പെണ്ണ്.

രചന: സോണിച്ചൻ

ഉച്ചയൂണിനുശേഷം വെറുതെ തിണ്ണയിലിരിക്കുവായിരുന്നു. ആരോ നടന്നുവരുന്ന ശബ്ദം കേട്ട് തലയുയർത്തിയപ്പോൾ കണ്ടത് പെങ്ങളെയാണ്. ആശ്ചര്യത്തോടെ ഞാനെഴുനേറ്റു.

“ആഹ് നീയോ..! അളിയനെന്ത്യേ..?”

“വന്നില്ലെടാ… എനിക്കിങ്ങോട്ടൊന്ന് വരണമെന്ന് തോന്നി… പോന്നു.”

അവളൊന്ന് മന്ദഹസിച്ചു.

“അമ്മയെവിടാ…?”

“അകത്തുണ്ട്… കിടക്കുവായിരിക്കും.”

അവളകത്തേക്ക് കയറി. വിവാഹം കഴിഞ്ഞതിനുശേഷം ആദ്യമായാണ് വീട്ടിലേക്ക് അവൾ തനിയെ വരുന്നത്. ഇനി അളിയനും ഇവളും തമ്മിൽ വഴക്ക് വല്ലതുമുണ്ടായോ… കല്യാണം കഴിഞ്ഞ് പെണ്ണ് തനിയെ വീട്ടിലേക്ക് വന്നാൽ ഉണ്ടാവുന്ന ആ ചെറിയ ഭയം എന്നെയും പിടികൂടി.

അകത്ത് അമ്മയും മോളും സംസാരിക്കുന്ന ഒച്ച കേൾക്കാം. അമ്മയ്ക്ക് പിന്നെ പണ്ടേ ഇവളെന്ന് വച്ചാ ജീവനാ. അച്ഛനും അങ്ങനെ തന്നെ. ഒരു പെൺകുട്ടിയില്ലെങ്കിൽ വീടുറങ്ങിപ്പോകുമെന്ന് പറയുന്നത് ശരിയാണെന്ന് ഇവൾടെ കല്യാണം കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി. അവളുടെ കളിയും ചിരിയും മുഴങ്ങിയിരുന്ന വീടിനിപ്പോൾ ഒരനക്കവുമില്ല.

ഞാനകത്തേക്ക് ചെന്നപ്പോൾ അവൾ കുറിഞ്ഞിയെ കൊഞ്ചിക്കുകയാണ്. ഇവളുടെ സന്തതസഹചാരിയാരിരുന്നു ആ പൂച്ച. ഇവൾടെ വിവാഹത്തിനുശേഷം അത് രണ്ടുദിവസം ആഹാരമൊന്നും കഴിച്ചില്ല. ഇവൾ കിടക്കുന്ന ബെഡിൽത്തന്നെ വിഷാദം പൂണ്ട പോലെ കിടപ്പായിരുന്നു.

ഇപ്പോൾ രണ്ടുപേരും അവരുടേതായ ഭാഷയിൽ ആശയവിനിമയം നടത്തുകയാണ്.

“നീ പോയ കൊണ്ട് കുറിഞ്ഞി രക്ഷപ്പെട്ടു കേട്ടോ. കുളിപ്പിച്ച് കണ്ണെഴുതി പൊട്ട് തൊടാനൊന്നും നിക്കണ്ടല്ലോ… അതിപ്പോ ഫുൾ ഫ്രീഡത്തിലാ.”

ഞാൻ സാധാരണ അവളോട് പറയുന്നപോലെ പറഞ്ഞു. എന്നെ അതിശയിപ്പിച്ചുകൊണ്ട് അവൾ മറുപടിയൊന്നും പറയാതെ കുറിഞ്ഞിയെ തഴുകിക്കൊണ്ട് മന്ദഹസിച്ചു. സാധാരണ അവളെന്നോടെന്തെങ്കിലും തിരിച്ച് പറയേണ്ടതാണ്. കുറിഞ്ഞി അവളുടെ മടിയിലേക്ക് ഒന്നൂടി മുഖം ചേർത്തുവച്ചു.

“നീ വേണേലിവളെയങ്ങ് കൊണ്ടുപൊക്കോടീ…”

“വേണ്ടടാ… അവിടെ വല്യമ്മച്ചിക്ക് പൊടി അലർജിയുള്ളതാ. ഇവളാണേൽ എല്ലായിടവും കറങ്ങിനടക്കുന്നതല്ലേ. രോമം പൊഴിയുന്നതൊക്കെ ബുദ്ധിമുട്ടാവും.”

അവൾ കുറിഞ്ഞിയെ മടിയിൽ നിന്ന് താഴെ വച്ചു. പ്രിയപ്പെട്ട സ്ഥലത്തുനിന്ന് പിരിക്കപ്പെട്ടപ്പോൾ കുറിഞ്ഞി പ്രതിഷേധത്തിന്റെ ഒരു ശബ്ദമുണ്ടാക്കി. അവൾ തന്റെ ഫേവറിറ്റ് പ്ലേസായ ജനാലയ്ക്കരികിലെ മേശയുടെ അടുക്കലേക്ക് ചെന്നു. വളരെ ചെറുപ്പത്തിൽ പഠിക്കാനായി അച്ഛൻ വാങ്ങിക്കൊടുത്തതായിരുന്നു ആ തടിമേശയും കസേരയും. പലപ്പോഴും അവൾ അവിടെയിരുന്ന് തന്നെ ഉറങ്ങുമായിരുന്നു. പഠിക്കുമ്പോഴോ എന്തെങ്കിലും വായിക്കുമ്പോഴോ ഒക്കെ അവളറിയാതെ തന്നെ രണ്ടുകാലും എടുത്ത് കസേരയിൽ വയ്ക്കുമായിരുന്നു. ഞാൻ കളിയാക്കിയിട്ടുണ്ട് ഇങ്ങനെ ഒടിഞ്ഞുമടങ്ങി ഇരിക്കുമ്പോൾ. അപ്പോഴൊക്കെ എന്നോട് കൊഞ്ഞനംകുത്തിയാണ് അവൾ പ്രതികരിക്കുക.

അവളാ മേശയിലും കസേരയിലും പതിയെ കയ്യോടിച്ച് ജനലിലൂടെ പുറത്തേക്ക് നോക്കി.

“നിനക്കവിടെ സുഖമാണോടീ… അളിയന് നിന്നോടെങ്ങനാ..?”

ഒരു പത്തു സെക്കൻഡ് കഴിഞ്ഞാണവൾ പ്രതികരിച്ചത്.

“ങേ… ആ… എനിക്കവിടെ കുഴപ്പമൊന്നുമില്ലെടാ… ചേട്ടായിക്ക് എന്നോട് നല്ല സ്നേഹവാ.”

അവൾ വീണ്ടും ചിരിച്ചു. അതൊരു വിളറിയ ചിരിയായി എനിക്ക് തോന്നി.

“നീ നാളെയല്ലേ പോകുന്നുള്ളൂ..?”

“ഇല്ല. വൈകിട്ട് പോകും.”

“ഹ… അതെന്നാ പരിപാടിയാ… നീ നാളെപ്പോയാൽ മതി. ഞാനളിയനെ വിളിച്ച് പറഞ്ഞോളാം.”

“പോടാ… 5 മണിക്ക് ചേട്ടായി വീട്ടിലെത്തും. അതിന് മുൻപ് അങ്ങെത്തണം. ഞാൻ വെറുതെയൊന്ന് വന്നതല്ലേ…”

ഒരുപാട് പ്രിയപ്പെട്ടയിടങ്ങളൊക്കെ മനസിലേക്കാവാഹിക്കാനെന്നപോലെ ഒന്നൂടി മുറിയാകമാനം നോക്കിയിട്ട് അവൾ പുറത്തിറങ്ങി.

കുറച്ചുനേരം കഴിഞ്ഞ് അവൾ പോകാനിറങ്ങിയപ്പോൾ ഞാൻ കുറച്ച് രൂപ അവളുടെ കയ്യിൽ വച്ചുകൊടുത്തു.

“നീയിത് വച്ചോടീ…”

അവളത് ബലമായിത്തന്നെ തിരിച്ച് എന്റെ പോക്കറ്റിൽ വച്ചു.

“എനിക്ക് വേണ്ടപ്പോ ഞാൻ നിന്നോട് ചോദിച്ചോളാം. ഇപ്പോ ഇതിന് നീ അമ്മയ്ക്ക് മുട്ടുവേദനയ്ക്കൊള്ള മരുന്ന് വാങ്ങിക്കൊട്. ഞാനിറങ്ങുവാ.”

ഒരു മാസം മുൻപ് വരെ എന്റെ കൂടെ വഴക്കടിച്ച് നടന്ന പെണ്ണിൽ നിന്നും ഉത്തരവാദിത്വവും പക്വതയുമുള്ള കുടുംബിനിയിലേക്കുള്ള അവളുടെ മാറ്റത്തെയാണ് അപ്പോൾ ഞാനോർത്തത്. എന്നെ നോക്കാതെ തിരിഞ്ഞ് നടന്ന അവളുടെ നിറഞ്ഞ കണ്ണുകളിൽ സ്വന്തം വീട്ടിലേക്ക് ഒരു വിരുന്നുകാരിയായി കയറിവരേണ്ടിവരുന്ന ഒരു പെണ്ണിന്റെ വിഷമം തിളങ്ങുന്നുണ്ടായിരുന്നു.

കുടയും ബാഗും ഒരു കയ്യിലൊതുക്കി മറുകൈകൊണ്ട് സാരിത്തലപ്പും പിടിച്ച് നാട്ടുവഴിയിലൂടെ അവൾ നടന്നുമറഞ്ഞു.

രചന: സോണിച്ചൻ

Leave a Reply

Your email address will not be published. Required fields are marked *