ഞങ്ങൾ വിവാഹിതരാണ്…

രചന: ശിവന്യ അഭിലാഷ്

“ചാരൂ, നീ ഒന്നു വേഗം വരുമോ മോളേ” അഖിലേട്ടന്റെ അമ്മയുടെ പരിഭ്രമിച്ച ശബ്ദം ഫോണിലൂടെ കേട്ടപ്പോൾ എന്റെ മനസ്സൊന്നു പിടഞ്ഞു… “ഈശ്വരാ ഇനി അച്ഛന് എന്തെങ്കിലും…. രണ്ടറ്റാക്ക് കഴിഞ്ഞിരിക്കുന്ന ആളാണ്‌

അച്ഛൻ…” എങ്കിലും ഞാനതു പുറത്തു കാണിക്കാതെ ചോദിച്ചു… “എന്താമ്മേ…. എന്താ പ്രശ്നം…” “നി വേഗം വാ മോളേ…” അതും പറഞ്ഞു ഫോണ് വെച്ചപ്പോൾ അമ്മ കരയുകയാണെന്നു എനിക്കു തോന്നി…. പിന്നെ ഓഫീസിൽ

ഇരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ലെനിക്ക്…. അപ്പോൾ തന്നെ ലീവ് പറഞ്ഞു കാർ എടുത്തു വീട്ടിലേക്കു പായുമ്പോൾ എന്തിനെന്നറിയാതെ ഞാൻ ആകെ വിറക്കുന്നുണ്ടായിരുന്നു….. അഖിലേട്ടന്റമ്മയെ ഒരിക്കലും

അമ്മായി അമ്മയായി ഞാൻ കണ്ടിരുന്നില്ല…. എന്റെ സ്വന്തം അമ്മയെ പോലെ തന്നാണെനിക്ക്… അതുകൊണ്ട് തന്നെ അമ്മയുടെ കണ്ണൊന്ന് നിറയുന്നതോ സ്വരമിടറുന്നതോ ഒരിക്കലും എനിക്ക് സഹിക്കാൻ

പറ്റുമായിരുന്നില്ല…. ഗേറ്റ് കടന്നു കാർ അകത്തേക്ക് കയറുമ്പോഴേ കണ്ടു അമ്മ വരാന്തയിൽ ഇരിക്കുന്നത്…. അതേ… അമ്മ കരയുക തന്നെയാണ്…. “അമ്മേ അമ്മയെന്തിനാ കരയുന്നേ കാര്യം പറ… അച്ഛനെവിടെ…..”

കാറിൽ നിന്നും ഇറങ്ങി അമ്മയുടെ അടുത്തെത്തുന്നതിന് മുൻപേ ഞാൻ വിളിച്ചു ചോദിച്ചു…. അമ്മയിൽ നിന്നും മറുപടി ഒന്നും ഉണ്ടായിരുന്നില്ല…പകരം കയ്യിലിരുന്ന ഫോണ് എന്റെ നേരെ നീട്ടി….കാര്യം എന്തെന്നറിയാതെ

അതു വാങ്ങിച്ചു നോക്കിയ ഞാൻ ഏതോ നിലയില്ലാ കയത്തിൽ അകപ്പെട്ടത് പോലെ പകച്ചുനോക്കി…. “ഇതു…. അമ്മെ.. ഇതു നമ്മുടെ കുഞ്ഞ ആണോ…. അല്ല ഇതു കുഞ്ഞ അല്ല…. വേറെ ആരോ ആണെന്ന് തോന്നുന്നു….”

അമ്മയുടെ ഫോണിൽ കണ്ട ഫോട്ടോയിൽ വിവാഹവേഷത്തിൽ നിൽക്കുന്നതു ഞങ്ങളുടെ കുഞ്ഞ ആണെന്ന് വിശ്വസിക്കാൻ എന്റെ മനസ്സ് സമ്മതിച്ചില്ല … “മോളേ അതു നമ്മുടെ കുഞ്ഞ തന്നെയാ….എന്നാലും അവളു

നമ്മളോട് ഈ ചതി ചെയ്തല്ലോ….” പൊട്ടി കരയുന്ന അമ്മയെ എന്തു പറഞ്ഞു അശ്വസിപ്പിക്കണം എന്നറിയാതെ ഞാൻ മരവിച്ചിരുന്നു….. കുഞ്ഞ…. ഞങ്ങളെല്ലാം സ്നേഹത്തോടെ കുഞ്ഞയെന്നു വിളിക്കുന്ന ദിവ്യബാല…

അഖിലേട്ടന്റമ്മയുടെ അനിയത്തിയുടെ മകൾ…. കുഞ്ഞ വളരെ ചെറുതായിരുന്നപ്പോഴേ ഇളയമ്മ മരിച്ചു പോയിരുന്നു…. ഇളയച്ഛൻ വേറെ വിവാഹവും ചെയ്തതോടെ ആരോരുമില്ലാതായി പോകുമായിരുന്ന അവളെ

സ്വന്തം മകളായി കണ്ടു വളർത്തിയതാണ് അഖിലേട്ടന്റമ്മയും അച്ഛനും… അഖിലേട്ടനും അവൾ സ്വന്തം അനിയത്തിക്കുട്ടി ആയിരുന്നു…. ഒരു നോക്കുകൊണ്ടോ വാക്കു കൊണ്ടോ പോലും അവർ അവളെ

വേദനിപ്പിച്ചിട്ടില്ല…. തിരിച്ചവളും അങ്ങനെ തന്നെ ആയിരുന്നു…….. പക്ഷേ ഇപ്പോൾ…… ഇന്നലെ വരെ ഈ വീട്ടിലെ പൂമ്പാറ്റയായി പാറി പറന്നവൾ….. ഇന്ന് , ഞങ്ങൾ വിവാഹിതരാണെന്നും പറഞ്ഞ് ഫേസ് ബുക്കിൽ ഫോട്ടോ

അപ്ഡേറ്റ് ചെയ്തിരിക്കുന്നു…. ഏതാണീ പയ്യൻ…. കണ്ടാൽ ഒരു ഇരുപത്തഞ്ചു വയസ്സ് പോലും തികച്ചില്ല…. എങ്കിലും ഒരു തവണ പോലും അവളുടെ സൗഹൃദവലയത്തിൽ ഇങ്ങനൊരാളെ കണ്ടിട്ടില്ലല്ലോയെന്ന് എന്റെ

മനസ്സ് മന്ത്രിച്ചു….. ഫോണിലേക്ക് മെസ്സേജുകളും കാളുകളും തുരുതുരാ വന്ന് കൊണ്ടിരുന്നു…. എല്ലാവരും അറിഞ്ഞിട്ടുണ്ടാകണം…. അപ്പോഴേക്കും അഖിലേട്ടന്റെ ബൈക്ക് ഒരു ശരം കണക്കെ മുറ്റത്തേക്കെത്തി…..

ഒരിക്കൽ പോലും കാണാത്ത മുഖമായിരുന്നു അപ്പോൾ അഖിലേട്ടന്…. അദ്ദേഹവും എല്ലാം അറിഞ്ഞിട്ടുണ്ടാവുമെന്ന് ഞാൻ ഊഹിച്ചു…. ******** അമ്മയെ നെഞ്ചോട് ചേർത്ത് പോലീസ് സ്റ്റേഷന്റെ

ബെഞ്ചിലിരിക്കുമ്പോൾ പണ്ടൊരിക്കൽ അഖിലേട്ടൻ എന്നോട് പറഞ്ഞൊരു വാചകം എന്റെ മനസ്സിലേക്ക് ഓടി വന്നു…. ” അച്ഛനും അമ്മയും കുഞ്ഞയും കഴിഞ്ഞ് മാത്രമേ നിനക്ക് എന്നിൽ സ്ഥാനമുള്ളൂ ചാരൂ….

അതെന്നും അങ്ങനെ ആയിരിക്കും… കാരണം ഈ ലോകത്ത് ഞാനേറ്റവും സ്നേഹിക്കുന്നത് എന്റെ കുടുംബത്തെയാണ്….” എനിക്കറിയാമായിരുന്നു അഖിലേട്ടന്റെ മനസ്സ്… എന്നെക്കാളേറെ അഖിലേട്ടൻ അവരെ

സ്നേഹിച്ചോട്ടെ എന്ന് തന്നെ ഞാനും വിചാരിച്ചു…. വിവാഹശേഷവും അഖിലേട്ടൻ അവർക്കു നൽകുന്ന സ്നേഹത്തിനും സംരക്ഷണത്തിനും കുറവില്ലെങ്കിൽ അതിന്റെ പതിൻമടങ്ങ് അവരെനിക്ക് തിരിച്ച്

തരുമെന്നനിക്കറിയാമായിരുന്നു…. അത് തന്നെ ആയിരുന്നു സംഭവിച്ചതും ….. ” അകത്തേക്ക് വന്നോളൂ” ഒരു വനിതാ കോൺസ്റ്റബിൾ വന്നു പറഞ്ഞതനുസരിച്ച് ഞങ്ങൾ അകത്തേക്ക് കയറി….. കുറച്ചകലെ അവളുടെ

ഭർത്താവിന്റെ കയ്യും പിടിച്ച് നിൽക്കുന്നു കുഞ്ഞ… ഞങ്ങളെ കണ്ട ഉടനെ ഓടി വന്ന് അമ്മയെ കെട്ടിപിടിക്കും എന്ന് കരുതിയ എനിക്ക് തെറ്റി…. അവൾ മുഖം തിരിച്ച് നിക്കുകയാണുണ്ടായത്….. ഫേസ്ബുക്കിലൂടെ

പരിചയപ്പെട്ട പാലക്കാടുള്ളൊരു ചെറുപ്പക്കാരനാണ് കുഞ്ഞയെ വിവാഹം ചെയ്തതെന്നും ഒരു സാധാരണ കുടുംബത്തിലെ ഏക പ്രതീക്ഷയാണവനെന്നും പോലീസ് പറഞ്ഞ് ഞങ്ങളറിഞ്ഞു….. ഗുരുവായൂർ

അമ്പലനടയിൽ വെച്ച് അവൻ അവളുടെ കഴുത്തിൽ താലി കെട്ടിയെന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ അവളുടെ കഴുത്തിലേക്ക് പാഞ്ഞു….. മഞ്ഞച്ചരടിൽ ഒരു നേരിയ താലി ലോക്കറ്റ് അവളുടെ കഴുത്തിൽ

പറ്റിച്ചേർന്നിട്ടുണ്ടായിരുന്നു…. “പ്രായപൂർത്തി ആയ കുട്ടികളാണ് ഇവർ…. നിയമപരമായി വിവാഹം ചെയ്യാൻ അവകാശം ഉള്ളവർ.. എനി പറയൂ എന്താ നിങ്ങളുടെ തീരുമാനം….” “ഇവളെ ഇനി ഞങ്ങൾക്ക് വേണ്ട…. ”

എടുത്തടിച്ചതു പോലെ ആയിരുന്നു അഖിലേട്ടന്റെ മറുപടി…. “അഖീ….. ” ശാസനാ സ്വരത്തിൽ അച്ഛന്റെ ശബ്ദം ഉയർന്നു…. “നിന്നെ പോലെ തന്നാ ഞങ്ങൾക്ക് ഇവളും…. ഞങ്ങളുടെ കുട്ടിയാ….. ” അഖിലേട്ടനോട് പറഞ്ഞ്

കൊണ്ട് അച്ഛൻ കുഞ്ഞക്ക് നേരെ തിരിഞ്ഞു….. ” ഇപ്പോ നീ ഞങ്ങളുടെ കൂടെ വാ മോളേ…. എന്താ വേണ്ടതെന്നച്ചാ നമുക്ക് ആലോചിച്ച് തീരുമാനിക്കാം…. ചാരൂ…. മോളെ കൂട്ട്…. ” “ഇല്ല….. ഞാൻ വരില്ല…. ”

കുഞ്ഞയുടെ അലർച്ചകേട്ട് അവളുടെ നേർക്ക് നടന്ന ഞാൻ മാത്രമല്ല ആ സ്റ്റേഷനൊന്നാകെ ഞെട്ടി…. “ഞാൻ വരില്ല…. എനിക്ക് നിങ്ങളാരേയും വിശ്വാസമില്ല…. ചിലപ്പോൾ ഇന്ന് ഞാൻ വന്നാൽ നിങ്ങളെല്ലാവരും കൂടെ

എന്നെ എന്റെ ഭർത്താവിൽ നിന്നും പിരിക്കും…. ” അവളുടെ മുഖത്ത് നുരഞ്ഞ് പൊന്തുന്ന വെറുപ്പ് കണ്ടപ്പോൾ ഞാൻ പകയോടെ അവനെ നോക്കി…. എന്റെ നോട്ടം താങ്ങാനാവാത്തവണ്ണം അവൻ തല താഴ്ത്തി…. “മോളേ….

നീയീ കാണിച്ചത് ശരിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ…” “നിർത്ത്… അവൾ കയ്യുയർത്തി എന്നെ തടഞ്ഞു.. “എന്നെ ഉപദേശിക്കാൻ നിങ്ങൾക്കെന്താ അർഹതയുള്ളത്…. നിങ്ങളും പ്രേമിച്ച് തന്നെയല്ലേ ഈ നിൽക്കുന്ന

അഖിലേട്ടനെ വിവാഹം ചെയ്തത്…. ” കുഞ്ഞയുടെ ചോദ്യം ഒരു ചാട്ടുളളി പോലെ എന്റെ നേർക്ക് പാഞ്ഞു…. ഒരു നിമിഷത്തേക്ക് എന്റെ ശിരസ്സ് താണു…. ശരിയാണ്…. ഞാനും അഖിലേട്ടനും മൂന്ന് വർഷത്തെ

പ്രണയത്തിന് ശേഷം വിവാഹിതരായവരാണ്…. പക്ഷേ അത് കുഞ്ഞയെപ്പോലെ ഒരു സുപ്രഭാതത്തിലുള്ള ഇറങ്ങി പോക്കായിരുന്നില്ല…. മറിച്ച് രണ്ട് വീട്ടുകാരുടേയും സമ്മതപ്രകാരമുള്ള വിവാഹമായിരുന്നു…..

ഉന്നതവിദ്യാഭ്യാസവും കഴിഞ്ഞ് ജോലി ലഭിച്ചതിനു ശേഷവും ഞങ്ങളുടെ വിവാഹത്തിന് സമ്മതിക്കാതെ എന്റെ വീട്ടുകാർ ഇടം തിരിഞ്ഞു നിന്നപ്പോഴും വിളിച്ചിറക്കാൻ അഖിലേട്ടനോ ഇറങ്ങിപ്പോകാൻ ഞാനോ തയ്യാറായിരുന്നില്ല…..

അന്നും “ചാരുമ്മ ” ഇങ്ങോട്ട് പോരെ… ഞങ്ങള് സ്വീകരിച്ചോളാം എന്ന് പറഞ്ഞ അവളോട് ഒരു ചിരിയിൽ മറുപടി ഒതുക്കുകയാണുണ്ടായത്…. ചാരുലത എന്ന എന്നെ ചാരുമ്മ എന്നല്ലാതെ അവൾ വിളിച്ചിരുന്നില്ല…

ഇപ്പോൾ അവളെന്നെ വെറും “നിങ്ങളാ”ക്കി…. “ശരിയാ മോളേ…. നിന്നെ ഉപദേശിക്കാനുള്ള അർഹത എനിക്കില്ല…. എങ്കിലും ഒന്ന് ചോദിക്കട്ടെ… ഇന്നലെ വരെ നിന്നെ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടു

നടന്നവരല്ലേ ഞങ്ങൾ…. ആ ഞങ്ങളെങ്ങനെ ഇത്ര പെട്ടെന്ന് നിനക്ക ന്യരായി ?” അതിനവൾക്ക് മറുപടി ഉണ്ടായിരുന്നില്ല…. എല്ലാം കണ്ടും കേട്ടും തകർന്ന് നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ എന്റെ കണ്ണുകൾ പരിസര

ബോധമില്ലാതെ നിറഞ്ഞൊഴുകി…. “അമ്മയെ ഓർത്തെങ്കിലും നീ ഞങ്ങളുടെ കൂടെ വാ മോളേ…. ” “അമ്മയോ…. ആരുടെ അമ്മ…. എന്റമ്മ പതിനെട്ട് വർഷം മുൻപേ മരിച്ചു പോയി….” ശരിയാണ്….പതിനെട്ട് വർഷം മുൻപേ

മരിച്ചു പോയി…. അന്നവൾക്ക് രണ്ട് വയസ്സാണ്… അന്നുമുതൽ ഇങ്ങോട്ട് അവളുടെ കാര്യങ്ങൾ പെറ്റമ്മയേക്കാൾ ഭംഗിയായി ചെയ്തു കൊടുത്ത സ്ത്രീയുടെ മുഖത്തേക്ക് നോക്കിയാണ് അവളത് വിളിച്ച് പറഞ്ഞത്….. അഖിലേട്ടന്

ശേഷം ഒരു കുഞ്ഞിനെ വേണ്ടെന്ന് വെച്ചത് അവളോടുള്ള സ്നേഹം കുറയേണ്ടെന്ന് കരുതിയാണെന്ന് അമ്മ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്…. വീട്ടിൽ ഒരു കറിവെക്കുമ്പോഴും പലഹാരമുണ്ടാക്കുമ്പോഴും കുഞ്ഞയുടെ

ഇഷ്ടമായിരുന്നു അമ്മ നോക്കിയിരുന്നത്…. ചിലപ്പോഴൊക്കെ അമ്മ അവളോട് കാണിക്കുന്ന സ്നേഹത്തിലും വാത്സല്യത്തിലും എനിക്ക് കെറുവ് വന്നിട്ടുണ്ട്… പക്ഷേ അപ്പോഴും ചാരുമ്മാന്ന് വിളിച്ച് ഓടി വരുന്ന അവളെ

അമ്മയെക്കാളേറെ സ്നേഹിക്കാനും ശ്രമിച്ചിട്ടുണ്ട്….. “ഞാൻ ഇവരുടെ കൂടെ പോകില്ല സാർ….. എനിക്ക് സച്ചിൻ ന്റെ കൂടെ പോയാമതി….” അമ്മയെ തോളോട് ചേർത്ത് പിടിച്ച് പുറത്തേക്ക് നടക്കുമ്പോൾ കുഞ്ഞയുടെ

വാക്കുകൾ എന്റെ കാതിൽ വീണു… വിവാഹം സന്തോഷകരമാകുന്നത് രണ്ട് വീട്ടുകാരുടെയും ആശീർവാദ പ്രകാരം നടക്കുമ്പോഴാണ്… പതിനെട്ടു വർഷം തന്റെ നെഞ്ചിൽ വെച്ചു വളർത്തിയ മകളെ മറ്റൊരാളുടെ കൈ

പിടിച്ചേൽപ്പിക്കുമ്പോൾ അവിടെ ഉരുത്തിരിഞ്ഞ് വരുന്നത് രണ്ട് കുടുംബങ്ങളുടെ ഒരിക്കലും മുറിയാൻ പാടില്ലാത്ത ബന്ധം കൂടിയാണ്….. മറിച്ച് മാതാപിതാക്കളെ വേദനിപ്പിച്ച് കൊണ്ട് പുതിയൊരു ജീവിതം

തുടങ്ങുമ്പോൾ എന്നെങ്കിലും ഒരിക്കൽ ഒരു തിരിച്ചടി ഉണ്ടാകാം….. ഇന്ന് ഞങ്ങൾ അനുഭവിക്കുന്ന വേദന നിനക്ക് മനസ്സിലാകണമെങ്കിൽ നീ ഒരമ്മയാകണം…. അന്ന് നീ ഞങ്ങളെ തേടി വരിക തന്നെ ചെയ്യും…..

ഒരു തവണ കൂടി ഞാനവളെ തിരിഞ്ഞ് നോക്കി…. മുഖത്ത് നിറഞ്ഞ പുഞ്ചിരി…. കണ്ണിൽ കത്തുന്ന സന്തോഷം….. അതെന്നും അങ്ങനെ തന്നെ നിലനിൽക്കട്ടെ…. കാരണം നീ ഞങ്ങൾക്കെന്നും പ്രിയപ്പെട്ടവളാണ്….

(ശുഭം)

(നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ പ്രണയ കഥകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

രചന: ശിവന്യ അഭിലാഷ്

Leave a Reply

Your email address will not be published. Required fields are marked *