വീടെന്ന സ്വർഗ്ഗം….

രചന: സിന്ധുകൃഷ്ണൻ, കാവശ്ശേരി….

“എടാ.., നിന്റെ കയ്യിൽ പൈസ വല്ലതും എടുക്കാൻ ഉണ്ടോ.. പണിക്ക് പോയ ശേഷം തിരിച്ചു തരാം.. വീട്ടിൽ സാധനങ്ങൾ ഒക്കെ തീർന്നു തുടങ്ങി. കടയടയ്ക്കുമ്പോഴും പോയി വല്ലതും വാങ്ങിക്കാനാണ് “…

“നീയൊക്കെ എപ്പോ പണിക്ക് പോയിട്ട് എപ്പോ തരാനാണ് .. എന്റെ കയ്യിൽ ഒന്നുമില്ല .. നീ വേറെ ആരെയെങ്കിലും നോക്ക് “..

“നിങ്ങളുടെയടുത്തല്ലാതെ ഞാൻ പിന്നെ വേറെ ആരോടാടാ ചോദിക്കുക.. ഞാൻ നിന്റെ വീടിന്റെ ഗേറ്റിൽ വന്നു നിൽക്കാം.. അകത്തോട്ടൊന്നും വരില്ല .. നിന്റെ കയ്യിലുള്ളത് തന്നാൽ മതി”..

“ഹേയ്… ഇങ്ങോട്ടൊന്നും വരല്ലേ.. എന്റെ കയ്യിൽ പൈസ ഒന്നും ഇല്ല . ഞാൻ ഫോൺ വെയ്ക്കുവാ” എന്നു പറഞ്ഞതും വിനോദ് ഫോൺ വെച്ചതും ഒപ്പമായിരുന്നു. ഇനിയിപ്പോ ആരോടാ ചോദിക്കുക..

മറ്റു മൂന്നു പേരും ഇതുതന്നെയാണ് പറഞ്ഞൊഴിഞ്ഞത് .. പ്രകാശന്റെ ചങ്ങാതിമാരായിരുന്നു വിനോദും, അജിത്തും, ജോർജുകുട്ടിയും, മനോജും…

ഇതുവരെയും എല്ലാത്തിനും കൂട്ടായി നിന്നവർ .. എല്ലാത്തിനും എന്നുപറഞ്ഞാൽ രാത്രിയിലെ “കമ്പനി” കൂടുന്നതും, അതേ തുടർന്നുണ്ടാകുന്ന ചില്ലറ തർക്കങ്ങൾ തീർക്കുന്നതിനും, നാട്ടിൽ വല്ല നല്ല കാര്യം നടക്കുന്നുണ്ടെങ്കിൽ അതിനിടയിൽ പോയി ഒരാവശ്യവുമില്ലാതെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും ഒക്കെ അവരൊറ്റക്കെട്ടായിരുന്നു…

എന്തിനധികം പറയുന്നു. ജനതാ കർഫ്യുവിന്റെ അന്നുപോലും നാലുപേരും കറങ്ങാൻ പോയി പോലീസിന്റെ കയ്യിൽനിന്നും ലാത്തിയുടെ ചൂടറിഞ്ഞു വന്നവരാണ് … അന്ന് പിരിഞ്ഞതാണ്.. പിന്നെ ഇതുവരെയും കണ്ടുമുട്ടാൻ പറ്റിയിട്ടില്ല..

ഇവരുടെയെല്ലാം അമ്മമാർ ഐക്യകണ്ഠമായ് പറയുന്ന ഒരു കാര്യമുണ്ട്.. “എന്റെ മോൻ പാവമാ.. ആ തെമ്മാടിപിള്ളേരുടെ കൂടെ പോയതു കൊണ്ടാണ് അവനിങ്ങനെ ആയത് “.. എന്ന്.. എല്ലാ അമ്മമാരും ഇവരുടെ കൂട്ടുകെട്ട് തകർക്കാൻ ശ്രമിച്ച തോറ്റു തൊപ്പിയിട്ടിരിക്കുന്നവരാണ്…

തല്ലുകൊണ്ടതോടെ എല്ലാവരും പുരയിടത്തിൽ അടങ്ങിയൊതുങ്ങി ഇരിപ്പുണ്ട് ..

“അജിയെ…. ഒരു കട്ടൻചായ താടി” … അവൻ ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു..

“പ്രകാശേട്ടാ പഞ്ചസാര തീർന്നിരിക്കുകയാണ് .. ചക്കരകാപ്പിയിട്ടു തന്നാൽമതിയോ”..

ആ… അതെങ്കിലത്… കൊണ്ടുവായോ..

അവനു വെല്ലത്തിന്റെ മണം ഇഷ്ടമല്ല… പിന്നെ ഇപ്പൊ വേറെ വഴിയില്ലല്ലോ…

“അമ്മേ.. എനിക്കും ഇത്തിരി വേണം”…

മൂത്ത മോളാണ് രണ്ടാം ക്ലാസിൽ പഠിക്കുന്നു.. താഴെ ഒരു അഞ്ചുവയസുകാരനുണ്ട് രണ്ടുപേരും കൂടെ കളിപ്പാട്ടങ്ങൾ വാരിവലിച്ചിട്ട് എന്തൊക്കെയോ കളിക്കുകയാണ്.. എങ്ങനെ വളരേണ്ട കുഞ്ഞുങ്ങളാണ്…

തന്നെ പെണ്ണു കാണാൻ വരുമ്പോൾ പ്രകാശേട്ടനു നല്ല ഭംഗി ഉണ്ടായിരുന്നു.. സ്വന്തം കാറിലാണ് വന്നത്.. തരക്കേടില്ലാത്ത ജോലി. നല്ല കുടുംബം.. ഇതൊക്കെ കൊണ്ടാണ് അച്ഛനുമമ്മയും സന്തോഷത്തോടെ തന്നെ പ്രകാശ് ചേട്ടന്റെ കയ്യിൽ ഏൽപ്പിച്ചത് .. ആദ്യദിവസം തന്നെ തന്റെ സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തി കൊണ്ട് മദ്യപിച്ചു കുഴഞ്ഞാണ് റൂമിലെത്തിയത്…

അന്നത്തെ നടുക്കുന്ന ഓർമ്മകൾ ഇന്നും വിട്ടുമാറാതെ കൂടെയുണ്ട് .. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു.. വിവാഹത്തിനു മുൻപ് അന്വേഷിച്ചവരെല്ലാം തരക്കേടില്ല നല്ല കുടുംബമാണ് എന്ന് മാത്രം പറഞ്ഞപ്പോഴും ചെറുക്കന്റെ സ്വഭാവം ഇന്നതാണെന്ന് ആരും പറഞ്ഞു തന്നില്ല..

അതിപ്പോ അങ്ങനെയാണല്ലോ … ഒരു കല്യാണം മുടക്കിയാവാൻ ആർക്കും താൽപര്യം കാണില്ലല്ലോ.. എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു പറഞ്ഞു നടക്കുന്നവർ പോലും കല്യാണക്കാര്യത്തിൽ ഉള്ള കാര്യം പറയില്ല…

അതിപ്പോ ആണിനെയായാലും, പെണ്ണിനെയായാലും.. ” നമ്മളായിട്ട് എന്തിനാ ഒരു ജീവിതം മുടക്കുന്നതെന്ന് വിചാരിച്ചു” എന്നാവും അവസാനം ഇവരുടെ ന്യായീകരണം എന്തായാലും “പാഴ് ” തന്നെ…

ഏട്ടന്റെ വീട്ടുകാർ നല്ല സ്നേഹമുള്ളവർ തന്നെയാണ് .. കല്യാണം കഴിഞ്ഞാലെങ്കിലും ആളുടെ സ്വഭാവം നന്നായെങ്കിലോ എന്നോർത്ത് കല്യാണം കഴിപ്പിച്ചതാണ്.. അവർക്ക് ഞാൻ ഒരു പരീക്ഷണവസ്തു ആയിരുന്നു..

ഇപ്പോഴും അവരെ കുറ്റം പറയാനൊക്കില്ല.. തനിയെ ഒരു ഉത്തരവാദിത്വബോധം വരാനായിട്ടാണ് അപ്പു പിറന്ന ശേഷം ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ഒരു വാടക വീട് എടുത്തു തന്നു ഞങ്ങളെ മാറ്റിപ്പാർപ്പിച്ചത്..

കാര്യമായ വ്യത്യാസമൊന്നും ഉണ്ടായില്ലെങ്കിലും, തറവാട്ടിൽ ഇരിക്കുമ്പോൾ ഒന്നും ചിലവിന് കൊടുക്കാത്ത ചേട്ടൻ വാടകയും വീട്ടിലേക്ക് വേണ്ട സാധനങ്ങളും വാങ്ങിക്കാൻ വേണ്ട പൈസ ഇപ്പോൾ തരുന്നുണ്ട്..

ഇനി അഥവാ എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ ഏട്ടന്റെ അച്ഛനുമമ്മയും വരുമ്പോൾ അവരും തന്നു സഹായിക്കുമായിരുന്നു..

ഇപ്പോൾ വരാൻ നിവൃത്തി ഇല്ലാതെ ഇരിക്കുകയായിരിക്കും. പാവങ്ങൾ..

മുൻപ് ചേട്ടൻ കിട്ടിയത് മുഴുവനും കൂട്ടുകാരോടൊത്ത് ചേർന്ന് കുടിച്ചു തീർക്കുമായിരുന്നു.. ആഘോഷങ്ങൾ കൂടി കൂടി വന്നിട്ടാണ് ഒടുവിൽ മദ്യലഹരിയിൽ ഏതോ കൂട്ടുകാരനു തന്നെ വായിൽ തോന്നിയ വിലയ്ക്ക് പുതിയ കാർ വിറ്റത്. ഒരു ബൈക്ക് വാങ്ങിച്ചത് ഒഴികെ ഒരു രൂപ പോലും അതിന്റെ വകയിൽ വീടെത്തിയിരുന്നില്ല..

ഇപ്പോൾ കൈയയച്ചു കൂട്ടുകാർക്ക് കൊടുക്കാൻ മാത്രം ഒന്നും ബാക്കിയുണ്ടാവില്ല .. ഇപ്പോൾ കുറച്ചായി അവരുടെ ഇടയിൽ നിന്നും ചേട്ടനെ ഒഴിവാക്കാറുണ്ട്.. പിന്നെ ഒഴിവാക്കിയതും പറഞ്ഞിട്ടാവും അവരോട് വഴക്ക് ..

വീട്ടിൽ വന്നാലും എല്ലാവരോടും എടുത്തുചാട്ടവും, കോപവുമാണ്..

കുട്ടികൾക്കൊക്കെ അച്ഛൻ വരുന്നതിനു മുൻപേ ഭക്ഷണം കൊടുത്തിട്ടുണ്ടാവും.. ഒച്ച ഉയർന്നു കേൾക്കുമ്പോൾ രണ്ടുപേരും പേടിച്ചരണ്ട് ബെഡിൽ പോയി കിടക്കും. എന്നാലും ചിലപ്പോൾ ശല്യപ്പെടുത്തും… അവർക്ക് പേടിയാണ് അച്ഛനെ..

ഓ… കാപ്പി തിളച്ചുമറിയുന്നു കാപ്പി അരിച്ചെടുത്ത് ഗ്ലാസിൽ ആക്കി അവൾ ഉമ്മറത്തേക്ക് നടന്നു .. സിറ്റൗട്ടിലേക്ക് കാലു നീട്ടി വെച്ച് ചാരി ഇരിക്കുന്നുണ്ടായിരുന്നു പ്രകാശൻ..

“പ്രകാശേട്ടാ … ദാ കാപ്പി .., മധുരം മതിയോന്ന് നോക്കണെ”..

“ആ.. നോക്കിയിട്ട് പറയാം”..

അവൻ അവളുടെ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു..

അവളിൽ എന്തൊക്കെയോ മാറ്റമുണ്ടെന്ന് അവനു തോന്നി..

ഏയ് …പഴയ നൈറ്റി തന്നെ.. എന്നത്തെയും പോലെ തല ചീകി ഒന്നിച്ചൊരു കെട്ടു കെട്ടിയിട്ടുണ്ട് പുറകിൽ.. എന്നത്തെയും പോലെ ഒരു കുഞ്ഞു പൊട്ടൊന്ന് തൊട്ടിട്ടുണ്ട് നെറ്റിയിൽ… അധികം തടി ഒന്നും വച്ചിട്ടില്ല .. പിന്നെ എന്താ ഒരു മാറ്റം..

അവൻ ആലോചിച്ചു..

ഓ.. അവളുടെ കണ്ണിലെ തിളക്കം വർദ്ധിച്ചിട്ടുണ്ട് .. അവൻ കണ്ടുപിടിച്ചു.. എന്നും പാതി ചത്ത മനസ്സിനെ പ്രതിനിധീകരിക്കുന്ന മിഴികളല്ല ഇപ്പോൾ.. ജീവനുള്ള പരൽ മീനിനെ പോലെ തുടിക്കുന്ന മിഴികളാണ് ഇപ്പോഴുള്ളത്..

മരിച്ചു പോയ പുഞ്ചിരികൾ അധരങ്ങളിൽ പുനർജനിച്ചിരിക്കുന്നു ..

“അമ്മേ.., എനിക്ക് എവിടെ കാപ്പി.. “ഇപ്പോൾ കൊണ്ടുവരാം അമ്മൂ.. അതൊന്നു ചൂട് ആറട്ടെ…

അച്ഛന്റെ അടുത്തേക്ക് ഓടി വന്ന അപ്പുവിനെ അവൾ ശാസിച്ചു.. “ഓടി പാഞ്ഞോണ്ടു വന്നിട്ട് കാപ്പി തട്ടിയിടാതെ”…

അവൻ വേഗം വന്ന് അച്ഛന്റെ കഴുത്തിലൂടെ കയ്യിട്ട് മടിയിൽ കയറിയിരുന്നു..

ഒരു കൈയിൽ അപ്പുവിനെ പിടിച്ചിട്ട് മറുകൈ കൊണ്ട് കാപ്പി കുടിച്ചു നോക്കിയിട്ട് പ്രകാശൻ പറഞ്ഞു.. “മധുരം മതി ..പാകമാണ് “…

അജിത അമ്മുവിനെയും കൂട്ടി അടുക്കളയിലേക്ക് ചെന്നു..

പ്രകാശനും ആലോചിക്കുകയായിരുന്നു..

തന്നെ എപ്പോൾ കണ്ടാലും പേടിച്ചരണ്ട മാൻ കുഞ്ഞുങ്ങളുടെ മിഴികളായിരുന്നു മക്കൾക്ക് .. ഭയത്തോടെയല്ലാതെ അവരിതു വരെ തന്നെ നോക്കിയിട്ടില്ല.. ഇപ്പോഴെന്തൊക്കെയാണ് അവരിൽ വന്ന മാറ്റങ്ങൾ.. ഉച്ചത്തിൽ സംസാരിക്കുന്നു.. പൊട്ടിച്ചിരിക്കുന്നു … തന്നോട് കളിക്കാനും, സംസാരിക്കാനും സമയം ഉണ്ടാക്കി അടികൂടി വരുന്നു.. തന്നെ പറ്റിച്ചേർന്നിരിക്കുന്നു..

വീട്ടിലിരുന്ന ആദ്യ ദിവസങ്ങളിൽ മാത്രമാണ് ഏതോ വീട്ടിൽ എന്ന പോലെ തനിക്ക് തോന്നിയത് .. ഇപ്പോൾ താൻ അവരെക്കാൾ ചെറിയ കുട്ടിയായി മാറുന്നതുപോലെ ..

ഇതുവരെ കൂട്ടുകാർക്കിടയിലും, മദ്യത്തിന്റെ ലഹരിയിലും മാത്രമായിരുന്നു താൻ സ്വർഗം തേടിയലഞ്ഞത്..

വീടിന്നകത്ത് തന്നെ ഒരു സ്വർഗ്ഗം ഉള്ളപ്പോഴാണ് അത് കാണാൻ കണ്ണില്ലാതെ താൻ മറ്റൊരു സ്വർഗ്ഗം തേടി പോയത്..

അത് നാശത്തിലേക്കുള്ള വഴിയായിരുന്നു എന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്…

അപ്പോഴാണ് അകത്തു നിന്നുള്ള മകളുടെ ചോദ്യങ്ങൾ അവൻ കേട്ടത്.. “അച്ഛൻ ഇപ്പോൾ നല്ല അച്ഛനാണല്ലോ അമ്മേ.. ഞങ്ങളെയൊന്നും വഴക്കു പറയുന്നതേയില്ല”..

“അച്ഛനെന്നും പാവമാ മോളെ.. അച്ഛനെ അച്ഛനല്ലാതാക്കുന്ന ഒരു മരുന്നുണ്ട്.. അതിപ്പോൾ അച്ഛന് കിട്ടാൻ വഴിയില്ല.. അതുകൊണ്ടാണ് അച്ഛൻ ഇപ്പോൾ പാവമായത് “…

“അച്ഛൻ എപ്പോഴും ഇതുപോലെ ആയെങ്കിൽ എന്റെ കൂട്ടുകാരെന്നെ നിന്റച്ഛൻ കൂടിയനാണെന്ന് പറഞ്ഞു കളിയാക്കില്ലല്ലോ അമ്മേ”…

“അച്ഛൻ പാവമാ മോളെ .. നല്ലവനാണ് .. ഇനി അങ്ങനെയൊന്നും ചെയ്യില്ല”..

ഇതാമ്മേ ..ക്ലാസ് പിടിച്ചോ.. ഞാനും, അപ്പുവും അച്ഛന്റെ കൂടെ കളിക്കാൻ പോകുവാ…

അമ്മു ഉമ്മറത്തെത്തി .. “അച്ഛാ… കാപ്പി തണുത്തു പോയി. ഇനിയും കുടിച്ചില്ലേ ..” എന്ന് ചോദിച്ചു അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കലങ്ങിയ കണ്ണുകളോടെ പ്രകാശൻ ആ കാപ്പി എടുത്തു കുടിച്ചു…

അപ്പോഴാണ് ഒരു വലിയ സഞ്ചി നിറയെ എന്തൊക്കെയോ സാധനങ്ങളുമായി സലിം പടി കടന്നു വരുന്നത് കണ്ടത്.. ഒന്നാം ക്ലാസ് മുതൽ ഒപ്പം പഠിച്ചവനാണ് സലീം.. കൂടാതെ തൊട്ടയല്പക്കവും..

കൂടെയുള്ള കൂട്ടുകാരന്മാരെ ഒഴിവാക്കാൻ എന്നു കണ്ടാലും പറയുമെന്നുള്ളതുകൊണ്ട് പ്രകാശന് സലീമിനെ അത്ര കണ്ടുകൂടാ..

ഇപ്പൊ അവരാരെയും വിളിച്ചിട്ട് കിട്ടുന്നുമില്ല.. ഫോൺ അടിച്ചാൽ കട്ട് ചെയ്യുകയും ചെയ്യുന്നു ..

“ഇതെന്താ സലിമേ..ഇതൊക്കെ”…

“പ്രകാശാ.. നീ ഒന്നും വിചാരിക്കേണ്ട .. ഞാനെന്റെ വീട്ടിലേക്ക് കുറച്ചു സാധനം വാങ്ങിയപ്പോൾ ഇവിടേക്കുള്ളതും കുറച്ച് ചേർത്ത് വാങ്ങി … നമ്മളൊക്കെ ഒപ്പം വീട്ടിലിരിക്കാൻ തുടങ്ങിയതല്ലേ”…

“ഇതിന്റെയൊന്നും ആവശ്യമില്ല സലിമേ.. ഇവിടെ ഇതൊക്കെയുണ്ട് “…

“എങ്ങനെയുണ്ടാവാനാണെടോ .. ഇവിടെന്താ നിങ്ങൾക്ക് അക്ഷയപാത്രം തന്നിട്ടുണ്ടോ നിങ്ങളുടെ കൃഷ്ണൻ.. ഞങ്ങളുടെ പെരേല് കഴിയണ പോലെ ഇവിടത്തെ സാധനങ്ങളും തീർന്നിട്ടുണ്ട് എന്ന് പറഞ്ഞത് എന്റെ ബീവിയാ… അവൾ എഴുതി തന്ന ലിസ്റ്റ് ആണിത് “…

നിങ്ങൾക്കിത് വിഷമമുണ്ടാക്കുന്നുവെങ്കിൽ ഒരു കാര്യം ചെയ്യ് .. നമ്മൾക്ക് പണിയൊക്കെ ചെയ്യാൻ തുടങ്ങുമ്പോൾ നിങ്ങൾക്ക് ഇതൊരു ബാധ്യതയാണെന്നു തോന്നിയാൽ മാത്രം നിങ്ങൾ ഇതൊക്കെ തിരിച്ചു തന്നോളിൻ.. അപ്പൊ ഞാനത് സന്തോഷത്തോടെ വാങ്ങാം…

നിങ്ങള് നിങ്ങടെ പൊരേല് വിശന്നിരിക്കുമ്പോൾ ഞങ്ങക്കെങ്ങിനെയാടോ തിന്നാല് തൊണ്ടേന്നെറങ്ങ്യ “…

‘സലീമിക്ക .. അകത്തോട്ട് ഇരിക്കിൻ”.. അടുക്കളയിൽ നിന്ന് വന്ന അജിത സലീമിനെ അകത്തേക്കു ക്ഷണിച്ചു..

“അയ്യോ .., അജിയെ , സാമൂഹ്യ അകലം പാലിക്കണം എന്നാണ് സർക്കാർ ഓർഡർ . ഇതൊക്കെ മാറട്ടെ. ഞങ്ങളെല്ലാവരും കൂടി വരുന്നുണ്ട് .. ഇപ്പോൾ ഉള്ളിലേക്ക് വരുന്നില്ല”..

“പിന്നെ .. അജിയെ.. ഇതിൽ കുറച്ച് പച്ചക്കറികൾ ഉണ്ട്.. നല്ലപോലെ വൃത്തിയായി കഴുകി ഉപയോഗിക്കണം ട്ടൊ”.. “ഇതാ എടുത്തോണ്ട് പോയുള്ളിൽ വെയ്ക്ക്”..

അജിത് പ്രകാശനെയൊന്നു നോക്കി.. പ്രകാശൻ ആ വലിയ സഞ്ചി ഉള്ളിലേക്ക് എടുത്തു കൊണ്ട് പോയി .. ഉള്ളിൽ വെച്ച ശേഷം തിരിച്ചു വന്നു..

“പിന്നെ പ്രകാശാ.., എന്നോട് വിരോധമൊന്നും തോന്നരുത്.. തന്റെ കൂട്ടുകാരുടെ സമ്പാദ്യം ആശ്രയിച്ചു ജീവിക്കുന്നവർ ഒന്നും അവരുടെ വീടുകളിൽ ഇല്ലെടോ.. അവരുടെയൊക്കെ അച്ഛനും അമ്മയും ഒക്കെ അവർക്കുണ്ണാനുള്ളത് ഉണ്ടാക്കി വെച്ചിട്ടുണ്ടെടോ”.. “അവരെ പോലെ അല്ല പ്രകാശാ നമ്മൾ.. നമുക്ക് കുട്ടീം, കുടുംബം ഒക്കെ ഉള്ളതാണ്.. അവർക്ക് നമ്മൾ മാത്രമേയുള്ളൂ ആശ്രയം അത് ഒരിക്കലും മറക്കരുത് “…

“എന്നോട് വിരോധമൊന്നും തോന്നരുത് ട്ടോ”…

സലിം ചിരിച്ചുകൊണ്ട് നടന്നുനീങ്ങി..

പ്രകാശന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊടിഞ്ഞു കിനിഞ്ഞു പുറത്തേക്ക് വീഴാതെ കണ്ണിന്റെ അകത്തളങ്ങളിൽ തന്നെ മറഞ്ഞിരുന്നു….!

(ഒരു പാടു പ്രകാശന്മാർ ഇത് പോലെയുണ്ടാവാം… ഈ ലോക്ക്ഡൗൺ കഴിയുമ്പോഴേക്കും മദ്യമെന്ന വിപത്തിനെക്കുറിച്ചു മനസ്സിലാക്കാനും, അവരുടെ കുടുംബങ്ങളിൽ പ്രത്യാശയുടെ തിരിനാളം തെളിയാനും ഇടവരട്ടെ എന്നാശംസിക്കുന്നു..!)

ശുഭം..

രചന: സിന്ധുകൃഷ്ണൻ, കാവശ്ശേരി….

Leave a Reply

Your email address will not be published. Required fields are marked *