നിന്റെ കവിൾത്തടം കടിച്ചു തിന്നാൻ തോന്നുന്നുവെന്ന്ആദ്യരാത്രി ഒന്നു റൊമാന്റിക് ആക്കാൻ വേണ്ടി….

രചന: സന്തോഷ് അപ്പുക്കുട്ടൻ

“വിശക്കുന്നുണ്ടെങ്കിൽ കടിച്ചു തിന്നാൻ ആ കൊട്ടയിൽ നല്ല കാശ്മീർ ആപ്പിളുണ്ട് – അല്ലാതെ എന്റെ കവിൾത്തടമല്ല ”

അമ്പിളി അതും പറഞ്ഞ് ഏതോ -കോമിക്സ് ബുക്കിലേക്ക് തല താഴ്ത്തിയപ്പോൾ, തലയിലൊരു വെള്ളിടി വീണതുപോലെ സ്തംഭിച്ചു നിന്നു അച്ചു.

“നിന്റെ കവിൾത്തടം കടിച്ചു തിന്നാൻ തോന്നുന്നു ” യെന്ന്ആദ്യരാത്രി ഒന്നു റൊമാന്റിക് ആക്കാൻ വേണ്ടി പറഞ്ഞു പോയതാണ് അച്ചു.

അതിനുള്ള മറുപടി കേട്ട അച്ചു, സ്പീഡി ലോടിയിരുന്ന ഫെരാറി കാറിന്റെ ടയർ പഞ്ചറായതുപോലെ കിടക്കയിൽ കമഴ്ന്നടിച്ചു കിടന്നു.

” എന്തൊരു ഉയരമാണ് ചേട്ടന്; ഇത്രയ്ക്കും ഉയരം ബോറാണ് ട്ടോ?”

കോമിക്സ് ബുക്കിൽ നിന്നു തലയുയർത്തി അച്ചുവിന്റെ നെറ്റിയിൽ അടുത്ത ആണിയുമടിച്ച് അമ്പിളി കോമിക്സ് ബുക്കിലേക്കു നോക്കി ചിരിക്കാൻ തുടങ്ങി,

അച്ചു ഉള്ളിലുയർന്ന ദേഷ്യത്തോടെ അമ്പിളിയെ നോക്കി.

അഞ്ചടിയിൽ താഴെയുള്ള ഈ മത്തങ്ങകണ്ണിയാണ് തന്നെ കളിയാക്കുന്നതെന്നോർത്ത് അവന്റെ ദേഷ്യം ഇരട്ടിച്ചു.

ഇന്നോളം കണ്ട ആദ്യരാത്രിയിലെ സ്വപ്നങ്ങൾ മാത്രമല്ല, ഇനിയുള്ള രാത്രികളിലും ഇതേ അവസ്ഥയല്ലേ എന്ന സങ്കടത്തോടെ ബെഡ്ഡിൽ നിന്നെഴുന്നേറ്റ് പതിയെ റൂമിനു പുറത്തേക്ക് നടന്നു.

അച്ഛന്റെയും, അമ്മയുടെയും ഏകമകളാണെന്ന സ്വാർത്ഥതയിൽ അല്ല അവളെ കെട്ടിയത്.

വയസ്സായ തന്റെ അമ്മയ്ക്ക്, ഞാൻ വിദേശത്ത് പോയാൽ ഒരു കൂട്ടാവുമല്ലോയെന്നോർത്താണ്.

ആ-സ്വപ്നം സ്വാഹ!

ഇവളെ ഏൽപ്പിച്ചു പോകുന്നതിനെക്കാൾ ഭേദം വല്ല ഓൾഡ് ഏജ് ഹോമിലാക്കുന്നതാണെന്ന് തോന്നുന്നു,

കത്തി തീർന്ന സിഗരറ്റ് ദൂരേയ്ക്കെറിഞ്ഞു, അടുത്തുള്ള വിശാലമായ പാടങ്ങളിലേക്ക് കണ്ണെറിഞ്ഞു അച്ചു.

വൃശ്ചികകാറ്റിൽ നൃത്തംവെയ്ക്കുന്ന നെൽക്കതിരുകളിൽ പറ്റിചേർന്നു നിൽക്കുന്ന രണ്ട് പ്രണയാർദ്രരായ മിന്നാമിനുങ്ങുകളെ കണ്ടപ്പോൾ, വീണ്ടും ബെഡ് റൂമിലേക്ക് നടക്കാനാഞ്ഞ അച്ചു എന്തോ ഒന്നു ഓർത്തു അവിടെ തന്നെ നിന്നു.

വീടിന്റെ പുറത്തേക്കിറങ്ങി, തൊടിയിലെ പൂന്തോട്ടത്തിൽ ഒന്നു കറങ്ങിയ ശേഷം വീണ്ടും,വീടിന്റെ തിണ്ണയിൽ വന്നിരുന്നു.

അടുത്ത സിഗരറ്റിനു വേണ്ടി പാക്കറ്റ് തുറന്നപ്പോൾ അതു കാലി!

കലിയോടെ അവൻ അടുത്ത പോക്കറ്റിൽ കൈയിട്ടപ്പോൾ എന്തോ തടഞ്ഞു.

ഒരു പാക്കറ്റ്!

ഒഴിവുവേളകൾ സ്വർഗ്ഗീയമാക്കാനെന്നും പറഞ്ഞ് അഭി, ആരും കാണാതെ പോക്കറ്റിൽ നിക്ഷേപിച്ച ആ പാക്കറ്റ് എടുത്ത് അവൻ ദൂരേയ്ക്കെറിഞ്ഞു.

” അല്ലെങ്കിലും ചത്ത കിളിക്കെന്തിന് കൂട്”

അച്ചു തേരാപാര ആ വരാന്തയിലൂടെ നടക്കുമ്പോൾ അഭിയുടെ മുഖം ഓർമ്മ വന്നു.

പതിനഞ്ച് ദിവസങ്ങൾക്ക് മുൻപ് അവൻ പറഞ്ഞ വാക്കുകളും, ഒരു ഭീതിയോടെ അച്ചുവിന്റെ മനസ്സിലേക്കിരച്ചു -വന്നു.

അക്ഷയ് എന്ന അച്ചുവും, അഭിലാഷ് എന്ന അഭിയും ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ ഒന്നിച്ചു പഠിച്ച കട്ടചങ്ക്കൾക്കുപരി അമ്മാവന്റെയും അമ്മായിയുടെയും മക്കളാണ്.

അച്ചു-പത്താംക്ലാസ്സിൽ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ച് ഗൾഫിൽ നല്ലൊരു കമ്പനിയിൽ ജോലിയിലെത്തി സീറ്റ് ഉറപ്പിച്ചപ്പോൾ,

അഭി_പത്താം ക്ലാസ്സ് പാസ്സാകാതെ ഉഴപ്പി നടന്നിപ്പോൾ കവലയിലുള്ള ഒരു കലുങ്കിൽ സീററ് ഉറപ്പിച്ചിരിക്കുന്നു.

അഭിയ്ക്ക് തീരെ ഇഷ്ടമുണ്ടായിരുന്നില്ല അച്ചു അമ്പിളിയെ കല്ല്യാണം കഴിക്കുന്നതിൽ.

” നീ ഒന്നുംകൂടി ആലോചിക്ക് അച്ചൂ ഈ വിവാഹം വേണോന്ന് ”

ബിയർ പാതി കുടിച്ചുക്കൊണ്ട് അഭി-അച്ചുവിനെ നോക്കി.

“ഒന്നും ആലോചിക്കാനില്ല അഭീ… ഇതങ്ങ്ട് തീരുമാനിച്ചു ”

അഭി ഒന്നും പറയാതെ ബീറിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

” നിനക്കറിയാമല്ലോ ഇതെന്റെ എത്രാമത്തെ പെണ്ണുകാണലെന്ന് –

രാഹുവും കേതുവും തിരുവാതിര കളിച്ച് ഓരോ ആലോചനയും മുടക്കി.

ഇനി എനിക്ക് ഗൾഫിലേക്ക് പോകാൻ വെറും ഇരുപത്തഞ്ച് ദിവസം മാത്രമേയുള്ളൂ.

വയസ്സായ അമ്മയെ ഇവിടെ -തനിച്ചാക്കി പോകാനും എനിക്ക് പറ്റില്ല. അതോണ്ട് ഈ വിവാഹം ഞാൻ ഉറപ്പിച്ചു അഭീ ”

അഭിലാഷ് ദേഷ്യത്തോടെ ബീർ കുപ്പി തോട്ടിലേക്കെറിഞ്ഞു.

“നിനക്ക് മാച്ചാവുമോ അവൾ?വെറും അഞ്ചടിയിൽ താഴെയുള്ളൂ അവൾ

“അതിന്?”

” അതിനോ? ”

അഭി പൊട്ടിച്ചിരിച്ചു കൊണ്ട് അച്ചുവിന്റെ തോളിൽപിടിച്ചു.

“കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് എന്ന പഴമൊഴി നീ കേട്ടിട്ടില്ലേ? അത് കുള്ളത്തികൾക്കും ബാധകമാ”

അച്ചു ഒന്നും മനസ്സിലാവാതെ അഭി യെ നോക്കി,

“ഇവരെ വിശ്വസിക്കാൻ കൊള്ളില്ലടാ !

നമ്മളെ നോക്കി മനോഹരമായി ചിരിക്കുമ്പോൾ തന്നെയവർ നമ്മളെ മനസ്സിൽ ചീത്ത പറയും !

സ്നേഹത്തോടെ കൊണ്ടുപോയി അവർ നമ്മളെ ചതിക്കുഴിയിൽ വീഴ്ത്തും.

ഒന്നിനും പറ്റില്ലെങ്കിലും സംസാരമൊക്കെ വലിയതായിരിക്കും.

ഓടിപോകുന്നവന്റെ അടുത്ത് ആടിയെത്താതിന്റെ കോംപ്ളക്സ് ”

അതും പറഞ്ഞ് ഒരു ചിരിയോടെ അഭി അടുത്ത ബിയർ പൊട്ടിച്ചു.

“എല്ലാവരും അങ്ങിനെയാണോ അഭീ ?”

“നൂറല്ല – നൂറ്റൊന്ന് ശതമാനം ഷുവർ ”

” അങ്ങിനെയാണെങ്കിൽ എന്റെ സുമിത്രാന്റിയേയും ആ കൂട്ടത്തിൽ പെടുത്താമോ?”

” അച്ചൂ ”

അഭിയുടെ മുഖത്തെ രക്തം വാർന്നു.

അച്ചുവിന്റെ -ഉയരം കുറഞ്ഞ സുമിത്രാന്റി അഭിയുടെ അമ്മയാണ്.

“ടാ പുല്ലേ -ഉയരത്തിലും നിറത്തിലും, ആകാരത്തിലും വ്യത്യാസമുണ്ടെങ്കിലും, എല്ലാവരുടെ മനസ്സും,ഹൃദയവും പിന്നെ…

“ഡോണ്ടു.. ഡോണ്ടു ”

അഭി പെട്ടെന്ന് അച്ചുവിന്റെ വായ് പൊത്തി.

” നിനക്കിപ്പോൾ അവളുടെ ഉയരമല്ല പ്രശ്നം – നിന്നെ തേച്ചിട്ടു പോയ വീണയുടെ കൂട്ടുക്കാരിയെന്നതാണ് ”

അച്ചു ദേഷ്യത്തോടെ അഭിയെ നോക്കി

“വെറും കൂട്ടുക്കാരിയല്ല അച്ചൂ – ശരിക്കും സയാമീസ് ഇരട്ടകളായിരുന്നു. അപ്പോൾ വീണയുടെ സ്വഭാവത്തിന്റെ ഒരംശമെങ്കിലും അമ്പിളിയിൽ കാണാതിരിക്കോ?”

കുടിച്ചുതീർത്ത ബിയർകുപ്പി -നിലത്ത് വട്ടം കറക്കിക്കൊണ്ട് അഭിചോദിച്ചു.

” ഞാൻ കള്ള് കുടിക്കില്ലല്ലോ? തോട്ടിൽകുളിക്കുന്ന പെണ്ണുങ്ങളുടെ സീൻ അടിക്കാറില്ലല്ലോ? ക്വട്ടേഷൻ എടുത്ത് ആരെയും തല്ലാൻ പോകാറില്ലല്ലോ? ”

” അതിന്?” അഭി-സംശയത്തോടെ അച്ചുവിനെ നോക്കി.

“അതിനൊന്നുമില്ലേ അഭീ – നീ പറഞ്ഞ -തിയറി വെച്ച് നിന്റൊപ്പം നടക്കുന്ന ഞാനും ഇതു ചെയ്യേണ്ടതല്ലേ?”

അഭി ചമ്മിയ ഒരു ചിരിയോടെ അച്ചുവിനെ നോക്കി.

“ഇതൊക്കെ അറിയാമായിരുന്നിട്ടും നിന്റൊപ്പം ഞാൻ ഇപ്പോഴും കൂട്ടുകൂടി നടക്കുന്നത് നീ എന്റെ സ്വന്തക്കാരനായതുകൊണ്ടുമാത്രമല്ല നീയെന്റെ ആത്മാർത്ഥത ചങ്കും കൂടിയായതുകൊണ്ടാണ് ”

പിന്നെയൊരക്ഷരം അഭിയ്ക്ക് പറയാനുണ്ടായിരുന്നില്ല!

പക്ഷേ ഇപ്പോൾ ഓർക്കുമ്പോൾ അഭി-പറഞ്ഞതാണ് ശരിയെന്നു തോന്നുന്നു –

കുമ്പിട്ടിരുന്ന അച്ചു കണ്ണീർ തുടച്ചുക്കൊണ്ട് പോക്കറ്റിൽ നിന്നു -മൊബൈലെടുത്ത് അഭിയെ വിളിക്കാൻ മുഖമുയർത്തിയതും, നെറ്റിയിൽ ഒരു നനുത്ത ചുംബനം പതിച്ചതും ഓരേ നിമിഷമായിരുന്നു.

മുന്നിൽ ചിരിച്ചുക്കൊണ്ടു നിൽക്കുന്ന അമ്പിളി,

ഒന്നും വിശ്വാസം വരാതെ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു അച്ചു!

“പേടിച്ചുപോയിലേ അച്ചുവേട്ടൻ – അഭിഎന്നോട് എല്ലാ കാര്യവും മുൻകൂർ ജാമ്യമെടുക്കുന്നതു പോലെ പറഞ്ഞിരുന്നു. അപ്പോൾ എനിക്ക് വേണ്ടി എന്റെ അച്ചുവേട്ടൻ ആത്മാർത്ഥമായി വാദിച്ചതും പറഞ്ഞിരുന്നു.”

അമ്പിളി ഒരു കുട്ടിയെ പോലെ അച്ചുവിന്റെ മടിയിൽ കയറിയിരുന്നു.

” അപ്പോൾ എന്റെ കൺക്കണ്ട ദൈവത്തിനെ ഒന്നു പരീക്ഷിക്കാമെന്നു വെച്ചു.അതിലും എന്റെ ദൈവം തന്നെ വിജയിച്ചു. ”

” എങ്ങിനെ വിജയിച്ചു?”

അച്ചു അവന്റെ നാവ് പതിയെ അമ്പിളിയുടെ ചെവിയിൽ തൊട്ടു.

” ഞാൻ ദേഷ്യപ്പെട്ടപ്പോഴും, കളിയാക്കിയപ്പോഴും എന്നെ ചീത്ത പറഞ്ഞില്ലeല്ലാ? ഒന്നും മിണ്ടാതെ റൂമിൽ നിന്ന് ഇറങ്ങി പോരുകയല്ലേ ചെയ്തത്?”

നീർ നിറഞ്ഞ മിഴികളോടെ അമ്പിളി, അച്ചുവിന്റെ കവിളിൽ ചുണ്ട് ചേർത്തു,

” എന്നാലും ഒരു നിമിഷം നിന്നെ ഞാൻ സംശയിച്ചില്ലേ അമ്പിളീ”

” അതു സാരല്ല്യ അച്ചുവേട്ടാ – ദൈവങ്ങൾക്കും തെറ്റ് പറ്റാറില്ലേ?”

വൃശ്ചികകാറ്റിന്റെ തണുപ്പിനെ പ്രതിരോധിക്കാനെന്നവണ്ണം അവരുടെ ചുംബനങ്ങർക്ക് ശക്തി കൂടി.

” എന്നാലും അച്ചുട്ടേൻ ഒരു തെറ്റ് ചെയ്തു?”

അച്ചു സംശയത്തോടെ അമ്പിളിയെ നോക്കി.

“നമ്മുടെ കല്ല്യാണസദ്യയ്ക്ക് അഭിയെക്കൊണ്ട് പപ്പടം വിളമ്പിക്കേണ്ടായിരുന്നു ”

” അതവനുള്ള ഒരു ചെറിയ പണിഷ്മെന്റ് ആണ് കുട്ടീ”

ചിരിച്ചുക്കൊണ്ട് അമ്പിളിയെയുമെടുത്ത് ബെഡ്റൂമിലേക്ക് നടന്ന അച്ചു അപ്പോൾ പതിയെ മന്ത്രിച്ചു:

“ഇതാണ് അച്ചുവിന്റെ ഭാര്യ ”

രചന: സന്തോഷ് അപ്പുക്കുട്ടൻ

Leave a Reply

Your email address will not be published. Required fields are marked *