ്ങളവിടെ കണ്ട കാഴ്ച ഹൃദയം തകർക്കുന്നതായിരുന്നു..

അനങ്ങാൻ വയ്യാതിരുന്ന അവളുടെ ഭർത്താവിനെ രണ്ടു കയ്യിലേയ്ക്കും വാരിയെടുത്ത് അവൾ നടക്കുകയാണു.. കുറച്ചു കഴിഞ്ഞ് ബാത്ത് റൂമിലെ ടാപ്പിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം.. അവളെന്തോ പറയുകയാണു.. ഞങ്ങൾ കാതോർത്തു.

“എന്റെ രമേശേട്ടാ,ഇന്നലേം ഞാൻ പറഞ്ഞതല്ലെ,കക്കൂസിൽ പോകാൻ തോന്നുമ്പൊ എന്നെ വിളിക്കണമെന്ന്.. ഇതിപ്പൊ ആകെ ദേഹത്തൊക്കെ ആയില്ലെ..” അപ്പൊഴാണു അയാൾ കിടന്നിരുന്ന ബെഡിലേയ്ക്ക് ഞങ്ങൾ ശ്രദ്ധിച്ചത്.. അവിടമാകെ മലം പുരണ്ടിരുന്നു.. അതിന്റെ വാസന ഞങ്ങളുടെ മൂക്കിലേയ്ക്കും പടർന്നു.. അല്പ് നേരം കഴിഞ്ഞ് അവൾ അയാളെ താങ്ങിയെടുത്ത് കസേരയിലേയ്ക്കിരുത്തി ദേഹമാകെ തോർത്തു മുണ്ടിനാൽ തോർത്തി വൃത്തിയാക്കി.. ശേഷം അഴുക്കു പുരണ്ട ബെഡ് ഷീറ്റ് മാറ്റിയിട്ടു..

അയാളെ പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചു.. അപ്പോഴൊക്കെയും അവൾ കിതയ്ക്കുന്നുണ്ടായിരുന്നു.. ഞങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്ന കാഴ്ചയായിരുന്നു ശരിക്കും.. ദുഷിച്ച മനസ്സിനാൽ ചിന്തിച്ചു കൂട്ടിയ കാര്യങ്ങളൊക്കെ പിഴച്ച നിമിഷം.. ഞങ്ങൾക്ക് ഞങ്ങളോട് തന്നെ വെറുപ്പ് തോന്നിയ നിമിഷം..

ഒന്നിനും കൊള്ളാത്ത,നേരെ നിവർന്നു നിൽക്കാൻ പോലുമാകാത്ത തന്റെ പ്രിയതമനെ ശുശ്രൂഷിക്കുന്ന,അയാളെ പരിചരിക്കുന്ന,ദുർഗന്ധം വമിക്കുന്ന അയാളുടെ മലം പുരണ്ട ദേഹവും,വസ്ത്രങ്ങളും യാതൊരു മടിയും കൂടാതെ വൃത്തിയാക്കുന്ന മീനാക്ഷിയെന്ന പെണ്ണിനെയും,അവളിലെ ഉത്തമ ഭാര്യയെയും ഞങ്ങൾ തിരിച്ചറിയുകയായിരുന്നു ശരിക്കും.. ആ നിമിഷം ആ കാലിലേയ്ക്ക് വീണു മാപ്പു ചോദിക്കണമെന്നുണ്ടായിരുന്നു ഞങ്ങൾക്ക്.. അവൾ അയാളെ കട്ടിലിലേയ്ക്ക് എടുത്തു കിടത്തി,ശേഷം അയാൾക്കൊപ്പം ചേർന്നു കിടന്ന് കൈ വിരലുകളാൽ അയാളുടെ തലമുടിയിൽ തലോടിയുറക്കുമ്പോൾ അയാൾ ചോദിക്കുന്നുണ്ടായിരുന്നു.. “നിനക്കെന്നെ ഇനിയും മടുത്തില്ലെ മീനാക്ഷീീ..”

അയാളുടെ നെറുകിൽ മുഖമമർത്തി ചുംബിക്കുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു.. “അതിനാണോ ഞാൻ എല്ലാം ഉപേക്ഷിച്ച് നിങ്ങളോടൊപ്പം പോന്നത്..

ഇതെന്റെ കർമ്മമാണു രമേശേട്ടാ..അധികമായൊന്നും ഞാൻ നിങ്ങൾക്കു വേണ്ടി ചെയ്യുന്നില്ല..” അവളുടെയാ മറുപടി ഞങ്ങളെ ഒരുപാട് ചിന്തിപ്പിച്ചു..

ഞാനടക്കമുള്ള സമൂഹം അവളെങ്ങനെ ജീവിക്കുന്നു എന്നതല്ല തിരക്കിയത്,പകരം ഞങ്ങളുടെ നോട്ടം അവളുടെ മാറിടത്തിന്റെ വലുപ്പത്തിലേയ്ക്കായിരുന്നു..

അവളുടെ അരക്കെട്ടിന്റെ ഉറപ്പും എടുപ്പും മറ്റുള്ളവന്റെ മുന്നിൽ പാ വിരിച്ചുണ്ടായതല്ല,പകരം ജീവിതഭാരം ചുമന്നങ്ങനെ ഉറച്ചു പോയതാണു..

കുറ്റബോധത്താലെ പിന്തിരിഞ്ഞു നടന്നു തുടങ്ങിയിരുന്നു ഞങ്ങൾ.. അപ്പൊഴേയ്ക്കും മീനാക്ഷിയുടെ മുറിയിലെ വെളിച്ചം അണഞ്ഞിരുന്നു..

ശുഭം..

രചന: സോളോ-മാൻ

Leave a Reply

Your email address will not be published. Required fields are marked *