നീലക്കുറിഞ്ഞി പൂവുകൾ മുഴുവൻ ഭാഗങ്ങൾ..

 

(പാർട്ട് -1)

രചന: നിവിയ റോയ്

യാത്ര പറഞ്ഞു പിരിയുമ്പോൾ പോലും ദേവൂട്ടിയുടെ കണ്ണൊന്നു നിറഞ്ഞുപോലുമില്ലല്ലോ ?

ദൂരെ ,തന്റെ കുഞ്ഞനുജത്തി വിവാഹം കഴിഞ്ഞു വരനൊപ്പം കാറിൽ മറഞ്ഞു പോകുന്നതും നോക്കി നിൽക്കേ ,എത്ര ശ്രമിച്ചിട്ടും തടുക്കുവാനാവാതെ അരവിന്ദിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

ങ്ആ …നന്നായി അവരുടെ കണ്ണുകൾ നിറയാതിരിക്കാനല്ലേ ഇത്രയും നാൾ താൻ പാടുപെട്ടതെന്ന് സ്വയം സമാധാനിച്ചു പാതയോരത്തു നിന്നു അയാൾ വീട്ടുമുറ്റത്തേക്കു നടന്നു .

കൊന്നമരത്തിന്റെ ചില്ലയിൽ നിന്നും കിളികുഞ്ഞുങ്ങൾ ഉപേക്ഷിച്ചു പോയ കൂട് താഴെ പാഴ്മണ്ണിൽ വീണു ചിതറികിടക്കുന്നത് നോക്കി അയാൾ കുറച്ചു നേരം നിന്നു.

നീ ഇവിടെ സ്വപ്നം കണ്ട് നില്കുകയാണോ…..?

ഉള്ളിലേക്കു ചെല്ല് അവൾ അകത്തു ഒറ്റക്കല്ലേ….?

ഇവിടിപ്പോ വിളമ്പി താരനും മണിയറയൊരുക്കാനും ഒന്നും ആരുമില്ല എല്ലാം അങ്ങ് തനിയെ ചെയ്യുക .

തൊടിയിൽ നിന്നും പശുവിനെ അഴിച്ചു വീട്ടിലേക്കു നടക്കുന്നതിനിടയിൽ അപ്പച്ചിയമ്മ പറഞ്ഞു.

അല്ലെങ്കിൽ തന്നെ ആർക്കും വേണ്ടാതെ വാടികരിഞ്ഞ രണ്ട് ജന്മങ്ങൾക്കു ചേരുവാൻ മുല്ല പൂ വിതറിയ മണിയറ എന്തിനാണ് ?മുറ്റത്തു ചുവന്ന കോലം വരയ്ക്കുന്ന സായന്തന രശ്മികൾ നോക്കികൊണ്ട്‌ അയാൾ ഓർത്തു.

കുറേ ഓർമ്മകൾ തനിക്കു മാറ്റിവച്ചിട്ടു എല്ലാരും പോയിരിക്കുന്നു. സന്ധ്യ തുടുത്തു തുടങ്ങിയിരിക്കുന്നു. അയാളുടെ ഓർമകളും മെല്ലെ തിളങ്ങി .

അനിയൻകുട്ടന്റെ വഴക്കടിക്കുന്ന ഒച്ച അയാൾക്കു ഇപ്പോൾ കേൾക്കാം . “ഇല്ലില്ല ….ഞാനാണ് ആദ്യം സാറ്റ് വെച്ചത് … ഞാൻ സമ്മതിക്കില്ല ….ഞാനാണ് ആദ്യം ഓടിയെത്തിയത് .”

നിക്കറിടകിടക്കു വലിച്ചു കെട്ടിക്കൊണ്ട് അവൻ പറയുന്നത്

സമ്മതിച്ചു ….സമ്മതിച്ചു .ഞാൻ അത് പറയുമ്പോൾ വിജയശ്രീലാളിതനായ സന്തോഷം അവന്റെ മുഖം ചുവപ്പിച്ചു .

കളിയിലായാലും ,കാര്യത്തിലായാലും ഒരിക്കലും തോൽക്കുവാൻ ഇഷ്ടമില്ലാത്ത തന്റെ അനിയൻ ജയിച്ചത്, താൻ തോറ്റു കൊടുത്തതുകൊണ്ടാണെന്ന് അവൻ ഒരിക്കലും അറിയാൻ ശ്രമിച്ചിട്ടില്ല.

ഒരു ആർക്കിറ്റെക്ക്ക്ചർ ആകണമെന്നുള്ള തന്റെ മോഹം ഫാക്ടറിയിലെ തീപിടുത്തത്തിൽ അച്ഛനോടും,അമ്മയോടുമൊപ്പം എരിഞ്ഞു തീർന്നപ്പോൾ തന്റെ സ്വപ്‌നങ്ങൾ അനിയൻകുട്ടനിലൂടെ അയാൾ യാഥാർഥ്യമാക്കി.

അവൻ വിദേശത്തേക്കു പോകുമ്പോൾ അയാൾ ഓർത്തു തനിക്കിനിയെങ്കിലും കോലായിലെ ചാരുകസേരയിൽ കിടന്നു ഇടക്കൊക്കെ നടുവുനിവർത്തമെന്ന്.

ഫോൺ വിളിക്കുമ്പോൾ പണ്ടത്തേക്കാൾ അവന്റെ പരാതികൾ വളർന്നെന്നു തോന്നി .

“ഏട്ടാ ശമ്പളം തീരെ കുറവാണ് . എനിക്കു തന്നെ കഷ്ടിച്ചേ ജീവിക്കാൻ പറ്റുന്നുള്ളു .ശമ്പളം കൂട്ടികിട്ടിയിട്ട് എന്തെങ്കിലും അയക്കാം “.അവന്റെ പരാതികൾ നീളുമ്പോൾ അയാൾ പറയും .

സാരമില്ല ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം .നിനക്ക് അവിടെ ഒന്നിനും ബുദ്ധിമുട്ടുണ്ടാവരുത്.

അത് പറയുമ്പോളും .അവനെ പഠിപ്പിച്ച കടബാധ്യതകളും ദേവൂട്ടിയുടെ ഫീസും ഒക്കെക്കൂടി അയാളെ കൂടുതൽ ഞെരുക്കി തുടങ്ങിയിരുന്നു.

പിന്നീട് പീന്നീട് നീളുന്ന പരാതികളെ തന്റെ ഒരു മൂളലിൽ അയാൾ ഒതുക്കി.

ഒരിക്കൽ പതിവില്ലാത്ത സമയത്തു ഒരു വിളി.

ഏട്ടാ ….ഒരു കാര്യം പറയാനുണ്ട് .ഇവിടെ എന്റെ കൂടെ ജോലിചെയ്യുന്ന ഒരു പെൺകുട്ടിയുമായി ഞാൻ ഇഷ്ടത്തിലാണ് .അവൾ ഒറ്റ മോളാണ് അതുകൊണ്ട് അവർക്കു എത്രയും പെട്ടന്ന് കല്യാണം നടത്തണമെന്ന് . ഞാൻ അവളുടെ അച്ഛനുമായി സംസാരിച്ചു .

ചേട്ടൻ ഒന്ന് അവിടം വരെ പോണം.അവർക്കു സമ്മതമാണ്.നമ്മുടെ പ്രാബ്ദങ്ങളൊന്നും അവിടെ പോയി പറയാൻ നിൽക്കണ്ട.

അങ്ങോട്ട് യാത്ര തിരിക്കുമ്പോൾ മനസ്സിൽ ഓർത്തു തന്നെയും കാത്തിരിക്കുന്ന പെണ്ണൊരുത്തി ഉണ്ട്.സുമിത്ര, കഴിഞ്ഞ ആഴ്ച അവൾ വന്നിരുന്നു .

“ഇനിയും കല്യാണം നീട്ടികൊണ്ടു പോകാൻ പറ്റില്ല.അച്ഛയും അമ്മയും അറിഞ്ഞിരിക്കണു .അവര് സമ്മതിക്കില്ല.

എന്റെ കഴിഞ്ഞിട്ടു വേണ്ടേ അച്ഛന് അനിയത്തികുട്ടിയുടെ കാര്യം നടത്താൻ.അവര് എനിക്ക് വേറെ കല്യാണം നിശ്ചയിക്കാൻ പോകുവാണ്.

ഞാൻ ഇറങ്ങി വരട്ടെ അരവിന്ദേട്ടാ …”

അവളുടെ വിറക്കുന്ന കൈകൾ തന്റെ വുരലുകളിൽ കോർത്തുകൊണ്ടു അവൾ ചോദിച്ചു.മനസ്സിൽ അപ്പോൾ ദേവൂട്ടിയായിരുന്നു.അവളെങ്ങും എത്തിയില്ല ….ഒരു വിവാഹം കഴിഞ്ഞു തനിക്കൊരു ജീവിതമായാൽ അവളെ മറന്നെങ്കിലോ ? സുമിത്രക്ക് അവളൊരു ഭാരമാകുമോ? മനസ്സിൽ ഒരുപിടി ചോദ്യങ്ങൾ.

കരിമഷി പടർന്ന അവളുടെ കണ്ണുകളിൽ നിന്നും വേർപെടുവാനുള്ള വേദനയിൽ തുടിച്ചു നിൽക്കുന്ന നീർമണികളെ കണ്ടില്ലെന്നു നടിക്കുവാനെ തനിക്കന്നായുള്ളു.

അനിയന്റെ വിവാഹത്തിന് രണ്ടുനാൾ മുൻപായിരുന്നു അവളുടെ കല്യാണം .

പാവം …അവളൊരു പെൺകുട്ടിയല്ലെ എത്രയെന്നു വെച്ച കാത്തിരിക്കുക .അവളും താനും ഇടക്കൊക്കെ മുട്ടിയുരുമ്മിയിരിക്കാറുള്ള വാഴ കൂട്ടത്തിനിടയിൽ ആരും കാണാതെ നിന്ന് ,അവൾ മറ്റൊരാളുടെ കൈ പിടിച്ചു പോകുന്നത് കണ്ട് ,തന്റെ തോളത്തിട്ടിരുന്ന തോർത്തിനോട് പരാതി പറഞ്ഞു അയാൾ മുഖം തുടച്ചു.

എത്ര ശ്രമിച്ചിട്ടും അടക്കുവാനാവാതെ നെഞ്ചിലെ തീയിലുരുകിയ സ്വപ്‌നങ്ങൾ പളുങ്കുമുത്തുകളായി കവിളിലൂടെ ഉരുണ്ടിറങ്ങി .കാഴ്‌ച മറച്ച കണ്ണീരിനിടയിലൂടെ അവളും ഒന്നു തിരിഞ്ഞു നോക്കിയതു പോലെ അയാൾക്കു തോന്നി .

നിറഞ്ഞ മനസ്സും തുളുമ്പും മിഴികളുമായി അവളെ ഹൃദയം നിറഞ്ഞു അയാൾ അനുഗ്രഹിച്ചു .എന്റെ സുമിത്രക്ക് ഒരു കുറവും വരുത്തല്ലേ ഈശ്വരാ ….ദീർഘസുമംഗലിയായിരിക്കട്ടെ !

തന്റെ പ്രാരാബ്ധങ്ങൾക്കിടയിൽ ഒരു ചെറിയ പ്രതീക്ഷയോടെ കത്തി നിന്നിരുന്ന മോഹവും വിധി തല്ലികെടുത്തിയിരിക്കുന്നു .മുഖം തുടച്ചു തിരിഞ്ഞു നടക്കുമ്പോളാണ് അനിയന്റെ വിളി.

ഏട്ടൻ ഇതെവിടെയാണ് ?പാചകക്കാര് വന്നിട്ടുണ്ട് അവര് അന്നോഷിക്കുന്നു .അവൻ വളരെ സന്തോഷത്തിലാണ് .തന്റെ മുഖം കണ്ട് അവന് കാര്യം മനസ്സിലായി.

ഏട്ടനെന്തിനാ വിഷമിക്കുന്നെ ?ഇതൊന്നും ആത്മാർഥ സ്നേഹമല്ലന്നേ.ആയിരുന്നെങ്കിൽ അവര് കാത്തിരുന്നേനെ.വേറെ എത്രയോ പെണ്ണുങ്ങൾ ഉണ്ട്.

എല്ലാം അറിയാമായിരുന്നിട്ടും എത്ര നിസ്സരമായി അവനത് പറയാൻ കഴിഞ്ഞു. മറ്റൊരാൾക്കു പകരമാകുമോ എന്റെ സുമിത്ര?

എങ്കിൽ നിനക്കും നിന്റെ പെൺകുട്ടിയോട് പറയാമായിരുന്നില്ലേ കാത്തിരിക്കാൻ ? എന്ന് ചോദിക്കണമെന്ന് വിചാരിച്ചതാണ് .പക്ഷേ അവന്റെ മുഖത്തെ സന്തോഷം കെടുത്തണ്ടന്നു വിചാരിച്ചു വെറുതെ ചിരിച്ചു .

പിന്നെ ദേവൂട്ടിയിൽ മാത്രമായി ഒതുങ്ങി ജീവിതം.

വർഷങ്ങൾ പതിയെ കൊഴിഞ്ഞു വീണു.ദേവൂട്ടിയുടെ പഠനമൊക്കെ കഴിഞ്ഞു.അവളിപ്പോൾ ടൗണിലെ ഒരു ക്ലിനിക്കിൽ ഫർമസിസ്റ്റ് ആയി ജോലി ചെയുന്നു.

അവളുടെ കല്യാണത്തിനായി അവൾക്കു വേണ്ടി ഓരോന്ന് സ്വരുക്കൂട്ടുന്നതിൽ മാത്രമായി അയാളുടെ ശ്രദ്ധ.

ഒരിക്കൽ ഓണത്തിന് വെച്ച അട പായസം കൊണ്ടു വന്നപ്പോൾ അപ്പച്ചി ചോദിച്ചു. ടാ …നീ അറിഞ്ഞില്ലേ ?

എന്ത് …?

സുമിത്ര വന്നിട്ടുണ്ട് .ഇനിപോകുന്നില്ലന്നാണ് കേട്ടത്.

അതെന്താ …?

തെല്ല് അതിശയത്തോടെ അയാൾ ചോദിച്ചു. ഓ ….അയാൾക്കു അവളെ ഭയങ്കര സംശയമാണെന്ന്.

താനെന്തെങ്കിലും മറുപടി പറയുമെന്ന് കരുതി അപ്പച്ചിയമ്മ നോക്കി നിന്നു .

തന്റെ മൗനത്തിനു മറുപടിയായി അപ്പച്ചി അമ്മ പറഞ്ഞു .

അവളിവിടെ വരുമ്പോളൊക്കെ നീയും അവളുമായി ഇപ്പോളും ബന്ധമുണ്ടന്നാണ് അയാൾ പറയുന്നത് .

പായസം പകർന്ന ഗ്ലാസ്സ്‌ മേടിക്കുമ്പോൾ അതും പറഞ്ഞു അപ്പച്ചിയമ്മ നടന്നകന്നു .

മനസ്സിന് ആകെ വല്ലാത്ത ബുദ്ധിമുട്ട് . കല്യാണം കഴിഞ്ഞു ഒരിക്കലും അവളെ വേറൊരു കണ്ണിൽ കണ്ടിട്ടുപോലുമില്ല .

പായസത്തിന്റെ സ്വാദ് വായിൽ അലിഞ്ഞിറങ്ങുമ്പോൾ അയാൾ ഓർത്തു .

പണ്ടൊക്കെ ജോലി കഴിഞ്ഞു മടുത്തു ,മടിച്ചു കറങ്ങുന്ന ഫാനിന്റെ ചോട്ടിൽ വിയർത്തു കിടക്കുമ്പോൾ അവള് മനസ്സിൽ നിറഞ്ഞു വരാറുണ്ട് .

കരിമഷിയിട്ട് കറുപ്പിച്ച കണ്ണുകളിലെ സ്വപ്‌നങ്ങൾ കവർന്നെടുക്കാൻ ….പച്ചക്കല്ലു മൂക്കുത്തി നെഞ്ചോടൊന്നു ചേർത്തണയ്ക്കാൻ ….കാതിനോരത്തു തുളുമ്പി നിൽക്കുന്ന വെള്ളക്കല്ലു കമ്മലിൽ ചുണ്ടൊന്നു ചേർക്കുവാൻ കൊതിച്ചിട്ടുണ്ട് ….

പക്ഷേ അവളെ നഷ്ടമായതിൽ പിന്നെ ആ ഓർമ്മകളൊക്കെ മനസ്സിന്റെ വാതിൽ കടന്നു വരുവാൻ മടിച്ചു നിന്നിട്ടേ ഉള്ളു.

രണ്ടു ദിവസം കഴിഞ്ഞു നടവഴിയിൽ വെച്ചു അവളെ കണ്ടു അവൾഅടുത്തെത്തിയപ്പോൾ താൻ നടത്തത്തിന്റെ വേഗം കുറച്ചെങ്കിലും.കരിമഷികറുപ്പില്ലാത്ത വിളറിയ കണ്ണുകൊണ്ടു തന്നെ ഒന്നു മെല്ലെ കുത്തി നോവിച്ചു തലകുനിച്ചവൾ നടന്നു നീങ്ങി .

പിന്നീട്‌ ഒരിക്കൽ അവൾ കുളക്കടവിൽ നിന്നും വരുമ്പോൾ കണ്ടു .അന്ന് അവളുടെ വീടെത്തും വരെ കുറച്ചു നേരം എന്തോക്കയോ സംസാരിച്ചു കൂടെ നടന്നു .

അടുത്തുകൂടി ഒന്നും കണ്ടില്ലന്നു നടിച്ചു കുനിഞ്ഞു നടന്ന പീടികയിലെ മാധവൻ താൻ തിരിഞ്ഞു നോക്കിയപ്പോൾ തിരിഞ്ഞു നോക്കി പോകുന്നതുകണ്ടു .

പിന്നെ പലപ്പോഴായുള്ള കൂടിക്കാഴ്ചകൾ .അർത്ഥ വച്ചുള്ള നോട്ടങ്ങൾക്കും,അടക്കി പറച്ചിലുകളിലേക്കും നീണ്ടപ്പോൾ ഒരു തീരുമാനം എടുക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നി.

പടിയിറങ്ങി പോയ സ്വപ്‌നങ്ങൾ മടിച്ചു മടിച്ചു ഹൃദയത്തിലേക്കു തിരിച്ചു വന്നു .വാടിക്കരിഞ്ഞ ചില്ലകളെ വഴി തെറ്റി വന്ന വസന്തം തളിർപ്പിച്ചു തുടങ്ങിയിരിക്കുന്നു.

ഇനി എത്രയും പെട്ടന്ന് ദേവൂട്ടിയുടെ വിവാഹം നടത്തണം. എന്നിട്ട് എത്രയും പെട്ടന്ന് സുമിത്രയെ കൂട്ടികൊണ്ടു വരണം …..അതിനുള്ള ശ്രമങ്ങളൊക്കെ അയാൾ നടത്തികൊണ്ടിരിക്കുമ്പോൾ …

ഒരിക്കൽ പറമ്പിലേ പണിയൊക്കെ കഴിഞ്ഞു വീട്ടിലേക്ക് കയറി വരുമ്പോൾ വീട്ടു മുറ്റത്തു മധ്യവയസ്സ്ക്കനായ ഒരാൾ നിൽക്കുന്നു.കണ്ടിട്ടു തീരെ പരിചയമില്ല.

കിണറിൽ നിന്നും വെള്ളം കോരി കൈയും കാലും കഴുകുമ്പോൾ അയാൾ ചിരിച്ചു കൊണ്ടു അങ്ങോട്ടേക്ക് വന്നു .

ന്റെ പേര് രാമചന്ദ്രൻ …വന്ന കാര്യ വളച്ചൊടിക്കാതെ പറയ്യ. നിങ്ങടെ പെങ്ങളൂട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ എന്റെ ജ്യേഷ്‌ഠന്റെ മകനാണ് .അവന് ഞങ്ങൾ കല്യാണം ആലോചിച്ചുകൊണ്ടു ഇരിക്കുവാണ്.

അവനാണെങ്കിൽ നിങ്ങടെ പെങ്ങളെ മതിയെന്ന് ഒറ്റ വാശി.അവര് തമ്മിൽ ഇഷ്ടത്തിലാണത്രെ .എന്തു പറഞ്ഞിട്ടും അവൻ പിന്മാറാണില്ല.അവന്റെ അമ്മക്കും കുട്ടിയെ വല്യ ഇഷ്ടായി.പിന്നെ ആ കുട്ടിയെ കണ്ടാ ആർക്കാ ഇഷ്ടപ്പെടാത്തത്.പൊന്നും കുടമല്ലേ ?

പെട്ടന്നുള്ള അയാളുടെ സംസാരം കേട്ട് എന്തു പറയാനാണെന്നറിയാതെ അരവിന്ദ് അയാളെയും കൂട്ടി വീട്ടിലേക്കു നടന്നു .

കയറി ഇരിക്ക് ..ഇരിക്ക് …

തന്റെ തോളത്തു കിടന്ന തോർത്തു കൊണ്ടു കോലായിലെ കസേരയിലെ പൊടി തട്ടി കളഞ്ഞുകൊണ്ടു അരവിന്ദ് പറഞ്ഞു .

പെട്ടന്ന് കേട്ടപ്പോൾ എന്ത് പറയണമെന്ന് അറിയില്ല ……ഇത്രയും വലിയ വീട്ടിലേക്ക് ….?അയാൾ പറയുന്നത് വിശ്വാസം വരാത്ത പോലെ അരവിന്ദ് ചോദിച്ചു .

അത് നിങ്ങളുടെ അനിയത്തിയുടെ യോഗമാണെന്നു കൂട്ടിയാൽ മതി .

അവർക്കു ഒരു കണ്ടിഷൻ മാത്രമേയുള്ളു. പയ്യന് ഒരു ചേച്ചിയുണ്ട് .ആ കുട്ടിയുടെ കല്യാണം നടക്കാതെ ഇതു നടത്താൻ പറ്റില്ല .പിന്നെ ഇയാള് ആ കുട്ടിയെ കല്യാണം കഴിച്ചാൽ തീരുന്ന കാര്യമേയുള്ളുട്ടോ.കുലുങ്ങി ചിരിച്ചുകൊണ്ട് അയാൾ തുടർന്നു .കുട്ടിയുടെ പേര് ഗീതാഞ്ജലി.

പിന്നെ അയാൾ എന്തോ പറയാൻ ബുദ്ധിമുട്ടുന്ന പോലെ അരവിന്ദിന് തോന്നി .

കുട്ടിക്ക് ….നടക്കാൻ ലേശ്യം ബുദ്ധിമുട്ടുണ്ട് . എന്നു കരുതി കിടപ്പൊന്നുമല്ലാട്ടോ.കാലങ്ങനെയാണെങ്കിലും പറന്നു നടന്ന് എല്ലാ കാര്യവും ചെയ്തോളൂം.അടുക്കള പണിയെല്ലാം മിനിട്ട് വെച്ചു ചെയ്തു തീർക്കും.

ഒന്നും പറയാതെ ദൂരേക്കു മിഴി നട്ടിരിക്കുന്ന അരവിന്ദിന്റെ മുൻപിൽ അയാൾ അവളുടെ കുറവ് നികത്താൻ നന്നായി ശ്രമിക്കുന്നുണ്ട് .

പിന്നെ ലേശ്യം കറുത്തിട്ടാണ് .അത് കാര്യാക്കണ്ട ഇയാൾക്ക് ആവശ്യത്തിലേറെ വെളുപ്പു നിറമുണ്ടല്ലോ ?കുട്ടികൾ ഉണ്ടാകുമ്പോൾ നല്ല വെളുത്തിട്ടായിരിക്കും .

ഒരു തമാശ പറഞ്ഞ പോലെ വാ തുറന്നു അയാൾ ചിരിക്കുമ്പോൾ കടവായിലൂടെ മുറുക്കാൻ കറ പുറത്തേക്കു ഒഴുകി.

പിന്നെ ഈ കുട്ടി അവരുടെ അമ്മയുടെ ആദ്യത്തെ കുടിയിലേതാണ് . ശബ്ദം താഴ്ത്തിയാണ് അയാളത് പറഞ്ഞത്.

മറുപടിക്കായി തന്റെ മുഖത്തേക്കു കുറച്ചു നേരമായി ഉറ്റു നോക്കി കൊണ്ടിരിക്കുന്ന അയാളുടെ മുഖത്തേക്കു നോക്കാതെ അരവിന്ദ് ചോദിച്ചു.

ഒരു മാറ്റ കല്യാണം അല്ലെ?

ആലോചിച്ചു പറഞ്ഞാൽ മതി .അവന് ഇതിനേക്കാൾ നല്ല ബന്ധം കിട്ടും . നിങ്ങടെ കൊച്ചിന് ഈ ജന്മം ഇങ്ങനൊന്നു കിട്ടില്ല അതോർത്താൽ കൊള്ളാം .

അല്പം നീരസത്തോടെ അയാൾ അത് പറഞ്ഞു എഴുന്നേറ്റ്‌ മുറുക്കാൻ ചവച്ചു തെങ്ങിൻവച്ചുവട്ടിലേക്കു നീട്ടി തുപ്പി നടന്നു നീങ്ങി .

വെറുതെയാണോ ഒരിക്കൽ കൂടി തന്നെ കാലം മോഹിപ്പിച്ചത് ?കവർന്നെടുത്തതൊക്കെ തിരിച്ചു നല്കുമെന്ന് കരുതി .വീണ്ടും തട്ടി തെറിപ്പിക്കുകയാണോ ?

എന്തു ചെയ്യണമെന്ന് അറിയില്ല …..രാത്രിയിൽ ഉറക്കം വരാതെ അയാൾ ഓരോന്ന് ഓർത്തു കിടന്നു . ദേവൂട്ടിക്ക് വേണ്ടി ഇനിയും സുമിത്രയെ വേണ്ടന്നു വയ്ക്കണോ …?അതോ തനിക്കും സുമിത്രക്കും വേണ്ടി ദേവൂട്ടിയുടെ ആഗ്രഹങ്ങൾ കണ്ടില്ലന്നു നടിക്കണോ …?

(തുടരുന്നു…)

തുടർകഥ വായിക്കാൻ ഈ ലിങ്ക് press ചെയ്യുക( part 2)

രചന: നിവിയ റോയ്

Leave a Reply

Your email address will not be published. Required fields are marked *