അവന്റെ വാക്കുകൾ കേൾക്കുമ്പോൾ അവളിൽ പുഞ്ചിരിയുണ്ടായിരുന്നു…

രചന: മഹാ ദേവൻ

മകൾക്ക് വിവാഹപ്രായം ആയിരിക്കുന്നു. ആലോചനകൾ തകൃതിയായി നടക്കുന്നു. ആവശ്യത്തിന് പഠിപ്പിച്ചു . ഇനി വിവാഹം. പക്ഷേ വരുന്നവർക്ക് പറയാനുള്ളത് ഒന്ന് മാത്രമായിരുന്നു

” ഗൾഫുകാരന്റെ മകളാകുമ്പോൾ ഞങ്ങൾ അതിനനുസരിച്ചു പ്രതീക്ഷിക്കും.. കുറയില്ലെന്ന് അറിയാം.. അതുകൊണ്ട് എത്രെ എന്നൊന്നും ഞങ്ങൾ പറയുന്നില്ല .. നിങ്ങൾ നിങ്ങടെ കുട്ടിക്ക് അറിഞ്ഞു നൽകുമെന്ന് അറിയാലോ “.

അപ്പൊഴെല്ലാം മുഖത്ത്‌ പുഞ്ചിരി വരുത്താൻ ശ്രമിച്ചു. കേറി വരുന്നവൻ വീടിന്റെ വലുപ്പം നോക്കിയാണ് അകത്തേക്ക് കയറുന്നത്ത് തന്നെ . കാണുമ്പോൾ വലിയ വീട്. ഉമ്മറത്തു കിടക്കുന്ന ടാക്സി കാർ. കാലങ്ങളായി ഗൾഫിൽ ആയിരുന്ന ഗൃഹനാഥൻ…

ഇപ്പോൾ എല്ലാം മതിയാക്കി നാട്ടിൽ നിൽക്കുന്നു.. നേരമ്പോക്കിന് വേണ്ടി ടാക്സി ഓടിക്കുന്നു .. കേറിവരുന്നവർക്ക് അത്രയും അറിഞ്ഞാൽ മതിയായിരുന്നു മകളെ ഏറ്റെടുക്കുന്നതിന്റെ വിലയിടാൻ. ഇരുപത്തിയേഴ് വർഷത്തെ അധ്വാനമാണ് ആ വീടെന്ന് ആരറിയാൻ..

അതിന്റ ലോണിലേക്ക് ഇനിയും കൊടുക്കാനുള്ള ബാക്കിക്ക് വേണ്ടിയാണ് ഉമ്മറത്ത് കിടക്കുന്ന വണ്ടി ഇപ്പോഴും ഓടുന്നതെന്ന് ആര് അന്വോഷിക്കാൻ. പുറമെ കാണുന്ന വലുപ്പമില്ല ഇപ്പോഴും പല പ്രവാസികളുടെയും ജീവിതത്തിനെന്ന് ആരും മനസ്സിലാക്കുന്നില്ല.. ചിന്തിക്കുന്നത് ഒന്ന് മാത്രം..

ഗൾഫിലെ പണം കായ്ക്കുന്ന മരമാണ് ഓരോ പ്രവാസിയും എന്ന്.

” അല്ലാ… നിങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ.. പെണ്ണിന്റ ഫോട്ടോ കണ്ടിട്ട് അവർക്ക് ഇഷ്ട്ടമായി. നിങ്ങളോടൊന്ന് പറഞ്ഞിട്ട് നേരിൽ വരാമെന്നാണ് അവരും പറഞ്ഞത്. പിന്നെ കുട്ടി ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത് കൊണ്ട് അവർ വരുമ്പോൾ കുട്ടിയെ കണ്ടില്ലെങ്കിൽ മോശമല്ലേ..

അതുകൊണ്ടാണ് നേരത്തെ വന്ന് പറഞ്ഞത്. ഈ സൺ‌ഡേ അവരോട് വരാൻ പറയാം.. അന്ന് മോളും വരട്ടെ.. ചെക്കനും പെണ്ണും കണ്ടു സംസാരിക്കട്ടെ.. ബാക്കിയൊക്കെ പിന്നെ അല്ലെ ”

ബ്രോക്കർ പറഞ്ഞതൊക്കെയും തലയാട്ടി സമ്മതിക്കുമ്പോഴും ‘ ഇനി ഇവർ ചോദിക്കുന്നത് എത്രയാകുമെന്ന’ ചിന്തയിലായിരുന്നു അയാൾ. എന്നാലും ആദ്യം വന്ന് കാണട്ടെ എന്നും പറഞ്ഞു പോക്കറ്റിൽ നിന്നും ഇരുനൂറിന്റെ ഒരു നോട്ടെടുത്തു നീട്ടുമ്പോൾ ബ്രോക്കറുടെ മുഖത്തു തിളക്കമില്ലെന്ന് മനസ്സിലായി.

” ഇപ്പോൾ നീ ഇത് വെക്ക് കുമാരാ.. എല്ലാം നല്ല രീതിയിൽ നടത്തിതന്നാൽ നിന്നെ വേണ്ട വിധം കാണാംന്നെ ” പാതിസമ്മതത്തോടെ ഒന്ന് ഇരുത്തിമൂളി ബ്രോക്കർ പടിയിറങ്ങുമ്പോൾ അകത്തു നിന്ന് വിലാസിനിയും പറയുന്നുണ്ടായിരുന്നു.

“ഇതിപ്പോ എത്രാമത്തെ ആലോചനയാ.. ഇതെങ്കിലും ഒന്ന് നടന്നാൽ മതിയായിരുന്നു…

അവർ ചോദിക്കുന്നത് കൊടുത്താലും വേണ്ടില്ല, മോളുടെ ജീവിതം ഒന്ന് കരപറ്റിയാൽ പിന്നെ നമുക്ക് ഉള്ളത് കൊണ്ട് ജീവിക്കാലോ.. അതുകൊണ്ട് ഈ വീട് വിറ്റിട്ട് ആണേലും ഈ കല്യാണം നടത്താൻ നോക്കൂ ” എന്ന്.

“എത്ര എളുപ്പത്തിൽ അവൾ പറഞ്ഞു വീട് വിൽക്കാമെന്ന്. പക്ഷേ ഇങ്ങനെ ഒന്ന് ഉണ്ടാക്കാൻ കഷ്ട്ടപ്പെട്ടത് എത്ര വർഷങ്ങൾ ആണെന്ന് ആരും എന്താ ചിന്തിക്കാത്തത്. ഇനിയും ഇതിന്റെ കടം തീർന്നില്ലെന്നും, അതിന് വേണ്ടിയാണ് ഇപ്പോൾ നാട്ടിലും പെടാപാട് പെടുന്നതെന്നും എന്താ ആരും ആലോചിക്കാത്തത്.

ഒരു തരത്തിൽ അവളെയും കുറ്റം പറയാൻ കഴിയില്ല. മകൾക്കൊരു ജീവിതം ഉണ്ടായികാണാനുള്ള ധൃതിയിൽ ഇതൊക്ക ആലോചിക്കുന്നതിൽ കഴമ്പില്ലെന്ന് അവൾക്കും തോന്നിയിട്ടുണ്ടാകും ” ചിലപ്പോൾ തോന്നാറുണ്ട് പ്രവാസികളൊക്കെ വെറും കോമാളികൾ ആണെന്ന് .

വീടിനു വേണ്ടി ജീവിക്കാൻ വണ്ടി കയറി പോകുന്നു.. സ്വയം ജീവിക്കാൻ മറക്കുന്നു. തിരികെ വരുമ്പോൾ കൗമാരവും യൗവനവും മണലാരണ്യത്തിൽ ഹോമിച്ച് വാർദ്ധക്യം തുടങ്ങുന്ന കാലത്തേക്ക് സ്ഥിരം വീടിന്റ സഹചാരി ആകുന്നു.. കൂടെ കുറെ രോഗങ്ങളുടെയും.. എന്നാലും പ്രയാസങ്ങൾ തീരാതെ മൗനമായി വിലപിക്കുന്ന തന്നെ പോലെ എത്രയോ പേരില്ലേ പ്രവാസികളായി സത്യത്തിൽ ജീവിക്കാൻ മറന്നുപോയ വെറും കോമാളിയാണെന്ന് തോന്നിപോകും.

നാട്ടിലെ പ്രവാസിയായും, പുത്തൻപണക്കാരനായും വീടിന്റ വിളക്കായും അവരോധിക്കപെടുന്ന പല പ്രവാസികളും മരുഭൂമിയിൽ ഉരുകുന്ന വെറും മെഴുകുതിരി ആണെന്ന് ആർക്കറിയാം..

ഞായറാഴ്ച പെണ്ണുകാണൽ ചടങ്ങുകൾക്ക് ശേഷം അവർ ചോദിക്കുന്നത് എത്രയാകുമെന്ന ചിന്തയിലായിരുന്നു. ” പെണ്ണും ചെക്കനും കണ്ട സ്ഥിതിക്ക് അവർക്ക് എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവട്ടെ… ഇന്നത്തെ കാലത്ത് കുട്ടിയോൾക്ക് സംസാരിക്കാൻ ഉണ്ടാകും ”

ആയിക്കോട്ടെ എന്ന മട്ടിൽ പുഞ്ചിരിയോടെ തലയാട്ടുമ്പോൾ അയാളിൽ, കേൾക്കാൻ പോകുന്ന സ്ത്രീധനത്തിന്റെ തൂക്കത്തെ ഓർത്ത് ആധിയുണ്ടായിരുന്നു .

പുറത്ത്, ഭാവിയിലേക്കുള്ള ചുവടുവെപ്പിന്റെ മുന്നോടിയായി മനസ്സ് തുറന്നു സംസാരിക്കാൻ രണ്ട് പേർ ശ്രമിക്കുന്നുണ്ടായിരുന്നു.

” ഞാൻ വിജിത്ത്‌. ഗൾഫിൽ ഒരു ചെറിയ ജോലിയുണ്ട്. വീട്ടിൽ ഒറ്റമകനും . പഠിക്കാൻ ഉഴപ്പനായത് കൊണ്ട് ഒരു ഡിഗ്രി സെർട്ടിഫിക്കറ്റോടെ പഠിത്തത്തോടു ഗുഡ്ബൈ പറഞ്ഞു. പിന്നെ പ്രാവാസിയായി.. ഇതാണ് ഞാൻ.. കൂടുതൽ എന്തേലും അറിയാൻ ഉണ്ടെങ്കിൽ ചോദിക്കാം… ഇഷ്ട്ടമാണെങ്കിൽ അല്ലെങ്കിലും തുറന്നു പറയാം ”

മുഖവുരയില്ലാത്ത സംസാരം.. കാണാനും സുന്ദരൻ.. പക്ഷേ….

” ഞാൻ പറയുന്നത് കേട്ട് മുഷിപ്പ് തോന്നില്ലെന്ന് വിചാരിക്കുന്നു. ഇവിടെ ഇഷ്ട്ടങ്ങൾക്കോ ഇഷ്ടക്കേടിനൊ പ്രസക്തി ഇല്ല. ഞാൻ ഇത്രനാൾ നേരിട്ട പെണ്ണുകാണലുകളിൽ നിന്ന് എനിക്ക് തോന്നിയിട്ടുള്ള ഒന്നാണത് . ഏറ്റെടുക്കുമ്പോൾ എന്നോടൊപ്പം തൂങ്ങുന്ന തട്ടിലും ഭാരം കുറയരുതെന്ന് പറയാതെ പറയുന്ന പലരെയുമാണ് ഞാൻ കണ്ടിട്ടുള്ളത്.

അങ്ങനെ ഒരു കച്ചവടത്തിന് ആണെങ്കിൽ ഇത് ഇവിടെ നിർത്താം.. ലോകത്ത് കൊടുക്കുന്ന സാധനത്തിന്റെ കൂടെ അതിനൊരു വിലയിട്ട് കൊടുക്കുന്ന ഒന്നാണ് കല്യാണം.. അങ്ങനെ ഒരു ഉടമ്പടിയിൽ വെറും വില്പനച്ചരക്കാവാൻ എന്തായാലും താല്പര്യമില്ല. ”

അവളുടെ ഓരോ വാക്കിലും ഒരു ദൃഢനിശ്ചയമുണ്ടായിരുന്നു. അവനെ ഏറെ അത്ഭുദപ്പെടുത്തിയതും അതായിരുന്നു. പിന്നീടത് ഒരു പുഞ്ചിരിയായി മാറുമ്പോൾ അവനു പറയാനുള്ളത് അത് മാത്രമായിരുന്നു, ” പെണ്ണിനേക്കാൾ മതിപ്പുവില ഞാൻ പൊന്നിന് കണ്ടിട്ടില്ല. പെണ്ണിനേക്കാൾ സൗന്ദര്യം പൊന്നിനുണ്ടെന്നും ഞാൻ വിശ്വസിക്കുന്നില്ല.

ഞാൻ കാണാൻ വന്നത് കുട്ടിയെ ആണ്… അല്ലാതെ അലമാരയിൽ ഇരിക്കുന്ന സ്വർണ്ണമോ വീടിന്റ വലുപ്പമോ അല്ല. പിന്നെ, ഇന്ന് പ്രവാസികൾക്ക് പെണ്ണ് കൊടുക്കാൻ മടിക്കുന്നവരാണ് പലരും. ആരേം കുറ്റം പറയാൻ കഴിയില്ല. എന്നും മോളോടൊപ്പം കെട്ടിയോൻ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. അത് പലർക്കും സാധിക്കില്ല എന്നത് തന്നെ ആണ് പ്രശ്നം..

ഇതൊക്ക പറഞ്ഞത് എന്താണെന്ന് വെച്ചാൽ ഞാൻ ഒരു പ്രവാസിയാണ്, കുട്ടി ഒരു പ്രവാസിയുടെ വീട്ടിൽ വളർന്നതുമാണ്.. അതിന്റ എല്ലാ വശവും ചിന്തിച്ച് സമ്മതമാണെങ്കിൽ പറയാം . സ്ത്രീധനത്തിന്റെ കണക്കുപുസ്തകത്തിലേക്ക് എന്തായാലും തന്നെ ഞാൻ തളച്ചിടില്ല “.

അവന്റെ വാക്കുകൾ കേൾക്കുമ്പോൾ അവളിൽ പുഞ്ചിരിയുണ്ടായിരുന്നു.. കണ്ണുകളിൽ ഒരു തികക്കമുണ്ടായിരുന്നു.. ഒരു നല്ല മനുഷ്യന്റെ സാമിപ്യം ഉണ്ടായിരുന്നു..

അതിനെല്ലാം ഉപരി ഇത് കേൾക്കുമ്പോൾ അച്ഛനിൽ കാണുന്ന സന്തോഷം എത്രയാകുമെന്ന് അവൾക്ക് ഊഹിക്കാമായിരുന്നു.

‘നാളെ സ്ത്രീധനത്തിന്റെ കണക്കുപുസ്തകസത്തിൽ തളക്കില്ലന്ന ‘ വാക്ക് തന്നെ ആണ് തനിക്ക് കിട്ടാവുന്ന ജീവിതത്തിലെ നല്ല ഒരു നിമിഷം.

അവൻ ബൈ പറഞ്ഞു അവൽക്കരികിൽ നിന്നും നീങ്ങുമ്പോൾ അവളിൽ സമ്മതത്തിന്റെ ഒരു നിറപുഞ്ചിരി ഉണ്ടായിരുന്നു.

– ദേവൻ –
രചന: മഹാ ദേവൻ

Leave a Reply

Your email address will not be published. Required fields are marked *