വിവാഹം കഴിപ്പിച്ച് വിട്ടിട്ടും കഴിഞ്ഞ രണ്ട് ആഴ്ച ആയി അവള് ഇവിടെ തന്നെ….

രചന: Josu Joseph

” രാവിലെ തന്നെ എങ്ങോട്ടാ ആദി ??

ട്രാവൽ ബാഗുമായി ഹാളിലേക്ക് ഇറങ്ങിയ അനിയത്തി ആർദ്രയോട് ആയി പത്രം വായിച്ച് കൊണ്ടിരുന്ന അനൂപ് അത് ചോദിക്കുമ്പോൾ നനഞ്ഞ മിഴികളുമായി അമ്മ ശ്രീദേവി അവർക്ക് അരികിലേക്ക് വന്നു…

” വിവാഹം കഴിപ്പിച്ച് വിട്ടിട്ടും കഴിഞ്ഞ രണ്ട് ആഴ്ച ആയി അവള് ഇവിടെ തന്നെ ആണെന്ന് ഉള്ള കാര്യം മറന്നത് പോലെ ഉണ്ടല്ലോ ചോദ്യം..

ഇന്നലെ അമ്മാവൻ വന്നിരുന്നു മോനേ, എത്ര കാലം എന്ന് വെച്ചാ കല്യാണം കഴിഞ്ഞ ഇവളിങ്ങനെ ഇവിടെ നിൽക്കുക… നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരം കൊടുത്ത് മടുത്തു എന്ന്… ”

മിഴികൾ തുടച്ച് ശ്രീദേവി അത് പറയുമ്പോൾ അവരുടെ മുഖത്ത് നിസ്സഹായത തെളിഞ്ഞ് നിന്നു…

” അമ്മ പേടിക്കണ്ട അമ്മേ… ഞാൻ ആർക്കും ബാധ്യത ആവില്ല… പോകുവാ..”

മങ്ങിയ ചിരിയോടെ ആണെങ്കിലും ഉറച്ചത് ആയിരുന്നു അവളുടെ വാക്കുകൾ….

” ഒറ്റയ്ക്ക് പോകണ്ട… ഞാൻ കൊണ്ട് വിടാം… അഡ്ജസ്റ്റ് ചെയ്യാൻ വയ്യെന്ന് പറഞ്ഞ് നീ കരഞ്ഞപ്പോൾ കൂട്ടി കൊണ്ട് വന്നത് ഞാൻ അല്ലേ… ഞാൻ തന്നെ കൊണ്ട് വിടാം.. അമ്മ വരുന്നെങ്കിൽ വാ.. നീയും..”

ചായയുമായി വന്ന ഭാര്യ തനൂജയോടായ്‌ അതും പറഞ്ഞ് അനൂപ് മുറിയിലേക്ക് നടന്നു…

എത്ര വേഗമാണ് ഏട്ടൻ മാറിയത്… അച്ഛൻ ഉപേക്ഷിച്ച് പോയ അന്ന് മുതൽ അച്ഛനും ഏട്ടനും എല്ലാം തനിക്ക് ഏട്ടൻ ആയിരുന്നു…

തളർന്ന് പോയ അമ്മയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നതും തന്നെ ഈ നിലയിൽ എത്തിച്ചതും ഏട്ടൻ ആണ്….

പണ്ടൊക്കെ തന്റെ കണ്ണൊന്നു നിറഞ്ഞാൽ ഏട്ടന്റെ ഉള്ള് കലങ്ങുമായിരുന്നു. അവരുടെ ഇഷ്ടത്തിന് ആണ് പേരിനൊപ്പം വിവേക് വന്ന് ചേർന്നതും….

കണ്ടും കേട്ടും അനുഭവിച്ചും മടുത്ത് തുടങ്ങിയ നാളുകളിൽ ആണ് അറിയുന്നത് വിവേകിന്റെ പ്രണയം തകർക്കാൻ അവന്റെ വീട്ടുകാർ ഉപയോഗിച്ചോരു ഉപകരണം മാത്രം ആയിരുന്നു

താൻ എന്ന്… മാനസിക പീഡനം ശാരീരിക പീഡനം ആയപ്പോഴേക്കും താൻ ആകെ തകർന്നിരുന്നു….

ഒടുവിൽ ജീവൻ പോലും നഷ്ടമാകും എന്ന് തോന്നിയ ഏതോ നിമിഷത്തിൽ ആണ്, അഡ്ജസ്റ്റ് ചെയ്യാൻ വയ്യെന്ന് പറഞ്ഞ് തിരിച്ച് എത്തിയതും….

ഏട്ടന്റെ പോന്നോമനയായ്‌, അമ്മയുടെ കാന്താരിയായ്‌ , ബന്ധുക്കളുടെ കണ്ണിലുണ്ണിയായി ഓടി ചാടി നടന്ന തനിക്ക് വലിയൊരു കുടുംബത്തിൽ തനിച്ച് ആകുമ്പോൾ ഉണ്ടാകുന്ന വിഷമം

മാത്രമാണെന്ന് എല്ലാവരും പറഞ്ഞ് തുടങ്ങിയപ്പോഴും ഒന്നും വിശദീകരിച്ച് ആരെയും വിശ്വസിപ്പിക്കാൻ ശ്രമിക്കാതെ ഇരുന്ന താൻ ആണ് വിഡ്ഢി….

അടിയേറ്റ് കരുവാളിച്ച മുഖവുമായി തന്നെ എതിരേറ്റ വീട്ടുകാർക്ക് പോലും കഴിയുന്നില്ലല്ലോ തന്നെ മനസ്സിലാക്കാൻ…

അനുസരണയില്ലാത്ത കുട്ടിയെ പോലെ ചിന്തകൾ പറന്നു ഉയർന്നു തുടങ്ങിയ നിമിഷത്തിലാണ്‌ ആ ശബ്ദം ഉയർന്നത്…

” നീ എന്ത് ആലോചിച്ച് ഇരിക്കുവ ആദി (ആർദ്), വിവേകിന്റെ വീടെത്തി… ”

കണ്ണ് തുടച്ച് ആർദ്ര ഇറങ്ങി… ബാഗ് എടുക്കാൻ തുടങ്ങിയ അവളെ അനൂപ് വിലക്കി…

” പിന്നെ എടുക്കാം, ഇപ്പൊ വാ”

കോളിംഗ് ബെൽ അടിച്ചു ഒരുപാട് നേരം കാത്ത് നിൽക്കും മുൻപേ വിവേകിന്റെ അമ്മ വാതിൽ തുറന്നു…

ഹാളിലെ സോഫയിൽ ഫോണുമായി ഇരിക്കുന്ന വിവേകിനെ അവൾ കണ്ടൂ, അവളെ അവനും…

നീ എവിടെ പോയാലും എന്‍റെടുത്തേക്ക്‌ തന്നെ തിരിച്ച് വരുമെടി എന്ന അവന്റെ അവസാന വാക്കുകൾ തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് അവൾ അറിഞ്ഞു… പുച്ഛത്തോടെ അവളെ നോക്കി ചിരിച്ചിട്ട് വിവേക് അനൂപിന്റെ നേരെ തിരിഞ്ഞു…

” കേറി വാ അളിയാ… എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത്..”

അനൂപ് വിവേകിന്റെ അരികിലായി ഇരുന്നു…

“ഞാൻ കുറച്ച് കാര്യങ്ങൾ അറിയാൻ വന്നതാ വിവേക്.. നീ വാ കുറച്ച് സംസാരിക്കാൻ ഉണ്ട് ” അനൂപ് അവനെയും കൂട്ടി അകത്തേക്ക് നടന്നു…

” എന്തിനാ മോളേ നീ വീണ്ടും ഇൗ നരകത്തിലേക്ക് വന്നത്, അവനെല്ലാം മറക്കും എന്ന് കരുതി നിന്നെ കൂടി അവന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്ന ഞങ്ങളാ തെറ്റുകാർ… എന്റെ കുട്ടി ഇൗ അമ്മയോട് ക്ഷമിക്കൂ…”

അവർക്ക് അരികിലേക്ക് വന്ന വിവേകിന്റെ അമ്മ പറഞ്ഞു

” പെൺകുട്ടികളുടെ ജീവിതം ഇങ്ങനെയൊക്കെ അല്ലേ അമ്മേ… അമ്മ വിഷമിക്കണ്ട… ഞാനീ ഡ്രസ്സ് ഒന്ന് മാറ്റിയിട്ട് ചായ എടുക്കാം..”

ആർദ്ര റൂമിലേക്ക് കയറാൻ തിരിഞ്ഞതും വിവേകും അനൂപും തിരിച്ചെത്തി… വിവേകിന്റെ കവിളിലെ വിരൽ പാടുകളും, ചുണ്ട് പൊട്ടി ഒഴുകുന്ന രക്തവും കണ്ട് മറ്റുള്ളവർ അമ്പരന്നു…

“ആന്റി എന്നോട് ക്ഷമിക്കണം… എന്റെ അനിയത്തിടെ ദേഹത്ത് മുറിപ്പാടുകൾ കണ്ടെന്ന് വേദനയോടെ എന്റെ ഭാര്യ പറഞ്ഞ അന്ന് തന്നെ ആന്റിടെ മോന് കൊടുക്കാൻ വെച്ച ചില സമ്മാനങ്ങൾ ഞാൻ ഇന്നങ്ങ് കൊടുത്തിട്ടുണ്ട്…”

അതും പറഞ്ഞ് വിവേക് ആർദ്രയ്ക്ക്‌ നേരെ തിരിഞ്ഞു.

” നമ്മുടെ അച്ഛൻ മാത്രേ പോയിട്ടുള്ളൂ, ഇന്നും നിന്റെ കൂടെപ്പിറപ്പ്‌ ജീവനോടെ ഉണ്ടെന്ന് നീ മറന്നു പോകരുതായിരുന്നു മോളെ, ചെല്ല് എടുക്കാൻ ഉള്ളതൊക്കെ എടുത്തിട്ട് വാ ഇനി ഇങ്ങോട്ടൊരു മടങ്ങി വരവ് ഇല്ല…”

നിറഞ്ഞ കണ്ണുകളോടെ അനൂപിന്റെ നെഞ്ചോട് ചേരുമ്പോൾ ആർദ്രയുടെ മനസ്സ് നിറയെ കുറ്റബോധം ആയിരുന്നു, ഏട്ടനെ മനസ്സിലാക്കാതെ പോയ കുറ്റബോധം…. ആ കൈകൾ പിടിച്ചാ വീടിന്റെ പടി ഇറങ്ങുമ്പോൾ അഭിമാനവും….

രചന: Josu Joseph

Leave a Reply

Your email address will not be published. Required fields are marked *