ദേ കണ്ണേട്ടാ ഒരു കുത്ത് വെച്ച് തരും ഞാൻ.. പറയണ കേട്ടാൽ തോന്നും എന്നും ഇവിടെ അടുക്കള പണിയാണെന്ന്…

രചന: ശിവ ഗാമി

കുഞ്ഞാറ്റെ വാവ അച്ഛനെ കണ്ടോ?

അച്ഛ അവിടെ ഫോണിൽ കളിക്കുന്നുണ്ട് അമ്മേ…

കയ്യിലിരിക്കുന്ന പാവക്കുട്ടിയെ അണിയിച്ചൊരുക്കി സുന്ദരിയാക്കുന്നതിനിടയിൽ അവൾ കൊലയിലേക്ക് വിരൽ ചൂണ്ടി….

ആഹാ… കൊള്ളാം നല്ല ഉത്തരവാദിത്തം ഉള്ള അച്ഛൻ… കുഞ്ഞിന്റെ പിറന്നാൾ ആയിട്ട് എന്നെ വന്ന് ഒരു കൈ സഹായിക്കാതെ ഇവിടെ വന്നു ഫോണിൽ കളിച്ചോണ്ടിരിക്കാലേ…

എണീറ്റെ ഉണ്ണ്യേട്ടാ … വന്നു പായസത്തിനുള്ള തേങ്ങാ ചിരവി തന്നെ.. ഉച്ചയാവുമ്പോഴേക്കും ഇതെല്ലാം കൂടി ഞാനെങ്ങനെയാ ഒറ്റയ്ക്ക് തീർക്കുന്നെ…

അലസമായി കിടന്നിരുന്ന സാരിയുടെ തലപ്പ് അരക്കെട്ടിൽ തിരുകി അവൾ ഫോൺ വാങ്ങി ടേബിളിലേക്ക് വെച്ചു.

പെണ്ണുങ്ങൾ ആയാലേ വീട്ടു ജോലിയൊക്കെ ഒറ്റയ്ക്ക് ചെയ്യാൻ പഠിക്കണം… അതിനു നീയെന്റെ അമ്മയെ കണ്ടു പഠിക്കണം.ഒരാളെ പോലും അടുക്കളയുടെ ഏഴയലത്തേക്ക്

കടത്തില്ലായിരുന്നു.. എത്ര ആൾക്ക് വേണേലും ഒറ്റയ്ക്ക് വെച്ച് വിളമ്പും.. ആഹ്.. എന്റെ അച്ഛന്റെ ഭാഗ്യം.

ഉണ്ണ്യേട്ടൻ ഈ സമത്വം സമത്വം എന്ന് കേട്ടിട്ടില്ലേ… പെണ്ണുങ്ങളെ അടുക്കളയിൽ ഇട്ട് നരകിപ്പിക്കുന്നതൊക്കെ പണ്ട്.. വിവാഹ ജീവിതം ന്നു പറഞ്ഞാലേ എല്ലാം പരസ്പരം ഷെയർ

ചെയ്യലാണ് അതില് ചിലപ്പോ വീട്ടു ജോലിയുമൊക്കെ ഉൾപ്പെട്ടെന്നും വരും.

ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം ന്റെ ശിവേ… പെട്ട് പോയല്ലോ.. വല്ലോം എതിർത്ത് പറഞ്ഞാൽ ഇപ്പൊ ഗാർഹിക പീഡനം ആയില്ലേ പിന്നെ കേസ് ആയി ചാനൽ ചർച്ചകളായി നാണക്കേടായി…

ദേ കണ്ണേട്ടാ ഒരു കുത്ത് വെച്ച് തരും ഞാൻ.. പറയണ കേട്ടാൽ തോന്നും എന്നും ഇവിടെ അടുക്കള പണിയാണെന്ന്.. കുടിച്ച ഗ്ലാസ്‌ പോലും നിങ്ങളെ കൊണ്ട് കഴികിപ്പിക്കാറുണ്ടോ

മനുഷ്യ ഞാൻ?? ഇതിപ്പോ ഇത്ര നേരം ഞാനവിടെ ഒറ്റയ്ക്ക് നിൽകുമ്പോൾ എന്തേലും മിണ്ടിയും പറഞ്ഞിരിക്കാനാ ഉണ്ണ്യേട്ടനെ വിളിച്ചേ…

അത്രയ്ക്ക് ഗമയാണെങ്കിൽ അവിടെ തന്നെ ഇരുന്നോ ഞാൻ തനിയെ ചെയ്തോളാം…

ഈയൊരു പിണക്കം കാണാൻ ആണ് സത്യത്തിൽ ഇത്രയും ഡയലോഗ് ഉണ്ണി പറഞ്ഞത് തന്നെ..

അങ്ങനെ അങ്ങ് പിണങ്ങി പോകാതെ എന്റെ ഭാര്യേ… നിന്റെ തടിമിടുക്കുള്ള കെട്ട്യോൻ ഇവിടുള്ളപ്പോ എന്റെ ശ്രീമതിയെ അടുക്കളയിൽ ഇട്ട് ഒറ്റയ്ക്ക് കഷ്ടപെടുത്താൻ ഞാൻ സമ്മതിക്കോ?? ..

ഉടുത്തിരുന്ന മുണ്ടും മടക്കി കുത്തി അവളുടെ തോളിലൂടെ കൈ ഇട്ടുകൊണ്ട് ഇരുവരും അടുക്കളയിലേക്ക് നടന്നു.

അല്ല ഉണ്ണ്യേട്ടാ ഞാൻ വന്നപ്പോൾ ആരോടോ കാര്യമായ ചാറ്റിൽ ആയിരുന്നല്ലോ ഇനി ഞാനറിയാതെ പഴയ കാമുകിമാർ ആരേലും മെസ്സേജ് അയച്ചു തുടങ്ങിയോ? ..

പപ്പടം കാച്ചുന്നതിനിടയിൽ കുടുകുടെ ചിരിച്ചു കൊണ്ട് അവൾ അവനെ കളിയാക്കി.

ശേ… നീയത് കണ്ടോടി.. ഞാനത് സീക്രെട് ആക്കി വെച്ചേക്കുവായിരുന്നു.. എന്റെ കൂടെ പഠിച്ചിരുന്ന അന്നയെ നിനക്കറിയില്ലേ…

പഠിക്കുന്ന സമയത്തെ അവൾക്കെന്നോട് ഒരു ഇത് ഉണ്ടായിരുന്നു.. അന്ന് ഞാനത് കാര്യമാക്കിയില്ല..ഇപ്പോ പുള്ളിക്കാരിക്ക് ഞാനില്ലാതെ പറ്റില്ലത്രേ..

തേങ്ങാ ചിരവി കൊണ്ട് അത് പറയുമ്പോൾ അവൻ അവളെയൊന്ന് ഇടം കണ്ണിട്ട് നോക്കി.. ചട്ടുകവും പിടിച്ച് ദഹിപ്പിക്കുന്ന നോട്ടവുമായി മുന്നിൽ തന്നെയുണ്ട്..

ആ ഇരിക്കുന്ന ചിരവയെ തേങ്ങാ ചിരവാൻ മാത്രം ഉള്ളതല്ല.. അങ്ങനെ എന്നെയെങ്ങാൻ പറ്റിച്ചാലുണ്ടല്ലോ രണ്ടിനേം ചിരവ കൊണ്ട് തല അടിച്ചു പൊളിക്കും ഞാൻ നോക്കിക്കോ..

ഉള്ളിൽ ഊറി വന്ന ചിരിയടക്കാൻ ഉണ്ണി നന്നേ കഷ്ടപ്പെട്ടു.

പിന്നെ ശിവാ അടുത്ത മാസം പതിനഞ്ചിനു നമുക്കൊരു കല്യാണത്തിന് പോണം കേട്ടോ.. ഡേറ്റ് ഓർത്തു വെച്ചോണം മറക്കരുത്… അത്ര വേണ്ടപ്പെട്ട കല്യാണമ..

ആരുടെ കല്യാണമാ ഉണ്ണ്യേട്ടാ … എന്നോട് ഒന്നും പറഞ്ഞില്ലല്ലോ…

അതിനു ഞാനും ഇപ്പോഴല്ലേ അറിഞ്ഞത് പെണ്ണെ… നമുക്ക് രണ്ടാൾക്കും വേണ്ടപെട്ടൊരു വിവാഹമാണ്.

ഹ്മ്മ്.. വിവാഹത്തിനൊക്കെ പോകാം…അതുപോട്ടെ നമ്മുടെ കല്യാണത്തിന്റെ തലേന്ന് രാത്രി ഇവിടെ മഴ പെയ്തിരുന്നൊ ഉണ്ണ്യേട്ടാ???

ആഹ് കൊള്ളാം… പെയ്തിരുന്നോ ന്ന്… വിരൽ വെച്ചാൽ മുറിഞ്ഞു പോകുന്ന തരം മഴയായിരുന്നു… കല്യാണം കുളമായെന്ന് തന്നെയാ ഞാൻ കരുതിയത്.

ചിരവി കൊണ്ടിരുന്ന തേങ്ങയിൽ നിന്ന് ഒരുപിടി വായിലേക്കിട്ട് ഉണ്ണി തുടർന്നു..

അല്ല…നിന്നോടാരാ ഇത് പറഞ്ഞെ… ഞാനിതുവരെ പറഞ്ഞിട്ടില്ലല്ലോ..

എന്നോടാരും പറയണ്ട. ഇത്ര നേരം കുത്തിയിരുന്ന് ചിരവിയിട്ട് ആ പാത്രത്തിൽ വല്ലതും ഉണ്ടോന്ന് നോക്യേ… തേങ്ങാ പീര വാരി തിന്നാൽ കല്യാണത്തിന് മഴ പെയ്യുമെന്നാ പഴമൊഴി…

ഇമ്മാതിരി തീറ്റ തിന്നുന്ന ഉണ്ണ്യേട്ടന്റെ കല്യാണത്തിന് പ്രളയം വന്നില്ലല്ലോ ന്നാ എന്റെ അതിശയം… അത് കൊണ്ട് ഞാൻ തന്നെ ചിരവിക്കോളാം ന്റെ മോൻ എണീറ്റെരെ…

ചമ്മിയ ചിരിയും ചിരിച്ച് എണീക്കുമ്പോഴും പാത്രത്തിൽ അവശേഷിച്ചത് കൂടി വാരി വായിലിടാൻ ഉണ്ണി മറന്നില്ല.

ഉണ്ണ്യേട്ടാ ഞാനിത് ചിരവി കഴിയുമ്പോഴേക്കും പറമ്പിൽ പോയി കുറച്ചു വാഴയില മുറിച്ചോണ്ട് വാ… എനിക്കത് മുറിക്കാൻ എത്തുന്നില്ല.

ആ പിന്നെ ഉണ്ണാൻ ആവുമ്പോഴേക്കും അച്ഛനേം അമ്മയേം കൂട്ടിയിട്ട് വരാൻ മറക്കല്ലേ… ആഘോഷങ്ങൾ ഒന്നും ഇല്ലേലും മോളുടെ ഒപ്പം സദ്യ ഉണ്ണാൻ അച്ഛനും അമ്മയും വേണം.

കത്തിയെടുത്ത് പറമ്പിലേക്ക് നടന്നപ്പോൾ അവൾ ഓർമിപ്പിച്ചു.

ശിവ. അവൾ തനിക്ക് കിട്ടിയൊരു പുണ്യമാണ്.. മൂത്ത മകനായ താൻ തറവാട്ടിൽ നിന്ന് വീട് മാറി താമസിച്ചപ്പോൾ അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചു സ്വന്തം മകളെ പോലെ പൊട്ടി

കരഞ്ഞവൾ ആണവൾ.. ഇന്നും ഈ വീട്ടിൽ എന്തെങ്കിലും വിശേഷം ഉണ്ടേൽ അവരെ കൊണ്ടു വരാതെ അവൾ അത് നടത്തില്ല.

മനസ് കൊണ്ട് പുഞ്ചിരിച്ചവൻ പറമ്പിലേക്ക് നടന്നു *****

സദ്യ കഴിഞ്ഞ ഉടനെ തന്നെ അച്ഛൻ പോകാൻ തിരക്ക് കൂട്ടി… പശുവിനെ നോക്കാൻ താൻ തന്നെ വേണമെന്ന ഒറ്റ നിർബന്ധത്തിൽ ഉണ്ണി അവരെ കൊണ്ട് വിടാമെന്ന് സമ്മതിച്ചു.

അടുക്കളയിലെ എല്ലാ പണിയും ഒതുക്കി ചുമ്മാ ഇരുന്നപ്പോഴാണ് ശിവ തന്റെ ഫോൺ തിരക്കിയത്.

കുഞ്ഞാറ്റെ അമ്മേടെ ഫോൺ കണ്ടോ?

ടീവിയിൽ നിന്ന് കണ്ണെടുക്കാതെ തന്നെ അവൾ ഇല്ലെന്നു ചുമൽ കൂന്നി.

ഉണ്യേട്ടാ നിങ്ങൾ എന്റെ ഫോൺ കണ്ടിരുന്നോ?

നിന്റെ ഫോൺ അല്ലെ രാവിലെ ടേബിൾ വാങ്ങി വെച്ചേ…

റൂമിൽ നിന്ന് കേട്ട അശരീരി ക്ക് പിന്നാലെ അവൾ കൊലയിലേക്ക് നടന്നു.

അത് ശെരി അപ്പൊ എന്റെ ഫോണിൽ ആയിരുന്നല്ലേ സാറിന്റെ കളി..

പക്ഷെ ഉണ്ണ്യേട്ടൻ അതിലരോടാ ഇത്ര കാര്യമായി സംസാരിച്ചു കൊണ്ടിരുന്നേ. തന്റെ സുഹൃത്തുക്കളുടെ കല്യാണമൊന്നും ആയിട്ടില്ലല്ലോ…

സംശയം ബാക്കി വെച്ച് അവൾ മേശയ്ക്ക് മുന്നിലെ കസേരയിൽ ഇരുന്ന് ഫോൺ ഓൺ ആക്കി.. വാട്സ്ആപ്പ് തുറന്ന് നോക്കിയപ്പോൾ ഏതോ നമ്പറിൽ നിന്നൊരു നീണ്ട മെസ്സേജ്.

ആകാംഷയോടെ അവൾ അതിന്റെ ഏറ്റവും മുകളിലേക്ക് കണ്ണോടിച്ചു.

അമ്മൂസെ..

ആദ്യത്തെ മെസ്സേജ് കണ്ടതും അവളുടെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.

ഈശ്വരാ.. ഈ ലോകത്ത് തന്നെ അങ്ങനെ വിളിക്കാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ… ആദിയേട്ടൻ! രണ്ട് വർഷങ്ങൾക്ക് മുന്നാണ് ഈ വിളി അവസാനമായി കേട്ടത്..

ഇപ്പോൾ വീണ്ടും കേട്ടപ്പോൾ നെഞ്ചിലൊരു ഭാരം വന്നു നിറയുന്ന പോലെ.. വീട്ടുകാരുടെ സ്വാർത്ഥയ്ക്ക് മുന്നിൽ വേദന കടിച്ചമർത്തിയാണ് അന്ന് ആദിയേട്ടൻ എന്നെ വേണ്ടെന്ന്

പറഞ്ഞത്… എന്നെ വിട്ടു പോവല്ലേ എന്ന് ഞാൻ അലറി വിളിച്ചു കരഞ്ഞപ്പോഴും ഒന്നും മിണ്ടാതെ നിസ്സഹായനായി നിന്ന ആ പാവത്തിന്റെ മുഖം ഇപ്പോഴും മനസിലുണ്ട്. ഞാൻ

ഒരുത്തിയാണ്‌ ആദിയേട്ടന്റെ ജീവിതം നശിപ്പിച്ചത്. എന്റെ വീട്ടുകാരുടെ വാശിക്ക് മുന്നിൽ ആദിയേട്ടൻ ബലിയാടായപ്പോൾ ഞാനും അതിനു കൂട്ട് നിന്നു.അന്ന് നാടു വിട്ടു പോയ ആദിയേട്ടനെ കുറിച്ച് ഒരുപാട് അന്വേഷിച്ചു. പക്ഷെ…

നിറഞ്ഞു തുളുമ്പിയ കണ്ണുനീർ ഒപ്പിയെടുത്ത് അവൾ വീണ്ടും സ്ക്രീനിലേക്ക് നോക്കി..മങ്ങിയ കണ്ണുകളോടെ അതിലെ അക്ഷരങ്ങൾ ഓരോന്നായി വായിച്ചു തുടങ്ങി.

‘ നിനക്ക് സുഖം ആണെന്ന് കരുതുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് നിന്നെ ഞാൻ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നത്. അന്ന് മനസ് ഒരുതരം മരവിച്ച അവസ്ഥ ആയിരുന്നു അമ്മൂസെ..

വിശപ്പ് എന്താണെന്നോ ദാഹം എന്താണെന്നോ അറിയാത്ത ഒരുതരം മരവിപ്പ്.. നിന്റെ അച്ഛനും അമ്മയും വന്ന് എന്റെ മുന്നിൽ തൊഴുതു പറഞ്ഞപ്പോൾ എനിക്ക് വേറെ മാർഗം ഉണ്ടായില്ല

എന്നതാണ് സത്യം. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ലല്ലോ എന്നെ പോലെ ഒരു ദരിദ്രവാസിയുടെ കൂടെ മകൾ ജീവിക്കുന്നത് കാണാൻ അവർക്ക് പ്രാപ്തി ഉണ്ടാകില്ല.

അതിലെ ഓരോ വാക്കുകളും തന്റെ ഹൃദയത്തിൽ വന്നു തറയ്ക്കുന്നത് പോലെ തോന്നി അവൾക്ക് .

കല്യാണ ദിവസം ഞാൻ വന്നിരുന്നു. എന്റെ മാത്രമാണെന്ന് പറഞ്ഞു പഠിപ്പിച്ച മനസിനെ കൊണ്ട് മാറ്റി പറയിക്കാൻ.. പക്ഷെ… അതിനു മാത്രം എനിക്ക് കഴിഞ്ഞില്ല..

നിന്നെ ഇനി ഒരിക്കലും കാണരുത് എന്ന് കരുതിയാണ് ഞാൻ ആ നിമിഷം തന്നെ എങ്ങോട്ടേയ്ക്ക് എന്നില്ലാതെ ഓടി രക്ഷപെട്ടത്… പക്ഷെ അന്ന് ഞാനൊരു കാര്യം മനസിലാക്കി അമ്മുസേ

എവിടെ ഓടി ഒളിച്ചാലും ഓർമകളിൽ നിന്ന് നമുക്ക് രക്ഷപെടാൻ കഴിയില്ലെന്ന്. നിനക്കറിയോ എത്രയോ രാത്രി ഉറങ്ങാൻ കഴിയാതെ ഞാൻ ഇരുന്നിട്ടുണ്ടെന്ന് കണ്ണടയ്ക്കാൻ സത്യത്തിൽ എനിക്ക്

പേടിയായിരുന്നു… കണ്ണടക്കുന്ന മാത്രയിൽ തെളിഞ്ഞിരുന്നത് എന്നെ വിട്ടുകൊടുക്കല്ലേ ആദിയേട്ടാ എന്ന് നിലവിളിച്ചു കരയുന്ന നിന്റെ മുഖമായിരുന്നു.

ഒരു നിമിഷം അവൾ കണ്ണുകൾ ഇറുക്കിയടച്ചിരുന്നു. ശേഷം വായന തുടർന്നു.

എനിക്കറിയാം അമ്മുസേ എന്റെ ജീവിതത്തെ കുറിച്ചോർത്ത് ഇന്നും നീ നീറുന്നുണ്ടാകുമെന്ന്.. എന്നെ കുറിച്ച് നീ അറിയാൻ ശ്രമിച്ചപ്പോഴൊക്കെയും ഞാൻ മറഞ്ഞു നിന്നത് എന്റെ അവസ്ഥ

കണ്ട് നീ കൂടുതൽ സങ്കടപെടേണ്ട എന്ന് കരുതിയാണ്. എങ്കിലും നീ സന്തോഷിക്കുന്നത് ഞാൻ മറഞ്ഞു നിന്ന് കണ്ടിരുന്നു..

ഇപ്പോൾ ഇങ്ങനെയൊരു മെസ്സേജ് അയക്കുന്നതിന്റെ കാര്യം തന്നെ നിനക്ക് ഏറ്റവും സന്തോഷം തരുന്ന ഒരു കാര്യം അറിയിക്കാനാണ്.. അടുത്ത മാസം പതിനഞ്ചാം തിയതി എന്റെ

വിവാഹമാണ്. ഇനിയൊരു തിരിച്ചു വരവില്ലെന്ന് കരുതിയ ജീവിതത്തിൽ നിന്നെന്നെ കൈ പിടിച്ചുയയർത്തിയവളെ തന്നെ ഞാൻ എന്റെ ജീവിതത്തിലേക്കും ക്ഷണിക്കുകയാണ്..

അവളുടെ പേര് അമൃത.. ഇനി ഒരു ജീവിതം ഉണ്ടെങ്കിൽ അത് അവൾക്ക് വേണ്ടി ജീവിക്കണം… നിന്റെ സന്തോഷം കാണാനാണ് അന്നും ഇന്നും ഞാൻ ആഗ്രഹിക്കുന്നത്…

എന്റെ ജീവിതത്തിലെ നല്ല ഓർമകളിൽ എന്നും നീ ഉണ്ടാകും വിവാഹത്തിന് നീയെത്തുമെന്ന പ്രതീക്ഷയോടെ ആദിയേട്ടൻ…

അത് വായിച്ചു കഴിഞ്ഞതും എന്തെന്നില്ലാത്ത സന്തോഷം അവളുടെ ഉള്ളിൽ അല തല്ലി. ഇപ്പോൾ നിറഞ്ഞു വരുന്ന കണ്ണു നീർ സന്തോഷത്തിന്റേതാണെന്ന് അവൾ തിരിച്ചറിഞ്ഞു.

ഈശ്വരാ നന്ദി… ഇത്രനാളും ഉള്ളുരുകി പ്രാർത്ഥിച്ചത് താൻ മൂലം നഷ്ടപെട്ട ആദിയേട്ടന്റെ ജീവിതം തിരിച്ചു കൊടുക്കണേ എന്നായിരുന്നു.. തനിക്ക് ഉണ്ണ്യേട്ടനെ കിട്ടിയ പോലെ

ആദിയേട്ടനും സ്നേഹിക്കാൻ മാത്രമറിയുന്ന ഒരാളെ കിട്ടണേ എന്നായിരുന്നു. ദൈവം തന്നെ കൈവിട്ടില്ല.

കണ്ണുകൾ നിറയുമ്പോഴും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… അവൾ ഒന്ന് കൂടി ആ മെസ്സേജിന് താഴേക്ക് നോക്കി… അത് വായിച്ചപ്പോഴാണ് അവൾ ശെരികും ഞെട്ടിപ്പോയി.

ഇപ്പോഴാണ് ആദിയേട്ടാ ഞാൻ ജീവിതത്തിൽ പൂർണമായും സന്തോഷിക്കുന്നത്…ഇത്രയും നാളുകളായി ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചിരുന്ന ഒരേ ഒരു ആവശ്യമായിരുന്നു ഇത്..

ഉണ്ണ്യേട്ടൻ എന്നെ ജീവനേക്കാൾ ഏറെയാണ് സ്നേഹിക്കുന്നത്.. തിരിച്ചു എനിക്കും അങ്ങനെ തന്നെ… മനഃപൂർവം അല്ലെങ്കിലും ആദിയേട്ടനെ കുറിച്ചുള്ള കുറ്റബോധം എന്നെ വല്ലാതെ

നീറ്റുന്നുണ്ടായിരുന്നു. ഞാൻ ഇവിടെ സന്തോഷത്തോടെ കഴിയുമ്പോൾ ആദിയേട്ടന്റെ ജീവിതം നശിച്ചു പോകുമോ എന്നുള്ള പേടിയായിരുന്നു. ഇനി എനിക്ക് സന്തോഷത്തോടെ ജീവിക്കാം…

ആദിയേട്ടന്റെ വിവാഹം ഈ ലോകത്തിൽ ഏറ്റവുമധികം കാണാൻ ആഗ്രഹിച്ചത് ഒരുപക്ഷെ ഞാനായിരിക്കും… ഞാൻ വരും ആ മുഹൂർത്തം കാണാൻ… ഞാൻ മാത്രമല്ല എന്റെ ഉണ്ണ്യേട്ടനും ഒപ്പം ഉണ്ടാകും.

താൻ പറയാൻ ആഗ്രഹിച്ച വാക്കുകൾ അത്രയും ഒരു വാക്ക് പോലും വ്യത്യാസമില്ലാതെ ഉണ്ണ്യേട്ടൻ പറഞ്ഞിരിക്കുന്നു..!!

അവസാന വരി വായിച്ചു കഴിഞ്ഞതും ഫോൺ ടേബിളിലേക്ക് എറിഞ്ഞവൾ റൂമിലേക്കോടി.അവിടെ ഒരു മന്ദഹാസത്തോടെ തന്നെ കാത്തിരുന്ന ഉണ്ണിയെ അവൾ കണ്ടു.

മ്മ്??? എന്തെ ആ ഭംഗിയുള്ള കണ്ണുകളൊക്കെ നിറഞ്ഞൊഴുകുന്നുണ്ടല്ലോ…?? ആരേലും കരയിച്ചോ എന്റെ ശ്രീമതിയെ???

മറുത്ത് ഒരു വാക്ക് പോലും പറയാതെ പൊടുന്നനെ അവൾ അവന്റെ നെഞ്ചിൽ തല വെച്ച് കൊണ്ട് പൊട്ടി കരഞ്ഞു.

എന്തിനാ ശിവാ.. എന്റെ പൊട്ടി പെണ്ണിന് സ്നേഹിക്കാനെ അറിയൂ ആരുടേം മനസ് വിഷമിപ്പിക്കാൻ അറിയില്ല.. നീ പറഞ്ഞില്ലേലും നിന്റെ മനസ് വായിച്ചെടുക്കാൻ ഉണ്ണ്യേട്ടന്

കഴിഞ്ഞിരുന്നു… അല്ലെങ്കിൽ പിന്നെ ഇത്രനാൾ ഒരുമിച്ചു ജീവിച്ചതിനു എന്തെങ്കിലും അർത്ഥം ഉണ്ടോടി…?

വാക്കുകൾ എല്ലാം ആ നിമിഷം അലിഞ്ഞില്ലാതായത് പോലെ അവൾക്ക് തോന്നി.. കൊച്ചു കുട്ടിയെ പോലെ അവന്റെ മാറിൽ കിടന്നവൾ മതി വരുവോളം കരഞ്ഞു.

ശുഭം.

ജീവിതത്തിൽ പ്രണയിക്കാത്തവരായി ആരും തന്നെ കാണില്ലല്ലേ… ചിലർ അതിൽ വിജയിക്കും ചിലരോ?? പണത്തിന്റെയും അന്തസ്സിന്റെയും ജാതിയുടെയും അളവ് കോൽ വെച്ച്

അളന്നെടുക്കുമ്പോൾ പകുതി ഇഷ്ടങ്ങളും മനസ്സിൽ കുഴിച്ചു മൂടേണ്ടി വരുന്നു… ചിലർ അതിനെ ചെല്ലപ്പേരിട്ട് വിളിക്കും “വിധി “…ഇത്രയും നാൾ തന്റേതാണെന്ന് പറഞ്ഞു പഠിപ്പിച്ചിട്ട് പിന്നീട്

മറ്റൊരാൾക്ക്‌ സ്വന്തമാകേണ്ടി വരുന്നത് നിസ്സഹായായി നോക്കി നിന്നിട്ടുണ്ടോ നല്ല രസമാണ്.. ആത്മാർത്ഥ പ്രണയം അതൊരിക്കലും അവസാനിക്കില്ല. മനസിന്റെ ഏതെങ്കിലും ഒരു കോണിൽ

എപ്പോഴെങ്കിലും നാം അവരെ ഓർക്കാതിരിക്കില്ല. അത് പക്ഷെ ഒരിക്കലും നമ്മുടെ പങ്കാളിയോടുള്ള ചതിയല്ല… ആത്മാർത്ഥ സ്നേഹം അങ്ങനെയാണ് :). ഇങ്ങനെയൊക്കെ

കഥയിൽ മാത്രം നടക്കുകയുള്ളൂ എന്ന് പറയുന്നവരോട്… അല്ലെടോ മാഷേ അങ്ങനത്തെ അപൂർവം ചില ആളുകളും ഉണ്ട്.. അത് കണ്ടെത്തുമ്പോൾ ആണ് നമ്മൾ വിജയിക്കുന്നതും

:).എഴുതി ഒരുപാട് ബോറടിപ്പിച്ചു എങ്കിൽ ക്ഷമിക്കണേ 🙂

നന്ദി

രചന: ശിവ ഗാമി

Leave a Reply

Your email address will not be published. Required fields are marked *