കൊതിയൻ…

രചന: ബിന്ധ്യ ബാലൻ

“ഇയ്യെന്താടാ ഇന്ന് ഉസ്ക്കൂളിലൊന്നും പോണില്ലേ… കടുംകാപ്പി അനത്തി ലോട്ടെലൊഴിച്ചു വച്ചിട്ടൊണ്ട്. എട്ത്ത് കുടിച്ചേച്ചു പോകാൻ നോക്ക്..

ഇന്നാ പുത്തമ്പറമ്പിലെ ഔത മൊതലാളീടെ വീട്ടിലും പണിയൊണ്ട്….നേരത്തെ പോണം ”

രാവിലേ ഉറക്കമുണർന്നു, ചാണകം മെഴുകിയ ഉമ്മറത്ത്, താടിക്കു കയ്യും കൊടുത്ത് വഴിയിലേക്ക് നോക്കിയിരിക്കുമ്പോഴാണ് മുറ്റമടിച്ചു കൊണ്ടിരുന്ന അമ്മ എന്നോട് പറഞ്ഞത്.

അമ്മ പറഞ്ഞത് ശ്രദ്ധിക്കാതെ ഞാൻ ആ ഇരുപ്പ് തുടർന്നു. മുറ്റത്തു ചിക്കിപ്പെറുക്കണ പൂവൻ കോഴിയോട് അന്നേരം വെറുപ്പ് തോന്നിയെനിക്ക്.

“ടാ ചെക്കാ..അമ്മ എറങ്ങുവാ. എന്റെ മക്കള് ഉസ്കൂളിൽ പോകാൻ നോക്ക്. യൂണിഫോം അമ്മ തെക്കേ അയേല് അലക്കി ഇട്ടിട്ടൊണ്ട്.. ”

വീണ്ടും അമ്മയുടെ സ്വരം.അമ്മ ഇത്ര വേഗം ഒരുങ്ങിയോ.. എല്ലാ പണികളും എത്ര വേഗത്തിലാണ് അമ്മ ചെയ്യുന്നത്… അത്ഭുതം തോന്നിയെനിക്ക്. നരച്ച സാരി വരിച്ചുറ്റിയുടുത്ത് കയ്യിലൊരു കടലാസ് പൊതിയുമായി മുറ്റത്തേക്കിറങ്ങിയ അമ്മ എന്റെ നെറ്റിയിലൊരുമ്മ തന്നിട്ട് പറഞ്ഞു

“ഉച്ചയ്ക്ക് ന്റെ മോൻ ഇച്ചിരി മൊളക് കൂട്ടി ചോറ് തിന്ന്ട്ടോ.. അമ്മ വൈകുന്നേരം വരുമ്പോ, മത്തായി മാപ്പ്ളേടെ കടേന്ന് മോന് ഉണ്ടമ്പൊരീം വട്ടേപ്പോം മേടിച്ചോണ്ട് വരാം ”

ഞാൻ ഒന്നും മിണ്ടിയില്ല. ഇന്നും ഉച്ചയ്ക്ക് ചോറിനു കൂട്ടാനൊന്നുമില്ല. അത് പറയാൻ മടിയായിട്ടാ പലഹാരം വാങ്ങിക്കൊണ്ട് വരാമെന്നു പറയുന്നത്.

അമ്മ പോയിക്കഴിഞ്ഞു പതുക്കെ ഞാൻ എഴുന്നേറ്റു കിണറ്റുകരയിൽ ചെന്ന് ചെമ്പിൽ വെള്ളം കോരി നിറച്ച് കുളിച്ചു. തണുത്ത വെള്ളം തല വഴി വീണപ്പോൾ ഷോക്കടിച്ചത് പോലെയാണ്

തോന്നിയത്. വെള്ളത്തിൽ നിന്നാണ് കറൻറ് ഉണ്ടാക്കുന്നതെന്ന് പഠിപ്പിക്കുന്ന വേണു മാഷിനെ ഓർമ്മ വന്നു അപ്പൊ.

കുളിച്ച്, അമ്മ അയയിൽ വിരിച്ചിട്ട യൂണിഫോം ഇട്ട്, ഓല മേഞ്ഞ ഇറയത്തു ചാരി വച്ച കുഞ്ഞ് കണ്ണാടിയിൽ നോക്കി മുടി ചീകുമ്പോൾ, മഞ്ഞക്കറ പിടിച്ചു തുടങ്ങിയിട്ടും, അമ്മയുടെ

കുത്തിപിഴിയലിൽ ഞെങ്ങിയും ഞരങ്ങിയും വെളുക്കെ ചിരിക്കാൻ പണിപ്പെടുന്ന യൂണിഫോം ഷർട്ടിൽ നോക്കി നെടുവീർപ്പിട്ടു ഞാൻ. ഈ കൊല്ലം മുഴുവൻ ഈ ഒന്ന് കൊണ്ട് വേണം സ്കൂൾ കഴിയാൻ.

സങ്കടങ്ങൾ ഒരു നെടുവീർപ്പിലൊതുക്കി പുസ്തകങ്ങളെല്ലാം തോൾസഞ്ചിയിലാക്കി സ്കൂളിലേക്ക് ഒരോട്ടമായിരുന്നു . ഒന്നര കിലോമിറേറ്ററോളം നടക്കണം സ്കൂളിലേക്ക്. വൈകിപ്പോകുന്ന സ്കൂൾ

ദിനങ്ങളിൽ, ഒന്നരക്കിലോമീറ്റർ ദൂരത്തെ മിനിറ്റുകൾ കൊണ്ട് ഓടിത്തീർക്കുമ്പോൾ ഞാൻ ഓർക്കും, ഈ ലോകത്തെ ഏറ്റവും നല്ല ഓട്ടക്കാരൻ ഞാനാണെന്ന്. ഓട്ടത്തിന് വേഗം തരുന്ന

ഇന്ധനമായിരുന്നല്ലോ അന്നൊക്കെ പട്ടിണിയും വിശപ്പും.. മൂന്ന്‌ നേരം പോയിട്ട് ഒരു നേരം പോലും വയർ നിറയെ ഉണ്ണാനില്ലാത്ത അവസ്ഥ…. മുളകിടിച്ചത് മാത്രം ചോറിന് കൂട്ടാനാക്കി, ചോര തൂറ്റുന്ന ദിവസങ്ങൾ..

നാട്ടിലെ ഏറ്റവും വലിയ കാശുകാരൻ ഇട്ടിച്ചൻ മുതലാളീടെ മോൻ ജോക്കുട്ടനും ഞാനും അന്ന് ക്ലാസ്സിൽ ഒന്നിച്ചാണ്. അവനൊരിക്കൽ നല്ല കോഴിമുട്ട പൊരിച്ചത് ക്ലാസ്സിൽ കൊണ്ട്

വന്നപ്പോ, ഒരു കഷ്ണം എനിക്ക് തന്നു. അന്നാണ് ആദ്യമായി മുട്ടപൊരിച്ചത് ഞാൻ കാണുന്നത്. എന്തായിരുന്നു സ്വാദ്.. നല്ല കുരുമുളക് പൊടിയിട്ട് വെളിച്ചെണ്ണയിൽ പൊരിച്ചെടുത്ത ആ

മുട്ടയുടെ രുചി ഇപ്പോഴും നാവിലുണ്ട്. ചോറിന് കൂട്ടാനാക്കുന്ന മുളകിടിച്ചതിൽ ഒരിറ്റ് വെളിച്ചെണ്ണയൊഴിക്കാൻ പറ്റുന്നത് തന്നെ വല്ലപ്പോഴും സംഭവിക്കുന്ന ഭാഗ്യമായി

കാണുന്നൊരുവന് കോഴിമുട്ട പൊരിച്ചതൊക്കെ ഒരു കിട്ടാക്കനി തന്നെയായിരുന്നു.

ഒരു ദിവസം ഉച്ചയ്ക്ക് ചോറുണ്ണാൻ വീട്ടിലേക്ക് വരുമ്പോ, മെയിൻ റോഡിൽ നിന്ന് വെട്ട് വഴിയിലേക്ക് കയറുമ്പോഴാണ്, എന്തോ ഒന്നിൽ വെയിൽ തട്ടി ഒരു പൊട്ട് വെളിച്ചം

കണ്ണിലടിച്ചത്. നോക്കിയപ്പോൾ എന്തോ ഒന്ന് വെയിലിൽക്കിടന്നു തിളങ്ങുന്നു. ചെന്ന്‌ നോക്കിയപ്പോ ആരുടെയോ കയ്യിൽ നിന്ന് പോയ ഒരൊറ്റ രൂപയുടെ തുട്ടാണ്. മണ്ണിൽ

നിന്നെടുത്ത് കൈവെള്ളയിൽ ചേർത്ത് പിടിച്ച് ഞാൻ നടന്നു.. ആരും വഴിയിൽ അതന്വേഷിച്ചു വന്നില്ല.. എനിക്കെന്തോ സന്തോഷം തോന്നി.. നേരെ കണാരേട്ടന്റെ പലചരക്കു കടയിൽ

നിന്ന് ഒരു കോഴിമുട്ട വാങ്ങി. അൻപതു പൈസയാണ് ഒരു മുട്ടയ്ക്ക് അന്ന്. കണാരേട്ടനോട് ബാക്കി പിന്നെ തരാമെന്നും പറഞ്ഞു ശേഷിച്ച പൈസയ്ക്ക് ഒരു തുടം വെളിച്ചെണ്ണയും വാങ്ങി

വീട്ടിലേക്ക് ഒരോട്ടമായിരുന്നു ഞാൻ. ഇന്ന് മുട്ട പൊരിച്ചു കൂട്ടി ചോറുണ്ണാല്ലോ.ഏറെ നാളായുള്ള കൊതി.. അന്നാദ്യമായി, വീട്ടിലേക്കുള്ള ദൂരം ഒത്തിരി കൂടുതൽ ആണെന്ന് തോന്നിയെനിക്ക്.

ഒരു വിധം ഓടിയണച്ച് വീട്ടിലെത്തി, കിണറ്റിൽ നിന്നൊരു തൊട്ടി വെള്ളം കോരി കയ്യും മുഖവും കഴുകി അടുക്കളയിൽ കയറി അടുപ്പിൽ ചുള്ളിക്കമ്പുകൾ ഒടിച്ചു വച്ച് മുട്ട

പൊരിക്കാനുള്ള ചീനച്ചട്ടി എടുത്ത് അടുപ്പിൽ വച്ച്, കാൽചട്ടയുടെ പോക്കറ്റിൽ കയ്യിട്ട് മുട്ടയെടുക്കുമ്പോഴാണ് ഞാൻ ഞെട്ടിയത്.. വീട്ടിലേക്കുള്ള ഓട്ടത്തിനിടയിൽ ഒന്ന് കാലു തട്ടി

വീണായിരുന്നു… മെല്ലെ പോക്കറ്റിൽ നിന്ന് ഞാൻ കയ്യെടുത്തു. പൊട്ടിയ മുട്ടയുടെ കുറച്ചു തോടും കലങ്ങിയ മഞ്ഞക്കരുവും കൈയാകെ പുരണ്ടിരിക്കുന്നു.ഒന്നും മിണ്ടാതെ, മെല്ലെ

പുറത്തിറങ്ങി കിണറ്റുകരയിൽ ചെന്ന്‌ പൊട്ടിയ മുട്ടയിൽ കുതിർന്ന കാൽച്ചട്ടയൂരി ചെമ്പിലിട്ട് വെള്ളം കോരിയൊഴിച്ചു കുത്തിത്തിരുമ്മി പിഴിഞ്ഞ് അയയിൽ വിരിച്ചിട്ട്, ഒരു തോർത്ത്‌

മുണ്ടെടുത്തു ഉടുത്ത്, അടുക്കളയിൽ ചെന്ന് കുപ്പിപ്പിഞ്ഞാണത്തിൽ ചോറ് കോരിയിട്ട് കുറച്ചു ഉപ്പും മുളക് പൊടിച്ചതും തൂവി നേരെ ഉമ്മറത്തു വന്നിരുന്നു ഞാൻ.

ഒരു പിടി ചോറ് വാരി വായിൽ വച്ചതും, അത്രയും നേരം അടക്കിപ്പിടിച്ചതിൽ നിന്നൊരു തുള്ളി കണ്ണുനീർ പിഞ്ഞാണത്തിലേക്ക് വീണു. മുട്ട പൊരിച്ചത് പോലും അന്നൊരു സ്വപ്നമായി മാത്രം കാണാൻ വിധിക്കപ്പെട്ട ഒരാറാംക്ലാസുകാരന്റെ കണ്ണുനീർ ആ റേഷനരിച്ചോറിനെ നനച്ചു കൊണ്ടിരുന്നു

ഇടംകൈ കൊണ്ട് കണ്ണുകൾ തുടച്ചും, മൂക്ക് തുടച്ചും അങ്ങനെ ചോറ് വാരികഴിക്കുമ്പോഴാണ് തെക്കേലെ പാറുവമ്മ ആ വഴി വന്നത്..

“ഇയ്യെന്താടാ വിച്ചുവെ ഉമ്മറത്തിരുന്നു കരയണത്…. മൊളകിടിച്ചേന്റെ എരികൊണ്ടാണോ.. സാരല്യാ… ഇച്ചിരി വെള്ളം കുടിക്ക്..ന്നിട്ട് തിന്നേച്ചും വേം പോകാൻ നോക്ക്…. ”

പാറുവമ്മ അതും പറഞ്ഞു കൂനിക്കൂടി നടന്ന് പോയി.പാറുവമ്മയ്ക്ക് എന്തറിയാം… പൊട്ടിപ്പോയത് ഏറെ നാളത്തെ കൊതിയാണെന്നും, ആ സങ്കടമാണ് കണ്ണിൽ നിന്നൊഴുകുന്നതെന്നും പാറുവമ്മയ്ക്ക് എങ്ങനാ പറഞ്ഞു കൊടുക്കുന്നത്..

കുടുകുടാ ഒഴുകുന്ന കണ്ണീരിനെ കൈ കൊണ്ട് തുടച്ചു, പിണഞ്ഞാണവുമായി അടുക്കളപ്പുറത്തേക്കിറങ്ങി, അവശേഷിച്ച ചോറ് കോഴിക്ക് ഇട്ടു കൊടുത്തിട്ട്, അയയിൽ നിന്ന് പാതിയുണങ്ങിയ കാൽച്ചട്ടയെടുത്തിട്ട്, കയ്യും മുഖവും കഴുകി ഞാൻ തിരിച്ച് സ്കൂളിലേക്കോടി….

“ണിം ണിം ണിം…. ”

ഓർമ്മയിലൊരു മണികിലുക്കം… ഞെട്ടിയുണർന്നപ്പോൾ, എന്റെ കയ്യിൽ പിടിച്ച് വലിച്ച് ചിണുങ്ങി നിൽക്കുന്ന അഞ്ച് വയസുകാരി ജാൻവിയേയാണ് കണ്ടത് . ഓരോന്നോർത് കിടന്ന്

ഉറങ്ങിപ്പോയതാണ് എപ്പോഴോ. അല്ലെങ്കിൽ തന്നെ ഒന്നോ രണ്ടോ മാസത്തെ ലീവിന് നാട്ടിൽ വരുന്ന എന്നെപ്പോലുള്ള എല്ലാ പ്രവാസികൾക്കും മെയിൻ ഹോബി ഈ ഉച്ചയുറക്കം ആണല്ലോ..

“അച്ഛന്റെ മോളെന്തിനാ കരയണേ.. അമ്മ തല്ലിയോ? ”

ജാൻവിയെ എടുത്ത് മടിയിലിരുത്തി അവളുടെ നെറുകയിൽ തലോടി ഞാൻ ചോദിക്കവേ അടുക്കളയിൽ നിന്ന് പ്രിയതമയുടെ മറുപടി

“ഫ്രിഡ്ജിലിരുന്ന മുട്ട മുഴുവൻ പുന്നാരമോളെടുത്തു പൊട്ടിച്ചു..ഇന്നാള് ഒരെണ്ണം ന്റെ കയ്യീന്ന് വീണ് പൊട്ടീത് കണ്ട് കൈ കൊട്ടി ചിരിക്കണത് കണ്ടപ്പഴേ ഞാൻ വിചാരിച്ചതാ..പെണ്ണ് അത്

നോട്ടമിട്ടിട്ടുണ്ടെന്നു അച്ഛന്റെ മുട്ടക്കൊതി എന്താണേലും മോൾക്ക്‌ കിട്ടീല്ല…അവൾക്ക് അത് പൊട്ടിച്ചു കളിക്കാനാ ഇഷ്ടം.. എന്റെ വിഷ്ണുവേട്ടാ എത്ര കറിയൊണ്ടേലും മുട്ട പൊരിച്ചത്

ഇല്ലേ ചോറിറങ്ങൂല്ലന്നുള്ള സ്വഭാവം എവിടുന്നാണാവോ കിട്ടിയേ വിഷ്ണുവേട്ടന്..പൊന്ന് കൊണ്ട് പുളിശ്ശേരി വച്ച് കൊടുത്താലും, ആ ഇലയുടെ അറ്റത്ത് ഒരു കഷ്ണം മുട്ടപൊരിച്ചത് വേണം.. ഇങ്ങനെയൊരു കോഴിമുട്ടക്കൊതിയൻ…”

ഒന്നും മിണ്ടാതെ ഞാൻ വെറുതെ ചിരിച്ചു…. കാലം എത്ര വേഗമാണ് മുന്നോട്ടോടിയത്. കുഞ്ഞുന്നാളിലെ പട്ടിണിയിൽ ഞാൻ കണ്ടിരുന്ന സ്വപ്നമായിരുന്നു ഒരു കഷ്ണം മുട്ടപൊരിച്ചത്

കൂട്ടി ചോറുണ്ണുന്നതെന്ന് പറഞ്ഞാൽ.. അന്നേ മനസ്സിൽ വേരുറച്ചു പോയൊരു കൊതിയാണതെന്നു പറഞ്ഞാൽ… അന്നത്തെ ആ ഇല്ലായ്മയിൽ നിന്ന്,ഇന്നിന്റെ നിറവിലേക്കെത്തി നിൽക്കുമ്പോഴും, ഇന്നുമെന്റെ

നെഞ്ചകം പൊള്ളിക്കുന്ന ഓർമ്മയാണ് പൊട്ടിയ ആ കുഞ്ഞ് കോഴിമുട്ടയും, കണ്ണീരിൽ കുതിർന്ന റേഷനരിച്ചോറുമെന്ന് പറഞ്ഞാൽ അവൾക്കതൊക്കെ എങ്ങനെ മനസിലാവാനാണ്….

രചന: ബിന്ധ്യ ബാലൻ

Leave a Reply

Your email address will not be published. Required fields are marked *