ഈ താവാട്ടിലെ പെണ്ണുങ്ങളൊന്നും ഇന്ന് വരെ എട്ടാം ക്ളാസ്സ് തികച്ചിട്ടില്ല….

രചന: സജിമോൻ ,തൈപറമ്പ്

“എനിക്കും പഠിക്കണം ബാപ്പാ.. പഠിച്ച് എനിക്കും നേടണം ഒരു സർക്കാർ ജോലി ” ആമിന,ബാപ്പയോട് കെഞ്ചി പറഞ്ഞു. “മിണ്ടാണ്ടിരുന്നോ ഹമുക്കേ നീയവിടെ.

ഈ താവാട്ടിലെ പെണ്ണുങ്ങളൊന്നും ഇന്ന് വരെ എട്ടാം ക്ളാസ്സ് തികച്ചിട്ടില്ല. മാത്രമല്ല ജോലിക്ക് പോകുന്ന പെണ്ണുങ്ങളെ നിക്കാഹ് ചെയ്യാൻ, നമ്മുടെ സമുദായത്തീന്ന് ഒറ്റ ചെക്കന്മാരെയും കിട്ടത്തില്ല ”

ഇബ്രായീൻ, കട്ടായം പറഞ്ഞപ്പോൾ ,ആമിന നിസ്സഹായതയോടെ തളർന്നിരുന്നു. പത്താം ക്ളാസ്സ് ഉയർന്ന മാർക്കോടെ പാസ്സായിട്ടും ,തന്റെ കൂട്ടുകാരികളോടൊപ്പം ഹയർ സെക്കണ്ടറിയിൽ പോകാൻ കഴിയാത്ത നിരാശയിലായിരുന്നു, ആമിന. ഒരു ദിവസം ആമിന ഉമ്മയോട് എങ്ങനെയും തനിക്ക് പഠിക്കണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞു.

“അതിന് ഈ വീടും പറമ്പും വിട്ട് പുറത്ത് പോകാത്ത ഞാനെന്ത് ചെയ്യാനാ മോളേ ” അവർ കൈമലർത്തി. ആ വഴിയും അടഞ്ഞപ്പോൾ അവൾ സങ്കടത്തോടെ തന്റെ മുറിയിൽ പോയിരുന്ന് പൊട്ടിക്കരഞ്ഞു. ******

“നോക്കൂ .. അയിശാക്ക് അടുത്ത മാസം 18 തികയുവാ, അവൾക്ക് പറ്റിയ ചെക്കൻമാരെ അന്വേഷിക്കണ്ടേ? സുഹ്റാബി ,തന്റെ ഭർത്താവിനോട് മടിച്ച് മടിച്ച് ചോദിച്ചു “ഉം…

അതിനിപ്പോ കൂടുതലൊന്നും നോക്കണ്ട കാര്യമൊന്നൂല്ല, നമ്മുടെ മാന്തോട്ടത്തെ ,ഹസ്സൈനാരുടെ മോനു വേണ്ടി അയാൾ ചോദിച്ചിട്ടുണ്ട്, വല്യ തറവാട്ട് കാരല്ലേ അവർ ,അവരുമായി ബന്ധം കൂടുക എന്ന് പറയുന്നത്, നമ്മുടെ കുടുംബക്കാരുടെ മുന്നിൽ നമുക്കുണ്ടാകുന്ന, ഒരു വലിയ അംഗീകാരമാ” “ങ്ഹേ, അയിന് ചെക്കൻ ദുബായില് വല്യ എൻജിനീയില്ലെ?

ഓനിക്ക് എട്ടാം ക്ളാസ്സിൽ തോറ്റ നമ്മുടെ ഐശാനെ ഇഷ്ടപ്പെടുമോ? സുഹ്റാബി ആശങ്ക പങ്ക് വച്ചു. “അതിന് ചെക്കനല്ലല്ലോ, കാര്യങ്ങൾ തീരുമാനിക്കുന്നത്. ഹസൈനാരല്ലേ?

അയാളോട് ഞാൻ നമ്മുടെ സോമില്ലും, ടൗണിലെ ആ ഷോപ്പിങ്ങ് കോംപ്ലക്സും ,മോന്റെ പേരിൽ എഴുതി കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്, ഇനി ചെക്കൻ ഗൾഫീന്ന് വന്ന് നമ്മുടെ മോളെ കാണുന്ന ചടങ്ങ് മാത്രമേ മിച്ചമുള്ളു” “അപ്പോൾ ആ ചെക്കനി തൊക്കെ അറിയാമോ ?

“ഇല്ല, അത് അവൻ നാട്ടിൽ വരുമ്പോൾ ഹസൈനാർ പറഞ്ഞ് കൊള്ളും” എല്ലാം കേട്ട് ഒരു ദീർഘനിശ്വാസമയച്ച് സുഹ്റാബി, അടുക്കളയിലേക്ക് പോയി. ദിവസങ്ങൾ കടന്ന് പോയി .

“ഇന്ന് അയിശായെ പെണ്ണ് കാണാൻ മാന്തോട്ടത്തെ ചെക്കൻ വരുന്നുണ്ട് . നീ വേഗം മട്ടൻ കറി വച്ചോ ,കോഴി പൊരിക്കാനുള്ളത് ഞാൻ നോക്കിക്കൊള്ളാം” സുഹ്റാബി ,സെർവൻറിനോട് നിർദ്ദേശിച്ചു. അസർ നമസ്കാരം കഴിഞ്ഞാണ് ,അഫ്സലും ,കുടുംബക്കാരുമെത്തിയത്.

അയിശയെ കണ്ടമാത്രയിൽ തന്നെ എല്ലാവർക്കും അവളെ ഇഷ്ടപ്പെട്ടു. “എന്നാൽ പിന്നെ, ചെക്കനും പെണ്ണും തനിച്ച് എന്തെങ്കിലും സംസാരിച്ചോട്ടെ, ഇക്കാലത്ത് അതൊക്കെ പതിവാണല്ലോ ? ചെക്കന്റെ മാമൻ സയ്ദാലി പറഞ്ഞു .

അഫ്സൽ എഴുന്നേറ്റ് അയിശയുമായി ബാൽക്കണിയിലേക്ക് നടന്നു. വെറും രണ്ട് മിനുട്ട് നേരത്തെ സംസാരം കഴിഞ്ഞ് അവർ തിരിച്ച് സദസ്സിലേക്ക് വന്നു. “ഇത്ര വേഗം സംസാരിച്ച് കഴിഞ്ഞോ ?

പെട്ടെന്ന് രണ്ട് പേരും തിരിച്ച് വന്നത് കണ്ട് ഹസൈനാർ ചോദിച്ചു. “എന്നാൽ പിന്നെ ഞങ്ങളിറങ്ങട്ടെ ,ബാക്കിയൊക്കെ ചെന്നിട്ട് വിളിച്ച് പറയാം” സന്തോഷത്തോടെയാണ് ഹസൈനാരും കുടുംബവും യാത്ര പറഞ്ഞിറങ്ങിയത് .

പിറ്റേ ദിവസമായിട്ടും ഹസൈനാരിന്റെ വീട്ടീന്ന് ഫോൺ കോൾ വരാത്തത് കൊണ്ട് ,ഇബ്രായീൻ അങ്ങോട്ടേക്ക് വിളിച്ചു. “ങ്ഹാ ..ഇബ്രായീനെ ഞാനങ്ങോട്ട് വിളിക്കാനിരിക്കുകയായിരുന്നു ”

ഹസൈനാർ അഡ്വാൻസായി പറഞ്ഞു. “അല്ലാ .. എന്താ നിങ്ങള് വിളിക്കാന്ന് പറഞ്ഞിട്ട് പിന്നെ ഒന്നും പറഞ്ഞില്ലല്ലോ? ഇബ്രായീൻ, ഉത്ക്കണ്ഠയോടെ ചോദിച്ചു .

“ങ്ഹാ അത് പിന്നെ ചെറിയൊരു പ്രശ്നമുണ്ട് ” “ങ് ഹേ, എന്ത് പ്രശ്നം ” ഇബ്രായീന്, വെപ്രാളമായി . “അത് പിന്നെ, അഫ്സല് പറയുന്നത്, ഓന് നല്ല വിദ്യാഭ്യാസമുള്ള ഒരു പെണ്ണിനെ മതിയെന്നാ.

ഇക്കാലത്ത് ഒരാൾക്ക് മാത്രം ജോലി ഉണ്ടായത് കൊണ്ട് കാര്യമില്ലന്ന്. മാത്രമല്ല ,നിക്കാഹ് കഴിഞ്ഞ് ഭാര്യയേയും ദുബായിലേക്ക് കൊണ്ട് പോകാനായിരുന്നു, അവന്റെ പ്ളാൻ ,ഇതിപ്പോൾ ഐശാക്ക് ഇംഗ്ളീഷ് ഒന്നും വശമില്ലാത്തത് കൊണ്ട് ,

അവന്റെ കൂട്ടുകാരുടെ മുന്നിലും കമ്പനിയിലെ ഫങ്ഷനുകളിലുമൊന്നും അവളെ കൊണ്ട് പോകാൻ പറ്റില്ലല്ലോ? എന്നാണ് അവൻ പറയുന്നത് ,അത് കൊണ്ട് ,നാളെ കോട്ടയത്തുള്ള ഒരു MBA കാരി കുട്ടിയെ കാണാൻ പോകാനിരിക്കുവാ ”

ഇബ്രായീൻ ഞെട്ടലോടെയാണ് അത് കേട്ടത് . “എന്താ ഹസൈനാരെ നിങ്ങളീ പറയുന്നത് ,വേണമെങ്കിൽ ഞാനിനിയും സ്ത്രീധനം തരാം ,എന്റെ കുടുംബക്കാരോടെല്ലാം ഞാൻ വീമ്പിളക്കിയതാ,

മാന്തോട്ടത്തിലെ ചെക്കനാണ് എന്റെ അയിശയെ കെട്ടുന്നതെന്ന് ” ഇബ്രായീൻ വികാരധീരനായി. “ഉം, ഞാനതൊക്കെ മോനോട് ഇന്നലെ പറഞ്ഞതാ, പക്ഷേ അവൻ പറഞ്ഞത്, എത്ര പണമുണ്ടെങ്കിലും അതിനൊത്ത വിദ്യാഭ്യാസമില്ലെങ്കിൽ സമൂഹത്തിൽ ഉയർന്ന ശിരസ്സോടെ നില്ക്കാൻ കഴിയില്ലെന്നാ ”

“ഒന്നു കൂടൊന്ന് ,ആലോചിച്ചു ടെ ” “ഇല്ല, ഇബ്രായീനെ, അവൻ പറഞ്ഞതിലും കാര്യമുണ്ടെന്ന് എനിക്കും തോന്നി. എന്നാൽ ശരി, ഞാൻ വെയ്ക്കട്ടെ ,മഗ്രിബിന് സമയമായി ” അങ്ങേതലയ്ക്കൽ, ഫോൺ കട്ടായപ്പോൾ ഇബ്രായീൻ, ചാര് കസേരയിലേക്ക് തളർന്നിരുന്നു.

“സുഹ്റാ .. നീ ആമിനാനെ, ഇങ്ങോട്ട് വിളിക്ക് ” പേടിയോടെയാണ് അവൾ ബാപ്പയുടെ അടുത്തേക്ക് വന്നത് . “മോളേ… ബാപ്പയ്ക്ക് തെറ്റ് പറ്റി, മോള് പറഞ്ഞതാ ശരി.

നാളെ മുതൽ മോള് പഠിക്കാൻ പോയ്ക്കോ പിന്നെ, നീ നിന്റെ ഇത്തയെ കൊണ്ട്, എങ്ങനെയെങ്കിലും പത്താം ക്ളാസ്സ് പാസ്സാകാൻ ഒന്ന് സഹായിക്ക് ” അയാളുടെ വായിൽ നിന്ന് അപ്രതീക്ഷിതമായത് കേട്ടപ്പോൾ ,ആമിനയുടെ ഉള്ളിൽ നിന്ന് സന്തോഷം അണപൊട്ടി. പരിസരം മറന്നവൾ, ഉറക്കെ ചിരിച്ച് കൊണ്ട്,

അടുക്കളയിൽ ചെന്ന് ഉമ്മയേയും , ഇത്താത്തയെയും മാറി മാറി ഉമ്മവച്ചു….

രചന: സജിമോൻ ,തൈപറമ്പ്

Leave a Reply

Your email address will not be published. Required fields are marked *