രണ്ടുപേരെയും കണ്ടാൽ അറിയാം പ്രണയം പൂത്തുലഞ്ഞു നിൽക്കുവാണെന്നു…

രചന: ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ

മനസിന്‌ ഒരു ആശ്വാസത്തിന് വേണ്ടി ഇടക്കൊക്കെ വടക്കുംനാഥനിൽ പോവാറുണ്ട്. വല്ലാത്തൊരു പോസിറ്റീവ് ഫീൽ ആണ് അവിടെപോയാൽ. തൊഴുതിറങ്ങി കൂത്തമ്പലത്തിന്റെ തിണ്ണയിൽ കുറച്ചു നേരം ഇരിക്കും….. അങ്ങിനെ ഇരിക്കുമ്പോഴാണ് അവരെ ഞാൻ കാണുന്നത്..

രണ്ടുപേരെയും കണ്ടാൽ അറിയാം പ്രണയം പൂത്തുലഞ്ഞു നിൽക്കുവാണെന്നു. അതവരുടെ കണ്ണുകളിൽ പ്രതിഫലിച്ചു കാണാനും ഉണ്ട്. ഇറങ്ങും മുൻപ് ഒന്നുകൂടി കണ്ണടച്ചു മനമുരുകി പ്രാർത്ഥിക്കുകയാണ് രണ്ടുപേരും.. അതിനു ശേഷം കയ്യിലുള്ള ഇലതുണ്ടിലെ പ്രസാദം എടുത്തു അവളവനു നെറ്റിൽ തൊടിക്കുകയാണ്.. ഞാൻ നോക്കുന്നുണ്ടെന്നു കണ്ടപ്പോൾ രണ്ടുപേർക്കും ഒരു ചമ്മൽ..

ഞാനെന്റെ നോട്ടം മാറ്റി.. അവരുടെ സ്നേഹത്തിലേക്കുള്ള എത്തി നോട്ടമായിരുന്നില്ല അതു.. എന്നിലേക്ക്‌ എന്റെ ഓർമകളിലേക്ക് ഉള്ള തിരിച്ചുപോക്കായിരുന്നു. ഒരിക്കൽ ഞാനും ഇതുപോലെ മനസു നിറഞ്ഞു വിളിച്ചിട്ടുണ്ട്. “അത്രമേൽ ഹൃദയത്തോട് ചേർത്തു വെച്ചവളെ ഒരിക്കലും പിരിയാതെ കൂടെ ഉണ്ടാവണം എന്ന്‌. ”

എന്റെ പേരും നാളും പറഞ്ഞു കഴിപ്പിച്ച പുഷ്പാഞ്ജലി പ്രസാദം നെറ്റിയിൽ ചാർത്തിയപ്പോൾ സന്തോഷംകൊണ്ടു മനസുനിറഞ്ഞിട്ടുണ്ട്.. ഒന്നിച്ചുള്ള ജീവിതം ആകാശത്തോളം ഉയരത്തിൽ സ്വപ്നം കണ്ടിട്ടുണ്ട് സ്നേഹകൂടുതൽ കൊണ്ടുള്ള പിണക്കങ്ങളാണോ . അതോ വീട്ടുകാരെ വിഷമിപ്പിക്കണ്ട എന്ന തീരുമാനമാണോ അറിയില്ല..

അറിയില്ല എന്നല്ല അറിയാം… “താരതമ്യം ചെയ്തപ്പോൾ.സ്നേഹമൊഴിച്ചു ബാക്കി എല്ലാംകൊണ്ടും കുറവ് തോന്നിയിട്ടുണ്ടാകും. ” ഇനി നമ്മൾ കാണില്ല വിളിക്കാൻ ശ്രമിക്കരുത് എന്നൊക്കെ പറഞ്ഞു പോയപ്പോൾ തകർന്നുവീണത് ആകാശത്തോളം ഉയരത്തിൽ കണ്ട സ്വപ്നങ്ങൾ ആയിരുന്നു..

ആട്ടി പായിച്ചിട്ടും ചേർത്തു പിടിക്കാൻ ശ്രമിച്ചിട്ടുണ്ട്. കാലുപിടിച്ചും കൂടെ നിൽക്കാൻ കെഞ്ചി പറഞ്ഞിട്ടുണ്ട്.. കൂട്ടുകാര് ചോദിച്ചിട്ടുണ്ട് ഇത്രക്കൊക്കെ താന്നു പറയേണ്ട കാര്യമുണ്ടോ എന്ന്‌? അതിനു അവളില്ലാതെ പറ്റുന്നില്ലെടാ.. എന്ന ഉത്തരം മാത്രമേ എനിക്കു പറയാനുണ്ടായിരുന്നുള്ളു..
പ്രണയമാണ് ക്ഷമാപണങ്ങൾ കൊണ്ടു മൂടിയിട്ടും അവഗണിച്ചു പോയവളോട് മരണം കൊണ്ടുപോലും മായ്ക്കാൻ പറ്റാത്ത പ്രണയം.. ഒരുപക്ഷേ ജീവിതമെന്ന പുസ്തകം മുഴുവനായി തുറന്നു വെച്ചതിന്റെയാവാം.. വായിച്ചു മടുത്ത പുസ്തകം പോലെ വലിച്ചെറിയപെട്ടതു.

. സ്നേഹം തേനും പാലും ചേർത്തു കപടമായ വരികളിൽ എഴുതി ചേർക്കാൻ കഴിയാത്തതിനാലാവാം അലോസരപ്പെടുത്തിയത്. അധ്വാനത്തിന്റെ വിയർപ്പും ചെളിയും മാത്രമേ ഇന്നുവരെ ഉണ്ടായിരുന്നുള്ളു.. താളുകളിൽ. ഇന്നിപ്പോ നീ നൽകിയ അവഗണനയിൽ.. ബിയർ ബോട്ടിൽ തട്ടി മറഞ്ഞു അക്ഷരങ്ങൾ വികൃതമായിരിക്കുന്നു.. പരാതിയും പരിഭവവും ഞാൻ എഴുതി ചേർക്കുന്നില്ല അതു പ്രതികാരത്തിന്റെ ഭാവത്തോടെ മൗനത്തിൽ മുങ്ങി കിടക്കട്ടെ…

നീ പറഞ്ഞ കള്ളത്തരത്തിന്റെ വരികൾ കാണാൻ ഞാൻ പിന്നെയും പിന്നെയും വായിച്ചുനോക്കിയിട്ടും കണ്ടെത്താനായില്ല… ശരികൾ തെറ്റായി തോന്നുന്നതും. തെറ്റുകൾ ശരിയായി തോന്നുന്നതും കാഴചപ്പാടിന്റെ അടിസ്ഥാനത്തിൽ അല്ലേ? കാലചക്രം തിരിയട്ടെ.. തെറ്റും ശരിയും വേർതിരിയട്ടെ. അല്ലെങ്കിലും നേടിയതിന്റെ കണക്കുകൾ കുറവായിരിക്കും നഷ്ടങ്ങളുടേതു ചേർത്തു വെച്ചു നോക്കുമ്പോൾ.. നീയില്ലാത്ത എന്നെ പറ്റി നീ ഓർക്കാറുണ്ടോ? എന്നാലും ഞാനില്ലാത്ത നീ സന്തോഷമായി ഇരിക്കണമെന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു..

ഒറ്റക്കാണെങ്കിലും ഓർമ്മകൾ ഉണ്ടല്ലോ അതായിരിക്കും മറക്കാൻ ശ്രമിക്കാതെ ഓർമകളെ പ്രണയിച്ചു ജീവിക്കാൻ ശ്രമിക്കുന്നതു. ഓർമകളിൽ ഇരുന്നു കണ്ണു നിറഞ്ഞപ്പോഴാണ് പൂജ കഴിഞ്ഞു നട തുറക്കാനുള്ള മണിയടി കേട്ടത്.. എണീറ്റു ചെന്നു ആ നടക്കു നിന്നു ഒന്നും പറയാതെ കണ്ണടച്ചു കൈകൂപ്പി നിന്നു… തെഴുതിറങ്ങി വണ്ടി എടുത്തപ്പോൾ ബാക്കിൽ സ്കൂട്ടറിൽ നിൽക്കുന്ന ചേച്ചീനെ കണ്ടില്ല ചെറുതായൊന്നു മുട്ടി. ” എന്റെ മക്കൾക്ക് ആരുമില്ലാതാക്കിയേനല്ലോ നീ.. ഇപ്പോൾ ”

വണ്ടി മുട്ടിയതിന്റെ ദേഷ്യത്തിലാണ് പറഞ്ഞത്. വാദിക്കാനും തർക്കിക്കാനും പോയില്ല തെറ്റു എന്റെ ഭാഗത്തു തന്നെയാണ്. സോറി ചേച്ചി. മനസു ഇവിടായിരുന്നില്ല.. അതുകൊണ്ട് പറ്റിയതാണ്. എന്തോ ദേഷ്യത്തിലായിരുന്ന ആ ചേച്ചിടെ മുഖം അയഞ്ഞു..

മനസു തുറന്നുള്ള ക്ഷമ പറച്ചിലിൽ തീരാത്ത പ്രശ്നങ്ങളുണ്ടോ? എന്നിട്ട് പറഞ്ഞു. “സാരല്യ ഒന്നും പറ്റിയില്ലല്ലോ ഭാഗ്യത്തിന് ടെൻഷൻ ആണെങ്കിൽ കുറച്ചു കഴിഞ്ഞു പോയാൽ മതി എന്ന്‌.. ” ഇല്ല ചേച്ചി സാരല്യ.. ഒക്കെ ആണ്.. എന്ന്‌ പറഞ്ഞു വണ്ടിയിൽ കേറിയപ്പോൾ ഒന്നുകൂടി പറഞ്ഞു നോക്കി പോണേ എന്ന്‌. ആരാന്നു പോലും അറിയാത്ത എന്നോട് നോക്കി പോണേ എന്ന്‌ പറഞ്ഞത്. ആ ചേച്ചിടെ മനസ്സിൽ കിടക്കുന്ന അമ്മയെന്ന വികാരമാണ്.. അതേ ഒറ്റക്കായി പോയി എന്ന്‌ എനിക്കു സ്വയം തോന്നിയതിനുള്ള ഉത്തരമായിരുന്നു.. ആ ഇൻസിഡന്റ്..

എല്ലാവരോടും ദേഷ്യമായിരുന്നു.. അമ്മ ചോദിക്കുന്നതിന് പോലും ഉത്തരം പറയാതെ.. വിളമ്പിവെച്ച ഭക്ഷണം കണ്ടിട്ടും കാണാതെ. ആരെ തോല്പിക്കാനായിരുന്നു.? കുറ്റബോധം കൊണ്ടു മനസ്സു നീറുന്നുണ്ടായിരുന്നു. ഞാൻ ഫോൺ എടുത്തു ഡയൽ ചെയ്തു. മറുതലക്കൽ അമ്മേടെ ശബ്ദം..

അടക്കി പിടിച്ചതൊക്കെ.. കണ്ണിൽ നിന്നു തോരാതെ പെയ്യുന്നുണ്ടായിരുന്നു.. സ്നേഹമഴയായി…

രചന: ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ

Leave a Reply

Your email address will not be published. Required fields are marked *