കുറച്ചു നേരം എന്റെ അടുത്തിരിക്കാമോ.. അവളോട്‌ ചേർന്നിരുന്നു നെറ്റിയിൽ ചുംബിച്ചു…

രചന: രെജിൻ മുരളീധരൻ

ചേട്ടാ ഓടി വായോ.. ദേ നോക്കിയേ .. നമ്മുടെ വീട്… നളിനിയുടെ കരച്ചിൽ ചെവിൽ അലയടിക്കുന്നുണ്ട്.. എഴുന്നേറ്റ് ഓടി അവളുടെ അടുത്ത് എത്തണമെന്നുണ്ട്..

പക്ഷെ പറ്റുന്നില്ല….

പെട്ടെന്നാണ്.. മുഖത്തു വെള്ളത്തുള്ളികൾ ചിതറി തെറിച്ചു വീണതു.. ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു.. ശ്വാസം നേരെ നിൽക്കാൻ കുറച്ചു പാടുപെട്ടു..

ടോർച്ചു തെളിയിച്ചു നോക്കി.. മേൽക്കൂരയിലെ കഴുക്കോലുകൾ ദ്രവിച്ചും ചിതലുപിടിച്ചും തുടങ്ങിയിരിക്കുന്നു ഓടുകൾക്കു വിള്ളലുകൾ വീണിട്ടുണ്ട്.. ചുമരിലെ കുമ്മായം അടർന്നു പോയി പലയിടത്തും ചെങ്കല്ല് തെളിഞ്ഞു കാണാം.

മേൽക്കൂര പൊളിച്ചു മേയാൻ കുറെ നാളായി നളിനി പറയുന്നു. മനഃപൂർവം കണ്ണടക്കുകയാണ് ആഗ്രഹം ഇല്ലാതെയല്ല….കടവും കടപ്പാടുമായി കുറെയുണ്ട് തീർക്കാൻ.

അസഹ്യമായ തണുപ്പു കാലിലൂടെ അരിച്ചു കയറുന്നു. ഇത് എന്ത് നശിച്ച കാലമാണ്…. ഒരാഴ്ച്ചയായി തോരാത്ത മഴയാണ്. ആകെയുള്ള കറുത്ത കമ്പളം കിങ്ങിണിയെയും മണികുട്ടനെയും പുതപ്പിച്ചിരിക്കുകയാണ്.. രണ്ടു പേരും അരികിലായി കെട്ടിപിടിച്ചു ഉറങ്ങുന്നുണ്ട്. നളിനി തറയിൽ പായ വിരിച്ചാണ്കിടക്കുന്നത്..

നിറുത്താതെ പെയ്യുന്ന മഴയിൽ ഭൂമി നന്നായി തണുത്തിയിട്ടുണ്ട്..

ബെയറിങ് തേഞ്ഞു പോയഫാനിന്റെ കടകട ശബ്ദം മഴയുടെ ശബ്ദത്തിനെ ഭേദിക്കുന്നു.. കട്ടിലിൽ നിന്നും എഴുന്നേറ്റ് ഫാൻ ഓഫ്‌ ചെയ്തു. തണുപ്പിന് ചെറിയ ഒരു ആശ്വാസം.പുറത്തു മഴയുടെ ഇരമ്പൽ കേൾക്കാം..

ഇന്നലത്തെ കാറ്റിൽ മുറ്റത്തു നിന്ന പ്ലാവിന്റെ കൊമ്പ് ഒടിഞ്ഞു കറന്റ് കമ്പി പൊട്ടിയിരുന്നു.. അത്‌ ശരിയാക്കലും. പ്ലാവിന്റെ കൊമ്പ് വെട്ടിമാറ്റലും ഒക്കെയായി കുറച്ചു മഴ കൊണ്ടു.. നളിനിക്ക് ഇന്നലെ മുതൽ നല്ല തുമ്മലും ജലദോഷവുമുണ്ട്..

ജനലിലൂടെ അരിച്ചു വരുന്ന വെളിച്ചത്തിൽ നളിനി കിടക്കുന്നതു നോക്കി. വീട്ടിൽ ഞാൻ ഉടുക്കുന്ന ഒരു കൈലി മുണ്ടിനുള്ളിൽ ചുരുണ്ടു കൂടി അവൾ ഉറങ്ങുന്നു. തണുക്കുന്നുണ്ടാകും.

ആ തഴ പായയിൽ അവളോട്‌ ചേർന്ന് കിടന്നു.. കൈകൾ കൊണ്ടവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു.. അവൾ എഴുന്നേൽക്കാൻ ഉള്ള സമയം ആയിട്ടുണ്ട്.. കുറച്ചു സമയം എന്റെ അരികുപറ്റി കിടക്കാറുള്ളതാണ്.. ഇന്നെന്തു പറ്റിയാവോ…….. അവൾ ചെറുതായി വിറക്കുന്നുണ്ട് കൈത്തലം കൊണ്ട് നെറ്റിയിൽ തൊട്ടുനോക്കി… തീക്കട്ട യിൽ തൊട്ടപ്പോലെ നല്ല പനിയുണ്ട്..

നളിനി….നളിനി… മെല്ലെ വിളിച്ചു അവളിൽ നിന്നും ചെറിയ ഒരു ഞരക്കം മാത്രം.. ഈശ്വരാ…

വേഗം തന്നെ എണീറ്റു ലൈറ്റിട്ടു കിടപ്പറയുടെ വാതിൽ തുറന്നു ഇടനാഴിയിലെ ലൈറ്റ് ഓണാക്കി അടുക്കളയിലേക്കു കടന്നു.. ഗ്യാസ് സ്റ്റൗകത്തിച്ചു വെള്ളം തിളപ്പിക്കുവാൻ വച്ചു. ചെറു ചൂടോടെ കുറച്ചു പകർത്തി എടുത്തു.ബാക്കിയുള്ളത് തിളപ്പിക്കാൻ വെച്ച് തീകുറച്ചിട്ടു നളിനിക്കരികിലേക്കു ഓടിയെത്തി

ചെറിയ കഷ്ണം തുണി കീറിയെടുത്തു നനച്ചു നെറ്റിയിൽ ഇട്ടു… ടൗവൽ വെള്ളത്തിൽ മുക്കി പിഴിഞ്ഞ് മുഖവും കഴുത്തും കൈകാലുകളും തുടച്ചു… ചെറിയ കുളിരിൽഅവളുടെ ഉടൽ വിറ കൊണ്ടു. എന്റെ കൈകളെ അവളിലേക്ക്‌ ചേർത്തു പിടിച്ചു കൊണ്ടു വിതുമ്പി.

മോളെ.. പേടിക്കേണ്ട ഒന്നുമില്ല.. എന്തെ എന്നെ വിളിക്കാതിരുന്നേ.. പ്രദീപേട്ടാ.. അവൾ എന്നെ കെട്ടിപിടിച്ചു വിതുമ്പി

എനിക്ക് വയ്യാതെ വന്നാൽ ചേട്ടന് ബുദ്ധിമുട്ടാവില്ലേന്ന് തോന്നി.. എന്താ അങ്ങനെ തോന്നണേന്നറിയില്ല .

എനിക്ക് എന്ത് ബുദ്ധിമുട്ടാ മോളെ..ഇപ്പോൾ നോക്കു പനികൂടിയില്ലേ.. അതോന്നും സാരല്യ ചേട്ടാ…

അത്രക്ക് വയ്യാതായാൽ കുറച്ചു നേരം ഒന്ന് കൂടെണ്ടായാൽ മാത്രം മതി…..അത്‌ കുഞ്ഞിലേ കിട്ടിയ ശീലം ആണ്.. അച്ഛന്റെ കയ്യിനു..

ചെറുപ്പത്തിൽ എനിക്ക് പനി വരുമ്പോൾ ചുക്ക് കാപ്പി തന്നു എന്നെ കെട്ടിപിടിച്ചു കിടക്കും.. കുറച്ചു കഴിയുമ്പോഴേക്കും വിയർക്കും പനി മാറും..

അത്‌ പറയുമ്പോൾ ചെറിയ പുഞ്ചിരി അവളുടെ മുഖത്തു മിന്നി മാഞ്ഞു പോയി.. പിന്നെ കണ്ണ് നിറയിച്ചു..

വിഷമിക്കല്ലേ മോളെ ചേട്ടനിലെ..

തുണി നനച്ചിട്ട നെറ്റിയിൽ ഒന്ന് ചുംബിച്ചു അലസമായി പാറിപ്പറന്ന മുടിയിഴകളെ തഴുകി മാടി ഒതുക്കി… അവളുടെ കരങ്ങൾ കോണ്ട് എന്റെ കൈകളെ മുറുകെ ചേർത്തു പിടിക്കുന്നുണ്ടായിരുന്നു

മോളെ ഞാൻ മരുന്ന് വല്ലതും ഉണ്ടോന്നു നോക്കട്ടെ..

വേണ്ട മരുന്ന് വേണ്ട ചേട്ടാ…….

അതൊന്നും പറഞ്ഞാൽ പറ്റില്ല..

അവൾക്കു മരുന്ന് എന്ന് കേൾക്കുന്നത് തന്നെ അലർജിയാണ്.. അലമാരയിലുംഡപ്പികളിലുംനോക്കിയിട്ടും പരാസിറ്റാമോൾ ഗുളികയുടെ പൊടി പോലുമില്ല..

ഞാൻ ചുക്ക് കാപ്പി ഇട്ടു കൊണ്ടു വരാം…..

അടുക്കളയിലേക്കു ചെന്നപ്പോൾ വെള്ളം തിളച്ചു തീരാറായിരുന്നു. കുറച്ചുകൂടി വെള്ളം ഒഴിച്ച് തിളപ്പിച്ചു … അടുക്കള ചതുരംഗ കളം പോലെ… പല തരം ഡപ്പികൾ വലുതും ചെറുതും ഹോർലിക്സ്ഉം അങ്ങിനെ ചുക്കും കുരുമുളക്കും കണ്ടുകിട്ടാൻ കുറച്ചു പ്രയാസപ്പെട്ടു..

ചൂടോടെ രണ്ടിറക്കു കുടിപ്പിച്ചു.. തണ്ടൊടിഞ്ഞ താമര പോലെ ആയിരിക്കുന്നു… ഇന്നലെ വരെ ഈ കുടുംബത്തിലെ എല്ലാകാര്യങ്ങളും നോക്കി നടത്തിയവൾ.എന്റെ നെഞ്ചിൽ തളർന്നു കിടക്കുന്നു.. അവന്റെ കൈകളെ മുറുകെ പിടിച്ചുകൊണ്ടു കവിളുകളോട് ചേർത്തുവച്ചു

എതെ തണുക്കുന്നുണ്ടോ…

മ്മ്…..അവളിൽ നിന്നും ചെറിയ ഒരുമൂളൽ..

പനി മാറുമ്പോ ശരിയാവും…..

അവൾ ക്കരികിലേക്കു കിടന്നു ആ പനിച്ചൂടുള്ള ശരീരം എന്നെ വരിഞ്ഞു മുറുകി.. കൈകൾ കൊണ്ടവളെ ചേർത്തു പിടിച്ചു മുടിയിഴകളിൽ തലോടി.. അവൾ പതുക്കെ ഉറക്കത്തിലേക്കു വഴുതി വീണു..നളിനിയുടെ ഫോണിലെ അലാറം കേട്ടുകൊണ്ടാണ് ഞാൻ ഉറക്കമുണർന്നത്.നെറ്റിയിൽ തോട്ടു നോക്കി.. പനിക്ക് ചെറിയ കുറവ് വന്നിട്ടുണ്ട്.. കണ്ണീരിന്റെ ഉപ്പുരസമുള്ള കവിളിൽ ഒരുചുംബനം നൽകിയ ശേഷം വേഗം തന്നെ അടുക്കളയിലേക്കു നടന്നു

ചോറ് വക്കണം.. കുട്ടികൾക്ക് സ്കൂളിൽ പോവാനുള്ളതാണ്

പിന്നെ എന്തെങ്കിലും പലഹാരം.. കലത്തിൽ വെള്ളമെടുത്തുവച്ചു പുകയില്ലാത്ത അടുപ്പിൽ തീ കൂട്ടി…

വിറകു മുഴുവൻ നനഞ്ഞിട്ടുണ്ട് ശരിക്കും കത്തി പിടിക്കുന്നില്ല..

അപ്പോഴേക്കും അവളെണീറ്റു വന്നു മുഖത്തു നല്ല ക്ഷീണം ഉണ്ട്..

പോയി കിടന്നോ മോളെ ഞാൻ നോക്കി കൊള്ളാം…

ആ അടുപ്പ് അങ്ങിനെ കത്തില്ല ചേട്ടാ… ഞാൻ തന്നെ എത്ര പ്രയാസപ്പെട്ട കത്തിക്കുന്നെ…

അവൾ കുറച്ചു വിറക് എടുത്തു മാറ്റി നാല് കീറുചൂട്ട് രണ്ടായി മടക്കി അടുപ്പിലേക്ക് വച്ചു.. എണ്ണ മുക്കിയ ഒരുകീറു തുണി ചിരട്ടയിൽ വച്ചു കത്തിച്ചു അടുപ്പിലേക്ക് വച്ചു…വിറകു ചൂടായി കത്തിപിടിച്ചു …..

ഞാൻ സ്വീകരണമുറിയിൽ നിന്നും കസേര കൊണ്ടുവന്നു..

ഇവിടെ ഇരിക്കൂ പണിയൊക്കെ ഞാൻ ചെയ്തൊളാം…..വേണ്ട ചേട്ടാ പനി കുറവുണ്ട്..

അതൊന്നും പറഞ്ഞാൽ പറ്റില്ല… അവിടെ ഇരിക്കൂ…

അവളെ അതിൽ പിടിച്ചു ഇരുത്തി ഓരോ പണിയും ചെയ്യുമ്പോൾ അവൾ സ്നേഹത്തോടെ അടുക്കളയിലെ പാഠങ്ങൾ പറഞ്ഞു തന്നുകൊണ്ടിരുന്നു.. ഇത് വരെ പഠിക്കാത്ത ഒരുപാട് പാഠങ്ങൾ.. ദോശ ഉണ്ടാക്കിയപ്പോൾ ഒന്നുരണ്ടെണ്ണം ശരിയായില്ല.. തന്റെ അടുത്ത് വന്നു ചേർന്ന് നിന്ന് അവൾ ദോശ പരതി തന്നു.. എത്ര കലാപരമായിട്ടാണ് അവളതു ചെയ്യുന്നത്..

അത്ഭുദം തോന്നി.. തന്റെ കൈ പിടിച്ചു ഈ വീട്ടിലേക്കു കയറി വരുമ്പോൾ ഒരു ചായഇടാൻ പോലും ശരിക്കും അറിയില്ലായിരുന്നു. അമ്മയെ മയക്കി അവളെല്ലാം പഠിച്ചെടുത്തു.. മരിക്കുന്നതു വരെ അമ്മയെ നന്നായി തന്നെ നോക്കി.. രണ്ടുപേരും വഴക്ക് കൂടുന്നത് ഒരിക്കലും കണ്ടിട്ടില്ല.

എന്നെയും നളിനിയെയും കാണാത്തതു കൊണ്ടാവും കിങ്ങിണി ചിണുങ്ങി കൊണ്ടാണ് എണീറ്റു വന്നതു. അടുക്കളയിൽ എന്നെ കണ്ടപ്പോൾ അവൾ തെല്ലൊന്നു അമ്പരന്നു.. ഞാൻ പാത്രം കഴുകുന്നതും കറിക്കു അരിയുന്നതും എല്ലാം കൗതുകത്തോടെ നോക്കിനിന്നു..

അച്ഛനെന്തിനാ ഇതൊക്കെ ചെയ്യുന്നേ…….. അവളുടെ മുഖത്തു ഒരു കുസൃതി ചിരി.

മ്മ്…. നടക്ക്‌ പല്ല് തേക്കാൻ.. നളിനി അവളെ ഉന്തി തള്ളി വിട്ടു.

മക്കളെ രണ്ടു പേരെയും ഒരുക്കിയപ്പോൾ അവർക്കു ഒരുപാട് സന്തോഷം.. എന്നും ഇനി അച്ഛൻ ഒരുക്കിയാ മതി…

അതൊക്കെ ചെയ്യാം……… രണ്ടാളും ചായ കുടിക്കു..

കുട്ടികളെ ഒരുകണക്കിന് ഒരുക്കി സ്കൂളിലേക്ക് അയച്ചു.. നളിനിക്ക് പിന്നെയും പനി കൂടി വരുന്നു….സമീറ താത്തയുടെ വീട്ടിൽ പോയി പാരാസിറ്റാമോൾ ഉണ്ടോന്നു ചോദിച്ചു…

എന്തെ പ്രദീപേ ആർക്കാ പനി… നളിനിക്കാണ് ഇത്താ..

ആ പെണ്ണിന്നലെ മുഴുവൻ മഴയതായിരുന്നു…… ഞാൻ പറഞ്ഞതാ മഴവെള്ളം തലയിൽ വീഴ്ത്തല്ലെന്നു..

മരുന്നുമായി വേഗം വീട്ടിലേക്കു പൊന്നു.. മഴ ഇപ്പോഴും പൊടിയുന്നുണ്ട്..

മോളെ കുറച്ചു കഞ്ഞി കുടിക്ക്.. മരുന്ന് കഴിക്കാനുള്ളതാണ്.

മരുന്ന് എന്ന് കേട്ടപ്പോഴേ അവൾ ചിണുങ്ങാൻ തുടങ്ങി. നിർബന്ധിച്ചു മൂന്നു നാല് സ്പൂൺ കഞ്ഞി കുടിപ്പിച്ചു.. ഒന്ന് ശാസിക്കേണ്ടിയും വന്നു മരുന്ന് കഴിക്കാൻ..

ഇനി കുറച്ചു സമയം കിടന്നോളു.. ഉറങ്ങി എഴുന്നേറ്റാൽ പനിമാറും..

അവളെ കട്ടിലിലേക്ക് കിടത്തി… അവളുടെ കണ്ണുകൾ എന്റെ മുഖത്തേക്ക് തന്നെ നോക്കുന്നു…

എന്തെ ഇങ്ങനെ നോക്കുന്നെ…..

കുറച്ചു നേരം എന്റെ അടുത്തിരിക്കാമോ.. അവളോട്‌ ചേർന്നിരുന്നു നെറ്റിയിൽ ചുംബിച്ചു….

എന്നോട് ദേഷ്യപ്പെട്ടാലും ചീത്ത പറഞ്ഞാലും സ്നേഹത്തോടെ രണ്ടു വാക്കുപറഞ്ഞാ മതി.. അതു മതി എന്റെ സന്തോഷതിന്..

വിഷമിക്കേണ്ട ഞാൻ എവിടെയും പോകുന്നില്ല പോരെ…

അവളുടെ പനി ചൂടിലേക്ക് ചേർന്കിടന്നു…പതുക്കെ നിദ്രയിലേക്ക്…

രചന: രെജിൻ മുരളീധരൻ

Leave a Reply

Your email address will not be published. Required fields are marked *