കാത്തിരുപ്പ് ആയിരുന്നു ആ പൊതിച്ചോറിനു വേണ്ടി…

രചന: മഹാ ദേവൻ

ലോക്ക്ഡൗൺ സമയത്തു നൽകാൻ പൊതിഞ്ഞെടിത്ത ഭക്ഷണപ്പൊതികൾ വീടുകളിൽ എത്തിക്കുമ്പോഴായിരുന്നു ഹരി ആ വീട്ടിലേക്ക് വിരൽ ചൂണ്ടിയത്,.

” ടാ… ആ ഗൾഫിലുള്ള ചേട്ടന്റെ വീട്ടിലെക്കും ചോറ് ബുക്ക്‌ ചെയ്തിട്ടുണ്ടല്ലോ. വാ അങ്ങോട്ട്‌ പോകാം ” തടഞ്ഞത് വിനു ആയിരുന്നു,

“നിനക്ക് വല്ല കാറ്റുമുണ്ടോ ഹരി ഇത് പാവങ്ങൾക്കുള്ള ചോറാണ്.. അവർക്ക് ഉണ്ടാക്കാനുള്ള മടി കാരണം ഏല്പിക്കുന്നതാ ഇതൊക്കെ കൊറോണ വന്നാലും വീട്ടിൽ ഉണ്ടാക്കി കഴിക്കില്ല.. അപ്പോഴും ആരേലും ഉണ്ടാക്കി കൊടുത്താലേ ഇറങ്ങൂ. നീ ഇങ്ങു പോരെ … അവിടൊന്നും കൊടുക്കണ്ട.. അവിടെ ഇപ്പോൾ അതിന്റ ആവശ്യം ഒന്നുമില്ല.. ഗൾഫുകാരന്റെ വീടല്ലേ.. ഒന്നിനും ഒരു കുറവും ഉണ്ടാകില്ല ”

അവർ ആ വീട്ടിലേക്ക് തിരിയാതെ അടുത്ത വീട് ലക്ഷ്യമാക്കി നടക്കുബോൾ അകത്തൊരു കുട്ടി കരയുന്നുണ്ടായിരുന്നു.

“അമ്മേ …. ”

” മോനെ അച്ഛൻ അയച്ചു തന്നതൊക്കെ കഴിഞ്ഞു.. ATM.ൽ പോലും ഒന്നുമില്ല. അറിയാലോ… ഈ മാസം അച്ഛൻ കാശ് അയക്കാത്തത് കൊണ്ട് എല്ലായിടത്തും പറ്റാണ്.. ഇനിയും ആരോട് വാങ്ങാനാ.. ആരോടെലും ചോദിക്കാന്ന് വെച്ചാൽ പുറത്തിറങ്ങിയാൽ എന്തിനാ ഏതിനാ എന്നുള്ള പോലീസിന്റെ ചോദ്യം… അതുകൊണ്ട് അമ്മ ചോറിനു പറഞ്ഞിട്ടുണ്ട്.. കാശ് ഉണ്ടെങ്കിൽ കൊടുത്താൽ മതിയല്ലോ.. അവരോട് അമ്മ പറഞ്ഞോളാം പിന്നെ കൊടുക്കാമെന്ന്. അവരിപ്പോ കൊണ്ടുവരും. അതുവരെ ന്റെ മോന് കരയാതിരിക്കൂ… ”

കാത്തിരുപ്പ് ആയിരുന്നു ആ പൊതിച്ചോറിനു വേണ്ടി.. പ്രവാസിയുടെ വീടിനെ അവഗണിച്ചതറിയാതെ.

NB: നാട്ടിലേക്ക് പണമയക്കൻ പറ്റാത്ത സാധനകാരായ പ്രവാസികളുടെ വീട്ടിലെ അവസ്ഥകൾ കൂടി നമ്മളറിയണം.. ഓരോ മാസവും നുള്ളിപെറുക്കി അയക്കുന്ന അവരുടെ കാശിന്റെ ഒരു മാസത്തെ വരവ് തെറ്റിയാൽ താളം തെറ്റുന്ന കുടുംബങ്ങൾ ഉണ്ട് നാട്ടിൽ. അവരെ ഗൾഫുകാരൻ എന്ന പേരിൽ തള്ളികളയാതിരിക്കുക.

രചന: മഹാ ദേവൻ

Leave a Reply

Your email address will not be published. Required fields are marked *