ഞാൻ വരുമ്പോൾ ചേച്ചിയെ മടിയിലിരുത്തി അച്ഛൻ അമ്മയോട് കുശലം പറയുകയാണ്….

രചന: മനു പി എം

അച്ഛൻ കയറിവരുന്നത് ചേച്ചിയേക്കാൾ മുന്നേയറിഞ്ഞു ഞാൻ അച്ഛന്റെ അരികിലേക്ക് നടന്നു…

പക്ഷേ.. ഞാനെത്തുമ്പോഴേക്കും ചേച്ചി അവിടെ എത്തിയിരുന്നു

എന്റെ ഒരു കാലിന് മുടന്ത് ഉള്ളതിനാൽ എനിക്ക് അത്ര വേഗത്തിൽ ഓടനായില്ല..

എത്രവേഗമാണ് അവൾ അച്ഛന്റെ അരികിലെത്തിയത്…

അച്ഛൻ വരുന്നത് നേരത്തെ അറിഞ്ഞിട്ടും എനിക്ക് എത്താൻ കഴിഞ്ഞില്ലല്ലോ…

അതോർത്തപ്പോൾ വല്ലാത്ത സങ്കടം വന്നു

ഞാൻ വരുമ്പോൾ ചേച്ചിയെ മടിയിലിരുത്തി അച്ഛൻ അമ്മയോട് കുശലം പറയുകയാണ്

മുന്നിലെ മേശയിൽ എനിക്കും ചേച്ചിക്കും വാങ്ങിയ രണ്ടു പരിപ്പുവടകളിൽ ഒന്ന് അവൾ എടുത്തു തിന്നു കൊണ്ട് അച്ഛനോട് കൊഞ്ചുകയാണ്..

അച്ഛന്റെ പൊന്നുമോൾ ആണല്ലോ എനിക്ക് മുടന്തും സംസാരിക്കാൻ കഴിയാത്തതിനാൽ ആരും ശ്രദ്ധിക്കുക പോലും ചെയ്തിരുന്നില്ല…

ഇപ്പോഴും അരികിൽ നിൽക്കുന്ന എന്നെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യുന്നണ്ടായിരുന്നില്ല അവർ ..

അമ്മ മാത്രമാണ് ആകെ കുറച്ചു സ്നേഹം തരുന്നത്

വിശക്കുമ്പോൾ വിളമ്പി വച്ച ആഹാരം പോയി എടുത്തു കഴിക്കും

ഞാൻ ഒരു ബാധ്യത പോലെയാണെന്ന് പലവട്ടം അവരെല്ലാം പെരുമാറിയിട്ടും കുറ്റപ്പെടുത്തിയിട്ടും ആരോടും എനിക്കൊരു പരിഭവവും തോന്നിയില്ല…

ചിലപ്പോൾ ആരും കാണാതെ മുറിയുടെ ഇരുണ്ട മൂലയിൽ ഇരുന്നു കരയും…

അപ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട് അച്ഛന്റെ സ്നേഹപൂർവമുള്ള ഒരു തലോടലിനും നിറഞ്ഞ ഒരു ഉമ്മയ്ക്കും…

അച്ഛന്റെ മടിയിലിരുന്ന് കൊഞ്ചുന്ന ചേച്ചിയെ ഞാൻ കുറച്ച് അസൂയയോടെ നോക്കി

അച്ഛൻ അവളെ നിലത്തുനിർത്തി കുളിക്കാൻ എഴുന്നേറ്റു പോയി

അമ്മ അടുക്കളയിൽ ജോലി തിരക്കിലേക്ക് മടങ്ങി

എനിക്കായി ബാക്കി വച്ച് പരിപ്പുവട നോക്കി ഞാൻ മെല്ലെ മുടന്തി മുടന്തി നീങ്ങി..

ഞാൻ അടുത്തെത്തും മുമ്പേ ചേച്ചി ആ പരിപ്പുവട എടുത്ത് എങ്ങോട്ടോ ഓടി…

ഒരു നിമിഷം സങ്കടം നെഞ്ചിലേക്ക് ആർത്തിരമ്പി…

എനിക്ക് കൊതി ഇല്ലായിരുന്നു എങ്കിലും കൂടെയുള്ളചേച്ചി തന്നെ ഇങ്ങനെ ചെയ്തത് ഓർത്തപ്പോൾ വല്ലാത്ത സങ്കടം തോന്നി

എനിക്ക് ആരോടും പരാതി പറയാൻ പറ്റില്ലല്ലോ

ഞാൻ പരിപ്പുവട പൊതിഞ്ഞ കടലാസിലേക്ക് നോക്കി അതിന്റെ എണ്ണമയം രണ്ട് അക്ഷരങ്ങൾ നിറം വന്നിരിക്കുന്നു

ഞാൻ ആ പൊതി എടുത്തു നോക്കി അതിൽ ബാക്കിയായ പരിപ്പുവടയുടെ ഒരു ചെറുതുണ്ട് എങ്ങനെയോ അടർന്നു വീണു കിടക്കുന്നു…

എനിക്ക് ഏറെ ഇഷ്ടമാണ് പരിപ്പുവട.. അത് കഴിക്കാൻ പറ്റില്ലല്ലോ എന്നോർത്തപ്പോൾ കണ്ണുനിറഞ്ഞു..

ആ ചെറിയ തുണ്ട് ഞാൻ എടുത്തു നാവിൽ വെച്ചു.. അതിന്റെ രുചിയറിഞ്ഞപ്പോൾ വിശപ്പ് ഏറിയ പോലെ..

ഞാൻ മെല്ലെ മിഴികൾ തുടച്ചു മുറിയിലേക്ക് നടന്നു,.

പിറ്റേ ദിവസം പുതിയ അധ്യായന വർഷം തുടങ്ങുകയായിരുന്നു..

ഞാൻ മൂന്നാം ക്ലാസ്സിലേക്ക് ജയിച്ചു

അന്നുവരെ എന്നോട് ആരും കൂട്ടുകൂടി യിരുന്നില്ല. ടീച്ചർ ക്ലാസിൽ നിന്നും പോയാൽ മറ്റു കുട്ടികൾ എല്ലാം എന്നെ ഊമ എന്നും ഒറ്റക്കാലി എന്ന് വിളിച്ചു കളിയാക്കുമായിരുന്നു..

അപ്പോഴൊക്കെ ഞാൻ എന്റെ കളർ പെൻസിൽ കൊണ്ട് എന്റെ ഉള്ളിലെ സങ്കടങ്ങൾക്ക് നിറം പൂശി.. ചിലപ്പോൾ കണ്ണുനീർ വീണ് ആ നിറങ്ങൾ പടർന്നു പിടിക്കും..

എല്ലാവരും ക്ലാസ്സ് റൂമിൽ നിന്നും പുറത്തു പോയതിനു ശേഷം മാത്രമേ ഞാൻ ഇറങ്ങിയിരുന്നു ഉള്ളൂ..

അവരുടെ ഒപ്പം ഓടാനുള്ള ശേഷി എനിക്കില്ലല്ലോ…

ഉള്ളിൽ കരയുമ്പോഴും പുറമേ ചിരിച്ച് എനിക്ക് ഒന്നുമില്ലെന്ന് വരുത്തി മെല്ലെ നടന്നു നീങ്ങും…

ചേച്ചിയും ആ സ്കൂളിൽ തന്നെ ആയിരുന്നു പഠിച്ചിരുന്നത്..

ചേച്ചി നല്ല സുന്ദരിയായിരുന്നു ഇരുപുറവും മുടികൾ കെട്ടി അവർക്ക് അപ്പുറം തോഴികൾ പോലെ കൂട്ടുകാരികളും ഉണ്ടാവും..

പലപ്പോഴും ഒരു നോട്ടം കൊണ്ട് പോലും എന്നെ ചേച്ചി അറിയുന്നതായി ഭാവിച്ചില്ല,..

ഒരിക്കൽ വരാന്തയിൽ വെച്ച് ഞാൻ അവളെ നോക്കി ചിരിച്ചു..

അതിൽ ഒരു കുട്ടി അപ്പോൾ ചോദിച്ചു നിന്റെ അനിയത്തി ആണോ.

ഏയ് അല്ല..

എന്റെ അച്ഛൻ ഈ കുട്ടിയെ ദത്തെടുത്ത് ആണ്..

അവർക്കുനേരെ ഒരു വിളറിയ ചിരി ചിരിച്ച് ഞാൻ മെല്ലെ തിരിഞ്ഞു നടന്നു

ഞാൻ ഏറെ കരഞ്ഞിട്ടുള്ളതും അവഗണിക്കപ്പെട്ടിട്ടുള്ളതും എന്റെ കുറവുകൾ കാരണമായിരുന്നു..

മഴ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു.. എന്റെ സങ്കടങ്ങൾ ഏറ്റുവാങ്ങിയ ഒരേ ഒരു സുഹൃത്ത്..

ആർത്തലച്ചു പെയ്യുന്ന മഴയിൽ ഇറങ്ങി ഞാൻ എന്റെ സങ്കടങ്ങളെ മിഴിനീരിലൂടെ ഒഴുക്കി വിടാറാണ് പതിവ്..

ഒരുപക്ഷേ എന്റെ സങ്കടങ്ങൾ അറിയുന്നത് മഴയോളം മറ്റാരുമില്ല..

രണ്ടു നാളുകൾക്കു ശേഷം എന്റെ ക്ലാസിൽ ഒരു പുതിയ കുട്ടി വന്നു കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു

എല്ലാവരും അവനു പുറകെ കൂടിയപ്പോൾ മുടന്തു കൊണ്ട് ഞാൻ അതൊന്നും അറിയാത്ത പോലെ അവിടെ തന്നെ ഇരുന്നു.. അല്ലെങ്കിലും എന്നെ ആർക്കും ഇഷ്ടം അല്ലല്ലോ…

വെറുതെയെന്തിനാ അവരുടെ കളിയാക്കലിന് ഇരയാകുന്നത്..

മുന്നിലെ ആരവങ്ങളുടെ മറന്നു ഞാൻ എന്റെ സങ്കടങ്ങൾക്ക് നിറങ്ങൾ ചാർത്തി തുടങ്ങി..

ടീച്ചർ വന്നു പോയി ആ കുട്ടി എന്നെ തൊട്ടു പുറകിലായി ആണ് ഇരുന്നത്

ഞാനൊന്നു തിരിഞ്ഞു നോക്കി,

ചിരിക്കാൻ ഏറെ കൊതിച്ചു കാരണം എനിക്ക് ഒരു കൂട്ട് വേണം എന്ന് എപ്പോഴും കൊതിക്കും

അതിനായി ഞാൻ എല്ലാവരുടെയും മുന്നിൽ യാചിച്ചിട്ടുണ്ട് പക്ഷേ ആരും എന്നോട് മിണ്ടാനോ ഒപ്പം ഇരിക്കാനോ ആരും താല്പര്യം കാണിച്ചിട്ടില്ല,.

അതുകൊണ്ടുതന്നെ ഞാൻ ഇരുന്ന ബെഞ്ച് എപ്പോഴും എന്റെത് മത്രമായിരുന്നു.

ഞാൻ ഒന്നുകൂടി തിരിഞ്ഞു നോക്കി മെല്ലെ പുഞ്ചിരിച്ചു

എന്റെ മിഴിയിലുള്ള ദയനീയമായ നൊമ്പരം കണ്ടിട്ടാണോ എന്നറിയില്ല അവൻ ഒരു ചിരി എനിക്ക് സമ്മാനമായി തന്നു

ഞാൻ വേഗം തിരിഞ്ഞിരുന്നു… സത്യമാണോ.. അതോ എനിക്ക് തോന്നിയതല്ലെ..

ഒരു ആശ്രയത്തിൽ ആയി ഞാൻ ബെഞ്ചിൽ ബലമായി പിടിച്ചിരുന്നു..

ആ ഒരു പുഞ്ചിരി എന്റെ ജീവിതത്തിൽ എനിക്ക് ആദ്യമായി കിട്ടുന്ന സമ്മാനമായിരുന്നു,,

ഇതുവരെ ആരിൽനിന്നും എനിക്ക് ഇങ്ങനെ സ്നേഹത്തോടെ ഒരു പുഞ്ചിരിയോ നോട്ടമോ കിട്ടിയിട്ടില്ല,.

അതിനാൽ തന്നെ ആ ചിരി പുഞ്ചിരി എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി തോന്നി.. യേറെ വിലപ്പെട്ടതും

ഒന്നും കൂടി ഒന്ന് തിരിഞ്ഞു നോക്കി ചിരിക്കാൻ മനസ്സ് പറയുമ്പോഴേക്കും..

പിന്നിൽ നിന്ന് ആരോ വിളിച്ച് പറയുന്നത് കേട്ടു..

അവള് ഊമയാ.. ഒറ്റക്കാലിയാ . പിന്നീട് കേട്ടത് ഒരു കൂട്ട് ചിരിയാണ്

അപമാനവും സങ്കടം കൊണ്ട് എന്റെ ശിരസ്സ് താണു.

കരഞ്ഞില്ല കരയാൻ കണ്ണുനീരില്ല എല്ലാ പ്രതീക്ഷയും അസ്തമിച്ചവൾക്കു എന്താണ് പ്രതീക്ഷ.. അതിനാൽ ഞാൻ എന്തിനു കരയണം

പക്ഷേ എന്റെ മനസ്സ് എന്നോട് തന്നെ ചോദിക്കുന്നുണ്ട് അവൻ അത് കേട്ടു ചിരിച്ചു കാണുമോ… അതോ എന്നെ നോക്കുന്നുണ്ടോ .?

ഒരു സഹതാപത്തിന്റെ നോട്ടം നേരിടാനുള്ള ശേഷി എന്റെ മിഴികൾ ഇല്ലായിരുന്നു

അടർന്നു വീണ കണ്ണുനീർ തുള്ളികൾ മുന്നിലെ ബെഞ്ചിൽ തട്ടി ചിതറി

അന്നുച്ചയ്ക്ക് കഞ്ഞി കുടിച്ച് പാത്രം കഴുകാനായി പൈപ്പിൻ അടുത്തു നിൽക്കുമ്പോൾ നല്ല തിരക്കുണ്ട് എല്ലാവരും സന്തോഷത്തിൽ മത്സരിച്ച വെള്ളത്തിനായി തിരക്കുകൂട്ടുന്നു..

ചോറ്റും പാത്രങ്ങൾ വീണു ചിതറുന്ന ശബ്ദം,,.

ഞാൻ എല്ലാം ശാന്തമാകുന്നത് വരെ അവിടെ തന്നെ നോക്കി നിന്നു,,

എന്നും അതാണ് പതിവ്..

വെള്ളം വേണോ

ഞാൻ മുഖമുയർത്തി നോക്കി

ഇന്നലെ പുതിയതായി വന്ന ആ സുന്ദരൻ കുട്ടി ആയിരുന്നു അത്..

ഞാൻ വേണം എന്ന് തലയാട്ടി..

അവനവന്റെ ചോറ്റുപാത്രത്തിൽ കരുതിയ വെള്ളം എന്റെ പാത്രത്തിലേക്ക് ഒഴിച്ചു തന്നു

ഇത് ആർക്ക് പിടിച്ചതാ ഞാൻ അംഗ്യ ഭാഷയിൽ പറഞ്ഞു.. അതവന് വേഗം മനസ്സിലാവുകയും ചെയ്തു..

നിനക്കുവേണ്ടി.

ഞാൻ കണ്ടു നീ വരുന്നത് അപ്പോൾ നിനക്ക് തരാം എന്ന് വിചാരിച്ചു

ഈ കൂട്ടത്തിൽ നീ എങ്ങനെ കഴുകാനാണ്..

അതിൽ ആരെങ്കിലും നിന്നെ തട്ടി ഇട്ടാലോ…

എന്റെ മനസ്സ് നിറഞ്ഞു ആദ്യമായിട്ടാണ് എന്നെ ഒരാൾ ഓർക്കുന്നത്..

എനിക്കായി കരുണ കാട്ടുന്നത്

എനിക്ക് ഒപ്പം തന്നെ അവൻ ക്ലാസിലേക്ക് നടന്നു.. ക്ലാസിൽ എത്തുന്നതുവരെ രണ്ടുപേരും ഒന്നും ശബ്ദിച്ചില്ല.

അന്നു വൈകിട്ട് സ്കൂൾ വിട്ടപ്പോൾ പതിവുപോലെ ഞാനാണ് ക്ലാസിൽ നിന്നും ഒടുവിലായി ഇറങ്ങിയത്.. എല്ലാവരും ഓടി പോയി..

പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൻ. എനിക്ക് പിറകിലായി ഇറങ്ങി വന്നു..

എന്താ നീ അവർക്കൊപ്പം ഓടി പോകാഞ്ഞത്…

എനിക്കറിയാം നീ തനിച്ചാകുമെന്ന്…

നിന്നെ തനിച്ചാക്കി ഞാൻ തോന്നിയില്ല…

ഞങ്ങൾ ഒരുമിച്ച് ക്ലാസ്സിൽ നിന്നും പുറത്തേക്കിറങ്ങി..

പെട്ടെന്ന് പ്രതീക്ഷിക്കാത്ത നേരത്തെ അവൻ എന്റെ കവിളിൽ ഒരു ഉമ്മ വച്ചു..

എനിക്കിഷ്ടമാണ് ട്ടോ ഈ സുന്ദരിക്കുട്ടിയെ..

അതും പറഞ്ഞ് അവൻ വേഗം പുറത്തേക്കു ഓടിപ്പോയി… ഞാൻ സ്തംഭിച്ചു അവിടെത്തന്നെ നിന്നു.

ഒരു പുതിയ ഉദയത്തിന്റെ കിരണങ്ങളാണോ.. എന്നെ തഴുകി പോയത്..

അകലെയെവിടെയോ പ്രദീക്ഷയുടെ ഒരു മരുപ്പച്ച തെളിയുന്നുവോ..

ആ വൈകുന്നേരത്തിന് എനിക്ക് വല്ലാത്ത ഒരു മനോഹാരിത തോന്നി..

പിറ്റേ ദിവസം ഞാൻ ആദ്യമായി എന്റെ കണ്ണെഴുതി… പൊട്ടു തൊട്ടു ഇരുപുറവും മുടികെട്ടി ഞാൻ എന്നെ തന്നെ ആദ്യമായി കാണുംപോലെ കണ്ണാടിയിൽ നോക്കി കണ്ടു… ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു

ഞാൻ അന്ന് എനിക്ക് അപ്പുറം അവനായി ഒഴിച്ചിട്ടു..

പതിവു നേരമായിട്ടും അവനെ കാണുന്നില്ല…

ഉള്ളിൽ ഒരു സങ്കടം നിറഞ്ഞു..

ഇടയ്ക്കിടെ അക്ഷമയോടെ മിഴികൾ ക്ലാസ് മുറിയുടെ വാതിലിലേക്ക് നോക്കുന്നുണ്ട്

പല രൂപങ്ങളും ആ മുറിക്ക് മുന്നിലൂടെ കടന്നുപോയി..

പക്ഷേ അവർ മാത്രം വന്നില്ല

നിമിഷങ്ങൾ കടന്നു പോയി ഫസ്റ്റ് ബെൽ അടിച്ചു ക്ലാസ്..

ക്ലാസ് ടീച്ചർ വന്നു പേര് വിളിച്ചു ഒടുവിൽ അവന്റെ പേര് വിളിച്ചപ്പോൾ അവൻ വന്നില്ല എന്ന് ആരോ പറയുന്നത് കേട്ടു..

എന്റെ മിഴികൾ നിറഞ്ഞു അതുവരെ തോന്നാത്ത സങ്കടം വന്നു ഞാൻ മുഖം താഴ്ത്തി ഇരുന്നു

ആരുടെയോ കാൽപ്പെരുമാറ്റം മെല്ലെ അടുത്തു വരുന്നോ

എന്റെ അടുത്ത് ആരോ വന്നിരിക്കുന്നത് പോലെ

ഞാൻ മെല്ലെനിറമിഴികൾ ഉയർത്തി നോക്കി…

അതാ… എനിക്കരികിലായി അവൻ.

അതെ അവൻ…. എന്റെ സുന്ദരനായിരുന്നു അത്

എന്തിനാ കരഞ്ഞേ

ഞാൻ ഒന്നുമില്ലെന്ന് ചുമൽ കുലുക്കി കാണിച്ചു

ഒന്നും ആഗ്രഹിക്കാൻ പാടില്ല എന്ന് ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു… മെല്ലെ തിരിഞ്ഞിരുന്നു

എന്റെ തോളിൽ ആരോ തൊടുന്ന പോലെ..

ഞാൻ തിരിഞ്ഞു നോക്കി അപ്പോൾ ഒരു കുഞ്ഞു പാവ അവൻ എന്റെ കയ്യിൽ വച്ചു തന്നു

എന്നെപ്പോലെ ഇരുപുറവും മുടിയിൽ കെട്ടി നല്ല ഭംഗിയുള്ള ഉടുപ്പിട്ട ഒരു പാവക്കുട്ടി

അന്ന് എന്റെ സങ്കടങ്ങൾക്ക് നിറം ചാർത്താൻ അവൻ എനിക്കൊപ്പം വർണ്ണങ്ങൾ വിതറിയിരുന്നു…

അതെ എന്റെ സന്തോഷങ്ങൾക്ക് മാറ്റുകൂട്ടാൻ…

തൽക്കാലം
ശുഭം

രചന: മനു പി എം

2 thoughts on “ഞാൻ വരുമ്പോൾ ചേച്ചിയെ മടിയിലിരുത്തി അച്ഛൻ അമ്മയോട് കുശലം പറയുകയാണ്….

  1. ഈ കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *