ഒരു അഡാർ പെണ്ണുകാണൽ ….

രചന: അക്ഷരങ്ങളുടെ കൂട്ടുകാരൻ.

“ഇത്തവണ ലീവ് കഴിഞ്ഞു പോകുന്നതിനു മുൻപ് എന്തായാലും നിന്റെ വിവാഹം നടത്തണം. ഇനിയും ഇത് ഇങ്ങനെ നീട്ടികൊണ്ട് പോകാൻ ആവില്ല.

ആ ബ്രോക്കർ രവിയേട്ടൻ ഒരു ആലോചന കൊണ്ടു വന്നിട്ടുണ്ട്.

രാവിലെ രവിയേട്ടൻ വരും. നീ കൂടെ പോയി പെണ്ണിനെ കണ്ടിട്ടു വാ. ഇഷ്ട്ടപെട്ടാൽ നമുക്കിതു നടത്താം. ”

” എനിക്ക് വിവാഹം കഴിക്കാനുള്ള പ്രായമൊക്കെയായോ.? ഞാൻ മനസ്സിൽ ചിന്തിച്ചു.

എല്ലാ ലീവിന് വരുമ്പോഴും അമ്മ ഈ ആവശ്യം പറയുമ്പോൾ പിന്നെ നോക്കാമെന്നു പറഞ്ഞു നീട്ടികൊണ്ടു പോകാറാണ് പതിവ്.

എന്നായാലും ഒരു വിവാഹം വേണ്ടേ? എന്നാൽ പിന്നെ ഇപ്പോൾ തന്നെ ആയിക്കോട്ടെ.

അമ്മയോട് സമ്മതം അറിയിച്ചു ഉറങ്ങാനായി മുറിയിലേക്ക് നടന്നു….. ………………………………………………………………………………………

പിറ്റേന്ന് രാവിലെ ഞാൻ ഉണർന്നു വരുമ്പോൾ തന്നെ രവിയേട്ടൻ വീട്ടുപടിക്കൽ ഉണ്ടായിരുന്നു.

പെട്ടെന്ന് തന്നെ റെഡിയായി അമ്മയോട് യാത്ര പറഞ്ഞു രവിയേട്ടന്റെ കൂടെ ഇറങ്ങി…..

പോകുന്ന വഴി കാറിൽ ഇരുന്ന് രവിയേട്ടൻ പെണ്ണിനെ കുറിച് പറയാൻ തുടങ്ങി.

” കാണാൻ നല്ല ഐശ്വര്യമുള്ള കുട്ടിയ.പിജി കഴിഞ്ഞു. ഇപ്പോൾ ഗവണ്മെന്റ് ജോലിക്ക് വേണ്ടി പരീക്ഷയൊക്കെ എഴുതുന്നുണ്ട്.

പെട്ടെന്ന് ജോലിയും കിട്ടും. ഇതിലും നല്ലൊരു ബന്ധം മോന് കിട്ടാനില്ല.”

“അതെന്താ ഇതിലും നല്ലത് എനിക്ക് കിട്ടിക്കൂടെ 😏😏ഞാൻ മനസ്സിൽ ചിന്തിച്ചു. അല്ലെങ്കിലും ഈ ബ്രോക്കർമാർ കല്യാണം നടത്താൻ ഇതല്ല ഇതിനപ്പുറവും പറയും. ”

പറഞ്ഞു കൊണ്ടിരിക്കെ കാർ ഒരു വീടിനു മുന്നിൽ വന്നു നിന്നു.

അത്യാവശ്യം നല്ല വീട് തന്നെ.

ഞങ്ങൾ കാറിൽ ഇറങ്ങിയതും. പെണ്ണിന്റെ അച്ഛനും അമ്മാവനും സ്വയം പരിചയപ്പെടുത്തി ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു..

പെണ്ണിന്റെ അമ്മാവന്റെ വകയായിരുന്നു ആദ്യത്തെ ചോദ്യം.

മോന്‌ ദുബായിൽ എന്താ ജോലി?

” ഞാൻ അവിടെ ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആണ് ”

അപ്പോൾ തന്നെ അടുത്ത ചോദ്യം

” ശമ്പളമൊക്കെ…. എങ്ങനെയുണ്ട്?

ചോദ്യം കേട്ട് ദേഷ്യം വന്നേങ്കിലും അത് പുറത്തു കാണിച്ചില്ല.

അത് മനസിലായാ എന്ന പോലെ പെണ്ണിന്റെ അച്ഛൻ അകത്തേക്ക് നോക്കി പറഞ്ഞു

മോളെ വിളിക്ക് ”

വിളിക്കാൻ കാത്തിരുന്നപോലെ അപ്പോൾ തന്നെ പെണ്ണ് ചായയുമായി പതിയെ നടന്നു വന്നു.

പെണ്ണിന്റെ മുഖത്തേക്ക് നോക്കിയ ഞാൻ ഒരു നിമിഷം സ്തംഭിച്ചിരുന്നുപോയി.

നീതു…

ദൈവമേ ഇത് ഇവളുടെ വീടായിരുന്നോ?.

ഇവളെ പെണ്ണു കാണാനായിരുന്നോ ഞാൻ വന്നത്.

പതിയെ രവിയേട്ടന്റെ മുഖത്തേക്ക് ഞാൻ നോക്കി.

ഇഷ്ടമായോന്ന് രവിയേട്ടൻ ആംഗ്യം കാണിച്ചു.

താൻ ഇവിടുന്ന് പുറത്തു വാ. തനിക്ക് ഉള്ളത് തരാമെന്ന് മനസ്സിൽ ചിന്തിച്ചു അവൾ കൊണ്ടു തന്ന ചായ പതിയെ എടുത്തു..

എങ്ങനെയെങ്കിലും ഇവിടെ നിന്ന് ഇറങ്ങിയാൽ മതിയെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് രവിയേട്ടന്റെ വക എനിക്ക് അടുത്ത പ്രഹരം.

“പെണ്ണിനും ചെക്കനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവമല്ലേ ”

ഒരു നിമിഷം രവിയേട്ടന്റെ പിതാമഹൻമാരെ മനസ്സിൽ സ്മരിച്ചു.

“അകത്തേക്കു ചെന്നോളു ” ഇപ്പ്രാവശ്യം പെണ്ണിന്റെ അച്ഛനാണ് പറഞ്ഞത്.

ഞാൻ പതിയെ അകത്തേക്ക് നടന്നു. നടക്കുമ്പോളും മനസ്സിൽ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു ദൈവമേ അവൾക്ക് എന്നെ മനസിലായിട്ടുണ്ടാകരുതേ..”

അകലെ നിന്നു തന്നെ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന അവളെ ഞാൻ കണ്ടു…

പതിയെ അവളുടെ അടുത്തേക്ക് നടന്നു.

അവളുടെ മുഖത്തേക്ക് നോക്കി ഒന്നു പുഞ്ചിരിച്ചു.

” ഹരിയേട്ടന് എന്നെ ഓർമ്മയുണ്ടോ ”

ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ ഞാൻ നിന്നു.

” ഡാ പട്ടി നിന്നോടാ ചോദിച്ചേ എന്നെ ഓർമ്മയുണ്ടോ.? ”

ഒരു നിമിഷം ഞാൻ ഷോക്ക് അടിച്ചപോലെ നിന്നുപോയി.

അവൾ തുടർന്നു.

” ഞാൻ ഇഷ്ട്ടമല്ല എന്നു പറഞ്ഞിട്ടും എന്റെ പുറകെ നടന്നിട്ട് അവസാനം ഞാൻ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ. നിനക്ക് എന്നെ ഇഷ്ട്ടമല്ല അല്ലേടാ .?

ഇപ്പോൾ കല്യാണമൊന്നും വേണ്ടെന്ന് വച്ചു നടന്നിരുന്നതാണ് ഞാൻ.

പെണ്ണു കാണാൻ വരാൻ പോകുന്നത് നീയാണെന്ന് അറിഞ്ഞതുകൊണ്ടാ ഈ പെണ്ണുകാണലിനു തന്നെ സമ്മതിച്ചേ.

ദൈവമായിട്ട് ഇങ്ങനെ ഒരു അവസരം തരുമ്പോൾ ഞാൻ എങ്ങനെയാ വേണ്ടെന്ന് വയ്കുന്നെ..

എന്ത് പറയണമെന്നറിയാതെ ഞാൻ നിന്നു.

ലോകം ഇപ്പോൾ അവസാനിചെങ്കിലെന്നു ആശിച്ചു..

കോളേജിൽ പഠിക്കുന്ന സമയത്ത് അവളെ വളക്കുമെന്ന് കൂട്ടുകാരോട് പന്തയം വച്ചു തുടങ്ങിയതാണ് അവളുടെ പുറകെയുള്ള നടത്തം .

അവൾ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ തിരിച്ചു ഇഷ്ടമല്ലെന്ന് പറഞ്ഞു പോന്നതാണ് ഞാൻ. അതിനു ശേഷം ഇന്നാണ് വീണ്ടും അവളെ കാണുന്നത്…

പതിയെ തിരിച്ചു നടക്കാൻ ഒരുങ്ങിയ എന്നെ അവൾ പുറകിൽ നിന്ന് വിളിച്ചു

” ദൈവമേ തല്ലാൻ ആയിരിക്കുമോ വിളിക്കുന്നത്.

ആണെങ്കിൽ തന്നെ ഇവിടെ വെച്ച് ഒന്നു കിട്ടിയാലെന്താ ആരും കാണാൻ പോകുന്നില്ല.

അല്ലെങ്കിലും ഈ ചെയ്തതിനൊക്കെ എനിക്ക് ഒരെണ്ണം കിട്ടണ്ട ആവശ്യമുണ്ട്

രണ്ടും കല്പ്പിച്ചു അവളെ നോക്കി ഞാൻ നിന്നു..

അവൾ തുടർന്നു..

പുറത്ത് ഇറങ്ങിയിട്ട് എന്നെ ഇഷ്ട്ടമായില്ലെന്ന് പറയാനാണ് ഉദ്ദേശമെങ്കിൽ എന്റെ തനി സ്വഭാവമറിയും കേട്ടോടാ പട്ടി..

കല്യാണം കഴിഞ്ഞു നമുക്ക് ഉണ്ടാകുന്ന പിള്ളേരോട് അച്ഛൻ അമ്മയെ പറഞ്ഞു പറ്റിച്ച കഥയൊക്കെ പറഞ്ഞു കൊടുക്കും.

അതാണ് എന്റെ പ്രതികാരം.

അവളുടെ വാക്കുകൾ കേട്ട് ഒരു നിമിഷം ചിരിച്ചു പോയി

എന്റെ ചിരി കണ്ടു അവളുടെ മുഖത്തും ചിരി വിടർന്നു..

ഇനി കല്യാണം കഴിഞ്ഞ് എന്തൊക്കെ ഉണ്ടാവുമെന്ന് ദൈവത്തിനറിയാം………

ശുഭം..

രചന: അക്ഷരങ്ങളുടെ കൂട്ടുകാരൻ.

Leave a Reply

Your email address will not be published. Required fields are marked *