#രണ്ടാംകെട്ട്

നാളെ ഉമ്മാന്റെ കല്ല്യാണമാണ്… കിടന്നിട്ട് ഉറക്കം വരുന്നില്ല… നാളെ ഉമ്മാന്റെ കൈയ്യും പിടിച്ചോണ്ട് പോകുന്ന ഏതോ ആ ആളുടെ മുഖം ഞാൻ കണ്ടിട്ടില്ല…

എനിക്കൊട്ട് കാണുകയും വേണ്ട…

നടക്കില്ല എന്നറിയാമെങ്കിലും ഉമ്മാനെ ചേർത്തുപിടിക്കുന്ന കൈകൾ എന്റെ വാപ്പയുടേത് മാത്രമായിരിക്കണം എന്നാണാഗ്രഹം..

മുന്നാം ക്ലാസിൽ പഠിക്കുമ്പോൾ സിന്ധു ടീച്ചർ എല്ലാരോടുമായി ചോദിച്ചു വലുതാകുമ്പോ ആരാകാനാണ് ആഗ്രഹമെന്ന്…

ടീച്ചറും ഡോക്ടറും പൈലറ്റുമൊക്കെ കഴിഞ്ഞ് എന്റെ ഊഴം വന്നപ്പോൾ ഉത്തരം കേട്ട് കുട്ടികൾ ഒന്നാകേ കുലുങ്ങിച്ചിരിച്ചു…

‘ഉമ്മാന്റേം ഉപ്പാന്റേം നടുക്ക് നിന്നൊരു ഫോട്ടോയെടുക്കണം.. ‘

ടീച്ചർ മാത്രം ഒരു നെടുവീർപ്പോടേ എന്നേ നോക്കി…

കുഞ്ഞു മനസ്സിലേ നൊമ്പരം അന്നും ഇന്നും ആരോടും പറയാതേ അടക്കിപ്പിടിച്ചിരിക്കാണു…

എങ്കിലും നടക്കാത്ത കുറേ കിനാവുകളുണ്ട്… ഉമ്മാന്റേം വാപ്പാന്റേം കൈപിടിച്ച് കടൽതീരത്ത് കാറ്റുകൊണ്ടിരിക്കണം… അവർ തിരകളെണ്ണി തോളോടു തോളു ചേർന്ന് കിന്നാരം പറഞ്ഞിരിക്കുമ്പോൾ മണലുകൊണ്ടൊരു കൊട്ടാരം കെട്ടണം. …

പറഞ്ഞാലും പറഞ്ഞാലും തീരാത്ത കിനാവുകളുടെ ഒരു മല തന്നെയുണ്ട് ഉള്ളിൽ….

ഉമ്മാന്റെ കൈത്തലം നെഞ്ചോടു ചേർത്താണിതുവരേ ഉറങ്ങിയിരുന്നത്…

ഉമ്മാക്ക് ഇഷ്ടമുണ്ടായിട്ടല്ല ഈ കല്ല്യാണം… പക്ഷേ എത്രകാലമെന്നു വെച്ചാ ഉമ്മ എന്നേം പൂജിച്ചിരിക്കാ… ഞാനൊരു പെൺകുട്ടിയല്ലേ…. ഇന്നല്ലെങ്കിൽ നാളെ മറ്റൊരു വീട്ടിൽ പാർപ്പുറപ്പിക്കേണ്ടവൾ…. നാളേ ഞാൻ മറ്റൊരാളുടേ കൈപിടിച്ചിറങ്ങുമ്പോൾ തനിച്ചായിപ്പോകുന്ന ഉമ്മാക്ക് കൂട്ടിനൊരാളു വേണ്ടേ…. ഇതൊക്കെ വല്ല്യുമ്മ പറഞ്ഞു കേട്ടു തഴമ്പിച്ച വാക്കുകളാണ്……

ഇത്രയും കാലം ഉമ്മ എനിക്കു വേണ്ടി ജീവിച്ചില്ലേ.. ഇനി ഉമ്മയൊന്നു ജീവിക്കട്ടേ പഴയ കള്ളുകുടിയൻ ഭർത്താവിന്റെ ഓർമകൾ മണ്ണിട്ടു മൂടിയിട്ട്…..

കുറേ കാലത്തിനു ശേഷം കല്ല്യാണത്തിനു ഉമ്മ സമ്മതിച്ചപ്പോൾ വല്ല്യുമ്മ നെഞ്ചിൽ കൈ വെച്ച് പടച്ചോനേ സ്തുതിച്ചിരുന്നു…

അന്ന് മുതൽ തുടങ്ങിയതാണ് ഉപദേശങ്ങൾ… ഇനി ഉമ്മയില്ലാത്തത് കൊണ്ട് എല്ലാ കാര്യവും ഒറ്റക്ക് ചെയ്യണം… സ്വന്തമായി തുണി കഴുകണം… അടുക്കളയിൽ വല്ല്യുമ്മ തനിച്ചായതു കൊണ്ട് എല്ലാ പണിയിലും സഹായിക്കണം… സ്കൂളിലേക്ക് കൊണ്ടുപോവാനുള്ള ചോറും കറിയും ഉണ്ടാക്കണം…. അങ്ങനേ ഉത്തരവാദിത്തങ്ങളുടേ ഒരു നീണ്ട നിര തന്നെയുണ്ട് ഈ പതിമൂന്നുകാരിക്ക് ചെയ്തു കൂട്ടാൻ….

മൈലാഞ്ചിയിട്ട ഉമ്മയുടേ കൈകൾ കണ്ടപ്പോൾ നെഞ്ചൊന്ന് വിങ്ങിയോ…. ഏയ് ഇല്ല… ഞാൻ കരഞ്ഞാ ഉമ്മാക്ക് സങ്കടാവും… മനസ്സ് നിറഞ്ഞാവണം ഉമ്മ അയാളുടേ കൈ പിടിച്ചിറങ്ങാൻ…

എന്തൊക്കെയോ ചിന്തിച്ചു തലയിണയേ കൂട്ടുപിടിച്ച് അറിയാതേ ഉറങ്ങിപ്പോയി….

‘മാളൂ…. നീ ഇതു വരേ എണീറ്റില്ലേ…. വേഗം കുളിച്ചൊരുങ്ങി വാ…. ആളുകളൊക്കെ വന്നു തുടങ്ങി….’

വല്ല്യുമ്മാന്റെ വിളി കേട്ട് എണീറ്റപ്പോൾ നേരം വൈകിയിരുന്നു…

നല്ല ബിരിയാണിയുടേ മണമുള്ള കാറ്റ്… ആദ്യമായാണ് ആ ഗന്ധം ഇത്ര വിരസമായി തോന്നിയത്… അടുക്കളയിൽ നല്ല ബഹളമാണ്… ആളുകളൊക്കെ വന്നു തുടങ്ങിയിരിക്കുന്നു…

എനിക്കുള്ള കല്ല്യാണക്കോടിയും മുല്ലപ്പൂവുമൊക്കെ തന്നു വല്ല്യുമ്മ കുളിക്കാൻ പറഞ്ഞയച്ചു…

രാത്രി ഏറേ കരഞ്ഞതു കൊണ്ടാവും കണ്ണുകൾ വീർത്തിരുന്നു.. കുളിച്ചു കഴിഞ്ഞു ഉമ്മ അത് കണ്ട് ഏങ്ങലടിക്കാതിരിക്കാൻ കുറച്ചു കൺന്മഷി പുരട്ടി….

ഉമ്മയുടേ കല്ല്യാണത്തിൽ എല്ലാരേം പോലേ ഈ മോളും സന്തോഷിക്കുന്നു എന്ന് കരുതിക്കോട്ടേ…

സ്വന്തം ഉമ്മാന്റേ കല്ല്യാണം കൂടാൻ പറ്റുന്നത് അപൂർവ്വം പേർക്ക് മാത്രം കിട്ടുന്ന ഭാഗ്യമല്ലേ…. അല്ല ഒരിക്കലും ഒരു കുഞ്ഞും അഗ്രഹിക്കാത്ത നിർഭാഗ്യമാണത്…….

ഫോട്ടോയിൽ മാത്രം കണ്ടിട്ടുള്ള വാപ്പന്റെ മുഖം കാണുമ്പോ ഉമ്മ കാണാൻ വേണ്ടി നീരസം കാണിക്കാറുണ്ടെങ്കിലും ആരും അറിയാതെ ആ മുഖം മാറോടണക്കിപ്പിടിക്കാറുണ്ട്….

എന്നെങ്കിലും ഒന്ന് കാണാനെങ്കിലും മുന്നിൽ വന്നിരുന്നെങ്കിലെന്ന് കൊതിച്ചു പോവാറുണ്ട്….

എനിക്കു രണ്ടു വയസ്സുള്ളപ്പോൾ ഉമ്മ കരഞ്ഞുകൊണ്ട് എന്നേ കോരിയെടുത്ത് ആ വീടിനു പടിയിറങ്ങിയപ്പോൾ ഒരാളും തിരിച്ചു വിളിച്ചില്ലത്രേ…

വാപ്പക്ക് വേണ്ടാത്തതോണ്ടാകും എനിക്കു വേണ്ടി തല്ലു കൂടാനോ വാദിക്കാനോ ആരും കോടതി കേറി ഇറങ്ങിയിട്ടില്ല….

ചുരിക്കിപ്പറഞ്ഞാൽ ജനിപ്പിച്ചവർക്കു കൂടി വേണ്ടാത്ത മറ്റുള്ളവർക്കു കൂടി ബാധ്യതയായ ഒരു ജന്മം….

ഉമ്മ മുല്ലപ്പൂ ചൂടി സ്വർണവും പട്ടുമൊക്കൊയുടുത്ത് നിൽക്കുന്നുണ്ട്… പെട്ടന്ന് എന്നേ കണ്ടപ്പോൾ ഉമ്മാക്ക് ചെറിയ ചമ്മലായെന്നു തോന്നുന്നു….

ഞാൻ അടുത്തു വന്നു ഉമ്മ സുന്ദരിയായെന്നു പറഞ്ഞപ്പോൾ എന്നേ ചേർത്തു പിടിച്ചു നെറുകയിൽ ഒരു മുത്തം തന്നു…

എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല…. ഇത്രയു നേരം അമർത്തിപ്പിടിച്ച കണ്ണീരു ഒന്നാകേ പൊട്ടി ഒഴുകി… രണ്ടുപേരും പരസ്പരം പുണർന്നു കുറേ നേരം..

‘മോളു കരയാതേ…. കുറച്ചു കഴിഞ്ഞാൽ ഉമ്മ മോളേയും കൊണ്ട് പോകും..’

ഒരിക്കലും നടക്കാത്ത വാഗ്ദാനമാണെന്നറിയാമെങ്കിലും എന്നെ ആശ്വസിപ്പിക്കാൻ അതേ നിർവാഹമുള്ളൂ…..

പെട്ടന്ന് ആരൊക്കെയോ ചേർന്ന് ഉമ്മാനേ എന്നിൽ നിന്നടർത്തി മാറ്റി….

‘ചെക്കൻ വന്നു… നിങ്ങളിവിടേ കരഞ്ഞോണ്ട് നിൽക്കാണോ…. ‘

എല്ലാവരും ഉമ്മാന്റെ മണവാളനേ കാണാനുള്ള തിരക്കിലേക്ക് നീങ്ങി… ഞാൻ മാത്രം പോയില്ലാ…

ആരൊക്കെയോ ചേർന്ന് ഉമ്മാനെ ഒരുക്കുന്നതും കൊണ്ടു പോകുന്നതും ദൂരേ നിന്നു കണ്ടു….

മാളു ഏവിടേ എന്ന് അപ്പോളും ഉമ്മ അന്വേഷിക്കുന്നുണ്ട്…

മനസ്സ്കൊണ്ട് എന്റെ ഉമ്മാനേ അനുഗ്രഹിച്ചു യാത്രയാക്കി ഞാൻ അടുക്കളയിലേ തീരാത്ത പണികളുടേ ലോകത്തേക്ക് നീങ്ങി….

1 thought on “#രണ്ടാംകെട്ട്

Leave a Reply

Your email address will not be published. Required fields are marked *