അവിഹിതങ്ങളുടെ അന്ത്യം

രചന: അരവിന്ദ് മഹാദേവന്‍

” ഗിരിയേട്ടാ റിസപ്ഷന്‍ സമയത്ത് ഏട്ടനെ വിളിച്ച് മാറ്റി നിറുത്തി സംസാരിച്ച ആ പെണ്ണ് ആരായിരുന്നു ? മണ്ഡപത്തില്‍ വന്നത് മുതല്‍ ആ പെണ്ണ് ഗിരിയേട്ടനോട് ഭയങ്കര സ്വാതന്ത്ര്യം കാണിക്കുന്നുണ്ടായിരുന്നല്ലോ ”

ആദ്യരാത്രിയില്‍ ഗിരീഷിന്റെ മുറിയില്‍ പാലുമായെത്തിയ വന്ദനയ്ക്ക് അന്നത്തെ ദിവസം ഗിരീഷിനോട് കൂടുതല്‍ അടുപ്പം കാണിച്ച യുവതിയെക്കുറിച്ചറിയാനായിരുന്നു തിടുക്കം.

മുപ്പത്തിരണ്ട് പിന്നിട്ട ഗിരീഷ് സ്വന്തമായി കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്നവനാണ്, വന്ദന ടെക്നോപാര്‍ക്കില്‍ ഐടി സെല്ലില്‍ ജോലി ചെയ്യുന്നു. ഇരുവരുടേതും അറേഞ്ച്ഡ് മാര്യേജുമാണ്.

” ഇതൊക്കെ ശ്രദ്ധിക്കാന്‍ നിനക്കെപ്പോഴാ വന്ദനേ സമയം കിട്ടിയത് ? അവളെന്റെ ആത്മാര്‍ത്ഥ സുഹൃത്തായ നിരുപമയാണ് , ഹൈക്കോടതിയിലെ വക്കീലാണ് ”

വന്ദനയെ നോക്കി ചിരിച്ചുകൊണ്ട് ഗിരീഷ് പറഞ്ഞു.

” എത്ര ആത്മാര്‍ത്ഥ സുഹൃത്തായാലും ഒരു കല്യാണവേളയില്‍ ഇത്രയും അടുപ്പം കാണിക്കാമോ ? എനിക്കും ഉണ്ട് സുഹൃത്തുക്കള്‍ പക്ഷേ ഞാനാരോടും ഈ വിധം പെരുമാറാന്‍ പോകില്ല ”

വന്ദന ഈര്‍ഷ്യയോടെ പറഞ്ഞു.

” വന്ദനേ ഞങ്ങള്‍ തമ്മില്‍ കുഞ്ഞ് നാള് മുതലേയുള്ള ബന്ധമാണ് , ഇന്ന് നമ്മുടെ ആദ്യരാത്രിയാണ് വെറുതെ വഴക്കിട്ട് നല്ലൊരു ദിവസത്തിന്റെ പവിത്രത കളയണോ ”

ഗിരീഷ് മുഖത്തെ ചിരി മായ്ക്കാതെ തന്നെ വന്ദനയെ തനിക്കരികില്‍ പിടിച്ചിരുത്തി ചോദിച്ചു.

” ഓ ഞാനൊന്നും പറയുന്നില്ലായേ , ആകെ ചൂടെടുത്ത് വയ്യ ഒന്ന് ദേഹം കഴുകിയിട്ട് വരാം ”

ഗിരീഷ് പറഞ്ഞതിഷ്ടപ്പെടാതെ വന്ദന കട്ടിലില്‍ നിന്നും എഴുന്നേറ്റ് മുറിക്കുള്ളിലെ ബാത്ത്റൂമിലേക്ക് പോയി.

വന്ദന മടങ്ങിയെത്തിയതും കുളിക്കണമെന്ന ചിന്തയോടെ ഗിരീഷും ബാത്ത്റൂമിലേക്ക് കയറി.

ഗിരീഷ് പോയ തക്കത്തിന് വന്ദന അവന്റെ ഫോണെടുത്ത് പരിശോധിച്ചു, ഫോണില്‍ പുരുഷന്മാരുടെ നമ്പരുകളേക്കാള്‍ ഒരുപാട് കൂടുതലായിരുന്നു സ്ത്രീകളുടെ നമ്പര്‍.

അവള്‍ വാട്സ് ആപ്പ് പരിശോധിച്ചു, പക്ഷേ അതില്‍ മോശമായ ചാറ്റുകളൊന്നും കണ്ടെത്താനുമായില്ല. കോള്‍ ഹിസ്റ്ററിയില്‍ ഒരുപാട് സ്ത്രീകളുടെ കോളുണ്ടായിരുന്നു.

വന്ദന ദേഷ്യത്തോടെ ഫോണ്‍ ഇരുന്നയിടത്ത് തന്നെ വെച്ചു.

ഗിരീഷ് തിരിച്ചെത്തുമ്പോഴേക്കും വന്ദന നൈറ്റ് ഗൗണുമണിഞ്ഞ് കട്ടിലില്‍ കിടന്നിരുന്നു.

” ഇത് കുടിക്കുന്നില്ലേ ”

വന്ദനെയെ തട്ടിവിളിച്ചുകൊണ്ട് പാലടങ്ങിയ ഗ്ലാസ്സിനെ ചൂണ്ടി ഗിരീഷ് തിരക്കി.

” ഏയ് ഞാന്‍ പാല് കുടിക്കാറില്ല ഗിരിയേട്ടാ ”

ഗിരീഷിന്റെ ഫോണ്‍ പരിശോധിച്ചത് മുതല്‍ ഉള്ളില്‍ തോന്നിയ ദേഷ്യം പുറമെ കാണിക്കാതെ വന്ദന പറഞ്ഞു.

” എന്നാല്‍ ഞാന്‍ കുടിക്കും കേട്ടോ ”

ഗിരീഷ് ചിരിയോടെ ഒറ്റവലിക്ക് പാലിനെ കുടിച്ചുകൊണ്ട് പറഞ്ഞു.

മുറിയിലെ ലൈറ്റും അണഞ്ഞു.

***

ഒരു വര്‍ഷം പിന്നിട്ടിരുന്നു.

ഗിരീഷിന്റെ ഫോണില്‍ അപരിചിതരായ പല സ്ത്രീകളും വിളിക്കാറുള്ളത് വന്ദന ചോദ്യം ചെയ്യാറുണ്ട് , അപ്പോഴൊക്കെ ജോലി സംബന്ധമായ കാര്യങ്ങള്‍ക്കാണെന്നും പറഞ്ഞ് ഗിരീഷ് ഒഴിഞ്ഞ് മാറുകയും ചെയ്തിരുന്നു.

” ഗിരിയേട്ടാ നിങ്ങളെ പല പെണ്ണുങ്ങളും വിളിക്കാറുണ്ട് , അതുപോലെ നിരുപമയുമായി പല സ്ഥലങ്ങളിലും നിങ്ങള്‍ കറങ്ങുന്നത് എന്റെ സുഹൃത്തുക്കള്‍ കണ്ട് അറിയിക്കാറുമുണ്ട് , അപ്പോഴൊക്കെ ഞാന്‍ ചോദിക്കുന്നതിന് വ്യക്തമായ ഒരു മറുപടിയും ഗിരിയേട്ടന്‍ തയ്യാറല്ല, അതൊക്കെ ഞാന്‍ സഹിക്കാം , നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി, ഒരു കുഞ്ഞിനെ വേണമെന്ന് കല്യാണം കഴിഞ്ഞ മൂന്നാം മാസം മുതല്‍ ഞാന്‍ പറയുന്നതാ, ഗിരിയേട്ടന്‍ എന്ത് വേണമെങ്കിലും ചെയ്തോട്ടെ കുഞ്ഞിനെ നോക്കിയെങ്കിലും ഇരുന്നോളാമെന്ന് കരുതിയാണ് കുഞ്ഞിന് വേണ്ടി എപ്പോഴും ഞാന്‍ വാശി പിടിച്ചിട്ടുള്ളത്, പക്ഷേ ഗിരിയേട്ടന്‍ പിന്നെ മതി പിന്നെ മതിയെന്നൊക്കെ പറഞ്ഞ് അവിടെയും എന്നെ തോല്പിക്കുകയാണ്, ഒരമ്മയാകാനുള്ള എന്റെ അതിയായ മോഹത്തെ പോലും ഗിരിയേട്ടന് പുച്ഛമാണ്, സത്യം പറയ് ഗിരിയേട്ടന് ഞാനറിയാതെ വേറെ ഭാര്യയും മക്കളുമുണ്ടോ ”

ഞായറാഴ്ച ഗിരിയെ ഫ്രീയായി കിട്ടിയപ്പോള്‍ കട്ടിലിലിരുന്ന് പൊട്ടിത്തെറിച്ചുകൊണ്ട് വന്ദന ചോദിച്ചു.

” വന്ദനേ നീ എഴുതാപ്പുറം വായിക്കരുത് , ഒരു പെണ്‍ സുഹൃത്തുമായി പുറത്ത് പോയെന്ന് കരുതി ആകാശമിടിഞ്ഞൊന്നും വീഴാന്‍ പോകുന്നില്ല. അതുപോലെ കുഞ്ഞിനെ വേണമെന്നുള്ള നിന്റെ ആഗ്രഹം മനസ്സിലാക്കാതെയല്ല എന്റെ ചിന്താഗതി തന്നെ വേറെയാണ് ”

ഗിരീഷിനും ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു.

ആ ദേഷ്യത്തില്‍ തന്നെ അവന്‍ ഷെല്‍ഫ് തുറന്ന് മദ്യക്കുപ്പി പുറത്തെടുത്ത് ഗ്ലാസ്സിലേക്ക് പകര്‍ന്നിട്ട് ഒറ്റ വലിക്ക് കുടിച്ച് തീര്‍ത്തു.

” എന്താണ് നിങ്ങളുടെ ചിന്താഗതി ? സഹിക്കുന്നതിന് ഒരു പരിധിയൊക്കെയുണ്ട് , ഞാനെന്ത് ചോദിച്ചാലും അപ്പോഴീ മദ്യം വലിച്ച് കയറ്റിക്കൊണ്ടുള്ള ഷോയുണ്ടല്ലോ അതൊന്നും ഇനിയെന്റെയടുത്ത് ചിലവാകില്ല ”

വന്ദനയുടെ ശബ്ദം വല്ലാതെ ഉച്ചത്തിലായി.

” ഒന്ന് ഒച്ച താഴ്ത്തി സംസാരിക്കെടീ , വീട്ടില്‍ നീ മാത്രമല്ല ഉള്ളതെന്ന് ഓര്‍മ്മ വേണം , എന്താ ഇപ്പോഴത്തെ നിന്റെ പ്രശ്നം ? ഒരു കുഞ്ഞല്ലേ , ഒരു കുഞ്ഞിനെ ദത്തെടുക്കാം അതോടെ പ്രശ്നത്തിന് പരിഹാരമായല്ലോ ”

ഗിരീഷ് ശാസനയുടെ സ്വരത്തില്‍ പറഞ്ഞു.

” കേള്‍ക്കട്ടെ , എല്ലാവരും കേള്‍ക്കട്ടെ , കുഞ്ഞിനെ ദത്തെടുക്കാമെന്ന് , നിങ്ങള്‍ ആര്‍ക്കേലും ഉണ്ടാക്കി കൊടുത്തതിനെയൊക്കെ ഞാന്‍ വളര്‍ത്തണമല്ലേ , നിങ്ങളൊരു ആണാണോ ? അതോ ഇനി നിങ്ങള്‍ക്ക് തന്തയാകാനുള്ള കഴിവില്ലേ ”

വന്ദനയുടെ ശബ്ദം പഴയതിലും ഉച്ചത്തിലായി.

” ഠേ ”

ഒരടിയുടെ ഒച്ച മുഴങ്ങി.

വന്ദനയുടെ ഇരുകൈകൊണ്ടും മുഖം പൊത്തിപ്പോയി , അത്രയ്ക്കും ശക്തിയോടെയായിരുന്നു ഗിരീഷിന്റെ അടി അവളുടെ കവിളില്‍ വീണത്.

” നിങ്ങള്‍ , നിങ്ങളെന്നെ തല്ലിയല്ലേ ? കാണിച്ച് തരാം ഞാന്‍ ”

വന്ദന ദേഷ്യത്തോടെ കട്ടിലില്‍ നിന്നും ചാടിയെഴുന്നേറ്റു.

ഇനിയവിടെ നിന്നാല്‍ ശരിയാകില്ലെന്ന് മനസ്സിലാക്കിയ ഗിരീഷ് കാറിന്റെ താക്കോലുമെടുത്ത് പുറത്തോട്ടിറങ്ങി.

ഗിരീഷ് തിരിച്ചെത്തുമ്പോള്‍ സന്ധ്യയായിരുന്നു.

മുറിയിലേക്ക് ചെന്നപ്പോള്‍ വന്ദനയവിടെ ഇല്ലായിരുന്നു, ഒപ്പം അവളുടെ സാധനങ്ങളും.

ഗിരീഷ് ഫോണെടുത്ത് വന്ദനയുടെ നമ്പര്‍ ഡയല്‍ ചെയ്തു.

” ഞാനെന്റെ വീട്ടിലാണ്, നമുക്ക് പിരിയാം , ഇനിയെന്നെ വിളിക്കരുത് ”

കോളെടുത്ത വന്ദന ഒറ്റ ശ്വാസത്തില്‍ പറഞ്ഞിട്ട് കോള്‍ കട്ട് ചെയ്തു.

തീപിടിച്ച മനസ്സുമായി ഗിരീഷ് കട്ടിലിലേക്കിരുന്നു.

പിന്നീടവര്‍ കണ്ടത് കുടുംബകോടതിയിലായിരുന്നു.

മൂന്ന് കൗണ്‍സിലിംഗിലും ഗിരീഷുമായി സംസാരിക്കാന്‍ പോലും കൂട്ടാക്കാതെ ബന്ധം പിരിയണമെന്ന തീരുമാനത്തില്‍ തന്നെ വന്ദന ഉറച്ച് നിന്നു.

മൂന്നാമത്തെ കൗണ്‍സിലിംഗ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനിറങ്ങിയ വന്ദനയുടെ മുന്നിലേക്ക് നിരുപമയെത്തി.

” ഇനിയെന്തായാലും നിങ്ങള്‍ രണ്ടുപേര്‍ക്കും സുഖിച്ച് നടക്കാം, ഭര്‍ത്താവും കുട്ടിയുമുള്ള നിങ്ങള്‍ക്കൊക്കെ ,ഛേ ”

നിരുപമയെ കണ്ട വന്ദന പുച്ഛത്തോടെ പറഞ്ഞു.

” വന്ദനാ , തര്‍ക്കിക്കാനോ വാദിക്കാനോ അല്ല ഞാന്‍ വന്നത് , ചില കാര്യങ്ങളുടെ സത്യാവസ്ഥ പറഞ്ഞ് ബോധിപ്പിക്കാനാണ് , ഒരു പത്ത് മിനിട്ട് സമയം എനിക്ക് തരാമോ ”

നിരുപമ വന്ദനയോട് സൗമ്യമായി അഭ്യര്‍ത്ഥിച്ചു.

” അയാള്‍ കഥകളുണ്ടാക്കാന്‍ മിടുക്കനാണെന്നെനിക്കറിയാം , അതുകൊണ്ട് തന്നെയാണ് അയാളുടെ വാക്കുകള്‍ക്ക് ഞാന്‍ ചെവികൊടുക്കാത്തത് , പിന്നെയല്ലേ അയാള്‍ കൊണ്ട് നടക്കുന്ന നിന്റെ വാക്ക് കേള്‍ക്കാന്‍ പോകുന്നത് , പോടീ ”

വന്ദന ചീറിക്കൊണ്ട് പറഞ്ഞിട്ട് പുറത്ത് കാറുമായി നിന്ന അവളുടെ അച്ഛന്റെ അരികിലേക്ക് പോയി.

” നിനക്ക് തൃപ്തിയായോ ”

വന്ദന അവസാനം പറഞ്ഞത് കേട്ടുകൊണ്ട് നിരുപമയ്ക്കരികിലെത്തിയ ഗിരീഷ് അവളുടെ ചുമലില്‍ കൈവെച്ചുകൊണ്ട് ചോദിച്ചു.

” നീയും തെറ്റുകാരനാണ് , ആ കുട്ടിയുടെ മുമ്പില്‍ പല കാര്യങ്ങള്‍ക്കും നിയന്ത്രണം വെക്കണമായിരുന്നു ”

നിരുപമ ഗിരീഷിനെ കുറ്റപ്പെടുത്തി.

കൂടുതല്‍ സംസാരിക്കാന്‍ നില്കാതെ നിരുപമയോട് യാത്ര പറഞ്ഞ് ഗിരീഷ് അവിടെ നിന്നും തന്റെ സ്ഥാപനത്തിലേക്ക് തിരിച്ചു.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഗിരീഷിനും വന്ദനയ്ക്കും ഡിവോഴ്സ് കിട്ടി.

***

” എടീ ഇത് നോക്കിയേ ആരാണെന്ന് ”

ജോലിത്തിരക്കില്‍ മുഴുകിയിരുന്ന വന്ദനയുടെ മുന്നിലേക്ക് ഒരു മാസികയിട്ടുകൊണ്ട് കൂട്ടുകാരിയായ രേഷ്മയെത്തി.

” എന്താടീ കാര്യം, ജോലി ചെയ്യാന്‍ സമ്മതിക്കില്ലേ ”

കൃതൃമ ദേഷ്യം ഭാവിച്ച് വന്ദന തല ഉയര്‍ത്തി .

” നീയിനി ജോലി പോലും ചെയ്യില്ല, ഇത് വായിച്ചേ ”

രേഷ്മ മാസികയുടെ കവര്‍ ഫോട്ടോ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.

” നന്മയുടെ കരങ്ങള്‍ ”

എന്ന തലക്കെട്ടോടെ ഗിരീഷിന്റെ ചിത്രമായിരുന്നു ആ മാസികയുടെ കവര്‍ പേജില്‍ .

” ഇയാളോ , അടുത്ത് ഏതെങ്കിലും പെണ്ണുങ്ങളെ വശീകരിക്കാനുള്ള അടവായിരിക്കും, നീ തന്നെ വെച്ചേക്ക് ”

പുച്ഛത്തോടെ മാസിക ചുരുട്ടിയെടുത്ത് രേഷ്മയുടെ കൈയ്യില്‍ പിടിപ്പിച്ചുകൊണ്ട് വന്ദന പറഞ്ഞു.

” നിന്റെയീ സ്വഭാവം തന്നെയാണെടീ എല്ലാവരിലും വെറുപ്പുണ്ടാക്കുന്നത് , ഇതിനുള്ളിലെന്താണെന്ന് വേണേല്‍ വായിക്ക് ”

മാസിക വന്ദനയുടെ ടേബിളില്‍ ഇട്ടിട്ട് ദേഷ്യത്തോടെ രേഷ്മ അവിടെ നിന്നും പോയി.

വന്ദനയുടെ കണ്ണുകള്‍ എഴുത്തിലേക്ക് നീങ്ങി.

” സമൂഹം അവഗണിച്ച ഒരുപാട് സ്ത്രീകള്‍ക്ക് വലിയൊരു താങ്ങാണ് ഗിരീഷിന്റെ കരുണാലയം, ഇതുവരെ ആരുടെയും ശ്രദ്ധയില്‍പ്പെടാതിരുന്ന കരുണാലയത്തെക്കുറിച്ച് പറയാമോ ”

മാസികയുടെ വക ചോദ്യമായിരുന്നു അത്.

” ഒരു കരം ചെയ്യുന്നത് മറ്റേ കരമറിയരുതെന്ന് കരുതുന്നവനാണ് ഞാന്‍, ഇപ്പോള്‍ തന്നെ കരുണാലയത്തെക്കുറിച്ച് സമൂഹമറിഞ്ഞത് കരുണാലയത്തിലെ ഒരംഗം എന്നെക്കുറിച്ചും കരുണാലയത്തെ കുറിച്ചും പുറത്താരോടോ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് , പുറംലോകമറിയരുതെന്നായിരുന്നു എന്റെ ആഗ്രഹമെങ്കിലും അത് തകര്‍ന്നു. കരുണാലയം എന്ന സ്ഥാപനം ഞാനും എന്റെ ഉറ്റ സുഹൃത്തായ അഡ്വക്കേറ്റ് നിരുപമയും ചേര്‍ന്ന് തുടങ്ങിയതാണ്, ഞങ്ങള്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയം ഞങ്ങളുടെ കൂട്ടത്തില്‍ ഒരു ന്യൂനപക്ഷ സമുദായത്തിലെ പെണ്‍കുട്ടിയുണ്ടായിരുന്നു, പഠിക്കാനൊക്കെ മിടുക്കിയായിരുന്നു അവള്‍ , പക്ഷേ ഇടയ്ക്കെപ്പോഴോ അവള്‍ ഒരു പ്രണയത്തില്‍ കുടുങ്ങി, അതവള്‍ ഞങ്ങളോട് പറഞ്ഞതുമില്ല. , ഗര്‍ഭിണിയായ നാലാം മാസത്തിലാണ് അവള്‍ പ്രണയത്തെക്കുറിച്ചും ഗര്‍ഭത്തെക്കുറിച്ചും ഞങ്ങളോട് പറയുന്നത് ,

അവളുടെ കാമുകന്‍ അവളെ നോക്കുമെന്ന പൂര്‍ണ്ണ വിശ്വാസത്തിലായിരുന്നു അവള്‍, പക്ഷേ അവന്‍ കോളേജില്‍ നിന്നും തന്നെ മുങ്ങിക്കളഞ്ഞു, ആളാരാണെന്ന് എത്ര ചോദിച്ചിട്ടും അവള്‍ പറഞ്ഞതുമില്ല , ഒരു ദിവസം ഞങ്ങളറിഞ്ഞത് അവളുടെ മരണ വാര്‍ത്തയായിരുന്നു,

ലോകം കാണുന്നതിന് മുമ്പ് പോയ അവളുടെ വയറ്റിലെ കുരുന്ന് ജീവനും, അവളുടെ ദൈന്യതയാര്‍ന്ന മുഖവും ഞങ്ങളുടെ ഉള്ളില്‍ നിന്നും പോയിരുന്നില്ല,, ഡിഗ്രി കഴിഞ്ഞതും നിരുപമ എല്‍എല്‍ബി തിരഞ്ഞെടുത്തു, എങ്ങനെയും കാശുണ്ടാക്കണമെന്ന ചിന്തയുള്ള ഞാന്‍ സിവില്‍ എഞ്ചിനീയറിംഗിനും പോയി, പഠനം കഴിഞ്ഞ് സ്വന്തമായി അദ്വാനിച്ച് കാശായപ്പോള്‍ ഞങ്ങളാദ്യം ചെയ്തത് ഹൈറേഞ്ചില്‍ ആരുമറിയാതെ കരുണാലയം എന്ന സ്ഥാപനം തുടങ്ങുകയായിരുന്നു.

കരുണാലയത്തിലിപ്പോള്‍ അമ്മമാരും കുഞ്ഞുങ്ങളുമടക്കം നൂറോളം അന്തേവാസികളുണ്ട് , എല്ലാവരും ചതിക്കപ്പെട്ട് ഒറ്റപ്പെട്ട് പോയവരാണ്,

ചെറിയ കൈത്തൊഴിലിനുള്ള മാര്‍ഗ്ഗങ്ങളൊക്കെ കരുണാലയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്, പിന്നെ എട്ടേക്കറോളം വരുന്ന ഭൂമിയില്‍ കൃഷിയുമുണ്ട്,

അവര്‍ അദ്വാനിക്കുന്നു, ഞങ്ങള്‍ അതിനാവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്നു.

എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എടുത്തിട്ടുണ്ട് , അവരുടെ അദ്വാനത്തിന്റെ പ്രതിഫലം കൃത്യമായി ബാങ്ക് അക്കൗണ്ടുകളിലേക്ക് പോകാറുണ്ട് , വസ്ത്രം , ഭക്ഷണം , കുട്ടികളുടെ പഠനം , തുടങ്ങിയവയ്ക്ക് ഞങ്ങളാലാകുന്ന സഹായവും നല്കാറുണ്ട്.

ആരെയും ആശ്രയിച്ച് ജീവിക്കുന്നുവെന്ന തോന്നലിനിട കൊടുക്കാതെയാണ് ഞങ്ങള്‍ കരുണാലയത്തിലെ അംഗങ്ങളെ നോക്കുന്നത് ”

” കരുണാലയത്തിലെ അംഗങ്ങളുടെ അദ്വാനത്തില്‍ നിന്നും നിങ്ങള്‍ വിഹിതം പറ്റാറുണ്ടോ ”

” അത്തരം അബദ്ധ ധാരണകള്‍ ആര്‍ക്കും വേണ്ട, അവരുടെ അദ്വാനത്തില്‍ നിന്നും ഒരു രൂപ പോലും ഞങ്ങളെടുക്കാറില്ല, അവരുടെ മക്കള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ അവരുടെ സമ്പാദ്യവും ഞങ്ങളാലാകുന്ന സഹായവും ചെയ്ത് അവര്‍ക്കായി വീടുകളുണ്ടാക്കി അവരെ സ്വന്തം നിലയില്‍ നില്കാന്‍ പ്രാപ്തരാക്കാനാണ് ഞങ്ങളുദ്ധേശിക്കുന്നത്, അതിനായി ഹൈറേഞ്ചില്‍ തന്നെ സ്ഥലവും വാങ്ങിച്ചിട്ടിട്ടുണ്ട് ”

” വിവാഹമോചിതനാണെന്നൊക്കെ പറയുന്നു , എന്താണ് കുടുംബ ജീവിതത്തില്‍ സംഭവിച്ചത് ”

” അയാളുടെ ചിന്തകളും ലോകവും വേറെയായിരുന്നു, എന്റെ ചിന്തകളുമായി ഒത്ത് പോകാത്തതിനാല്‍ വിവാഹമോചനം നേടി ”

” ഇനി വേറെ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ ”

” ഒരിക്കലുമില്ല, വിവാഹബന്ധം എന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊരു തടസ്സമാണ് , വലിയൊരു മോഹമുണ്ടായിരുന്നു തന്റേതല്ലാത്ത കാരണത്താല്‍ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്ത് വളര്‍ത്തണമെന്ന് , കുടുംബമില്ലാത്ത കാരണത്താല്‍ ആ മോഹം ഉപേക്ഷിച്ചു , പക്ഷേ കുടുംബമില്ലെന്നും പറയാനാകില്ല , വളരെ വലിയൊരു കുടുംബവും ധാരാളം കുഞ്ഞുങ്ങളും ഇന്നെനിക്കുണ്ട് ”

” കരുണാലയത്തിലേക്ക് വേറേതെങ്കിലും സംഘടനകളുടെ സഹായം പ്രതീക്ഷിക്കുന്നുണ്ടോ ”

” ഒരിക്കലുമില്ല , എന്റെ സമ്പാദ്യം മുഴുവനും കരുണാലയത്തിലേക്കാണ് , നിരുപമയും അവളാലാകുന്നത് ചെയ്യുന്നുണ്ട് , അത് തന്നെ ധാരാളം ”

അവിടെ തീരുന്നതായിരുന്നു മാസികയുടെ ഇന്റര്‍വ്യൂ .

പിന്നെ ഗിരീഷിനെ കുറിച്ചുള്ള മാസികയുടെ വിലയിരുത്തലുകളുടെ കുറിപ്പായിരുന്നു.

വായിച്ച് തീര്‍ന്നതും വന്ദനയുടെ കണ്ണുകള്‍ അരുവിയായി മാറിയിരുന്നു.

ഗിരീഷിന്റെ ഫോണില്‍ കണ്ട കോളുകളുടെയും നമ്പരുകളുടെയും ഉറവിടം മനസ്സിലായ അവളുടെയുള്ളില്‍ വല്ലാത്ത പശ്ചാത്താപം നിഴലിച്ചു.

അവള്‍ ഫോണെടുത്ത് ഗിരീഷിന്റെ നമ്പര്‍ ഡയല്‍ ചെയ്തു.

കോള്‍ അറ്റന്റ് ചെയ്യപ്പെട്ടെങ്കിലും ഗിരീഷ് മൗനം പാലിച്ചു.

” ഗിരിയേട്ടാ ”

വന്ദന ഹൃദയ വേദനയോടെ വിളിച്ചു.

” കേള്‍ക്കുന്നുണ്ട് ”

ഗിരീഷിന്റെ പതിഞ്ഞ ഒച്ച വന്ദനയുടെ ചെവിയിലെത്തി .

” പൊറുക്കാന്‍ പാടില്ലാത്ത തെറ്റാണ് ഞാന്‍ ചെയ്തതെന്നറിയാം, എന്റെ വാശിയും വൈരാഗ്യ ബുദ്ധിയും എന്നെക്കൊണ്ട് ചെയ്യിപ്പിച്ച് പോയതാണ് ”

വന്ദന കരച്ചിലിന്റെ വക്കിലെത്തി.

” അതൊന്നും സാരമില്ല , സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു . എനിക്ക് പറയാനുള്ളത് വന്ദന കേള്‍ക്കാന്‍ ശ്രമിച്ചില്ല , അതുപോലെ ചിലതൊക്കെ വെളിപ്പെടുത്തി തരാന്‍ വന്ന നിരുപമയെയും വന്ദന അപമാനിച്ചാണയച്ചത് , ഞങ്ങളത് കാര്യമാക്കുന്നില്ല. വന്ദന പുതിയൊരു ജീവിതമുണ്ടാക്കാന്‍ ശ്രമിക്കണമിനി, എന്റെ പ്രാര്‍ത്ഥനയുണ്ടാകും ”

ഗിരീഷ് നിര്‍വ്വികാരനായി പറഞ്ഞു.

” ഗിരിയേട്ടാ എന്നോട് പൊറുക്കണം, എനിക്കെന്റെ തെറ്റ് തിരുത്താന്‍ ഒരവസരം തരണം ”

വന്ദന ശരിക്കും കരഞ്ഞ് പോയി.

” വന്ദനേ , നമ്മുടെ ആദ്യരാത്രിയെക്കുറിച്ച് ഓര്‍മ്മയുണ്ടോ ? വന്ന് കയറിയ അന്ന് മുതല്‍ സംശയക്കണ്ണോടെ മാത്രമേ താനെന്നെ കണ്ടിട്ടുള്ളൂ, മറ്റെന്ത് പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ട് , പക്ഷേ സംശയമെന്ന രോഗത്തിന് യാതൊരു പ്രതിവിധിയുമില്ല.

കഴിഞ്ഞതൊക്കെ കഴിഞ്ഞു, മാത്രമല്ല ഇനി മുതല്‍ ഒരു കുടുംബ ജീവിതത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നുമില്ല , വന്ദനയിപ്പോള്‍ വിളിച്ചത് തന്നെ എന്തുകൊണ്ടാണെന്ന് എനിക്ക് ബോധ്യമുണ്ട്, എന്റെ ഭാര്യയായി ജീവിച്ചവള്‍ക്ക് എന്നെ മനസ്സിലാക്കാന്‍ ഒരു മാസികയുടെ സഹായം വേണ്ടി വന്നുവല്ലേ ? എന്നോട് സ്നേഹത്തോടെയും സംയമനത്തോടെയും പെരുമാറിയിരുന്നെങ്കില്‍ എന്റെ സകല കാര്യങ്ങളും ഞാന്‍ പറയുമായിരുന്നു, പക്ഷേ അതുണ്ടായില്ല. നമുക്കീ സംഭാഷണം ഇവിടെ അവസാനിപ്പിക്കാം , വന്ദനയ്ക്ക് നല്ലതേ വരൂ ”

പറഞ്ഞ് തീര്‍ന്നതും ഗിരീഷ് ഫോണ്‍ കട്ട് ചെയ്തു.

വന്ദന വലിയൊരു നഷ്ടബോധത്തോടെ ടേബിളിലേക്ക് തലയും കുമ്പിട്ടിരുന്നു.

അപ്പോഴേക്കും കരുണാലയത്തിലെ ഒരംഗത്തിന്റെ കോള്‍ ഗിരീഷിന്റെ ഫോണിലേക്കെത്തി.

” ആണോ , ആരും പേടിക്കണ്ട ഞാന്‍ എത്രയും പെട്ടെന്നെത്താം ”

കോള്‍ കട്ട് ചെയ്തുകൊണ്ട് ഗിരീഷ് കാറുമെടുത്ത് പായുകയായിരുന്നു , തന്റെ ഉത്തരവാദിത്തങ്ങളിലേക്ക്..!

രചന: അരവിന്ദ് മഹാദേവന്‍

കുറിപ്പ് : ചില സ്ത്രീകള്‍ ഇതുപോലെയാണ് , സംശയരോഗവും ധാര്‍ഷ്ട്യവും കൊണ്ട് സ്വന്തം ജീവിതത്തെ തന്നെ ഇരുട്ടിലാക്കുന്നവര്

Leave a Reply

Your email address will not be published. Required fields are marked *