മൂന്നാൻ…

രചന: എ കെ സി അലി

ഡിഗ്രിയുണ്ടോ… ചായ ചുണ്ടിലേക്ക് വെക്കുമ്പോൾ പെണ്ണിന്റച്ഛന്റെ ചോദ്യം അതായിരുന്നു.. ആ ചോദ്യം കേട്ടതും എന്നിലാകെ ഒരു കുലുക്കം പറയാൻ തക്കവണ്ണം ഒരു ഡിഗ്രിയില്ലാത്തതു കൊണ്ട് ഞാൻ വാ തുറന്നില്ല..

പറയാൻ പറ്റിയ വല്ല ജോലിയും ഉണ്ടോ.. രണ്ടാമത്തെ ചോദ്യമതായിരുന്നു.. കൃഷിപ്പണിയും കൂലിപ്പണിയുമൊക്കൊ അവളുടെ അച്ഛന് പുറത്ത് പറയാൻ കൊള്ളാവുന്ന ഒരു ജോലിയാണോ എന്നറിയില്ല എങ്കിലും ഞാൻ വാ അതിനും തുറന്നില്ല..

അവളുടെ ആവശ്യങ്ങൾ വല്ലതും നിറവേറ്റി കൊടുക്കാൻ തനിക്കാവുമോ.. മൂന്നാമത്തെ ചോദ്യമതായിരുന്നു..

ചെറിയ ചെറിയ ആഗ്രഹങ്ങളെല്ലാം നിറവേറ്റി കൊടുക്കാനാവുമെന്നല്ലാതെ എന്തോ ആ ചോദ്യത്തിനും എനിക്കുത്തരമുണ്ടായിരുന്നില്ല..

വലിയ വീട് കണ്ടപ്പോഴേ മൂന്നാനോട് പറഞ്ഞതാ ബാ തിരിച്ചു പോകാമെന്ന്.. വന്നു പോയില്ലേ കയറിയിട്ട് പോകാമെന്ന് പറഞ്ഞു പിടിച്ചു കയറ്റിയ മൂന്നാന്റെ മൂക്കിനിട്ട് ഒന്നു കൊടുക്കണം എന്ന് തോന്നിപ്പോയി..

പത്രാസ് പെണ്ണുകാണാൻ ചെന്ന ഞങ്ങളോട് കാണിച്ച് പെണ്ണിന്റച്ഛൻ പൊങ്ങച്ചം ഏറെ നടത്തി..

ക്ഷമയുടെ നെല്ലിപ്പലക കണ്ടു തുടങ്ങിയപ്പോ മര്യാദയൊന്നും കാണിക്കാൻ ഞാൻ നിന്നില്ല എണീറ്റ് മുണ്ടു മടക്കി കുത്തി മൂന്നാനോട് പറഞ്ഞു എണീക്ക് പോവാം എന്ന്..

അപ്പോഴാണ് മൂന്നാൻ അവളുടെ അച്ഛനോട് എന്നെ ചൂണ്ടി പറഞ്ഞത് ഇവന് നിങ്ങടെ മോളെ തന്നെ കെട്ടണമെന്ന് വലിയ നിർബന്ധം ഒന്നുമില്ല എന്ന് പിന്നെ കെട്ടിയ പെണ്ണിനെ പട്ടിണി കിടത്താതെ നോക്കാനുള്ളതൊക്കൊ ഉണ്ടാക്കി വെച്ചിട്ട് തന്നെയാണ് അവനീ പണിക്കിറങ്ങയത് എന്ന്.. നിങ്ങളുടെ മകളുടെ ആഗ്രഹങ്ങൾ അതെന്താ എന്നൊന്നും അറിയില്ല പക്ഷേ പത്താം മാസം ഒരു കുഞ്ഞിനെ അവനു നൽകാനാവും…

ഇവിടെ വന്ന് ഇത്രയും കേട്ടിട്ട് രണ്ട് വാക്ക് പറഞ്ഞില്ലേൽ എനിക്കുറക്കം വരില്ല എന്ന് പറഞ്ഞ് മൂന്നാൻ പെണ്ണിന്റച്ഛന് മുമ്പിൽ നിവർന്നൊരു നിപ്പ് നിന്നു അന്നേരം മൂന്നാനെ പൊക്കിയെടുത്തൊന്ന് ആർപ്പു വിളിക്കണം എന്ന് തോന്നിപ്പോയി..

പെണ്ണ് വീടിന്റെ പടിയിറങ്ങുമ്പോൾ കണ്ട പെണ്ണ് ജനലിലൂടെ കണ്ണു മിഴിച്ച് നോക്കണത് ഞാൻ കണ്ടിരുന്നു…

രചന: എ കെ സി അലി

Leave a Reply

Your email address will not be published. Required fields are marked *