പുച്ഛത്തോടെയുള്ള ചേച്ചിയുടെ സംസാരം അവളെ അല്പ്പം ചൊടി പിടിപ്പിച്ചെന്ന് എനിക്ക് മനസ്സിലായി…

രചന: Jishanth Konolil

“ഓ….ഇനി പുറത്ത് പോകാനൊന്നും വേറെ ഡ്രൈവറെ വിളിക്കണ്ടല്ലോ.” പുച്ഛത്തോടെയുള്ള ചേച്ചിയുടെ സംസാരം അവളെ അല്പ്പം ചൊടി പിടിപ്പിച്ചെന്ന് എനിക്ക് മനസ്സിലായി.

അവൾ ഒരു മറുപടിക്ക് മുതിരും മുൻപേ ഞാൻ മുഖത്തേക്ക് ഒന്ന് നോക്കി. ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് പോയി. ആർക്കായാലും സ്വന്തം ഭർത്താവിനെ മറ്റുള്ളവരുടെ മുന്നിൽ

വെച്ച് കളിയാക്കുന്നത് കേട്ടു നിൽക്കാൻ കഴിയില്ലല്ലോ……! ചേച്ചിയുടെ ഭർത്താവ് ഒരു ജോലിക്കാരനായതിനാൽ ആവണം അവർ അങ്ങനെ പറഞ്ഞത്. ഞാൻ അവർക്കിടയിൽ നിന്നും

പതുക്കെ മുറ്റത്തെക്ക് ഇറങ്ങി. അവൾ ജനൽ വഴി എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ മൗനമായ് ഒന്ന് പുഞ്ചിരിച്ചു. എന്നെക്കാൾ ആ വാക്കുകൾ വേദനിപ്പിച്ചത്

അവളെയായിരുന്നു. അവിടേക്ക് പോകുന്നത് തന്നെ ഒരു വീർപ്പുമുട്ടലാണ്. മിക്കപ്പോഴും അവളെ അവിടെ ഇറക്കി ഒരു ചായപോലും കുടിക്കാതെയാണ് ഞാൻ മടങ്ങാറ്. പക്ഷേ അന്ന്

അവളുടെ നിർബന്ധം കാരണം അവിടെ നിൽക്കേണ്ടി വന്നു. അമ്മക്ക് ഞങ്ങൾ ചെല്ലുന്നത് വലിയ സന്തോഷമായിരുന്നെങ്കിലും മറ്റുള്ളവർക്കെല്ലാം എന്നോട് നീരസമാണ്. ഒരു

ഡ്രൈവറെ അംഗീകരിക്കാൻ മാനസികമായി എന്നും അവർക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. മാന്യമായ രീതിയിൽ തന്നെയായിരുന്നു അന്ന് പെണ്ണ് കാണാൻ ചെന്നത്. ജോലിയുടെ കാര്യം

പറഞ്ഞപ്പോഴേക്കും അവരുടെയൊക്കെ നെറ്റി ചുളിഞ്ഞു. നടക്കില്ല എന്ന ഉറപ്പുള്ളതുകൊണ്ട്‌ കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ ഇറങ്ങാൻ നേരമാണ് അവൾ ഒന്ന്

സംസാരിക്കണമെന്ന് പറഞ്ഞത്. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നവളുമായി സംസാരിച്ചു തുടങ്ങിയപ്പോഴാണ് ഞങ്ങൾ ഒരേ ദിശയിൽ സഞ്ചരിക്കേണ്ടവരാണെന്ന് തോന്നിതുടങ്ങിയത്.

നല്ലൊരു ജോലി ഇന്നത്തെ കാലത്ത് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനേക്കാൾ നന്നായി ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിതം സന്തോഷത്തോടെ ആസ്വദിക്കുന്നവരുമുണ്ട്.

അല്പനേരത്തെ തുറന്ന സംസാരം കൊണ്ട് ഞങ്ങളെന്തൊ ഒരുപാട് അടുത്ത പോലെ തോന്നി.

വാശിയുടെ ഒടുവിൽ മനസ്സില്ലാമനസ്സോടെ വീട്ടുകാർക്ക് പിന്നീട് വിവാഹത്തിന് സമ്മതിക്കേണ്ടിയും വന്നു. നാലു ദിവസം വീട്ടിൽ നിന്നിട്ടേ വരൂ എന്ന് പറഞ്ഞവൾ പിറ്റേന്ന്

രാവിലെ തന്നെ എന്റെ കൂടെ ഇറങ്ങി. അന്ന് സ്വന്തം വീട്ടിലേക്ക് ചെന്നു കയറിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. “അതേ…. ഇന്നലെ ചേച്ചി പറഞ്ഞത്………….”

“സാരമില്ലെടോ…. എനിക്ക് ഒരു സങ്കടവും തോന്നിയിട്ടില്ല. ഓരോരുത്തർക്ക് ഓരോ ജോലി പറഞ്ഞിട്ടുണ്ട്. എന്റെ ജോലി എന്താണെന്ന് ആര് ചോദിച്ചാലും ഞാൻ അന്തസ്സായി തന്നെ

പറയും ഡ്രൈവർ ആണെന്ന്. പതിനാലാം വയസ്സിൽ വളയം പിടിച്ചു തുടങ്ങിയ കൈകളാണ്. ചേർത്തു പിടിച്ച ഒന്നിനെയും ഇതുവരെ കൈവിട്ടിട്ടില്ല. മറ്റുള്ളവരുടെ സർട്ടിഫിക്കറ്റിന്

വേണ്ടിയിട്ടല്ല ഇന്നുവരെ ജീവിച്ചത്.” പ്രാരാബ്ധങ്ങളുടെ കണക്കുപുസ്തകം അവൾക്ക് മുൻപിൽ അറിയാതെ തുറന്നു പോയപ്പഴേക്കും ആ കണ്ണുകൾ നിറഞ്ഞിരുന്നു. സംഗതി സീൻ ആകുമെന്ന്

എനിക്ക് തോന്നി. “ഇനിയങ്ങോട്ടും ജീവിക്കാൻ ഇത്രയും അന്തസൊക്കെ പോരെ സഹോ …. ” അതോടെ അവൾ ഫ്ലാറ്റ്. കയ്യിലിരുന്ന തവികൊണ്ട് എന്റെ തലക്കടിച്ച് കണ്ണ് തുടച്ച് അവൾ

അടുക്കളയിലോട്ട് പോയി. ഇടക്കിടെ ഒരുമിച്ചുള്ള യാത്രകൾ, പ്രിയപ്പെട്ടവരുമായുള്ള ഒത്തു ചേരലുകൾ ഇതൊക്കെയായിരുന്നു ഈ കൊച്ചു ജീവിതത്തിലെ സന്തോഷങ്ങൾ. കൂട്ടു

കൂടിയും പരസ്പരം സ്നേഹിച്ചും പിണങ്ങിയും ജീവിതമങ്ങനെ മുന്നോട്ട് പോയി. പെട്ടന്നൊരു ദിവസമാണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കാൾ വന്നത്. “ഹലോ സുധിയല്ലേ…..

ഞാൻ ഞാൻ കൃഷ്ണകുമാർ ആണ്. ആര്യയുടെ ചേച്ചിയുടെ………” “ആ മനസ്സിലായി. പറഞ്ഞോളൂ ” പതിവില്ലാത്ത ആ കാൾ വന്നപ്പഴേ എന്തോ കാര്യമുണ്ടെന്ന് മനസ്സിലായി. അച്ഛന്

സുഖമില്ലെന്നും നാട്ടിലെ ഹോസ്പിറ്റലിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്നും അയാൾ പറഞ്ഞപ്പോൾ അവളെയും കൂട്ടി ഉടനെ അവിടെയെത്തി.

എത്രയും പെട്ടന്ന് കോളേജിൽ എത്തിക്കണമെന്ന ഡോക്ടറുടെ നിർദേശപ്രകാരം അച്ഛനെ അദ്ദേഹത്തിന്റെ കാറിൽ കയറ്റി. അയാൾ ചാവി എന്റെ നേരെ നീട്ടി. വണ്ടി സ്റ്റാർട്ട്

ആക്കിയതും അയാളുടെ ഭാര്യ പറഞ്ഞു. “പതിയെ പോയാൽ മതി പുതിയ കാറാണ്….. ” ആ വാക്കുകൾ എന്നെ ഞെട്ടിച്ചു കളഞ്ഞു. സ്വന്തം അച്ഛനേക്കാൻ വലുത് അവർക്ക് വലുത് ആ

കാർ ആയിരുന്നു. വണ്ടിയിൽ നിന്നും ഇറങ്ങി അടുത്ത് പാർക്ക് ചെയ്തിരുന്ന സ്വന്തം വണ്ടിയിലേക്ക് അദ്ദേഹത്തെ മാറ്റി. പരമാവധി വേഗത്തിൽ കോഴിക്കോട് മെഡിക്കൽ

കോളേജിൽ എത്തിച്ചപ്പോൾ എല്ലാത്തിനും കൂടെയുണ്ടായിരുന്നത് ആരെന്ന് പോലും അറിയാത്ത കുറെ മനുഷ്യരായിരുന്നു. ക്യാഷലിറ്റിയിൽ നിന്നും നേരെ ഐ സി യൂ യിലേക്ക്

മാറ്റിയപ്പോഴാണ് മനുഷ്യപ്പറ്റില്ലാത്ത ആ സ്ത്രീ മകനേയും കൊണ്ട് അവിടേക്ക് കടന്നു വന്നത്. എല്ലാവരും അക്ഷമരായി വരാന്തയിൽ നിൽക്കുമ്പോഴും കയ്യിൽ ഫോണും ചെവിയിൽ

ഹെഡ്‌സെറ്റുമായി ആ പയ്യൻ ഒരു നിർവികാര ജീവിയായി അവിടെ ഇരിപ്പുണ്ടായിരുന്നു. പരിഷ്‌കൃത ലോകത്തിന്റെ ഉത്തമ മാതൃക. അവന് ജീവനുണ്ട്…..പക്ഷെ ജീവിതമില്ല.

ഹോസ്പിറ്റലിൽ നിൽക്കാനോ വേണ്ട കാര്യങ്ങൾ ചെയ്യാനോ ആർക്കും സമയമുണ്ടായിരുന്നില്ല.എല്ലാവരും തിരക്കുള്ളവരായി മാറി. ഒരാഴ്ചക്ക് ശേഷം ഡിസ്ചാർജ് ചെയ്ത്

അവരെ വീട്ടിലാക്കി മടങ്ങാൻ നേരം അദ്ദേഹം ചോദിച്ചു. “മോന് നാളെ പോയാൽ പോരെ…” ഇത്രയും കാലത്തിന് ശേഷം എന്നോട് സ്നേഹത്തോടെ ചോദിച്ച ഒരേ ഒരു ചോദ്യം.

അയാളിൽ ഒരു പുതിയ മനുഷ്യനുണ്ടായിരുന്നു, വെളിച്ചമുണ്ടായിരുന്നു. സ്നേഹമെന്നാൽ വെളിച്ചമാണ്…….

ചിലരൊക്കെ അത് മനസ്സിലാക്കുന്നത് ഇരുളിൽ നിന്നും അതിന്റെ സാന്നിധ്യം അറിയുമ്പോഴാണെന്ന് മാത്രം

…ശുഭം..

രചന: Jishanth Konolil

Leave a Reply

Your email address will not be published. Required fields are marked *