ദേവനന്ദ

രചന: Santhosh Appukkuttan

“ചേച്ചീ, ഒരു മണി അരിയില്ല ഇവിടെ – ഉച്ചയ്ക്ക് എന്തു ചെയ്യാ?”

പിന്നിൽ നിന്ന് ശ്യാമയുടെ സംസാരം കേട്ടപ്പോൾ, നന്ദ ഒരു നിമിഷം നിന്നു കണ്ണടച്ചു.

പിന്നെ പുഞ്ചിരിയോടെ അനിയത്തിയെ തിരിഞ്ഞു നോക്കി.

” അടുപ്പത്ത് വെള്ളം വെച്ചോ? വെള്ളം -തിളയ്ക്കുമ്പോഴെക്കും ഈ ചേച്ചി അരിയുമായെത്തും ”

നന്ദ തുണിയെടുത്ത് ഫ്രണ്ട്ഗ്ലാസ്സ് തുടച്ചു കൊണ്ട് ശ്യാമയെ നോക്കി പുഞ്ചിരിച്ചു.

“ഇങ്ങിനെയൊരു ഗ്യാരൻറി തരാൻ ഏത് പണിക്കാർക്ക് കഴിയും മോളെ? ഞങ്ങൾ ഓട്ടോക്കാർക്കല്ലാതെ?

” ഇതേതോ മോഹൻലാലിന്റെ പടത്തിലെ ഡയലോഗ് പോലെയുണ്ടല്ലോ മോളെ?”

ചിരിക്കിടയിൽ, ചുമച്ചു കൊണ്ട് ശങ്കരൻ ഇറയത്തേക്ക് വന്നു.

“ഡയലോഗ് മാത്രമല്ല അച്ഛാ, പ്രാവർത്തികമാക്കാനും ഈ നന്ദക്കറിയാം”

കാക്കിയണിഞ്ഞ നന്ദ ആപ്പെ ഓട്ടോയുടെ ഡ്രൈവിങ്ങ് സിറ്റിലേക്ക് കയറിയിരുന്നു.

ശങ്കരൻ, നന്ദയ്ക്കരികിലേക്ക് പതിയെ ചെന്നു;

നിറഞ്ഞ കണ്ണുകളോടെ അയാൾ നന്ദയെ നോക്കി.

” നിന്റെ അമ്മയ്ക്ക് എപ്പോഴും സങ്കടമായിരുന്നു – ഒരാൺക്കുട്ടിയില്ലാത്തതിൽ ”

അയാൾ നന്ദയുടെ മുടിയിഴകളിൽ വാത്സല്യത്തോടെ തലോടി –

“എന്തിനാ ആൺകുട്ടികൾ?

ഇതുപോലെത്തെ ഒരു പെൺക്കുട്ടി മതീലേ ഒരച്ഛന്റെയും അമ്മയുടെയും ജീവിതം ധന്യമാകാൻ

“നന്ദ_നീരണിഞ്ഞമിഴികളോടെ അച്ഛനെ നോക്കി ഒന്നു പുഞ്ചിരിച്ചു.

” ആ ഒരു മകൾ മതിയോ? ഞങ്ങളൊന്നും വേണ്ടേ അച്ഛന്?”

ഉറക്കത്തിൽ നിന്നെഴുന്നേറ്റ് കണ്ണും തിരുമ്മി വന്ന ദേവയുടെ ചോദ്യം കേട്ട് ശ്യാമയും,നന്ദയും പൊട്ടിച്ചിരിച്ചു.

” അച്ഛനും അമ്മയ്ക്കും മക്കൾ എല്ലാവരും ഒന്നുപോലെയാ-ന്റെ കുഞ്ഞൂ ”

ശങ്കരൻ, ദേവയുടെ മുടിയിഴകളിൽ പതിയെ തലോടി.

“ഇത്തിരി ഇഷ്ടം കൂടുതൽ ഏറ്റവും താഴെയുള്ളതിനോടായിരിക്കുമെന്നു മാത്രം ”

” ചേച്ചീ, ഞാൻ വെള്ളം അടുപ്പത്ത് വെക്കാൻ പോവാണ് ട്ടാ!”

ശ്യാമ ചിരിയോടെ നന്ദയെ നോക്കി.

” മോള് വെച്ചോ? ”

നന്ദ സെൽഫ് ബട്ടൻ അമർത്തി.

ഒരു ഇരമ്പലോടെ ആപ്പെ സ്റ്റാർട്ടായി.

വാഴയിലയിൽ വെച്ചിരുന്ന, ബലിച്ചോറ് കൊത്തി തിന്നിരുന്ന കാക്ക, പേടിയേടെ, തെങ്ങിൻ പട്ടയിലേക്ക് പറന്നു പോയി.

പറമ്പിൽ,ചികഞ്ഞു കൊണ്ടിരുന്ന തള്ളക്കോഴിയും, കുഞ്ഞുങ്ങളും നാലുപാടും ചിതറിയോടി:

മഴ വീണു നനഞ്ഞ നന്ത്യാർവട്ടത്തിൽ നിന്ന് മൂന്നാല് പൂക്കൾ പറിച്ച്, ശ്യാമ, നന്ദയുടെ മുടിയിഴകളിൽ വെച്ചു.

“മോളെ നോക്കീം കണ്ടും ഓടിക്കണം ട്ടോ!

അച്ചന് ഇതിന്റെ എബിസിഡി അറിയില്ല. അല്ലെങ്കിൽ അച്ഛൻ ഓടിച്ചേനേ!”

ശങ്കരൻ വന്ന് ഓട്ടോയുടെ ആക്സിലേറ്റർ പതിയെ കൂട്ടിയും, കുറച്ചും അതിന്റെ ശബ്ദമാറ്റങ്ങളിൽ ശ്രദ്ധിച്ചിരുന്നു.

കൂലിപ്പണ്ണിക്ക് പോയിരുന്നതിന് പകരം ഈ കുന്ത്രാണ്ടം ഓടിക്കാൻ പഠിച്ചാ മതിയാർന്ന് ”

ശങ്കരൻ ചുമച്ച്ക്കൊണ്ട് അത് പറഞ്ഞപ്പോൾ, സങ്കടത്തോടെ ശ്യാമയും ദേവയും അയാൾക്കരികിലേക്ക് ചേർന്നു നിന്നു.

“അച്ഛാ- നമ്മൾക്കോരോന്നും ദൈവം വിധിച്ചിട്ടുണ്ട് – അതുപോലെയേ നടക്കു”

മഴ മാറി, മരം പെയ്യുന്നതുപോലെ കണ്ണിൽ നിന്ന് രണ്ടിറ്റ് നിലത്തേക്കൂർന്ന് വീണത് ആരും കാണാതെ തുടച്ചു നന്ദ!”

ഇനിയും ഇവിടെ നിന്നാൽ കരഞ്ഞു പോകുമെന്നു തോന്നിയപ്പോൾ അവൾ വണ്ടി മുന്നോട്ടെടുത്തു –

റിയർവ്യൂ മിററിലൂടെ തന്നെ നോക്കി നിൽക്കുന്ന മൂന്നു രൂപങ്ങളെ അവൾ കണ്ടു.

ജീവിക്കാനുള്ള പ്രതീക്ഷയാണവർ !

തളരാതെ തുഴയുവാനുള്ള പ്രചോദനമാണവർ !

ഒരു പുഞ്ചിരിയോടെ ഇടറോഡിൽ നിന്ന് ടാറിട്ട റോഡിലേക്ക് ഓട്ടോ തിരിച്ചു നന്ദ.

ടാറിട്ട റോഡിലേക്ക് കയറിയതും ഒരു ഫാമിലിയുടെ ഓട്ടം കിട്ടി നന്ദയ്ക്ക്!

ശിവക്ഷേത്രത്തിലേക്ക് ആയിരുന്നു ആ ഓട്ടം.

നന്ദയുടെ ഉള്ളിൽ ഒരു പുഞ്ചിരിയുണർന്നു.

അമ്മയ്ക്ക് വേണ്ടി വഴിപാട് കഴിക്കാൻ അവളും പോകാനിരുന്നതാണ് ആ ശിവക്ഷേത്രത്തിലേക്ക്!

അവരെ ക്ഷേത്രത്തിലാക്കി, അമ്മയ്ക്കു വേണ്ടിയുള്ള വഴിപാടും കഴിച്ച്, മോൾക്ക് നല്ല കാലം തുടങ്ങിയെന്ന് ശാന്തിക്കാരൻ പറഞ്ഞതും കേട്ട് അവൾ അമ്പലത്തിൽ നിന്നിറങ്ങി.

ചെറുമഴയും,മഞ്ഞും ഇടകലർന്ന ഭക്തിനിർഭരമായ അന്തരീക്ഷത്തിലൂടെ അവൾ ഓട്ടോസ്റ്റാൻഡിനെ ലക്ഷ്യമാക്കി പാഞ്ഞു.

ഓട്ടോസ്റ്റാൻഡ് എത്തുന്നതിനു മുൻപായി, റോഡരികിൽ ഒരു ആൾക്കൂട്ടം കണ്ട് നന്ദ വണ്ടി പതിയെ നിർത്തി.

” ബാറും ബിവറേജും തുറക്കാനായിട്ടില്ല. അതിനു മുൻപ് എവിടെ നിന്ന് ഇത്രേം മോന്തി -ബോധം പോയത്?”

കള്ളുകുടിച്ച് ബോധം പോയവന്റെ ലീലാവിലാസങ്ങൾ ആസ്വദിക്കാനാണ് അവർ വട്ടം കൂടിയതെന്നറിഞ്ഞപ്പോൾ, അവൾ വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്തു.

“കള്ളിനാണോ ഇയാൾക്ക് ക്ഷാമം – സ്വന്തമായി അബ്ക്കാരി ബിസിനസ്സു നടത്തിക്കൊണ്ടിരുന്നവനാ ”

ആ വാചകം കേട്ട നന്ദ ഓട്ടോ നിർത്തി ആൾക്കൂട്ടത്തിലേക്ക് നടന്നു.

“നാടാകെ വിളിച്ചും, ആഢംബരങ്ങൾ കാണിച്ചും -ഒരു കല്യാണം കഴിച്ചു.ദേഹം മുഴുവനും സ്വർണ്ണവുമായിട്ടാ പെണ്ണ് വന്നതെങ്കിലും, മനസ്സ് ചീത്തയായിരുന്നു അതിന്റെ.

പറഞ്ഞാൽ നിങ്ങളറിയും, പാലമറ്റം അച്യുതൻ മുതലാളിയുടെ മൂന്നാമത്തെ മകൻ.ദേവൻ.

അയാൾ പറഞ്ഞു നിർത്തി.പെട്ടെന്ന് നോക്കിയത് നന്ദയുടെ മുഖത്താണ്.

” മോള് വന്നത് നന്നായി. നിങ്ങടെ തെക്കേൽ അല്ലേ -ഇവന്റെ വീട്. അവിടം വരെ ഒന്നു കൊണ്ടാക്കിയേക്ക് മോളെ !”

നന്ദ പതിയെ തലയാട്ടി.

മിഴികളിൽ ചൂട് പടരുന്നതറിഞ്ഞ നന്ദ പതിയെ ഒന്നു കണ്ണടച്ചുപിടിച്ചു.

ആൾക്കൂട്ടത്തിന് നടുക്ക്, സ്ഥാനം തെറ്റിയ മുണ്ടും, ബട്ടൻസിടാത്ത ഷർട്ടുമായി….

കടവായിലൂടെ ഒലിച്ചിറങ്ങുന്ന കൊഴുത്ത ദ്രാവകത്തിനു ചുറ്റും ഈച്ചകൾ പാറി പറക്കുന്നു.

പോക്കറ്റിൽ നിന്നും പുറത്തേക്ക് ചാടിയ അഞ്ഞൂറിന്റെയും, ആയിരത്തിന്റെയും നോട്ടുകൾ.

കഴുത്തിലെ തടിച്ച,രുദ്രാക്ഷമാലയും, കൈതണ്ടയിലെ ബ്രേസ്ലെറ്റ്.

ചിലരുടെ നോട്ടം അതിലേക്കാണെന്നു കണ്ട നന്ദ, അയാൾക്കരികിലേക്ക് ചെന്ന് പതിയെ ഇരുന്നു.

” ദേവേട്ടാ…”

വിളിച്ചുണർത്താൻ അവൾ ശ്രമിച്ചെങ്കിലും, അബോധവസ്ഥയിൽഎന്തൊക്കെയോ പുലമ്പി അയാൾ ചെളിയിലേക്ക് മുഖം പൂഴ്ത്തി കിടന്നു.

ഒടുവിൽ, അവിടെ കൂടി നിന്നവരുടെ സഹായത്തോടെ, അയാളെയെടുത്ത് പിൻസീറ്റിൽ കിടത്തി നന്ദ!

ഇരുവശത്തെയും കർട്ടൻ താഴ്ത്തിയിട്ട്, നന്ദ ഓട്ടോ മുന്നോട്ടെടുത്തു.

ഇടയ്ക്കിടെ നന്ദ അയാളെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

ഇടയ്ക്കവൾ വീട്ടിലെ കാര്യം ആലോചിച്ചു.

ശ്യാമ വെള്ളവും അടുപ്പത്ത് വെച്ച് തന്നെ കാത്തിരിക്കുന്നുണ്ടാവും.

അവൾ ഓട്ടോസ്റ്റാൻഡിനരികിലെ പലച്ചരക്ക് കടക്ക് കുറച്ചകലെയായി വണ്ടി നിർത്തി.

കടയിൽ നിന്നു, ആദ്യമായി കിട്ടിയ വാടകയായ നൂറ് രൂപയ്ക്ക് അരിയും വാങ്ങി ഓട്ടോയിൽ കയറിയപ്പോൾ രൂക്ഷഗന്ധം.

പിൻസീറ്റിൽ മൊത്തം ഛർദിച്ചു വെച്ചിരിക്കുന്നു.

അവൾ വണ്ടി പതിയെ മുന്നോട്ട് എടുത്ത്, അമ്പലക്കുളത്തിനരികെ നിർത്തി.

ഒരു ചെറിയ ബക്കറ്റിൽ വെള്ളവുമെടുത്തവൾ വൃത്തിയാക്കാൻ തുടങ്ങി.

വീട്ടിലെത്തി ശ്യാമയെ അരിസഞ്ചി ഏൽപ്പിച്ച ശേഷം നന്ദ പുറത്തിറങ്ങി.

” ചേച്ചീ ഇന്ന് ചിലപ്പോൾ ഉച്ചയ്ക്കുള്ള ഊണിനുണ്ടാവില്ല: മക്കൾ കഴിച്ചോട്ടാ. അച്ഛനോടും പറഞ്ഞേക്ക്”

” ചേച്ചീയറിഞ്ഞോ, തെക്കേല് ഭയങ്കര വഴക്ക് നടന്നു. ഭാഗം വെക്കുന്നതിനെ പറ്റി ”

തുടർന്നു പറയുന്നത് കേൾക്കാൻ തൃപ്തിയില്ലാത്തതുപോലെ നന്ദ വണ്ടി മുന്നോട്ടെടുത്ത്.

വണ്ടി ഒരു ലക്ഷ്യവുമില്ലാതെ ഓടികൊണ്ടിരുന്നു.

ചിലർ ഓട്ടത്തിനായ് കൈ നീട്ടിയെങ്കിലും മറ്റൊരു ഓട്ടത്തിന് പോകുകയാണെന്ന് അവൾ പുഞ്ചിരിയോടെ പറഞ്ഞു.

” നന്ദാ ”

പിന്നിൽ നിന്നു വിളി കേട്ടപ്പോൾ, നന്ദ -കണ്ണീരോടെ പുഞ്ചിരിച്ചു.

“ഒരുപാട് ഓടീട്ടാ- കൈയ്യിൽ കാശുണ്ടാവില്ലേ?”

“നമ്മൾ ഓട്ടോക്കാരിയും യാത്രക്കാരനും തമ്മിലുള്ള ബന്ധം ആണോ?”

കുഴഞ്ഞ ദയനീയത നിറഞ്ഞ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.

” അല്ലേ?”

ദേവൻ ഒന്നും സംസാരിക്കാതെ അവളെ നോക്കിയിരുന്നു.

” പെണ്ണ് ഡിവോഴ്സ് ആയി പോയെന്നു കരുതി ഇങ്ങിനെ കുടിച്ചു ചാകണോ?

“സൗന്ദര്യവും പണവുമുള്ള എത്രയോ പെണ്ണുങ്ങളുണ്ട് ഈ ലോകത്ത് ”

“എനിക്ക് ആരെയും വേണ്ടാ -നന്ദ, ഇനിയൊരാളുണ്ടെങ്കിൽ നീ മാത്രം മതി”

ദേവന്റെ കണ്ണിൽ നീർനിറഞ്ഞു.

” അങ്ങനെ പറയeല്ല മാഷെ! ഒരഞ്ച് കൊല്ലം ഈ ഒരു വാക്ക് കേട്ട് നടന്ന മണ്ടിയാണ് ഞാൻ!സ്വപ്നവും ഒരുപാട് കണ്ടു’ ”

നന്ദ ഒരു വിളറിയ ചിരിയോടെ നന്ദനെ നോക്കി!

“ഇപ്പോൾ മനസ്സിൽ അങ്ങിനെയുള്ള ഒരു വികാരവും ഇല്ല ! എന്റെ കുടുംബം എന്ന വികാരം മാത്രമേയുള്ളു !”

ഒന്നും പറയാതെ ദേവൻ അവളെ തന്നെ നോക്കിയിരുന്നു.

ആ ഇരിപ്പ് കണ്ടപ്പോൾ നന്ദയുടെയുള്ളിൽ ഒരു ആർദ്രമഴ പെയ്തു തുടങ്ങിയിരുന്നു.

പെണ്ണിൽ പ്രണയം മൊട്ടിടുന്ന കാലത്തേ പ്രണയിച്ചു തുടങ്ങിയതാണ് !

വേർപിരിഞ്ഞപ്പോഴും നന്മയോടെ ജീവിക്കട്ടെയെന്ന് പ്രാർത്ഥിച്ചവളാണ് –

സമൂഹത്തിൽ അടിച്ചു പൊളിച്ചു നടന്നവൻ, ഒരുനാൾ ഇങ്ങിനെ ബോധമില്ലാതെ ചെളിക്കുണ്ടിൽ –

ഓർത്തപ്പോൾ തന്റെ കണ്ണും മനസ്സും നിറഞ്ഞൊഴുകി നന്ദയ്ക്ക്!

” ഞാൻ വരാം ദേവേട്ടാ! പക്ഷേ ”

ദേവൻ ആശയോടെ നന്ദയെ നോക്കി.

” പക്ഷെ ദേവേട്ടൻ എന്റെ വീട്ടിൽ താമസിക്കണം –

ഞാൻ ദേവേട്ടന്റെ സ്വത്തും പണവും മോഹിച്ചിട്ടാണ് കൂടെ കൂടിയതെന്ന് ഒരിക്കലെങ്കിലും ദേവേട്ടൻ ചിന്തിച്ചിട്ടുണ്ടാകും –

അതു കൊണ്ടാണല്ലോ എന്നെ മറന്ന് മറ്റൊരുത്തിയെ താലികെട്ടിയത്?

“നന്ദാ ”

“ഇതിൽ ഒരു മാറ്റവുമില്ല ദേവേട്ടാ!

മൂന്ന് പേരെ പിന്നിലിരുത്തി കിതച്ചു കൊണ്ട് ഓടുന്ന വണ്ടിയാ ഇത് !

നന്ദ -ചിരിയോടെ ദേവനെ നോക്കി –

” അതാണ് ഓട്ടോയുടെ റൂൾസും.

പക്ഷെ എന്റെ റിസ്ക്കിൽ, എന്റെ ആത്മവിശ്വാസത്തിൽ പ്രിയപ്പെട്ട ഒരാളെയും കൂടി കയറ്റാം.

ഓട്ടോ ദേവന്റെ ബംഗ്ലാവിനു മുന്നിലായി നിന്നു.

“സമ്മതമാണെങ്കിൽ എവിടെ വെച്ചാണെങ്കിലും, എന്റെ ഓട്ടോ കാണുമ്പോൾ കൈ കാണിച്ചാൽ മതി. എത്ര യാത്രക്കാരുണ്ടെങ്കിലും ഞാൻ നിർത്തും ”

ദേവന് ഒരു പുഞ്ചിരി കൊടുത്ത് നന്ദ ഓട്ടോ ഓടിച്ചു പോയപ്പോൾ, ദേവന്റെ നോട്ടം നന്ദയുടെ ആ ചെറിയ വീടിനു നേർക്കായിരുന്നു.

പിന്നെ പതിയെ പുഞ്ചിരിയോടെ ആ വീടിനു നേർക്ക് ദേവൻ നടന്നു…

രചന: Santhosh Appukkuttan

Leave a Reply

Your email address will not be published. Required fields are marked *