ഗേൾ ഫ്രണ്ട്സ്

രചന : ഹുസ്ന പ്രവീൺ

“നിന്നെ ഞാൻ കുറച്ചുനേരായി ശ്രദ്ധിക്കുന്നു… എന്താ പ്രശ്നം ? വീണ്ടും പഴേത് തന്നെയാണോ ?

ദേ… നോക്ക് സോഫി…ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്… എനിക്കൊരു തെറ്റ് പറ്റിപ്പോയതാണെന്ന്.. ഇനി ആവർത്തിക്കില്ലാന്ന് നമ്മളെ മക്കളെ തൊട്ട് സത്യവും ചെയ്തതാ… എന്ന്ട്ടും നീ…. ഇനി എന്താ ഞാൻ നിന്നെ വിശ്വസിപ്പിക്കാൻ ചെയ്യണ്ടേ ?”

അലക്സ് കയ്യിലിരുന്ന തന്റെ ബാഗ് മേശപ്പുറത്തേക്കെറിഞ്ഞു… സോഫയിൽ തലയിൽ കൈ വെച്ചു നിവർന്നു കിടന്നു…. ഓഫീസിലെ ജോലിയും ഈ പ്രശ്നങ്ങളും കടുത്ത തലവേദന അയാൾക്കുണ്ടാക്കി…

സോഫി ഒന്നും പറഞ്ഞില്ല… നിയസഹായതയോടെ അവളുടെ മൊബൈൽ അയാളുടെ അടുത്തേക്ക് വെച്ചു നടന്നുപോയി….

അലക്സ് എഴുന്നേറ്റ് ഇരുന്നു… ഫോൺ എടുത്തു നോക്കി .. അയാളുടെ കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി….

ജീവിതം അതിന്റെ വഴിക്കങ്ങനെ പോയ്കൊണ്ടിരിക്കുകയായിരുന്നു… പെട്ടെന്നെപ്പോഴോ ചില കള്ളത്തരങ്ങളിൽ പെട്ടു. അതൊരു വലിയ തെറ്റല്ലെന്ന് സ്വയം മനസിലുറപ്പിച്ചു ….

ഓഫിസിലും വീട്ടിലുമുള്ള ഒഴിവു വേളകളിലെല്ലാം മൊബൈൽ ആയിരുന്നു പ്രധാന കൂട്ട്… ഫേസ്ബുക്കിൽ പറയത്തക്ക ഫ്രണ്ട്‌സ് ഒന്നും ഇല്ലാ…അതും നീക്കി അങ്ങനെ സമയം കളയും.. അവൾക്കാണേൽ ഏതു നേരവും പണിയാണ്… ഇല്ലേൽ മക്കളെ കാര്യം നോക്കൽ .. ഒന്ന് മിണ്ടാൻ കൂടി നേരല്ല … ആകെ ഒഴിവുള്ളത് രാത്രി കിടക്കാൻ നേരം മാത്രം… അവള് വരുമ്പോഴേക്കും ഞാൻ ഉറങ്ങിയിട്ടും ഉണ്ടാവും…. എന്നാലും അവൾക്കൊരു പരാതിയുമില്ല… എന്നെ ഒരുപാട് ഇഷ്ടവുമാണ്..

അങ്ങനെയിരിക്കെയാണ് ഫേസ്ബുക്കിൽ ഒരു റിക്വസ്റ്റ് വന്നത്…ഒരു അമേരിക്കകാരെത്തി…. പ്രത്യേകിച്ചൊന്നും തോന്നിയില്ല..അക്‌സെപ്റ്റ് ചെയ്തു.. വെറുതെ ഒരു ടൈം പാസ് ആവല്ലോ….. ബോറടി മാറും…. പിന്നീടങ്ങോട്ട് അവരുമായുള്ള ചാറ്റിങ് ആയിരുന്നു…( ഒരു തരം ചീറ്റിങ്ങ് എന്നും പറയാം….. )

അവരിങ്ങോട്ട് പലപ്പോഴായി മെസ്സേജുകൾ അയച്ചുകൊണ്ടിരുന്നു… ഞാൻ അങ്ങോട്ടും…. പിന്നീടിതുപോലെ മറ്റു ചിലരോടും കൂട്ടായി…. അത് പിന്നെ ഫോട്ടോ, വീഡിയോ കോൾ അങ്ങനെ പലതിലേക്കും മാറി… സോഫി അറിയാതെയായിരുന്നു ഇതെല്ലാം….

ഇതുവരെ എന്നെ സംശയിക്കത്തക്ക സാഹചര്യങ്ങളൊന്നും ഞാൻ ഉണ്ടാക്കിയിട്ടില്ല… അതോണ്ട് അവളൊട്ട് സംശയിച്ചതൂല്ല..ആ അവസരം ഒരു തരത്തിൽ ഞാൻ മുതലാക്കു കയായിരുന്നു….. .

ദിവസങ്ങൾ അങ്ങനെ പൊയ്ക്കൊണ്ടിരുന്നു.. പക്ഷെ ഒരിക്കൽ എന്റെ കള്ളത്തരങ്ങളെല്ലാം അവൾ കണ്ടുപിടിച്ചു… ഓഫീസിൽ പോവാനായി കുളിക്കാൻ കയറിയപ്പോൾ ഒരു കോൾ വന്നു…. അവളാണത് എടുത്തത്…നമ്പരാണ് …

“ഹലോ ”

മറുതലയ്ക്കൽ നിശബ്ദത…

“ഹലോ… ആരാ ?”

ഒന്നും മിണ്ടുന്നില്ല… കോള് കട്ടാക്കുകയും ചെയ്തു…

സോഫികെന്തോ സംശയം തോന്നി.. തിരിച്ചു വിളിക്കാൻ നോക്കിയപ്പോൾ ഫോണിൽ പാസ്‌വേഡ് ലോക്ക് കാണിച്ചു…

“ഇതെന്താ ഇപ്പൊരു ലോക്ക്… ?..ഇതിനുമുന്നെ ഇങ്ങനൊന്നും ഉണ്ടായിരുന്നില്ലല്ലോ… അപ്പോ എന്തോ ഉണ്ട്… വരട്ടെ.. ചോദിക്കാം… ”

സോഫി അവിടെത്തന്നെ ഇരുന്നു… മൊബൈൽ ബെഡിൽ വെച്ചു….

കുളിയൊക്കെ കഴിഞ്ഞു അലക്സ് വന്നു..

“ഇച്ചായോ…. ഈ ഫോണിന്റെ ലോക്കൊന്ന് തുറന്നേ…. എനിക്കൊന്ന് വീട്ടിലേക്ക് വിളിക്കാനാണ്….എന്റെ ബാലൻസ് തീർന്നു… ”

അലക്സ് ഒന്ന് ഞെട്ടി …. പരിഭ്രമം പുറത്തു കാണിക്കാതെ അയാൾ അതെടുത്തു…

“പിള്ളേരെപ്പോഴും ഫോണെടുത്തു കളിയാ…ലോക്ക് വെച്ചാലേ രക്ഷയുള്ളൂ….. ”

ലോക്ക് തുറന്നു സോഫിക് കൊടുത്തു….. ഡ്രസ്സ് മാറാൻ തുടങ്ങി…..

“ഏയ്… അവളതൊന്നും ശ്രദ്ധിക്കില്ല….. ”

സോഫി നമ്പർ ഡയൽ ചെയ്യാനെന്ന വ്യാജേന ഫോൺ പരിശോധിച്ചു…. അവൾക്ക് തല കറങ്ങുന്ന പോലെ തോന്നി….. ഒരുപാട് മെസ്സേജുകൾ.. ഫോട്ടോകൾ… വീഡിയോ കോളുകൾ…. അതും ഒരുത്തി അല്ലാ…. പലരുമായിട്ടും…. അവൾക്ക് ദേഷ്യം ഇരച്ചു കയറി…. ആ ഫോൺ എറിഞ്ഞുടയ്ക്കാൻ തോന്നി… പക്ഷെ അവൾ ക്ഷമയോടെ സഹിച്ചു നിന്നു….. കണ്ണിൽ വെള്ളം നിറയുന്നുണ്ടായിരുന്നു… അയാൾ കാണാതെ അതവൾ തുടച്ചു….

“എന്താ സോഫി… കിട്ടുന്നില്ലേ… ?”

“മ്.. കിട്ടി… ഒരുപാട് കിട്ടി ”

അലക്സ് ഒന്നുമറിയാത്ത പോലെ അവളെ നോക്കി….

“എത്ര കാലായി ഈ പരിപാടി തുടങ്ങിയിട്ട്.. ?”

“നീ എന്താ ഈ പറയുന്നേ ??”

സോഫി അയാളുടെ നേരെ മൊബൈൽ തിരിച്ചു പിടിച്ചു….

ഇനി രക്ഷയില്ലെന്ന് അയാൾക്ക് മനസ്സിലായി…. വാക്കുകൾ കിട്ടാതെ ഒന്ന് പരതി ….

“സോഫി…. അത്…. ഞാൻ…… അത് നീ വിചാരിക്കുന്ന പോലെ ഒന്നും ഇല്ലാ…. വെറുതെ ഒരു തമാശക്ക്… ”

“ഹോ… ഞാൻ വിചാരിക്കുന്ന പോലെ അല്ല… അതിനപ്പുറത്തേക്ക് അല്ലേ ??…. ശ്ശെ….. എങ്ങനെ തോന്നി നിങ്ങൾക് എന്നോടിങ്ങനെ ചെയ്യാൻ ?”

“സോഫി… നീ കാര്യം മനസിലാവാതെ ഓരോന്ന് പറയരുത്… അത്ര വല്യ തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല…ഇവരൊക്കെ എന്റെ ഫ്രണ്ട്‌സ് ആണ്. . ”

“അതേ… തെറ്റുകാരി ഞാൻ ആണ്… ഞാൻ അത്രക്ക് നിങ്ങളെ വിശ്വസിച്ചു… സ്നേഹിച്ചു… ആ മറവിൽ നിങ്ങളിങ്ങനെയൊക്കെ ചെയ്തു…. ആണും പെണ്ണും തമ്മിലുള്ള ഒരു സൗഹൃദം ആണോ ഇത് ??ആയിരുന്നേൽ എനിക്കൊരു കുഴപ്പവും ഇല്ലായിരുന്നു…. ഒരുപാട് നല്ല കൂട്ടുകാരെ ഞാൻ കണ്ടിട്ടുണ്ട്….പക്ഷെ ഇത്…. ”

“സോഫി… നിനക്കുമില്ലേ സുഹൃത്തുക്കൾ… അവരൊക്കെ നിന്നോട് ചാറ്റ് ചെയ്യുമ്പോൾ ഞാൻ എന്തെങ്കിലും ചോദിക്കാറുണ്ടോ ??”

“അതേ…. എനിക്കുമുണ്ട് ആൺസുഹൃത്തുക്കൾ .. അവരോട് ഞാൻ സംസാരിക്കാറുമുണ്ട്… പക്ഷെ ഒരുപരിധി വിട്ട് ഞങ്ങളാരും പോവാറില്ല… പോയാൽ തന്നെ ഒന്നുകിൽ തെറ്റ് ചെയ്ത ആളോട് ഇനി ഇങ്ങനെ ആവർത്തിക്കരുതെന്ന് തുറന്നു പറയും…. അതുകൊണ്ടും ശരിയായില്ലെങ്കിൽ ആ ബന്ധം അവിടെ വെച്ചു അവസാനിപ്പിക്കും…. നിങ്ങളീ കഴുത്തിൽ താലി കെട്ടിയ മുതൽ ഞാൻ നിങ്ങളുടേത് മാത്രമായിക്കഴിഞ്ഞു…ഒരു തമാശക്കും സ്വന്തം ഭർത്താവിനെ ചതിച്ചുകൊണ്ട് ഞാൻ പോയിട്ടില്ല…. നിങ്ങൾ കാണാറുണ്ടല്ലോ എല്ലാം…. എന്റെ മൊബൈലിൽ ഞാനൊരു ലോക്കും വെച്ചിട്ടില്ല… എല്ലാം ഞാൻ നിങ്ങളോട് പറയാറുമുണ്ട്…ഇല്ലെന്ന് ഇച്ചായന് പറയാൻ പറ്റുമോ ?”

അലക്സ് നിശ്ശബ്ദനായിരുന്നു…..

“പറ്റില്ല അല്ലേ…. അതങ്ങനെയാണ്… എന്നാൽ ഇച്ചായൻ ചെയ്തതോ…. . കണ്ടാൽ അറപ്പു തോന്നുന്ന ചാറ്റിങ്ങും കുറെ ഫോട്ടോകളും… ഇതാണോ പവിത്രമായ നിങ്ങളുടെ സൗഹൃദം… ??”

“എന്റെ സോഫി… നീ ഒന്നടങ്…. ഞാൻ പറഞ്ഞല്ലോ . അറിയാതെ ഒരു രസത്തിന് തുടങ്ങിപോയി…. പക്ഷെ നിന്നെയോ മക്കളെയോ മറന്നിട്ട് ഞാനൊന്നും ചെയ്തിട്ടില്ല…. നിങ്ങൾക്കു വേണ്ടിയല്ലേ ഞാൻ ജീവിക്കുന്നത് ?ഞാൻ വേണ്ടാത്തത് എന്തെങ്കിലും ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ?”

“മതി ഇച്ചായാ…. ഇനി ഇതിനെപറ്റി സംസാരിക്കണ്ട…. ന്യായങ്ങൾ എല്ലാവർക്കും പറയാൻ ഉണ്ടാവും… എനിക്കിനി ഒന്നും കേൾക്കണ്ട”

“സോഫി ”

“അതേ…. ആണായാലും പെണ്ണായാലും അവരെ സ്നേഹിച്ചും വിശ്വസിച്ചും കൂടെ നില്കുന്ന ഇണകൾ ഉണ്ട്… അവരെയാണ് അറിഞ്ഞോ അറിയാതെയോ മറ്റെയാൾ ചതിക്കുന്നത്… സ്നേഹം മാത്രം കാണിച്ചിട്ട് കാര്യമില്ല.. അതിൽ ആത്മാർത്ഥത ഉണ്ടാവണം…. ചിലപ്പോൾ ഒരു കൂട്ടർ മാത്രമായിരിക്കും ഇങ്ങനെ ചെയ്യുന്നത്… മറ്റു ചിലപ്പോൾ രണ്ടുപേരും…. പരസ്പരം അറിയാതെ.. പുറമെ മാതൃക ദമ്പതികൾ…പരസ്പരം ഇരു കൂട്ടരും ചതിക്കുന്നതറിയാതെ അവർ തമ്മിൽ ഒരർത്ഥവുമില്ലാത്ത സ്നേഹപ്രകടനകൾ….. ഒരു അഭിനയ ജീവിതം മാത്രം… എന്തിനാ അങ്ങനെ ? അതിലെന്താ അർഥം ??.. ഒന്നുമില്ല….. ”

സോഫിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു….

“എനിക്കെങ്ങനെ പറ്റില്ല അച്ചായാ…. എന്ത് പ്രശ്നമുണ്ടെങ്കിലും പരസ്പരം ഉള്ളുതുറന്ന് സംസാരിച്ചു,, എന്റെ ദുഖവും സന്തോഷവും എന്നുള്ളത് “നമ്മുടെ “ആക്കി മാറ്റണമായിരുന്നു…. പക്ഷെ…… ”

സോഫി പൂർത്തിയാകാനാവാതെ കരഞ്ഞു കൊണ്ടോടി….

അലെക്സിന് വല്ലാത്ത വിഷമം തോന്നി .

അവൾ പറഞ്ഞതൊക്കെയും ശരിയാണ്.. തെറ്റുകാരൻ താനാണ്…. ഒരു നിമിഷത്തെ സുഖത്തിന് വേണ്ടി താൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു….. അവളെ ചതിക്കരുതായിരുന്നു….

അലക്സ് അകത്തേക്കു ചെന്നു… സോഫി കരയുകയായിരുന്നു…. അവളുടെ അടുത്തു ചെന്ന് കൈകൾ രണ്ടും ചേർത്തുപിടിച്ചു….

“നീ ഈ ഇച്ചായനോട് ക്ഷമിക്കണം സോഫി… ഇനി ഇങ്ങനെ ഉണ്ടാവില്ല… നമ്മുടെ മക്കളാണെ സത്യം..എന്റെ തെറ്റെനിക്ക് മനസിലായി…. പ്ളീസ്… ”

“മ്… ”

കരഞ്ഞുകൊണ്ടവളെന്നെ കെട്ടിപിടിച്ചു…. എന്റെ കണ്ണും നിറഞ്ഞു….

പിന്നീടെല്ലാം സാധാരണ ദിവസങ്ങളായി പോയിക്കൊണ്ടിരുന്നു….

. അങ്ങനെ ഇരിക്കുമ്പോഴാണ് ഇതാ പുതിയൊരു പ്രശ്നം….

അലക്സ് ഒന്നൂടെ അവളുടെ ഫോണിലേക്ക് നോക്കി ..

ഒരു മെസ്സേജാണ്….

അത് ഇങ്ങനെയായിരുന്നു…. ;

“ഹലോ… ഞാൻ റൂബി… അലക്സിന്റെ ഗേൾ ഫ്രണ്ട്‌ ആണ്… ഞങ്ങൾ തമ്മിൽ ഭയങ്കര ഇഷ്ടത്തിലായിരുന്നു.. .പക്ഷെ ഇപ്പോ കുറച്ചായി അവൻ എന്നെ അവോയ്ഡ് ചെയ്യുന്നു…. എന്താ പറ്റിയെന്ന് എനിക്കറിയില്ല… ചാറ്റ് ചെയ്യാൻ വരുമ്പോഴൊക്കെ ദേഷ്യപ്പെട്ട് സംസാരിക്കുന്നു… എന്നെ ഇനി വേണ്ട എന്നാണ് പറയുന്നേ…. ഞാൻ ഇവിടെ തകർന്നിരിക്കുവാ….. ഒരുപാട് ഞാൻ അയച്ചെങ്കിലും ഒടുവിൽ എന്നെ ബ്ലോക്കാക്കി… ഇനിയും പുറകെ നടന്ന് വില കളയാൻ ഞാനില്ല…. എനിക്കവനെ വേണ്ട…. ബട്ട് ഒന്നുണ്ട്… നിങ്ങൾ സൂക്ഷിച്ചോ… അവൻ മറ്റാരൊക്കെയോ ആയിട്ട് കമ്പനി ആണ്..എന്നെ ഒഴിവാക്കിയത് അതിനാണ്… .. നിങ്ങളെയും അവൻ ഒഴിവാകും … എനിക്കിത്രയേ പറയാനുള്ളൂ.. Ok.. Bye.. ”

ഒരു വല്യ ആറ്റംബോംബിട്ടു അവള് പോയി….

സോഫി ഇതുകണ്ടതും വീണ്ടും ടെൻഷനിൽ ആയി ..

അലക്സ് അവളുടെയടുത്തേക്ക് ചെന്നു…. ചിരിച്ചു

“എടി . പെണ്ണെ…. ആ പ്രശ്നത്തിന് ശേഷം എന്റെ ഫോണിൽ ഉണ്ടായിരുന്ന എല്ലാ അനാവശ്യമായ കോണ്ടാക്ട്സും ഞാൻ ഒഴിവാക്കിയിരുന്നു … ബ്ലോക്കും ചെയ്തിരുന്നു… അവരിൽ ഒരുത്തി പോവാൻ കൂട്ടാക്കാതിരുന്നപ്പോൾ അവളോട് കുറച്ചു കർക്കശമായി പെരുമാറേണ്ടിയും വന്നു .. അവൾ എനിക്കിട്ട് ഒന്ന് പണിഞ്ഞതാണ്….. എന്റെ fb യിൽ നിന്നും നിന്നെ കണ്ടുപിടിച്ചു ഇല്ലാത്ത ഓരോന്ന് പറഞ്ഞു പെരുപ്പിച്ചു മെസ്സേജ് അയച്ചിരിക്കുകയാണ്….. ”

“എന്റെ ഇച്ചായാ…ഞാൻ പേടിച്ചുപോയി… നിസാരമെന്നു വിചാരിച്ചു തുടങ്ങി വെക്കുന്ന പല കളികളും കാര്യമാവുന്നത് കണ്ടില്ലേ…. ജീവിതം തകരാൻ ഇത്രയൊക്കെ മതി പലർക്കും…. പലപ്പോഴും… മനസ്സിലാക്കാൻ പറ്റുന്നവർ മനസിലാക്കി പ്രശ്നങ്ങളെല്ലാം പരസ്പരം ഒത്തുതീർപ്പാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോവും… അതിനു കഴിയാത്തവരുടെ ജീവിതത്തിലെ സന്തോഷങ്ങൾ അതോടെ അവസാനിക്കും…. ”

അലക്സ് ശരിയെന്നു തലയാട്ടി….

“ഇത് നമ്മുടെയൊരു പുതിയ ജീവിതമാണ് സോഫി… ”

അവർ രണ്ടുപേരും ചെറുചിരിയോടെ അകത്തേക്കു നടന്നു….

ശുഭം

രചന : ഹുസ്ന പ്രവീൺ

Leave a Reply

Your email address will not be published. Required fields are marked *