ചടങ്ങ്

രചന : ജാസ്മിന്

”മോളേ… ഒന്നു വേഗം വര്വോ വീട്ടിലേക്ക്…?”

ഓഫീസിലെ ഫയലുകളെല്ലാം ക്ലിയര്‍ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് അമ്മയുടെ കോള്‍ വന്നത്…

എന്തോ അത്യാഹിതം സംഭവിച്ച പോലെയാണ് അമ്മയുടെ സംസാരം… ഒന്നും തെളിച്ച് പറയുന്നുമില്ല…

ഇനിയിപ്പൊ എന്തു ചെയ്യും…? പുറത്താണേല്‍ നല്ല മഴയും…

എന്തായാലും വീട്ടില്‍ ഉടനെ എത്തിയേ പറ്റൂ…

ബാഗില്‍ തപ്പിയപ്പോള്‍ കുടയും കാണുന്നില്ല…

തച്ചുറഞ്ഞ് പെയ്യുന്ന മഴയെ വകവെക്കാതെ ഞാന്‍ ബസ്റ്റോപ്പിലേക്ക് നടന്നു…

”അല്ലേലും ഒരത്യാവശ്യ സമയത്ത് ബസ്സും കിട്ടില്ല”… കുറച്ചു നേരം ക്ഷമയോടെ കാത്തിരുന്നിട്ടും ബസ്സ് കിട്ടാതായപ്പോള്‍ സ്വയം പ്രാകിപ്പറഞ്ഞ് ഓട്ടോ സ്റ്റാന്റിലേക്ക് നടന്നു…

മനസ്സിലെ ആധി കൂടുംതോറും മഴയുടെ ശക്തിയും കൂടുന്നുണ്ടോ എന്നൊരു സംശയം…

”ചേട്ടാ… ഒന്നു വേഗം വിടോ….?”

”ഇതിലും വേഗത്തില്‍ വിടാല്‍ ഇത് ബെന്‍സ് കാറല്ല… ഈ മഴയത്ത് ഇത്രയൊക്കെ സ്പീഡിലേ പോവാന്‍ പറ്റൂ…. ഈ വണ്ടി എന്റെ വയറ്റിപ്പിഴപ്പാണ്… എനിക്ക് എന്നേക്കും വേണ്ടത്…”

അയാളുടെ ഒരു അഹങ്കാരം…!! ഹും… മനുഷ്യനിവിടെ ടെന്‍ഷനടിച്ച് നിക്കക്കള്ളിയില്ലാതെയാണെന്ന് ഇയാള്‍ക്കറിയില്ലല്ലോ…?

എന്തായാലും വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ….? എന്നു സ്വയം പറഞ്ഞ് സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചിട്ടും ടെന്‍ഷന്‍ മാറുന്നില്ല…

ന്റെ… ദേവീ… ഒന്നും വരുത്തരുതേ….

എന്ന് കണ്ണടച്ച് പ്രാര്‍ത്ഥിച്ചു….

ഇടവഴിയുടെ മുന്നില്‍ ഓട്ടോ നിര്‍ത്തുമ്പോഴും മഴക്ക് ഒരു കുറവും ഇല്ല…

”കൊച്ചേ.. ബാക്കി കാശ് വേണ്ടേ…?”

വണ്ടിയില്‍ നിന്നിറങ്ങി വേഗത്തില്‍ നടക്കുമ്പോഴാണ് ഡ്രെെവര്‍ ചേട്ടന്‍ വിളിച്ച് ചോദിച്ചത്…

”ഇപ്പൊ വേണ്ട… ഞാന്‍ പിന്നെ മേടിച്ചോളാം…” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് വീടിനെ ലക്ഷ്യമാക്കി നടന്നു…

പടിപ്പുര കടന്ന് മുറ്റത്തേക്കെത്തിയിട്ടും വെപ്രാളവും ഭയവും അങ്ങ് വിട്ടുമാറുന്നില്ല…

നനഞ്ഞൊട്ടി വീട്ടിലേക്ക് ”അമ്മേ” ന്ന് വിളിച്ച് കേറിയപ്പോള്‍ കണ്ട കാഴ്ച ശരിക്കും എന്നെ ഞെട്ടിച്ചു….

അമ്മ സോഫയിലിരുന്ന് ചിരിക്കുന്നു…

അമ്മയുടെ മടിയില്‍ മോള് തല വെച്ച് കണ്ണുകളടച്ച് കിടക്കുന്നു…

”അമ്മയെന്തിനാ എന്നോട് വേഗം വരാന്‍ പറഞ്ഞത്…? അതിനുമാത്രം എന്ത് അത്യാഹിതാണ് ഇവിടെ സംഭവിച്ചത്…? മനുഷ്യന്‍ എത്രത്തോളം ടെന്‍ഷനായെന്നറിയോ…? പുറത്തുള്ള മഴ മുഴുവനും കൊണ്ടു…”

ദേഷ്യം സഹിക്കാന്‍ വയ്യാതായപ്പോള്‍ അമ്മയോട് കുറച്ചു ഉച്ചത്തില്‍ തന്നെ സംസാരിച്ചു… കാരണം ഞാനിത്രയും നേരം കൊണ്ട് അനുഭവിച്ച ടെന്‍ഷന്‍ എനിക്കു മാത്രമല്ലേ അറിയൂ…

”ഹ… നീയിങ്ങനെ ചൂടാവല്ലേ അമ്മൂ… ഞാന്‍ നിന്നെ വിളിച്ചു വരുത്തീത് ഒരു സന്തോഷ വാര്‍ത്ത അറിയിക്കാനാണ്… നീയെന്താ ഇവള് ഇന്ന് സ്കൂളില്‍ പോയില്ലേ എന്ന് ചോദിക്കാത്തേ…?”

ശരിയാണല്ലോ… ഞാന്‍ ഓഫീസിലേക്ക് പോവാനിറങ്ങുമ്പോള്‍ അച്ചു സ്കൂളിലേക്ക് പോവാന്‍ റെഡിയായതാണല്ലോ…? എന്നിട്ട് ഇവളെന്താ അമ്മയുടെ മടിയില്‍ കിടക്കുന്നേ…?

”അമ്മൂ… നമ്മുടെ അച്ചൂ വലിയ പെണ്ണായെടീ… അവള് വയസ്സറീച്ചു… നമുക്ക് ചെറിയ ഒരു ചടങ്ങൊക്കെ നടത്തണ്ടേ…? വേണ്ടപ്പെട്ടവരേയൊക്കെ ക്ഷണിച്ച് ഒന്ന് അഘോഷിക്കണ്ടേ….? അവള്‍ക്ക് എന്തോ അസ്വസ്ഥതയുണ്ടെന്ന് അവളുടെ ക്ലാസ്സ് ടീച്ചര്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഞാനാണ് അവളെ കൂട്ടിക്കൊണ്ട് വന്നത്… വീട്ടിലെത്തിയപ്പൊഴേക്കും യൂണിഫോമെല്ലാം ചോരയില്‍ കുളിച്ചിരുന്നു… ഭാഗ്യത്തിന് മഴയായതു കൊണ്ട് ആരും ശ്രദ്ധിച്ചില്ല…”

അമ്മയുടെ ആ വാക്കുകള്‍ എന്നെ വേറൊരു ലോകത്തേക്കെത്തിച്ചു… എന്റെ അച്ചു വലുതായിരുക്കുന്നു… ഇന്നലെ വരെ ഉണ്ടായിരുന്ന അച്ചു അല്ല ഇനിമുതല്‍ എന്നോര്‍ത്തപ്പോള്‍ മനസ്സില്‍ സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു…

ഈ സന്തോഷം പങ്കുവെക്കാന്‍ അവളുടെ അച്ഛന്‍ കൂടെയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അറിയാതെ കണ്ണൊന്ന് നിറഞ്ഞു…

അച്ചുവിനെ ഒരു നോക്ക് കാണാന്‍ പോലും വിധിയുണ്ടായിട്ടില്ല ഏട്ടന്… പൂര്‍ണ്ണ ഗര്‍ഭിണി ആയിരിക്കുന്ന സമയത്താണ് എന്നെയും അമ്മയേയും തനിച്ചാക്കി സേതുവേട്ടന്‍ പോയത്…

അന്നു തൊട്ടിന്നുവരെ ഒരു മകന്റെ സംരക്ഷണവും ഒരു മകളുടെ സ്നേഹവും കൊടുത്താണ് അമ്മയെ ഞാന്‍ നോക്കിയത്… എന്റെ അച്ചുവിന് എന്നേക്കാള്‍ കാര്യവും അച്ഛമ്മയെ ആണ്…

അവളെ നോക്കിയതും വളര്‍ത്തിയതും അമ്മയാണ്… അതുകൊണ്ട് തന്നെ എന്ത് കാര്യം അവള് ആദ്യം പറയ അമ്മയോടാണ്… അമ്മയാണ് എന്നിട്ട് എന്നോട് വന്ന് പറയാ… ഈക്കാര്യവും അങ്ങനെ തന്നെ…

അമ്മയുടെ സന്തോഷം കണ്ടപ്പോള്‍ എല്ലാം മറന്ന് ആ സന്തോഷത്തില്‍ പങ്കു ചേരാന്‍ ഞാനും തയ്യാറായി…

അമ്മയുടെ ആഗ്രഹ പ്രകാരം തന്നെ ഈ ചടങ്ങ് ഒരുത്സവമാക്കണം… വേണ്ടപ്പെട്ടവരേയെല്ലാം ക്ഷണിക്കണം… എന്റെ അച്ചുവിന് നല്ലൊരു ഗിഫ്റ്റ് വാങ്ങിക്കൊടുക്കണം…

അച്ഛനില്ലാത്ത കുറവ് അവളെ അറിയിക്കാതെ തന്നെ വളര്‍ത്തണം…

ദെെവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടേ എന്ന പ്രാര്‍ത്ഥനയോടെ…

രചന : ജാസ്മിന്

Leave a Reply

Your email address will not be published. Required fields are marked *