സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളതാണ്…

രചന: ആമി

“സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളതാണ്… അല്ലാതെ കെട്ടിപ്പൂട്ടി മനസ്സിൽ വെക്കാൻ ഉള്ളത് അല്ല… “എന്നും പറഞ്ഞു ഞാൻ മുറിയിൽ നിന്നും ഉമ്മറത്തേക്ക് പോയി. ഒന്നും മിണ്ടാതെ കണ്ണേട്ടൻ ഓട്ടോയിൽ കയറി പോകുന്നത് കണ്ടു എനിക്ക് ഒന്നുകൂടി ദേഷ്യം വന്നു.

“ഇങ്ങേരു മനുഷ്യൻ അല്ലേ? വല്ല പാറയും ആണോ…. ” ഞാൻ പിറുപിറുക്കുന്നതു കേട്ട് അമ്മ ചിരിച്ചു. എന്നിട്ട് എന്റെ അടുത്തേക്ക് വന്നു.

“എന്താടി…. കൊച്ചേ രാവിലെ തന്നെ പ്രശ്നം? “അമ്മ അത് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ ഞാൻ അടുക്കയിലേക്കു പോയി. കൂടെ അമ്മയും വന്നു.

“കണ്ണേട്ടന്… മറ്റുള്ളവരോടൊക്കെ വല്യ സ്നേഹം ആണ്… അമ്മയോടും ചേച്ചിയോടും അവരുടെ മക്കളോടും ഒക്കെ എന്താ സ്നേഹം… ഞാൻ കൂടെ ഇരുന്നാലോ കുറച്ചു നേരം സംസാരിച്ചു ഇരുന്നാലോ അപ്പോൾ തുടങ്ങും ചീറ്റപ്പുലി പോലെ എന്റെ നേരെ “എന്റെ പരിഭവം കേട്ട് അമ്മ എന്നെ തന്നെ നോക്കി ഇരുന്നു ചിരിച്ചു.

“അമ്മ ചിരിച്ചോ… എനിക്ക് അറിയാം എന്റെ സങ്കടം “ഇതും പറഞ്ഞു ഞാൻ മുറിയിലേക്ക് പോയി. സ്നേഹം എന്നത് പ്രകടിപ്പിക്കാൻ ഉള്ളതാണ് അല്ലാതെ മനസ്സിൽ വെച്ചിട്ട് എന്ത് പ്രയോജനം.

“അമ്മേ…. അമ്മോ “കണ്ണേട്ടന്റെ വിളി കേട്ട് ഞാൻ ഉമ്മറത്തേക്ക് ചെന്നു.

“ഞാനെന്താ ചത്തു പോയോ… നിങ്ങൾ ഇങ്ങനെ അമ്മയെ വിളിച്ചു വരാൻ “എന്റെ ചോദ്യം കേട്ട് കണ്ണേട്ടൻ ചിരിച്ചു.

“നിനക്ക് നാല് പെട കിട്ടാത്തതിന്റെ കുറവാണ് ആമി…. പൊക്കോണം “എന്ന് പറഞ്ഞു കണ്ണേട്ടൻ എന്റെ നേരെ ദേഷ്യപ്പെട്ടു. അകത്തേക്ക് നടന്നു.ആ നേരം അമ്മയുടെ വിളി കേട്ടത്.

“ആമി…. ദേ മഴ ഇരമ്പി വരുന്നു. ഞാൻ കുറച്ചു മാങ്ങ ഉണങ്ങാൻ നമ്മുടെ വടക്കേ തൊടിയുടെ മൂലയ്ക്ക് ഇട്ടിരുന്നു നീ വേഗം പോയി അതെടുതോണ്ട് വാ “എന്നും പറഞ്ഞു അമ്മ മുറ്റത്തെ അഴയിൽ നിന്നും ഉണങ്ങിയ തുണി പെറുക്കിയെടുത്തുകൊണ്ട് നിന്നു. നല്ല കാറ്റും മഴയും തുടങ്ങിയതും ഞാൻ തൊടിയിലേക്കു ഓടി. അപ്പോൾ മഴ നല്ല ശക്തിയായി മഴ പെയ്തു.

“ആമി…. ”

ഉമ്മറത്ത് നിന്നും ഒരു കുടയുമായി കണ്ണേട്ടൻ ഓടി വരുന്നത് ഞാൻ കണ്ടു.

“എടി അസത്തെ…. ഈ പെരുമഴയും ഇടിയും ഉള്ളപ്പോൾ ഇങ്ങോട്ട് വരാൻ ആരാടി പറഞ്ഞത്… “എന്നും പറഞ്ഞു കണ്ണേട്ടൻ എന്നെ ചേർത്ത് പിടിച്ചു.

“മാങ്ങ നനഞ്ഞില്ല കണ്ണേട്ടാ “എന്ന് പറഞ്ഞതും എന്നെ ദേഷ്യത്തോടെ കണ്ണേട്ടൻ നോക്കി. ഉമ്മറത്ത് വന്നു കയറി.

“ദേ… അമ്മേ മാങ്ങ, തേങ്ങ എല്ലാം ഇവിടെ മുറ്റത് ഇട്ടോണം അല്ലാതെ ഈ മഴ കാലത് അവളെ ഓടിക്കല്ലേ “എന്നും പറഞ്ഞു ഒരു തോർത്ത് എന്റെ കൈയിൽ തന്നു.

“തോർത്തേടി തല “എന്നും പറഞ്ഞു അകത്തേക്ക് പോയതും അമ്മ എന്നെ നോക്കി ഒന്നു ചിരിച്ചു.

“കണ്ടോടി പെണ്ണേ എന്റെ ചെക്കന്റെ സ്നേഹം “എന്ന് പറഞ്ഞു അമ്മ എന്നെ നോക്കി ഉറക്കെ ചിരിച്ചു.

രചന: ആമി

Leave a Reply

Your email address will not be published. Required fields are marked *