താലി

രചന: ഹരികുമാർ വെണ്മണി

ഉത്സവത്തിന് പോയി വന്ന അവളുടെ മുഖത്ത് എന്തോ പരിഭവം നിഴലിച്ചു

ഞാനും കൂടി വരണം എന്നവൾ നിർബന്ധിച്ചതാണ് ഞാൻ പോയില്ലാ

”എന്താടീ നിന്റെ മോന്തയക്ക് കടന്നല്കുത്തിയോ ” എന്റെ പരിഹാസം കേട്ട അവളിൽ പെട്ടന്നൊരു ഭയം ഞാൻ കണ്ടു. ” എന്താടീ ?” ഞാൻ വീണ്ടും തിരക്കി.

” ഒന്നുമില്ലാ എട്ടാ ” എന്റെ മുഖത്തു നോക്കാതെയാണവൾ മറുപടി പറഞ്ഞത്. അകത്തേക്ക് പെട്ടന്ന് കയറിപ്പോയി അവൾ.

എന്റെ കണ്ണിനെ പോലും നേരിടാനാവാത്ത എന്താണ്.? മനസിൽ തോന്നിയെങ്കിലും അവളുടെ മുഖം കണ്ട് എനിക്ക് ചോദിക്കാനായില്ലാ അല്പം കഴിഞ്ഞ് ഞാൻ മുറിയിൽ ചെല്ലുമ്പോൾ സാധനങ്ങളും തുണികളും വാരിവലിച്ചിട്ടിരിക്കുന്നു. ഭയങ്കര വൃത്തിക്കാരിയാണവൾ എന്നിട്ടും …. ” എന്തു പറ്റിയെടീ.. നീ എന്തിനാ ഇതെല്ലാം വാരി വലിച്ചിട്ടത്” ഞാൻ സ്നേഹപൂർവ്വം തിരക്കി

പെട്ടന്നവൾ പൊട്ടിക്കരഞ്ഞു. എന്തെക്കൊയോ പറയാനായി അവൾ ചുണ്ടനക്കുന്നുണ്ടെങ്കിലും ശബ്ദം വരി വ്യക്തമായിരുന്നില്ല അവൾ വീണ്ടും ഏങ്ങലടിച്ച് മുഖം പൊത്തിക്കരഞ്ഞു. അപ്പോഴാണ് ഞാൻ കണ്ടത് അവളുടെ കഴുത്തിൽ എന്റെ താലി ഇല്ലാ “താലി എവിടെയാടീ ?” ഞാൻ പെട്ടന്ന് തിരക്കി

” അറിയില്ലാ, എനിക്കറിയില്ലാ ഏട്ടാ… എവിടെപ്പോയതാണെന്ന് അറിയില്ലാ… എന്നേ വെറുക്കല്ലേ…,, എനിക്കത് സഹിക്കാനാവില്ലാ ” അവൾ കരഞ്ഞുകൊണ്ട് കാലിൽ വീണു.

ഞാനവളെ ഇരു കൈകളാൽ ഉയർത്തി നെഞ്ചോടു ചേർത്തു. “താലി പവിത്രമാണ് പെണ്ണേ., അതിനേക്കാൾ പവിത്രമല്ലേ നിന്റെ മനസ്സ്, .. എനിക്കതാണ് വലുത്… സ്വർണ്ണം ഉരുക്കി രൂപം മാറ്റം.. മനസ്സ് മാറ്റാനാവില്ലല്ലോ.,,?….

നീ എന്റെ കാലിൽ വീഴണ്ടവൾ അല്ലാ,. എന്റെ നെഞ്ചിൽ ചായണ്ടവൾ ആണ് – ”

താലിയുടെ മഹത്വം മനസ്സിന്റെതാവട്ടെ! രചന: ഹരികുമാർ വെണ്മണി

Leave a Reply

Your email address will not be published. Required fields are marked *