സൗന്ദര്യം

രചന: എ കെ സി അലി

എന്നെ വന്ന് പെണ്ണു കണ്ടു പോയവൻ ചോദിച്ചത് അനിയത്തിയെ കെട്ടിച്ചു തരുമോ എന്നാണെന്നറിഞ്ഞപ്പോൾ ആദ്യമായി അനിയത്തിയോടെനിക്ക് ദേഷ്യം തോന്നി വെറുപ്പ് തോന്നി തുടങ്ങി..

എന്നെക്കാൾ സൗന്ദര്യം അവൾക്കുണ്ടായത് കൊണ്ട് പലപ്പോഴും ഞാൻ പരിഹാസ കഥാപാത്രമായി പെണ്ണു കാണാൻ വരുന്നവർക്ക് മുമ്പിൽ വേഷം കെട്ടേണ്ടി വന്നു..

എന്റെ ദേഷ്യം ഞാൻ പല രീതിയിലും അവളോട് കാണിച്ചു തുടങ്ങി.. വീട്ടിൽ അമ്മയുടെ സ്നേഹം ഞാൻ പലപ്പോഴും പിടിച്ചു പറ്റി അവളെ അകറ്റി നിര്‍ത്തി കൊണ്ടിരുന്നു..

വീട്ടിൽ പലപ്പോഴും ഞാനവളെ ഒറ്റപ്പെടുത്തി…

ഒരു ചേച്ചിയുടെ സ്വാതന്ത്ര്യം ഉപയോഗിച്ച് അവളെ തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റപ്പെടുത്തി വഴക്ക് പറഞ്ഞു..

അവളീ വീട്ടിൽ ഇല്ലേൽ എന്റെ കല്യാണം നടന്നേനെ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.. എന്നാൽ ഈ അടുത്ത് നല്ലൊരു ആലോചന വന്നപ്പോൾ എനിക്ക് മുമ്പ് അവളെ കെട്ടിക്കാൻ അച്ഛൻ തീരുമാനിച്ചു..

എന്നോട് അച്ഛൻ കരഞ്ഞു കൊണ്ടാണ് ആ കാര്യം പറഞ്ഞത്.. അവളോടുള്ള ദേഷ്യമെല്ലാം ഞാൻ മറച്ചു വെച്ച് അച്ഛനോട് അതു നടത്താൻ പറഞ്ഞു..

തൊട്ടടുത്ത മുറിയിൽ നിന്ന് അച്ഛൻ അവളോട് സംസാരിക്കുന്നത് സങ്കടവും അവളോടുള്ള ദേഷ്യവും ഉള്ളിലൊതുക്കി ഞാൻ കേട്ടു..

അച്ഛൻ അവളോട് പറഞ്ഞു നല്ലൊരു കൂട്ടർ വന്നിട്ടുണ്ട് മോളെ കെട്ടിച്ചു തരുമോ എന്ന് ചോദിച്ചു.. അച്ഛൻ അവർക്ക് വാക്ക് കൊടുക്കും മുമ്പ് മോളോട് ചോദിക്കാമെന്ന് വെച്ചു..

കുറച്ചു നേരത്തേക്ക് അവളുടെ മറുപടിയൊന്നും കേട്ടില്ല ഇടക്കൊരു പൊട്ടിക്കരച്ചിലോടെ അവൾ പറഞ്ഞു ചേച്ചിയുടെ കല്യാണം കഴിയാതെ എനിക്കൊരു കല്യാണം വേണ്ട എന്ന്..

അതു കേട്ടപ്പോൾ ഞാൻ തകരുകയായിരുന്നു എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.. എന്നോടുള്ള അവളുടെ സ്നേഹം എത്രയെന്നു ഞാൻ അറിഞ്ഞപ്പോൾ എന്റെ കൈകൾ അവൾക്ക് മുമ്പിൽ കൂപ്പുകയായിരുന്നു..

മനസ്സിന്റെ സൗന്ദര്യം അവളെനിക്ക് പഠിപ്പിച്ചു തന്നപ്പോൾ മാപ്പിരന്ന് ചേച്ചിയായ് ഞാനവളെ ചേർത്തു പിടിച്ചു..

ഞാൻ അവളുടെ ചേച്ചിയാണെങ്കിലും അവളാണ് ഇപ്പൊ എന്നെക്കാളും ഉയരത്തിൽ സ്നേഹം കൊണ്ട് എന്നെ തോൽപ്പിച്ചവൾ..

രചന: എ കെ സി അലി

Leave a Reply

Your email address will not be published. Required fields are marked *