സഹനം കഥ വായിക്കാം…

രചന: മേഘ മയൂരി

അമ്പലത്തിൽ പോവാനായി ഡ്രസ്സുമാറി വീണ താഴെയെത്തിയപ്പോഴേക്കും ശരതും അമ്മയും ചേച്ചിയും നിഷയും കാറിൽ കയറിയിരുന്നു കഴിഞ്ഞിരുന്നു.. ഒരുങ്ങി വന്ന അവളെ കണ്ട്

ദേവകിയമ്മയുടെ മുഖം ചുളിഞ്ഞു.. ” നീയെവിടേക്കാ ഒരുങ്ങിക്കെട്ടി?” “ഞാനും ……അമ്പലത്തിലേക്ക്… ഉത്സവമല്ലേ…..” “നീ കൂടെ വന്നാലെങ്ങനെയാ? വീട്ടിലാരെങ്കിലും വേണ്ടേ…

നീ പിന്നെ പോയാൽ മതി….. ” ” അല്ലെങ്കിലും കൊണ്ടുപോകാൻ പറ്റിയ ഒരു സാധനം……” അവർ ശബ്ദം താഴ്ത്തിയാണത് പറഞ്ഞതെങ്കിലും വീണയതു കേട്ടു .. വാടിയ മുഖത്തോടെ

അവൾ ശരതിനെ നോക്കി… നിങ്ങൾ പറഞ്ഞിട്ടല്ലേ … ഞാൻ റെഡിയായതെന്നുള്ള ധ്വനിയിൽ.. എന്നാൽ അയാൾ യാതൊരു മൈന്റുമില്ലാതെ കാറെടുത്ത് പോയി… ഇറങ്ങി വന്നപ്പോഴുള്ള

ഉത്സാഹം മുഴുവൻ പൊയ്പ്പോയി.. ഇനി പോകലൊന്നുമുണ്ടാവില്ല.. ആരു കൊണ്ടുപോവാൻ?ഇനിയെന്തിന് ഒരുങ്ങിക്കെട്ടിയിരിക്കുന്നു? പോയി ഡ്രസ്സു മാറ്റാം… എന്നും

ഇങ്ങനെ തന്നെ… ഒരിടത്തും തന്നെ കൊണ്ടു പോവില്ല.. അവളുടെ ആവശ്യങ്ങൾക്ക് എല്ലാം അവൾ തനിയെ തന്നെ പോകണം.. കല്യാണം കഴിഞ്ഞതു മുതൽ അങ്ങനെ തന്നെ.. നീണ്ട

ആറു വർഷമായി… എന്നിട്ടും ഒരു മാറ്റവുമില്ല… “ശരത്തേട്ടനുമായി എങ്ങോട്ടെങ്കിലും ഒന്നിറങ്ങാൻ ശ്രമിച്ചാൽ ഒന്നുകിൽ നിഷയ്ക്ക് അപ്പോൾ തന്നെ അത്യാവശ്യമുണ്ടാകും..

അല്ലെങ്കിൽ ചേച്ചിക്ക് പോകണം… അതുമല്ലെങ്കിൽ കർക്കശമായി അമ്മ പറയും പോകണ്ട എന്ന്….. ശരത്തേട്ടനുമായി മനസു തുറന്നൊന്നു സംസാരിക്കാൻ പോലും ഇവർ സമ്മതിക്കില്ല…..

ശരത്തേട്ടനാണെങ്കിൽ ഒന്നും മനസിലാവാത്ത പോലെ അഭിനയിക്കുന്നു…. ” അവളോർത്തു. ഒരു കാര്യത്തിലും ആ വീട്ടിൽ വീണക്ക് അഭിപ്രായമില്ല…. അവൾക്കിഷ്ടപ്പെട്ട ഡ്രസ്സുകളെടുക്കാനോ

എന്തെങ്കിലും സാധനങ്ങൾ വാങ്ങാനോ അനുവാദമില്ല.. വീണയുടെ വീട്ടുകാർ കൊടുത്ത ആഭരണങ്ങളൊക്കെ അവളുടെ അനുവാദം പോലും ചോദിക്കാതെ അവർ വിറ്റു..അതേ സമയം

മാസാമാസം അവൾക്ക് കിട്ടുന്ന ശമ്പളം ഒരു ചില്ലിക്കാശു പോലുമെടുക്കാതെ ശരത്തിന്റെ അമ്മയുടെ കയ്യിൽ കൊണ്ടു കൊടുക്കണം… അതു അയാളുടെ നിർബന്ധമാണ്.. ഒരിക്കൽ

അമ്മയുടെ കയ്യിൽ കൊടുക്കില്ല.. നിങ്ങളുടെ കയ്യിൽ തരാമെന്ന് പറഞ്ഞതിന് എന്തൊക്കെ പുകിലുകളാണവർ ഉണ്ടാക്കിയത്? വീണയുടെ അച്ഛനെ വിളിച്ചു പറയുന്നു…

ബന്ധുക്കളെ വിളിച്ച് പറയുന്നു … എന്തെങ്കിലും എതിർത്തു പറഞ്ഞാൽ പിന്നെ പറയണ്ട…. ഒടുവിൽ സഹികെട്ട് അച്ഛനുമമ്മയും പറഞ്ഞു.. അവരു പറയുന്നത് പോലെ അനുസരിക്ക്..

വെറുതെ പ്രശ്നമൊന്നുമുണ്ടാക്കേണ്ട എന്ന്.. അച്ഛനമ്മമാരുടെ ഇത്തരം നിസ്സംഗഭാവമായിരിക്കും പല പെൺകുട്ടികൾക്കും ശാപമാവുന്നത്… വീട്ടുപണികളിൽ ആരും ഒരു കൈ അവളെ

സഹായിക്കില്ല…. അമ്മ എഴുന്നേൽക്കുന്ന സമയത്തു തന്നെ എഴുന്നേറ്റില്ലെങ്കിൽ പിന്നെ അന്നത്തെ ദിവസം മുഴുവൻ അമ്മ പിറുപിറുത്തു കൊണ്ടിരിക്കും..പക്ഷേ ശരത്തിന്റെ

ചേച്ചിയ്ക്കും നിഷയ്ക്കും പത്തു മണി വരെ വേണമെങ്കിലും കിടന്നുറങ്ങാം.. അയാളാണെങ്കിൽ കല്യാണം കഴിക്കണമല്ലോ എന്നു വിചാരിച്ച് കല്യാണം കഴിച്ചു എന്നു

മാത്രമേയുള്ളൂ.. വല്ലാത്ത ശ്വാസം മുട്ടലാണ് ഇവിടെ.. തന്റെ കാര്യങ്ങളിൽ യാതൊരു ശ്രദ്ധയും കാണിക്കാത്ത ശരത്തേട്ടൻ ചേച്ചിയുടെയും അവരുടെ മകളുടെയും കാര്യത്തിൽ കാണിക്കുന്ന

ശ്രദ്ധ കാണുമ്പോൾ സങ്കടം വരും…. എനിക്കും ആഗ്രഹങ്ങളുണ്ടെന്ന് മറന്നു പോകുന്നുവോ? വീണയുടെ വീട്ടിലെ എന്തെങ്കിലും ചടങ്ങുകൾക്ക് മനസില്ലാമനസോടെ ശരത് പോയാലും അധിക

സമയം അവിടെ നിൽക്കാൻ സമ്മതിക്കില്ല.. കുറച്ചു കഴിയുമ്പോഴേക്കും അമ്മയുടെയോ നിഷയുടെയോ ഫോൺ വിളി വരും.. അപ്പോൾ തന്നെ അവർക്ക് അത്യാവശ്യങ്ങളുണ്ടാവും..

ഏക മകൻ കൈവിട്ടു പോകുമോ എന്ന വിഭ്രാന്തിയിൽ അമ്മയും സഹോദരനെ വിടാതെ പിടിച്ചു വക്കുന്ന ഭർത്താവു മരിച്ച സഹോദരിയും മകളും എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു? ഭാര്യയെയും

അമ്മയെയും സഹോദരിയെയും വേണ്ട രീതിയിൽ പരിപാലിക്കാനറിയാതെ അയാളും… അമ്മയോ ചേച്ചിയോ എന്തു പറയുന്നു അതേപടി അനുസരിക്കുന്ന മകൻ… തിരുവായ്ക്ക് എതിർ

വായില്ല…..വീണയെയും ശരതിനെയും തമ്മിൽ അകറ്റാൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു ആ വീട്ടുകാർ.. പുറത്തിറങ്ങിയാൽ മരുമകളുടെ കുറ്റം പറയാൻ അമ്മയ്ക്ക് നൂറു നാവാണ്…

ആറു വർഷമായിട്ടും കുട്ടികളുണ്ടാവാത്തതിന്റെ പേരിൽ എല്ലാ ചടങ്ങുകളുടെ ഇടയിൽ വച്ചും വീണയെ കളിയാക്കുക അവരുടെ ഹോബിയാണ്. എല്ലാ നല്ല ദിവസങ്ങളിലും അവളെ

കരയിക്കുമായിരുന്നു അവർ…. കുട്ടികളുണ്ടാവാത്തതിന്റെ കുഴപ്പം അവരുടെ മകന്റെയാണെങ്കിലും വിദഗ്ധമായി അതിന്റെ കുറ്റം വീണയുടെ തലയിൽ കെട്ടിവയ്ക്കാൻ

അവർക്കൊരു മടിയുമുണ്ടായില്ല… ഒടുവിൽ അവളുടെ സ്ത്രീത്വത്തെ വരെ അപമാനിക്കുന്ന രീതിയിൽ അവർ അപഹസിച്ചപ്പോൾ എന്നെന്നേക്കുമായി വീണ അവിടുന്നിറങ്ങി..

രണ്ടു വർഷത്തിനുള്ളിൽ വിവാഹമോചനം ലഭിച്ചു….. ****** “നാളെ നമുക്കൊരിടം വരെ പോകണം… മോളെയും കൊണ്ട് ” സുധീഷിനോട് വീണ പറഞ്ഞു… ” എങ്ങോട്ട്?” “എന്റെ ആദ്യ

ഭർത്താവിന്റെ വീട്ടിലേക്ക് ” ” ഓകെ ” പടി കയറി വരുന്ന വീണയെ കണ്ട് ദേവകിയമ്മയുടെയും ശരതിന്റെയും മുഖം വിളറി വെളുത്തു.. “നിങ്ങൾക്കല്ലായിരുന്നോ

ഞാനൊരു പെണ്ണാണോ എന്ന സംശയം.. ഇതാ അതിന്റെ തെളിവ്.. ഞാനാണൊരുത്തന്റെ കൂടെയാ ജീവിക്കുന്നത് എന്നറിയിക്കാനാ ഞാൻ വന്നത്…..” അവൾ മോളെ എടുത്തുയർത്തി

പറഞ്ഞു.. “പോകാം സുധിയേട്ടാ…” അവൾ സുധീഷിന്റെ കൈയും പിടിച്ച് തലയുയർത്തി തന്നെ തിരിഞ്ഞു നടന്നു…

(നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ പ്രണയ കഥകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

രചന: മേഘ മയൂരി

Leave a Reply

Your email address will not be published. Required fields are marked *