എനിക്ക് വേണ്ടത് നിന്റെ ശരീരം മാത്രമാണ്… അത് സ്വന്തമാക്കിയ ഈ നിമിഷം നീ അറിയണം.

രചന: ആമി

“എനിക്ക് വേണ്ടത് നിന്റെ ശരീരം മാത്രമാണ്… അത് സ്വന്തമാക്കിയ ഈ നിമിഷം നീ അറിയണം നീ വെറുമൊരു പെണ്ണ് ആണെന്ന്…. ”

അവൻ അത് പറയുമ്പോൾ ആ കണ്ണുകളിലെ പുച്ഛം എന്റെ സിരകളിൽ ഒഴുകുന്ന രക്തത്തെ ചൂട് പിടിപ്പിച്ചു. ശെരിയാണ് ഞാൻ ഒരു പെണ്ണാണ് എന്റെ ശരീരമെ അവനു കീഴ്പ്പെടുത്താൻ ആവുള്ളു എന്റെ മനസ്സിനെ കീഴ് പെടുത്താൻ ഞാൻ തയ്യാറല്ലായിരുന്നു.എന്റെ മുന്നിലൂടെ അവൻ കടന്നു പോയപ്പോൾ ഞാൻ ആ നിമിഷം മൗനമായി ഇരുന്നു.നേരം പുലരും വരെ ഞാൻ മരവിച്ച ശരീരമായി ആ മുറിക്കുള്ളിൽ ഇരുന്നു. ഉറക്കെ കരയാൻ എനിക്ക് തോന്നി പക്ഷെ !ഞാൻ കരഞ്ഞില്ല.

“അയ്യോ… അനു നിനക്കിതെന്തു പറ്റി? ”

എന്റെ മുന്നിലേക്ക്‌ കടന്നു വന്ന എന്റെ കൂട്ടുകാരിയുടെ കരച്ചിലിന് മുന്നിൽ ഞാൻ മൗനമായ് ഇരുന്നു. എനിക്കൊന്നും സംഭവിക്കാത്തതുപോലെ ഞാൻ ഓരോ ദിവസവും തള്ളി നീക്കി.

“എനിക്ക് ഒരിടം വരെ പോകണം വീണേ… ”

ഞാൻ അത് പറയുമ്പോൾ അവൾ എന്റെ മുഖത്തേക്ക് ഭയത്തോടെ ആണ് നോക്കിയത്.

“അനു… .. ”

“പെണ്ണിനെ അവളുടെ സമ്മതം ഇല്ലാതെ കീഴ്പെടുത്തിയവനോട് എനിക്ക് പകരം വീട്ടണം…”

എന്റെ വാക്കുകൾ കേട്ട് അവൾ ഭയപ്പെടുന്നു എന്ന് എനിക്ക് തോന്നി. ഒരു പെണ്ണിനെ കിഴ്പെടുത്താൻ ഒരു ആണിന് സാധിക്കുമെങ്കിൽ തെറ്റ് ചെയ്ത ഒരു ആണിനെ കീഴ്പ്പെടുത്താൻ ഒരു പെണ്ണിനും കഴിയണമെന്ന് എനിക്ക് തോന്നി. അവന്റെ വീട് ലക്ഷ്യമാക്കി ഞാൻ നടന്നു. അപ്രതീക്ഷിതമായി എന്റെ കടന്നു ചെല്ലേല് അവനെ ഭയപ്പെടുത്തി.

“ഒരു പെണ്ണിനെ അവളുടെ അനുവാദം ഇല്ലാതെ കിഴ്പെടുത്തുന്നത് ശെരിയാണോ അമ്മേ…? “”എന്റെ ചോദ്യത്തിന് മുന്നിൽ ഒന്നും അറിയാത്ത ആ അമ്മ പതറി പോയി. എന്റെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലാക്കാൻ ആ അമ്മക്ക് നിഷ്പ്രയാസം സാധിച്ചു. കാരണം, അവർ ഒരു സ്ത്രീ ആയിരുന്നു. എനിക്ക് സുപരിചിതയായ ആ അമ്മയുടെ മുന്നിൽ എന്റെ ശബ്ദം ഇടറി.

എന്റെ സർവ്വ ശക്തിയും എടുത്തു ഞാൻ അവന്റെ മുഖമടച്ചു പലതവണ ആഞ്ഞടിച്ചു. എന്റെ ദേഷ്യം തീരും വരെ ഞാൻ അവനെ അടിച്ചു. ആ അമ്മ നിറമിഴികളോടെ നിന്നു.

“നീ എന്താ പറഞ്ഞത് ഞാൻ വെറുമൊരു പെണ്ണ് ആണെന്നോ…. ഈ അമ്മയുടെ മുന്നിൽ നീ എന്നും തെറ്റുകാരനാണ് നിന്റെ മരണം വരെയും… ഈ നിമിഷം നീ മനസ്സിലാക്കണം പെണ്ണിന്റെ ശരീരമെ കീഴ്പ്പെടുത്താൻ ആകു എന്ന്… പെറ്റമ്മയുടെ മനസ്സിൽ നീ വെറും പാഴ് ജന്മം ആയി ഈ നിമിഷം മുതൽ ”

ഞാനതും പറഞ്ഞു അവിടെ നിന്നും ഇറങ്ങുമ്പോൾ എനിക്ക് പൊട്ടി കരയാൻ തോന്നി. പക്ഷെ !ഞാൻ കരഞ്ഞില്ല. എനിക്ക് തോൽക്കാൻ മനസ്സില്ലായിരുന്നു.

രചന: ആമി

Leave a Reply

Your email address will not be published. Required fields are marked *