പ്രണയകാലം

രചന: Ammu Lal

ഉറക്കം വരാതെ ശിവാ തിരിഞ്ഞും മറിഞ്ഞും കിടന്നു…അവൾ അക്ഷമയോടെ മൊബൈലിൽ സമയം നോക്കി….

“ഈശ്വരാ… രണ്ടു മണിയായതെള്ളൂ ” അവൾ പിറുപിറുത്തു.. ഓരോ മണിക്കൂറിനും യുഗങ്ങളുടെ ദൈർഘ്യമുള്ളതായി ശിവക്കു തോന്നി….

അഞ്ചു വർഷമായി മനസ്സിൽ സൂക്ഷിച്ച പ്രണയം പറയാൻ അവൾ തിരഞ്ഞെടുത്തത് ലോകം മുഴുവനും പ്രണയ ദിനമായി കൊണ്ടാടുന്ന ഫെബ്രുവരി 14th തന്നെയാണ് …. നിദ്രാദേവി കടാക്ഷിക്കാതെ രാത്രികളിൽ അവനായിരുന്നു അവളുടെ സ്വപ്നങ്ങളെ തൊട്ടുണർത്തിയത്…. അവളെ പരിപൂർണ്ണയാക്കിയത് അവനെക്കുറിച്ചുള്ള ചിന്തകളായിരുന്നു….

എപ്പോൾ….? എങ്ങനെ…? എവിടെവച്ച്…? എന്നൊന്നും അവൾക്കറിയില്ല . …. പക്ഷേ ഓർമ്മവച്ച കാലം മുതൽക്കെ അവൾക്ക് അവനെ അറിയാം….. ഒരേ നാട്ടുകാർ ഒരേ പ്രായക്കാർ…. പലപ്പോഴും അവൾ അവനോട് കലഹിക്കുമെങ്കിലും അവളത് ആസ്വദിക്കുകയായിരുന്നു പതിവ്…. അവൾക്കു കിട്ടാതെ പോകുന്ന അവന്റെ പരിഗണന മറ്റുള്ള പെൺകുട്ടികൾക്ക് കിട്ടുമ്പോൾ തോന്നുന്ന ഒരു കുഞ്ഞ് കുശുമ്പ്…. മറ്റുള്ളവരുടെ മനസ്സിനെ കീഴ്പ്പെടുത്താൻ അവൻ വിദഗ്ധനാണ്…. അതായിരിക്കും എല്ലാവരെയും അവനിലേക്ക് കൂടുതൽ അടുപ്പിക്കുന്നതും … എത്രയൊക്കെ വഴക്കിട്ടാലും പിണങ്ങിയാലും അവനെ കാണാതിരിക്കാൻ അവൾക്കു കഴിയുമായിരുന്നില്ല…. ഒരു ദിവസം അവനെ കാണാതെയിരുന്നപ്പോളാണ് അവൾ അവനെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്നു അവൾക്കു മനസിലായത്…. അതവളുടെ ഉള്ളിൽ പ്രണയത്തിന്റെ വിത്തുകൾ പാകി…….

അവളുടെ പ്രണയമാദ്യം അറിയുന്നത് അവനായിരിക്കണം എന്നുള്ള നിർബന്ധം കൊണ്ട് എല്ലാവരിൽ നിന്നും അവളതു മറച്ചു പിടിച്ചു… കടലാഴങ്ങളിൽ ഒളിച്ചിരിക്കുന്ന മുത്തുചിപ്പിയിലെ പവിഴമുത്തുകളെപോലെ …. . തന്റെ ഹൃദയത്തിൽ അവനോടുള്ള സ്നേഹം സൂക്ഷിച്ചു .

അവൻ നടന്ന പോയ വഴികളിൽ അവനറിയാതെ അവൾ നടന്നു… സ്ഥിരമായി അവൻ വന്നിരിക്കുന്ന വാകമരച്ചുവട്ടിൽ അവളും വന്നിരിക്കുമായിരുന്നു.. അവനെ തലോടിപ്പോയ കാറ്റിനായി… പലപ്പോഴും ആ കാറ്റിനു അവന്റെ ഗന്ധമായിരുന്നു…. കാറ്റിൽ പൊഴിയുന്ന പൂക്കൾ അവളുടെ പ്രണയത്തെ ഒരു ചുവന്ന സാഗരമാക്കി…… നാളെ തന്റെ പ്രണയം പൂത്തു തളിർക്കും എന്നുള്ള ശുഭപ്രതീക്ഷയോടെ അവളെപ്പോഴോ നിദ്രയിലേക്ക് വീണു .

അലാറത്തിന്റെ ശബ്ദം കേട്ടാണ് ശിവയുണർന്നത്… അവൾ മൊബൈലിലെ അലാറം ഓഫാക്കി… നെറ്റ് ഓൺ ചെയ്തു… വാട്സാപ്പിൽ ചറ പറ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു. ശിവയുടെ കണ്ണുക്കൾ ആകാംക്ഷയോടെ തിരഞ്ഞത് വരുണിന്റെ മെസ്സേജിനു വേണ്ടിയായിരുന്നു….. 2.40 നു അവൻ വാലന്റ്റൈൻസ് ഡേ വിഷസ് അയച്ചിട്ടുണ്ട് … ശിവയുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി… ചെറുതായിയൊന്നു പുഞ്ചിരിച്ചു…. അവൾ കുളിക്കാനായി ബാത്‌റൂമിലേക്ക് പോയി… വിസ്തരിച്ചുള്ള കുളിക്കുശേഷം അവൾ അലമാര തുറന്ന് അവന് ഏറ്റവും ഇഷ്ടപ്പെട്ട തൂവെള്ള നിറത്തിലുള്ള ഫുൾസ്ലീവ് ചുരിദാർ എടുത്തു… അതിമനോഹരമായി ചുവന്ന നിറത്തിലുള്ള റോസാപ്പൂക്കൾ ശിവദ അതിൽ തുന്നിപ്പിടിപ്പിച്ചിരുന്നു…. അതണിഞ്ഞു കണ്ണാടിയുടെ മുൻപിൽ വന്നു നിന്നപ്പോൾ താൻ പതിവിലും സുന്ദരിയായതുപോലെ ശിവക്കു തോന്നി…..

വരുണിനു ശിവയുടെ കണ്ണുകളായിരുന്നു കൂടുതൽ ഇഷ്ടം അതുകൊണ്ട് തന്നെ ശിവ ആവണക്കെണ്ണ ഉപയോഗിച്ചു ദിവസം അവളുടെ കണ്ണുകൾക്ക് പരിചരണം നൽകി…

വാലിട്ട് കണ്ണെഴുതി.. വെള്ള കല്ലിന്റെ പൊട്ട് തൊട്ട്., കുടജിമിക്കി അണിഞ്ഞ് തലയിൽ കെട്ടിയ ടൗവ്വൽ അവൾ അഴിച്ചു….അഴിഞ്ഞു വീണ കാർകൂന്തലിൽ നിന്ന് ഇറ്റു വീഴുന്ന വെള്ളം അവൾ പതിയെ ഒപ്പിയെടുത്തു…. എന്നിട്ട് ബാൽക്കണിയിലേക്ക് ഓടി…. ഒരുപാട് ഇഷ്ടത്തോടെ അവൾ വളർത്തിയ റോസാചെടി പൂത്തിരുന്നു…..അതിൽ നിന്നു നാലഞ്ചു പൂക്കൾ ശിവ പൊട്ടിച്ചെടുത്തു…..അതു ഭദ്രമായി പൊതിഞ്ഞു അവൾ താഴെക്കോടി… ബാഗിൽ റോസപൂക്കൾ എടുത്തു വച്ചു…. മുടി മേടഞ്ഞു കെട്ടി… ചുരുണ്ടു നീണ്ടു കിടക്കുന്ന കുറുനിരക്കൾ മുമ്പിലേക്കിട്ട് ശിവാ കണ്ണാടിലേക്ക് ഒന്നുക്കൂടി നോക്കി… എത്ര ഒരുങ്ങിട്ടും അവൾക്കു തൃപ്തി വരുന്നില്ല….. ഒരുവട്ടം കൂടി കണ്ണാടിലേക്ക് ഒളിഞ്ഞു നോക്കി അവൾ പുറത്തേക്കു നടന്നു….

“ഇന്നെന്താ ശിവാ…നേരെത്തെ റെഡിയോ പോവാൻ …?” അച്ഛന്റെ ശബ്ദം കേട്ടവൾ തിരിഞ്ഞു നോക്കി…

“ഓ… മൈ ഡിയർ ഡാഡി കൂൾ … എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട്.. ഒരു നല്ല കാര്യത്തിനു പോകുപ്പോൾ പുറകിൽ നിന്നു വിളിക്കല്ലേ…വിളിക്കല്ലേയെന്നു… ശോ.. ഇന്നത്തെ കാര്യവും അപ്പൊ ഗോവിന്ദാ…. ”

“എന്താടി… കാന്താരി…നിന്നെ ആരെങ്കിലും പ്രൊപ്പോസ് ചെയ്യാമെന്നു പറഞ്ഞിട്ടുണ്ടോ …? ” രാവിലെ തന്നെ മസിലും പെരുപ്പിച്ചു നിന്ന് സിദ്ധുവിനെ അവൾ ഒന്നിരുത്തി നോക്കി

“നീ പോടാ … ”

“നീ പോടീ…. ഗുണ്ടുമുളകെ…. ”

“അമ്മേ… ഈ ചേട്ടായീ എന്നേ… ”

“മതി… നിർത്ത്… തുടങ്ങി രാവിലെ തന്നെ രണ്ടെണ്ണം കൂടി…. നാണമില്ലല്ലോടാ നിനക്കു…പോത്തു പോലെ വളർന്നിട്ടും അവളുടെ കൂടെ തല്ലു കൂടാൻ… ” രുഗ്മണി ശിവദയെയും സിദ്ധുവിനെയും മാറി മാറി നോക്കി..

“അമ്മേ… ഞങ്ങൾ ആങ്ങളയും പെങ്ങളും പലതും പറയും . അമ്മ അതു കാര്യമാക്കണ്ടാ… അല്ലെടീ…. ” അവർ പൊട്ടിച്ചിരിച്ചു….

“ശിവാ നീ ബ്രേക്ഫാസ്റ് കഴിക്കുന്നില്ലേ…? ”

“വേണ്ടാ… അമ്മേ… എനിക്കു ഇന്നൊരു പ്രൊജക്റ്റുണ്ട്… പിന്നെ അമ്പലത്തിൽ കേറുന്നുണ്ട് … കഴിക്കാൻ നിന്നാൽ ലേറ്റ് ആവും… ഞാൻ കോളേജിൽ ചെന്നിട്ടു കഴിച്ചോളാം… ”

“എന്നാ..ഒരു ഗ്ലാസ്‌ പാലെങ്കിലും കുടിച്ചിട്ട് പോ മോളെ… ” അവർ ഗ്ലാസ്‌ എടുത്തു ശിവക്കു നേരെ നീട്ടി…. അവളത് വാങ്ങിക്കുടിച്ചു… ആ സമയം രുഗ്മണി ലഞ്ച്ബോക്സ്‌ എടുത്തു ശിവയുടെ ബാഗിൽ വച്ചു…

“അമ്മേ.. ഞാൻ പോവാണേ… അച്ഛാ… ചേട്ടായീ…. ടാറ്റാ…

എല്ലാവരോടും യാത്ര പറഞ്ഞു അവൾ പുറത്തെ ഓടി…. എന്നിട്ട് അവളുടെ സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു…ഉമ്മറത്തിരിക്കുന്ന മുത്തശ്ശിക്കു ടാറ്റാ കൊടുത്തു ഓടിച്ചുപോയി….

മഹാദേവന്റെ അമ്പലത്തിൽ കേറി തൊഴുതു വലം വച്ചു പ്രാർത്ഥിച്ചു… നന്തിഭഗവാന്റെ കാതിൽ വരുണിനെ അവൾക്ക് തന്നെ തരണേയെന്നും ഒരു നിവേദനവും കൊടുത്തു….

കോളേജിലേക്കുള്ള ദൂരം കുറയും തോറും അവളുടെ ഉള്ളിൽ ഭയവും ടെൻഷനും കൂടി വന്നു….. സ്വരുക്കൂട്ടിയ ധൈര്യം ചോർന്നു പോകുന്നതുപോലെ… എന്നാലും അവൾ ധൈര്യം സംഭരിച്ചു മുന്നോട്ടു നീങ്ങി…. സ്കൂട്ടി പാർക്ക്‌ ചെയ്ത ശേഷം ശിവാ ബാഗിൽ നിന്നു റോസാപ്പൂക്കൾ ഉള്ള കവർ കൈയിലെടുത്തു.. നേരെ ക്ലാസ്സിലേക്ക് നടന്നു..

അവന്റെ പ്രതികരണം 99 ശതമാനവും പോസറ്റീവായിരിക്കുമെന്നു അവൾക്കു ഉറപ്പായിരുന്നു… പക്ഷെ ബാക്കിയുള്ള ഒരു ശതാമാനം അവളെ ചെറുതായി ഭീതിയിലെഴ്ത്തുന്നുണ്ട്….

ഓരോ ചുവടും വയ്ക്കും തോറും അവളുടെ ഹൃദയം അധിവേഗം മിടിക്കാൻതുടങ്ങി… MA ഹിസ്റ്ററി ക്ലാസ്സിന്റെ മുമ്പിൽ അവൾ വന്നു നിന്നു…. ജനൽ വഴി അവൾ അകത്തേക്ക് നോക്കി .വരുണിനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ പതിയെ തുടിക്കാൻ തുടങ്ങി… ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു… ക്ലാസ്സിലെ എല്ലാവരും അവനു ചുറ്റുമുണ്ട്…. അവളുടെ ബെസ്റ്റ് ഫ്രണ്ട് നീതു വരുണിന്റെ മുൻപിൽ നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് അത്ഭുതമായി. രണ്ടും കണ്ടാൽ കീരീയും പാമ്പും ആയിരുന്നല്ലോ .അവൾ മനസ്സിലൊർത്തു.. ശിവ പതിയെ ജനലിന്റെ അടുത്തേക്ക് നീങ്ങി….

”” ലവ് യൂ നീതു …” വരുണിന്റെ അടുത്തേക്ക് സ്വപ്നത്തിലെന്ന പോലെ നടന്നടുത്ത ശിവക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല . നീതുവിന്റെ മുന്നിൽ മുട്ട് കുത്തി നിൽക്കുന്ന വരുൺ . നീട്ടി പിടിച്ച അവന്റെ കയ്യിലൊരു റോസാപ്പൂവ് …

”’ ഐ ടൂ ലവ് യൂ വരുൺ …” നീതു ചിരിച്ചുകൊണ്ടാ പൂവ് വാങ്ങുന്ന കാഴ്ച മങ്ങിയ പോലെയേ ശിവക്ക് കാണാനായുള്ളൂ . പുറകിൽ കൂട്ടുകാർ ഡെസ്ക്കിലടിച്ചും ആർപ്പു വിളിക്കുന്നതുമൊക്കെ ഒരിടിമിന്നലായി ശിവയുടെ ഹൃദയത്തിൽ പെയ്തിറങ്ങി . ശിവക്കു അവളുടെ തല കറങ്ങുന്നതുപ്പോലെ തോന്നി… ഒരു ചീട്ടു കൊട്ടാരം പോലെ അവളുടെ സ്വപ്നങ്ങൾ തകർന്നു വീണു… അവളുടെ കണ്ണുകളിൽ ഇരുട്ട് കേറുന്നതുപോലെ… വീണു പോകാതെയിരിക്കാൻ അവൾ തൂണിലിൽ ബലമായിപ്പിടിച്ചു…സങ്കടം സഹിക്കാൻ കഴിയാതെ അവൾ കൈയിലുണ്ടായിരുന്ന കവർ അമർത്തിപ്പിടിച്ചു.. റോസാപ്പൂവിന്റെ മുള്ളുകൾ അവളുടെ ഉള്ളംകൈയിൽ തറച്ചു കേറി ഹൃദയത്തിലും കൈകളിലും ഒരുപോലെ രക്തം പൊടിഞ്ഞു

അവരെ ഒരിക്കൽ കൂടി കാണാന്നുള്ള ത്രാണി അവൾക്കില്ലയായിരുന്നു …. അവൾ പുറത്തെ പാർക്കിംഗിലേക്ക് ഓടി….അവളുടെ സ്കൂട്ടിയിൽ പിടിച്ചു നിന്നു. എത്രയൊക്കെ പിടിച്ചു നിർത്താൻ ശ്രമിച്ചിട്ടും അവൾക്കു കരച്ചിൽ നിർത്താൻ സാധിച്ചില്ല….അവൾക്കു ഒന്നു ഉറക്കെ പൊട്ടിക്കരയാൻ തോന്നി…. കൈയിലെ കവർ നിലത്തു ഉപേക്ഷിച്ചു, അവൾ സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു… ഒരു ലക്ഷ്യമില്ലാതെ നീങ്ങി…. ആ യാത്ര ചെന്നാവാസാനിച്ചതു കടൽ തീരത്തായിരുന്നു . … പ്രണയദിനം ആഘോഷിക്കുന്ന കമിതാക്കളുടെ ഇടയിൽ കലങ്ങിമറിഞ്ഞ മനസുമായി അവൾ നടന്നു…. പാറക്കൂട്ടങ്ങളുടെ മറപറ്റി ശിവ അവിടെയിരുന്നു….

അവളുടെ കരച്ചിൽ കടൽ അലകളിൽ ലയിച്ചല്ലാതായി…. മനസ്സിന് ആശ്വാസം കിട്ടുന്നതുവരെ അവൾ കരഞ്ഞു…. കരഞ്ഞു തളർന്നു അവൾ കാൽമുട്ടിൽ തല ചായ്ച്ചു കിടന്നു… ഒരു കൈ വന്നു അവളുടെ ചുമലിൽ പതിച്ചു… ശിവ ഞെട്ടി എഴുന്നേറ്റു….

മുന്നിൽ സിദ്ധുവും സെബിച്ചനും

സിദ്ധുവിനെ കണ്ടതും അവൾക്കു സങ്കടം സഹിക്കാൻ കഴിഞ്ഞില്ല…. ഉള്ളിലെ കാർമേഘം പെയ്തൊഴിയാനായി അവൾ അവന്റെ മാറിലേക്ക് ചാഞ്ഞു…. സിദ്ധാർത്ഥ് അവളെ ചേർത്തു പിടിച്ചു…

“പോട്ടെ ശിവ…. സാരമില്ല… ടേക്ക് ഇറ്റ് ഈസി…. ”’

അവനവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു… സിദ്ധു ശിവയെ പതിയെ എഴുന്നേൽപ്പിച്ചു… പലതും പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു പക്ഷേ അതൊന്നും അവളുടെ തലയിൽ കയറിയില്ല….. ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ സിദ്ദു സെബിയെ നോക്കി….”

“ഈ അവസ്ഥയിൽ എന്തു പറഞ്ഞിട്ടും ഒരു കാര്യവുമില്ല നീ അവളെ വീട്ടിൽ കൊണ്ടു പോവാൻ നോക്ക് സിദ്ധു… വണ്ടിയും കൊണ്ട് ഞാൻ പുറകെ വന്നേക്കാം….” സെബിച്ചൻ സിദ്ധുവിനോട് പറഞ്ഞു..

സിദ്ധു അവളെ വീട്ടിലേക്കു കൂട്ടി കൊണ്ടു പോയി…. വീട്ടിലെത്തിയതും ശിവ അവളുടെ മുറിയിൽ കേറി വാതിലടച്ചു….

ഒന്നും മനസിലാവാതെ രുഗ്മണി സിദ്ധുവിനെ നോക്കി

“എന്താടാ ശിവക്ക് ..അവൾക്കെന്തു പറ്റി .. .? ”

“ഹേയ് ഒന്നുമില്ല അമ്മേ… അവൾക്കു ചെറിയൊരു തലവേദന ..അതാ ഞാൻ പോയി അവളെ കൂട്ടികൊണ്ട് വന്നത്..” അമ്മക്ക് പിടി കൊടുക്കാതെ സിദ്ധുവും മുറിയിലേക്ക് പോയി…

“രണ്ടും കൂടി തല്ലു കൂടിയിട്ടുണ്ടാവും അല്ലാതെ എന്താ.. ” രുഗ്മണിയമ്മ തനിയെ പറഞ്ഞു…

സന്ധ്യ സമയം കഴിഞ്ഞിട്ടും ശിവയെ പുറത്തേക്കു കാണാതെയപ്പോൾ രുഗ്മണി അവളുടെ മുറിയിലേക്ക് ചെന്നു…

“മോളെ… ശിവ.. എന്തുപറ്റി നിനക്ക്.. ..എന്തു കിടപ്പായിതു… വന്നിട്ടു ഡ്രസ്സ്‌ പോലും മാറ്റില്ലല്ലോ നീ.. എന്താടാ സുഖമില്ലേ…? ”

“ഒന്നൂല്ല അമ്മ..” അവൾ രുഗ്മണിയുടെ മടിയിൽ തല വച്ചു കിടന്നു. അവർ അവളുടെ നെറ്റിയിൽ കൈ വച്ചു നോക്കി…

“ഹേയ് പനിയൊന്നുമില്ല… നിനക്കു അത്രയ്ക്കു വയ്യെങ്കിൽ നമുക്ക് ആശുപത്രിയിൽ പോകാം..”

” ഹേ വേണ്ട അമ്മ..”

“എന്നാ അമ്മ ഒരു ഗ്ലാസ് ചുക്കുകാപ്പി തിളപ്പിച്ച് തരട്ടെ…..”

“എനിക്കൊന്നും വേണ്ട അമ്മേ…. എന്റെ അടുത്ത കുറച്ച് നേരം ഇങ്ങനെ ഇരുന്നാൽ മതി…”

“എന്താടാ എന്താ പറ്റിയെ ന്റെ കുട്ടിക്ക്.. ”

“അവൾക്ക് ഒന്നും പറ്റിയില്ല ന്റെ അമ്മേ… ” സിദ്ധു റൂമിലേക്ക് കടന്നു വന്നു…

” ഇന്നത്തെ പ്രോജക്ട് കുളമായതിന്റെ സങ്കടമാ അവൾക്ക്…. അതൊന്നു ഉറങ്ങി എഴുന്നേറ്റാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ… അല്ലേടി….” ശിവ ഒന്ന് പുഞ്ചിരിച്ചു സിദ്ധു കട്ടിലിലേക്ക് കയറിയിരുന്ന ശിവയെ പിടിച്ച് എഴുന്നേൽപ്പിച്ച് നേരെ ഇരുത്തി…

” അമ്മേ ഞാനും അവളും കൂടി നാളെ ഒന്ന് ചുറ്റാൻ പോവാ..”

” എവിടേക്ക്…? ”

“ഒന്നും ഫിക്സ് ചെയ്തിട്ടില്ല അമ്മേ… രാവിലെ ഒന്ന് അമ്പലത്തിൽ പോണം… ഒരു സിനിമ, ബീച്ച്, പിന്നെ ശിവയുടെ ഫേവറേറ്റ് റസ്റ്റോറന്റ് നിന്നു ഫുഡ്…”

” ഒരു ഞായറാഴ്ചയും വീട്ടിൽ ഇരിക്കില്ലയെന്ന് നിനക്ക് എന്തെങ്കിലും നേർച്ചയുണ്ടോ എന്റെ സിദ്ധു… വയ്യാത്ത കൊച്ചിനെയും കൊണ്ടാണോ നീ നാട് ചുറ്റാൻ പോകുന്നതു… ”

” ഞാനില്ല ചേട്ടായി എനിക്ക് വയ്യ…” ശിവ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു…

“പറ്റില്ല മോളെ…. ഈ സൺ‌ഡേ ഞാൻ ഫ്രീ ആയതു പോലും നിനക്കു വേണ്ടിയാ ശിവാ… വാടീ പ്ലീസ്…ചേട്ടായി അല്ലെ വിളിക്കണേ… വാ ” സിദ്ധുവിനെ നിരാശപ്പെടുത്താൻ അവൾക്ക് തോന്നിയില്ല…. അവൾ പതിയെ തലയാട്ടി കൊണ്ടു പറഞ്ഞു..

“ഞാൻ വരാം ചേട്ടായി ”

” ആങ്ങളയും പെങ്ങളും കൊഞ്ചി കഴിഞ്ഞെങ്കിൽ വാ വന്ന അത്താഴം കഴിക്ക് …”

” എനിക്ക് വേണ്ട അമ്മേ…”

“അതൊന്നും പറഞ്ഞാൽ പറ്റില്ല വയ്യാതെ ഇരിക്കുമ്പോ എന്തെങ്കിലും കഴിക്കണം….”

“അമ്മ പോകോ ഞാൻ കൊണ്ടു വരാം അവളെ…”

“എനിക്കു വേണ്ട ചേട്ടായി…സത്യം എനിക്കു തീരെ വിശപ്പില്ല… ”

“നീ വരുന്നോ അതോ ഞാൻ എടുത്തുക്കൊണ്ട് പോണോ.. ” ഒരു രക്ഷയുമില്ല എന്നു മനസിലായപ്പോൾ അവൾ സിദ്ധുവിന്റെ പിന്നാലെ നടന്നു….

ഭക്ഷണം കഴിച്ചെന്നു വരുത്തി അവൾ എണിറ്റു റൂമിലേക്ക് പോയി…

ആകെ ഒരു ശൂന്യത അവൾക്കു അനുഭവപെട്ടു… അപ്പോഴാണ് ശിവ അവളുടെ മൊബൈലിനെക്കുറിച്ച് ഓർത്താതു.. അവൾ ബാഗിൽ നിന്നു ഫോൺ എടുത്തു… ഒത്തിരി മിസ്സ്‌ കാൾ ഉണ്ടായിരുന്നു… ആരെയും വിളിക്കാൻ അവൾക്കു തോന്നില്ല…പെട്ടന്നാണ് നീതുവിന്റെ കാൾ വന്നതു ആദ്യം ഒന്നു മടിച്ചുവേങ്കിലും ശിവ കാൾ എടുത്തു….

“ഹലോ ശിവ… നിനക്കു എന്താപറ്റിയെ… നീ എന്താ ക്ലാസ്സ്‌ വരാതെയിരുന്നെ…? ”

“തീരെ സുഖമില്ലായിരുന്നു.. അതാ.. ”

“ആണോ ?….ഹോസ്പിറ്റലിൽ പോയോ? ഇപ്പൊ കുറഞ്ഞോ..? ”

“മ്മ്” ശിവ വെറുതെ മൂളി

””ഞാനും വരുണും നിന്നെ കുറെ വിളിച്ചു… നിന്നെ കാണാതെ വന്നപ്പോ നീ എടുത്തില്ലല്ലോ.. പിന്നെ ഇന്നൊരു സംഭവം ഉണ്ടായി… എന്നേ ഒരാൾ പ്രൊപോസൽ ചെയ്തു… ആരായെന്നു അറിയോ…? ”

നീതുവിന്റെ വാക്കുകളിൽ നിറഞ്ഞ സന്തോഷത്തിൽ നിന്നു തന്നെ അവൾക്ക് വരുണിനോടുള്ള സ്നേഹത്തിന്റെ ആഴം ശിവക്കു മനസിലായി…

“എല്ലാം ഞാൻ അറിഞ്ഞു നീതു…കൺഗ്രാറ്റ്സ് ഡിയർ… ”

“താങ്ക്സ് ടി.. അല്ല… നീ എങ്ങനെ അറിഞ്ഞു.. ” മറുപടി പറയാൻ നില്കാതെ അവൾ ഫോൺ കട്ട്‌ ചെയ്തു.. സ്വിച്ച് ഓഫാക്കി…. രാവിലെ ക്ലാസ്സിൽ കണ്ട രംഗം അവളുടെ മുൻപിൽ തെളിഞ്ഞു വന്നു… തലയണ കെട്ടിപ്പിടിച്ചു അവൾ വാവിട്ടു കരഞ്ഞു…

രാവിലെ സിദ്ധു വന്നു വിളിച്ചപ്പോളാണ് അവൾ ഉറക്കം ഉണർന്നത്… അവൾ വാതിൽ തുറന്നു…

“നീ ഇതുവരെ റെഡിയായില്ലേ ശിവ.. സമയം പോകുന്നു… പോയി കുളിച്ചു റെഡി ആവാൻ നോക്ക് ചെല്ല്… പോ… ”

ശിവ വേഗം കുളിച്ചു റെഡിയായി വന്നു… ബ്രേക്ക്‌ഫസ്റ്റ് കഴിക്കാൻ നിൽക്കാതെ അവർ അമ്പലത്തിലേക്ക് പോയി…. തൊഴുതു പുറത്തിറങ്ങിയപ്പോൾ മനസിന്‌ നല്ല ആശ്വാസം തോന്നി അവൾക്ക്…

ആൽമരച്ചുവട്ടിൽ കുറച്ചു നേരം ഇരിക്കാമെന്നു സിദ്ധു പറഞ്ഞപ്പോൾ അവൾ എതിർത്തോന്നും പറഞ്ഞില്ല…

“നിനക്കു വരുണിനെ ഇഷ്ടമായിരുന്നു അല്ലെ..? ”

അപ്രതീക്ഷിതമായി സിദ്ധുവിന്റെ ചോദ്യം കേട്ടു അവൾ ഞെട്ടി….

“അതെ ” ഒറ്റവാക്കിൽ അവൾ ഉത്തരം പറഞ്ഞു…

“അവൻ നിന്നെ റീജെക്ട് ചെയ്‌തോ..? ”

“ഇല്ല ”

“പിന്നെ..? ”

“അവനു നീതുവിനെയാ ഇഷ്ടം…”

“നീതുവിനോ ”

“അവൾക്കും ഇഷ്ട്ടാ ” അവളുടെ കണ്ണുകൾ നിറഞ്ഞു…

സിദ്ധു പതിയെ എണിറ്റു മുൻപിലേക്ക് നടന്നു…

“ശിവ ഈ സ്നേഹം, ഇഷ്ടം, പ്രേമം ഇതൊന്നും പിടിച്ചു വാങ്ങാൻ പറ്റില്ല… നിനക്കു അവനോട് തോന്നിയ ഇഷ്ടം ഒരുപക്ഷെ നിന്നോട് തോന്നി കാണില്ല…നീ അവനെ സ്നേഹിക്കുന്നതുപ്പോലെ അവൻ നിന്നെ സ്നേഹിക്കണം എന്നു വാശിപിടിക്കാൻ പറ്റോ… ആശിക്കുന്നതെല്ലാം ഈശ്വരൻ നമ്മുക്ക് തരില്ലല്ലോ മോളെ…. നീ അവനെ ആത്മാർത്ഥമായായി സ്നേഹിക്കുന്നണ്ടെങ്കിൽ അവന്റെ ഇഷ്ടത്തെ നീ മാനിക്കണം … വാശിപ്പിടിച്ചും മറ്റുള്ളവരുടെ കണ്ണീർ വീഴ്ത്തി നേടിയെടുക്കുന്നതും ഒരിക്കലും നിലനിൽക്കില്ല മോളെ… എല്ലാം മറക്കാൻ ശ്രമിക്ക്.. എനിക്കു അറിയാം മനസ്സിൽ പതിഞ്ഞ മുഖം അത്ര പെട്ടെന്ന് മായ്ച്ചു കളയാൻ നിനക്കു പറ്റില്ലായെന്ന്. പക്ഷെ നമ്മുക്കു ശ്രമിക്കാം . നതിംഗ് ഈസ്‌ ഇമ്പോസിബിൾ ശിവ… വാ നമുക്ക് പോവാം ”

അവർ പതിയെ എഴുന്നേറ്റു നടന്നു യാത്ര മദ്ധ്യേ സിദ്ധു ബുള്ളറ്റ് വഴി ഒതുക്കി…

“ശിവാ എനിക്കു ചെറിയൊരു ഷോപ്പിംഗ് ഉണ്ട്.. ഞാനിപ്പോ വരാം… ”

“സിദ്ധു നീ എവിടെ പോവാ..? ”

“ഇപ്പൊ വരാം ” ഒരു കുസൃതി ചിരിയോടെ അവൻ അടുത്തുള്ള കടയിലേക്ക് കേറി…

അല്പം സമയത്തിനുശേഷം വലിയ ഒരു കവറുമായി സിദ്ധു തിരിച്ചു വന്നു അതു ശിവയുടെ കൈയിൽ ഏല്പ്പിച്ചു…

“എന്താ ചേട്ടായി ഇതു… നമ്മൾ എവിടെക്കാ പോകുന്നതു..? ”

“പറയാം നീ കേറ് ”

സിദ്ധു ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു….അവരുടെ യാത്ര മെയിൻ റോഡിൽ നിന്നു ഒരു ചെറിയ ഇടവഴിയിലേക്ക് കേറി അതു അവസാനിച്ചതു ബത്‌ലേഹം എന്ന് അഭയകേന്ദ്രത്തിൽ .ഒന്നു മനസിലാവാതെ ശിവാ സിദ്ധുവിനെ നോക്കി നിന്നു….

“വാ” അവൻ ശിവയെ ഉള്ളിലേക്ക് ക്ഷണിച്ചു….

ചേട്ടായിയെന്നു നീട്ടി വിളിച്ചു കുറച്ചു കുട്ടികൾ സിദ്ധുവിന്റെ ഒപ്പം കൂടി…. കൈയിലുണ്ടായിരുന്ന പലഹാരം പൊതി അവൻ അവർക്കു നേരെ നീട്ടി സന്തോഷത്തോടെ അവർ അതു വാങ്ങി മറ്റുള്ളവർക്കു പങ്കു വയ്ക്കാനായി ഓടി… അവരുടെ പെരുമാറ്റത്തിൽ നിന്നു തന്നെ സിദ്ധു അവർക്കു സുപരിജിതനാണെന്ന് ശിവക്ക് മനസിലാക്കി

”’ന്റെ കളർ പെൻസിൽ മേടിച്ചോ ചേട്ടായി…? നക്ഷത്രകണ്ണുള്ള ഒരു മാലാഖകുഞ്ഞു അവരുടെ നേരെ വന്നു…

“വാങ്ങിലോ… ” സിദ്ധു അതു അവളുടെ നേരെ നീട്ടിയപ്പോൾ സന്തോഷക്കൊണ്ട് അവളുടെ കണ്ണുകൾ തിളങ്ങി.. അപ്പൊഴാണ് അവൾ ശിവയെ ശ്രദ്ധിക്കുന്നതു..

“ആരാ സിദ്ധുവേട്ടാ ഇതു… ” അവൾ ശിവയുടെ നേരെ കൈ ചൂണ്ടി

“ഇതോ…? ഇതാണ് ന്റെ അനിയത്തി ശിവ… ”

“ശിവേച്ചി “എന്ന് വിളിച്ചു അവൾ ശിവയുടെ കൈയിൽ തൂങ്ങി

“ചേട്ടായി എപ്പോഴും പറയും ചേച്ചിടെ കാര്യം ”

“എന്താ മോളുടെ പേര്…? ” ശിവ അവളെ നോക്കി ചിരിച്ചു…

“മാളു.. കുഞ്ഞിമാളു ”

” മാളൂട്ടി എത്രയിലാ പഠിക്കണേ. ? ”

“നാലാം ക്ലാസ്സിൽ ”

“കേട്ടോ ശിവ… കുഞ്ഞി നന്നായി വരക്കും… പാടും ഡാൻസ് കളിക്കും ഓൾ ഇൻ ഓൺ ആണ്… “മാളുവിന്റെ കൈകൾ ചേർത്തു പിടിച്ചു സിദ്ധു പറഞ്ഞു.

“ശിവേച്ചി.. ചേട്ടായി ചുമ്മാ പറയാ എന്നേ കളിയാക്കാൻ… ” മാളു നിന്നു ചിണുങ്ങാൻ തുടങ്ങി…

“എന്തിനാ ചേട്ടായി വെറുതെ ” മാളുവിനെ സമാധാനിപ്പിക്കാൻ എന്നാപ്പോലെ ശിവ പറഞ്ഞു.. അവളുടെ മുഖം ഒന്നു തെളിഞ്ഞു…

“കുഞ്ഞീ …നീ ചേച്ചീനെ കൊണ്ടുപോയി എല്ലാവരെയും പരിചയപെട്ടുത്ത് . ചേട്ടായി പോയി ജോൺ അച്ചനെ കണ്ടിട്ട് വരാം.. ”

“വാ ചേച്ചി… ” മാളു ശിവയുടെ കൈ പിടിച്ചു മുന്നോട്ടു നടന്നു….

അവിടെത്തെ തൂണിനെയും തുരുമ്പിനെയും വരെ മാളു ശിവക്കു പരിചയപെടുത്തി… നിമിഷം നേരം കൊണ്ടു മാളു ശിവയുടെ ഹൃദയത്തിൽ ഇടം നേടി… ജോൺ അച്ചന്റെയടുത്തു നിന്ന് തിരിച്ചെത്തിയ സിദ്ധു കാണുന്നത്… കുട്ടികളുമായി സൊറ പറഞ്ഞിരിക്കുന്ന ശിവയെ ആണ്… അവൻ അവരുടെ അടുത്തേക്ക് നടന്നു…

” എല്ലാവരെയും പരിചയപ്പെട്ട കഴിഞ്ഞോ…? ” മാളുവും ശിവയും സിദ്ധുവിനെ നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി…

” പിന്നെ ഞാൻ എല്ലാവരെയും ചേച്ചിക്കു പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്…”

” കുട്ടിപ്പട്ടാളം എല്ലാവരും ചെല്ല്..അച്ചൻ വിളിക്കുന്നുണ്ട്…”

കുട്ടികളെല്ലാവരും അച്ചന്റെ അടുത്തേക്ക് ഓടി… സിദ്ധുവും ശിവയും അവിടെ ഒറ്റയ്ക്കായി…

” എങ്ങനെയുണ്ട് ശിവ… നിനക്ക് ഇഷ്ടപ്പെട്ടോ ഇവിടെ..? ”

“ഇഷ്ട്ടായി ”

“എല്ലാം ഞായറാഴ്ചയും ഞാൻ എവിടെ പോകുന്നു എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം ഇപ്പോൾ കിട്ടിയോ…? കുറച്ചു മാസങ്ങൾക്കു മുമ്പാണ് ഞാൻ ഇവിടെ എത്തുന്നത്…. ഇവിടെയുള്ള അന്തേവാസികൾക്ക് കുറച്ചു മരുന്നും ഭക്ഷണവും എത്തിക്കണം എന്ന് പറഞ്ഞാണ് സെബിച്ചൻ എന്നെ വിളിച്ചു കൊണ്ടു വന്നത്… ഭക്ഷണപ്പൊതി അവരുടെ കൈകളിലേക്ക് ഏൽപ്പിക്കുമ്പോൾ കണ്ണുകളിൽ നിന്നു ഇറ്റുവീണ കണ്ണീർ ഇതുവരെയുള്ള എന്റെ എല്ലാ കാഴ്ചപ്പാടുകളും മാറ്റി മറിച്ചു… എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവർക്ക് താങ്ങായി തണലായി നിൽക്കണമെന്നു ഒരു തോന്നൽ…. അങ്ങനെ ഞാനും ഇവരിൽ ഒരാളായി മാറി.. ഇവിടെയുള്ള ഓരോരുത്തർക്കും ഉണ്ട് ഓരോ കഥകൾ…. നീ ആ നിൽക്കുന്ന അമ്മയെ കണ്ടോ”

സിദ്ധു ചൂണ്ടിക്കാട്ടിയ വശത്തേക്ക് ശിവ നോക്കി

” സ്വത്തും പണവുമെല്ലാം സ്വന്തം പേരിലായപ്പോൾ മകനും മരുമകളും ചേർന്ന് അടിച്ചു പുറത്താക്കിയതാണ് ആ അമ്മയെ… നീ കുറച്ചു മുമ്പ് കണ്ടില്ലേ കുഞ്ഞു മാളു… അവളെ വർഷങ്ങൾക്കു മുമ്പ് ആരോ ഇവിടെ ഉപേക്ഷിച്ചു പോയതാണ്… ഇപ്പോൾ അവൾ അമ്മയായി കാണുന്നത് മക്കളെ നഷ്ടപ്പെട്ട മാനസികമായി തളർന്ന ഇവിടെയുള്ള ഒരു സ്ത്രീയെയാണ് … അവൾക്കു അവർ അമ്മയായി…. അങ്ങനെ ആരും അറിയാത്ത ഒത്തിരി ഒത്തിരി കഥകൾ…. ഉറ്റവരും ഉടയവരും ഉണ്ടായിട്ടും അനാഥരെ പോലെ ജീവിക്കുന്നവർ അതൊക്കെ വച്ച് നോക്കുമ്പോൾ നമ്മൾ ഭാഗ്യവാന്മാരാണ്…. മറ്റുള്ളവർ അനുഭവിക്കുന്ന സങ്കടത്തിനു വേദനക്ക് മുന്നിൽ നമ്മുടെ വേദനയെല്ലാം നിസ്സാരമാണ്…. നിന്റെ മുൻപിൽ ജീവിതം ഒരുപാടുണ്ട് അതുകൊണ്ടു നിരാശ വേണ്ടാ…. ”’

”’ ചേട്ടായീ ..”’ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചുകൊണ്ട് ശിവ സിദ്ദുവിന്റെ കൈയിൽ അമർത്തിപ്പിടിച്ചു . ശിവയിൽ പഴയ ആത്മവിശ്വാസവും ധൈര്യവും തിരിച്ചുവന്നത് അവനു തോന്നി..അവരോടൊപ്പം കുറച്ചുനേരം കൂടി ചെലവിട്ട് അവർ വീട്ടിലേക്ക് തിരിച്ചു…

“സിദ്ധു… ഇനിമുതൽ എല്ലാം ഞായറാഴ്ച ഞാനും വരുന്നുണ്ട്….”

” അതിനെന്താ നീയും പോരെ…?”

“താങ്ക്സ് ഡാ ചേട്ടായി… ഇനി എനിക്ക് കിട്ടുന്ന പോക്കറ്റ് മണി ഞാൻ അനവശ്യമായി കളയില്ല അതിലൊരു പങ്ക് നമുക്ക് ബത്‌ലഹേമിലെക്കു കൊടുക്കണം”

“നിനക്ക് അവിടെ വല്ലാതെ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു.? ”

“ഒത്തിരി ഇഷ്ട്ടായി കുഞ്ഞുമാളുവിനെ… അവളെ കാണാൻ എനിക്ക് ഇനിയും വരണം”

അവൻ ഒന്നു പുഞ്ചിരിച്ചു…

“സിദ്ധു നമുക്ക് ബീച്ച് വരെ ഒന്നു പോയാലോ…”?

“ആഹാ പോവാം ”

അവൻ ബുള്ളറ്റ് ബീച്ച് റോഡിലേക്ക് തിരിച്ചു….. തിരമാലകൾ കാലുകളെ തലോടി പോയപ്പോൾ ഇതുവരെ ഇല്ലാത്ത ഒരനുഭവമായിരുന്നു അവൾക്ക്…

“ഹൃദയത്തിൽ നിന്നോട് തോന്നിയ പ്രണയം ഈ കടലോളം ഉണ്ടെങ്കിലും ഞാനത് ഉള്ളിലൊതുക്കുന്നു… നിനക്കായ്… ഒന്നിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ ജന്മം മുഴുവനും എന്നുള്ളിൽ നീ മാത്രമേ ഉണ്ടാകൂ….” ആഴക്കടലിനെ ചുംബിക്കാൻ ഒരുങ്ങുന്ന സൂര്യനെ സാക്ഷിയാക്കി അവൾ മനസ്സിൽ മന്ത്രിച്ചു ..

“ഡീ.. നിനക്കു ഐസ്ക്രീം വേണെങ്കിൽ കേറി വാ…? ”

“അതിനു ഞാൻ ഐസ്ക്രീം വാങ്ങാൻ പറഞ്ഞില്ലല്ലോ..? ”

“എനിക്കു വേണ്ടെങ്കിൽ വേണ്ടാ ഞാൻ കഴിച്ചോളാം.. ”

“അയ്യടാ … ”

അവൾ അവന്റെ പുറകെ ഓടി… രാത്രി ഏറെ വൈകിയാണ് അവർ വീട്ടിലെത്തിയത്… രുഗ്മിണി അവരെ കാത്തു ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു…

“എന്റെ സിദ്ധു… അടുത്ത കൊല്ലം ഈ പെണ്ണിനെ കെട്ടിച്ചു വിടണം… അതിനെപ്പറ്റി വലിയ ആലോചന ഉണ്ടോ അച്ഛനും മോനും…? ”

ചാരുകസേരയിൽ ഇരിക്കുന്ന അവരുടെ അച്ഛനെ നോക്കി രുഗ്മിണി അമ്മ പറഞ്ഞു….

” അതിന് ഞാൻ കെട്ടാൻ ഒന്നും പോകുന്നില്ലല്ലോ…. ഞാനേ സന്യസിക്കാൻ പോവാ അങ്ങ് ഹിമാലയത്തിലേക്ക്”

” ദേ ശിവ നീ ഇന്നന്റെ കയ്യിൽ നിന്ന് വാങ്ങും”

രുക്മണി അവളുടെ നേർക്ക് കൈ ഓങ്ങി അവൾ ചിരിച്ചുകൊണ്ട് അകത്തേക്ക് ഓടി… മുറി കേറി ഒന്ന് ഫ്രഷായി അവൾ കിടക്കാൻ ഒരുങ്ങി.. നല്ല യാത്ര ക്ഷീണം ഉണ്ടായിട്ടുപോലും അവൾക്ക് ഉറക്കം വന്നില്ല… നാളെ കോളേജിൽ ചെല്ലുമ്പോൾ വരുണിനെയും നീതുവിനെയും എങ്ങനെ ഫേസ് ചെയ്യും അതായിരുന്നു അവളുടെ ചിന്ത…. പിറ്റേദിവസം രാവിലെ കോളേജിലേക്കു പോകാൻ റെഡിയായി അവൾ മുറ്റത്തേക്കിറങ്ങി… അവളെ കാത്ത് സിദ്ധു മുറ്റത്ത് ഉണ്ടായിരുന്നു….

“എത്ര സമയമായി എന്ന് അറിയോ നിന്നെ നോക്കി ഞാൻ നിൽക്കാൻ തുടങ്ങിയിട്ട്…. നീ കോളേജിലേക്ക് അല്ലേ പോകുന്നത് കല്യാണത്തിൽ ഒന്നുമല്ലല്ലോ ഇത്ര ഒരുങ്ങാൻ…? വേഗം കേറി ഇരിക്ക് സമയമായി… ”

” അല്ല ചേട്ടായി എന്റെ വണ്ടി എവിടെയാ…? ”

“ഇപ്പോഴെങ്കിലും ചോദിക്കാൻ തോന്നിയല്ലോ ഭാഗ്യം… അതിന്റെ ബ്രേക്ക് ശരിയാക്കാൻ കൊടുത്തിരിക്കുകയാണ്,… ”

“അതിന് അത്യാവശ്യം ബ്രേക്ക് ഒക്കെ ഉണ്ടല്ലോ..? ”

“നിന്റെ പോക്കിന് അതൊന്നും പോരാ എന്നാ സെബിച്ചൻ പറഞ്ഞതു ”

ഒന്നും മനസ്സിലാവാതെ ശിവ സിദ്ധുവിനെ നോക്കി…

” ശനിയാഴ്ച ഒരു ബെല്ലും ബ്രേക്കുമില്ലാതെ വണ്ടിയിൽ നീ പോകുന്നത് കണ്ടപ്പോൾ തന്നെ സെബിച്ചൻ നിന്നെ ഫോളോ ചെയ്തിരുന്നു… സെബിച്ചനാണ് എന്നെ വിളിച്ചു പറഞ്ഞതും നീ ബീച്ചിൽ ഉണ്ടെന്നു… ഞാൻ വരുന്നതുവരെ അവൻ അവിടെ ഉണ്ടായിരുന്നു നിനക്ക് കാവലായി”

” ഞാൻ ആ കാര്യം ചോദിക്കണം എന്ന് വിചാരിച്ചിരുന്നുതായിരുന്നു പിന്നെ മറന്നുപോയി…. ”

” മറവി ഈ പ്രായത്തിൽ അത്ര നല്ലതല്ല മോളെ…. ” അവളെ കളിയാക്കാനുള്ള അവസരം പാഴാക്കാതെ സിദ്ദു അതു ഏറ്റെടുത്തു…. ശിവേയെ കോളേജിന്റെ മുൻപിൽ ഇറക്കിവിട്ടു… പോവാൻ നേരം സിദ്ധു ചോദിച്ചു…

“വൈകുന്നേരം നിന്നെ പിക്ക് ചെയ്യാൻ ഞാൻ വരണോ… അതോ നീ ബസിനു പോകുമോ..? ”

“ഞാൻ ബസ്സിൽ വന്നോളാം…”

“എന്നാ ശരി ഞാൻ പോവാ ബൈ.. ”

” ബൈ.. ” അവൾ കോളേജിലേക്ക് നടന്നു… ഓരോ ചുവട് വെക്കുമ്പോഴും… അവളുടെ ഉള്ളിൽ വരുൺ നീതുവിനെ പ്രൊപ്പോസ് ചെയ്യുന്ന രംഗം തെളിഞ്ഞുവന്നു… ക്ലാസ്സിലേക്ക് തിരിയുന്ന വഴി അവൾ വാകമരച്ചുവട്ടിലേക്ക് നോക്കി.. അവൻ അവിടെ ഇല്ല… അവൾ ക്ലാസ്സിലേക്ക് കയറി നീതുവും വരുണും എത്തിയിട്ടില്ല… അവൾ ബെഞ്ചിലേക്ക് ബാഗ് വച്ച് അവിടെ ഇരുന്നു….കരിഞ്ഞുണങ്ങിയ റോസാപ്പൂക്കളും… വർണ്ണ കടലാസുകളും വാലെന്റൈൻസ് ഡേയുടെ അവശേഷിപ്പുകളായി അവിടെ കിടക്കുന്നുണ്ട്… അപ്പോഴാണ് നീതുവും വരുണും ക്ലാസ് മുറിയിലേക്ക് കയറി വന്നത് കളിയും ചിരിയുമായി നടന്നുവരുന്ന അവരെ കണ്ടപ്പോൾ സത്യത്തിൽ ശിവക്ക് സഹിക്കാൻ കഴിഞ്ഞില്ല എത്രയൊക്കെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും… അത്ര പെട്ടെന്ന് വരുണിനെ മറക്കാൻ അവൾക്ക് സാധിക്കുമായിരുന്നില്ല…

” നീ എപ്പോഴാ വന്നേ ശിവ ഞങ്ങൾ കണ്ടില്ലല്ലോ…? ബാഗ് വെക്കുന്ന തിരക്കിൽ നീതു അവളോട് ചോദിച്ചു…

“എന്റെ വണ്ടിക്ക് ചെറിയൊരു കംപ്ലൈന്റ് അതുകൊണ്ട് ഞാനിന്ന് സിദ്ധുവിന്റെ കൂടെയാ വന്നത്..”

” തന്റെ അസുഖം മാറിയോ… ”

“മാറി ” വരുണിനു മുഖം കൊടുക്കാതെ ശിവ പറഞ്ഞൊപ്പിച്ചു…

വരുൺ എന്തോ ചോദിക്കാൻ ഒരുങ്ങുമ്പോഴേക്കും … ക്ലാസ്സിലേക്ക് മാത്യു സാർ കേറി വന്നു… അവൻ ഫ്രന്റ്‌ സീറ്റിലേക്ക് മാറിയിരുന്നു… ഇന്റർവെൽ സമയത്തും ലഞ്ച് ബ്രേക്കിന്റെ സമയത്തും അവരുടെ ഇടയിൽ ഒരു ശല്യമാവാതെയിരിക്കാൻ മനപ്പൂർവ്വം അവൾ അവരെ ഒഴിവാക്കി….

ക്ലാസ് കഴിഞ്ഞപ്പോൾ ആരെയും കാത്തു നിൽക്കാതെ അവൾ പുറത്തേക്ക് നടന്നു….

” ശിവ… ” വരുണിന്റെ വിളി കേട്ട ശിവ ഒരു നിമിഷം അവിടെ നിന്നു….

“എന്താ വരുൺ… ”

“നിനക്ക് എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ…? ”

“വരുൺ എന്താ അങ്ങനെ ചോദിക്കാൻ…? ”

” രണ്ടുദിവസമായി നീ എന്നെ അവോയ്ഡ് ചെയ്യുന്നതു പോലെ… എന്റെ മെസ്സേജിന് റിപ്ലൈ ഇല്ല.. എന്റെ കാൾ എടുക്കുന്നില്ല… നിനക്കെന്താ പറ്റിയേ… ഞാൻ നിന്നോട് എന്തെങ്കിലും അപമര്യാദയായി പെരുമാറിയിട്ടുണ്ടോ… നീ പറ…? ”

” അയ്യോ അങ്ങനെ ഒന്നുമില്ല… രണ്ട് ദിവസമായി മനസ്സിനൊരു സുഖമില്ലായിരുന്നു അതാണ് ഞാൻ… ”

” ശരി അത് വിട്… നീ ഇന്നത്തെ ദിവസം ഒരു വാക്കുപോലും എന്നോട് മിണ്ടിയിട്ടില്ല… ഇന്ന് എന്നോട് യാത്ര പോലും പറഞ്ഞില്ല ക്ലാസിൽ നിന്നും ഇറങ്ങിയപ്പോൾ… ഇങ്ങനെയൊക്കെ ചെയ്യാൻ മാത്രം എന്ത് തെറ്റാണ് ഞാൻ നിന്നോട് ചെയ്തത്…? എനിക്കിപ്പോ അറിയണം..? ”

“ഞാൻ.. അതുപിന്നെ വരുൺ… ” ഉത്തരം പറയാനാവാതെ അവൾ നിന്നു. അപ്പോഴാണ് അവൾ ആ കാഴ്ച കണ്ടത്…

” ഇതു മിഥുൻ അല്ലേ നീതു എന്താ അവന്റെ കൂടെ ബൈക്കിൽ പോകുന്നത്…? ”

“അവളുടെ ലൗവറിന്റെ കൂടെ അവൾ പോകുന്നതിന് നിനക്കെന്താ…? ”

“അവളുടെ ലൗവറോ നീ എന്തൊക്കെ പറയുന്നത് വരുൺ…നീ വാലെന്റൈൻസ്ഡേക്കു അവളെ പ്രൊപ്പോസ് ചെയ്യുന്നത് ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടതല്ലേ..? പിന്നെ ഇതെന്താ ഇങ്ങനെ..? ”

“നീ എന്തൊക്കെയാ ഈ പറയുന്നേ ശിവ… അന്ന് നടന്നത് എന്താണെന്ന് നിനക്കറിയോ …. വാലെന്റൈൻസ്ഡേ ഗെയിം.. എല്ലാം പെൺകുട്ടികളുടെ പേര് എഴുതി ഒരു ബൗളിൽ ഇടും… ആൺകുട്ടികൾ ആരെങ്കിലും ഒരാള് അതിൽനിന്നും ഒരു ചീട്ട് എടുക്കും അതിൽ ആരുടെ പേരാണോ എഴുതിയിരിക്കുന്നത്… അയാൾ ആ പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യണം… എനിക്ക് കിട്ടിയത് നീതുവിനെയാണ് ഞാൻ അവളെ പ്രൊപ്പോസ് ചെയ്തു അതാണ് അവിടെ ഉണ്ടായത്…. ”

സന്തോഷകൊണ്ടു അവളുടെ കണ്ണുകൾ നിറഞ്ഞു… ഒപ്പം കാര്യം അറിയാതെ കാണിച്ചു കൂടിയ മണ്ടത്തരങ്ങളെക്കുറിച്ച് ഓർത്ത് സങ്കടവും…

“ശിവാ.. ഞാൻ നീതുവിനെ പ്രൊപ്പോസ് ചെയ്തതാണോ നിന്റെ പ്രശ്നം..? ”

“അല്ല വരുൺ… പെട്ടെന്ന് അതെല്ലാം കണ്ടപ്പോ എനിക്കെന്തോ അക്‌സെപ്റ് പറ്റില്ല അയാം റിയലി സോറി വരുൺ.”

“ഹേയ് അതൊന്നും സാരമില്ല… ശിവ നമ്മുക്ക് ഒന്നു നടന്നാലോ..? ” “ഓക്കെ ”

അവർ മുന്നോട്ടേക്ക് നടന്നു. അവൻ സ്ഥിരമായി ഇരിക്കാറുള്ള വാകമരച്ചോട്ടിൽ എത്തിയപ്പോൾ അവർ നിന്നു… അവൻ അവിടെയിരുന്നു… കൽപ്പടവുകളിലെ പൊടി തട്ടിക്കളഞ്ഞു അവളോട് അവിടെ ഇരിക്കാൻ ആംഗ്യം കാണിച്ചു….

പ്രണയം തുറന്ന് പറയാൻ കൊതിക്കുന്ന മനസ്സുമായി അവൾ അവനരുകിലിരുന്നു… തന്റെ പ്രണയം എങ്ങനെ അവനെ അറിയിക്കും അതായിരുന്നു അവളുടെ ചിന്ത… ഒടുവിൽ അവന്റെ ശബ്ദം മൗനത്തെ ഭേദിച്ചു…

“ശിവ… ” അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി…. ആർദ്രമായ അവന്റെ കണ്ണുകളിൽ ഒരു തീര അനക്കം…. അവൻ തുടർന്നു

” ശിവ രണ്ടുദിവസം നിന്നിൽ എന്ത് മാറ്റമാണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല… പക്ഷേ എന്നിൽ ഏറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്…. നിന്നെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നൊന്നും എനിക്കറിയില്ല…. എന്റെ മെസ്സേജിന് റിപ്ലൈ തരാതെ ഇരുന്നപ്പോൾ… എന്റെ കോൾ അറ്റൻഡ് ചെയ്യാതിരുന്നത് അപ്പോൾ…. ഈ ലോകം ഒറ്റ ദിവസത്തിനുള്ളിൽ അവസാനിച്ചത് പോലെ തോന്നി എനിക്ക്… നിന്റെ അഭാവത്തിലാണ് നീ എനിക്ക് ആരായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത്….. ഇനിയുള്ള കാലവും നീ എന്റെ കൂടെ വേണം എന്നൊരു തോന്നൽ… തോന്നലല്ല നിന്നെ എനിക്ക് വേണം… വിൽ യൂ മാരി മി…? ”

” യെസ്.. ഒരുപാട് വർഷങ്ങളായി ഞാൻ കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകളാണിത്… ഈ ലോകത്ത് മറ്റെന്തിനെക്കാളും ഞാൻ സ്നേഹിക്കുന്നത് നിന്നെയാണ്…

വരുൺ ശിവയുടെ കൈകൾ കോർത്തു പിടിച്ചു…. നിറഞ്ഞ മിഴിയോട് അവൾ അവന്റെ ചുമലിലേക്ക് ചാഞ്ഞു…..
ഇളം കാറ്റിൽ ഉതിർന്നു വീണ വാകപ്പൂക്കൾ അവരെ തഴുകി തലോടി പോയി 😍

രചന: Ammu Lal

Leave a Reply

Your email address will not be published. Required fields are marked *