നിനക്കെന്തിനാ പെണ്ണേ മൂക്കുത്തി…?

രചന: ലിസ് ലോന

“നിനക്കെന്തിനാ പെണ്ണേ മൂക്കുത്തി…എള്ളിനോളമുള്ള നിന്റെയീ കുഞ്ഞിമറുകിനോളം ചന്തം ഏത് മൂക്കുത്തിക്കു തരാൻ കഴിയും…”

നാണത്താൽ കൂമ്പിയ അവളുടെ മുഖമുയർത്തി അരുണിമ പരന്നുതുടങ്ങിയ മൂക്കിൻത്തുമ്പിൽ മുഖമുരസി ആ എള്ളിൻകറുപ്പുള്ള മറുകിനു മേൽ പതിയെ ചുണ്ടുകളമർത്തുമ്പോഴേക്കും എന്നെയവൾ തള്ളിമാറ്റി..

“മതി..വല്ല്യേ പുന്നാരമൊന്നും വേണ്ട എന്ത്‌ ചോദിച്ചാലും ഇങ്ങനോരോന്ന് പറഞ്ഞെന്നെ മയക്കിയിരുത്തുന്നത് നടത്തിത്തരാൻ മനസില്ലാത്തതുകൊണ്ടാണെന്നു മനസിലാക്കാനുള്ള ബുദ്ധിയൊക്കെ ഈ അഞ്ചുകൊല്ലം കൊണ്ടുണ്ടെനിക്ക് കേട്ടോ…”

ആഹാ അപ്പോ ഞാൻ കെട്ടിയതിന് ശേഷം തനിക്ക് ബുദ്ധി കൂടിയോ …പഴയത് പോലെ സോപ്പൊന്നും ഏശുന്നില്ല.. പാവം… കല്യാണം കഴിക്കുന്ന സമയത്തു എല്ലാ പ്രവാസികളെയും പോലെ ഞാനും അവളോടും വീട്ടുകാരോടും അക്കരക്ക് കൂടെക്കൂട്ടും എന്ന് തന്നെയാ പറഞ്ഞത് പക്ഷേ …!

ഓരോ അവധിക്കും വരാനായി തയ്യാറെടുക്കുമ്പോഴേ അറിയാം ഒരുമാസത്തെ അവധിക്കാലം കഴിഞ്ഞാൽ ഒന്ന് നടു നിവർത്തിയെടുക്കാൻ പിന്നെയും മാസങ്ങൾ പിടിക്കുമെന്ന്…

അങ്ങനെ ഓരോ തവണയും അവളുടെ ആഗ്രഹങ്ങളെ തല്ലിക്കെടുത്തി അതിന്റെ സൗന്ദര്യപിണക്കങ്ങളെല്ലാം തീർത്തു തിരികെ മടങ്ങുമ്പോഴും കാണാം …

സ്വപ്നസാഫല്യത്തിനായി ഇനിയും കാത്തിരിക്കണമെന്ന സങ്കടം ഉള്ളിലൊതുക്കിയിട്ടും എന്നെ വിഷമിപ്പിക്കാതിരിക്കാനുള്ള നറുംപുഞ്ചിരി ആ മുഖത്തു നിറഞ്ഞു നിൽക്കുന്നത്…

ഇത്തവണയും അവളെ കൂടെക്കൂട്ടാൻ കഴിയില്ല എന്ന് പറയാതിരുന്നത് മനഃപൂർവമായിരുന്നു… അമ്മയുമായുള്ള അവളുടെ കുഞ്ഞു വഴക്കുകളിൽ ഞാനിവിടുന്നു പോയാൽ ഒറ്റക്കാകുമ്പോൾ പഠിക്കുമെന്ന് തനിയെ പിറുപിറുക്കുന്ന അവളെ കണ്ടിട്ടും ഒന്നും അറിയിക്കാൻ തോന്നിയില്ല…

അവിടുന്ന് പുറപ്പെടും മുൻപേ, വന്നിട്ട് പറയാമെന്ന സേതുവിന്റെ വാക്കിൽ ഭാമ പക്ഷേ സ്വപ്നം നെയ്തിരുന്നു… വിദേശവാസം സ്വപ്നം കണ്ടിട്ടോ വിവാഹാലോചന സമയത്തു തന്ന വാക്കോ ആയിരുന്നില്ല ആ സ്വപ്നങ്ങൾക്ക് പിന്നിൽ…

” താനെന്താ ആലോചിക്കുന്നത്… നോക്ക് തിരികെ പോകാൻ ഇനിയാകെ ഏഴു ദിവസമേയുള്ളൂ..ശരിയാ ഞാൻ നിന്നെ കൊണ്ടുപോകുന്നില്ല എന്ന് പറയാൻ വൈകിപ്പോയി…വേറൊന്നും കൊണ്ടല്ല ഈ ഒരു മാസം മുഴുവനും നീയാ സങ്കടത്തോടെ എന്റെ മുൻപിൽ ഇരിക്കുന്നത് കാണാൻ വയ്യാഞ്ഞിട്ടാ…”

മറുപടി ഒന്നും പറയാതെ അവളെന്റെ കഴുത്തിലേക്ക് കൈകൾ പിണച്ചെന്നെ ചേർത്ത് പിടിച്ചു.. “എനിക്കറിയാമായിരുന്നു സേതുവേട്ടാ… ചേച്ചിക്ക് കട മോടിപിടിപ്പിക്കാൻ പൈസ കൊടുക്കുമ്പോഴേ മനസ്സിലായിരുന്നു കയ്യിലുള്ളതെല്ലാം കഴിഞ്ഞെന്നു…

എന്റെയടുത്തു നിന്നും മറച്ചു വച്ചതാണ് ഇത്തവണയും കൊണ്ടുപോകുന്നില്ലെന്നും…സാരല്ല്യ എനിക്കിത് ശീലമായി പക്ഷേ അങ്ങോട്ട് വരാനായി ഞാൻ എന്തിനാണ് വാശിപിടിക്കുന്നതെന്ന് ഓർത്താൽ മതി… നമുക്കും ഒരു ജീവിതം വേണം…”

നെഞ്ചിലൊരു കൊളുത്തു വീണ് ശ്വാസം മുട്ടുന്നപോലെ.. അറിയാഞ്ഞിട്ടല്ല എന്താണ് അവൾ ഉദ്ദേശിക്കുന്നതെന്ന്…വിവാഹം കഴിഞ്ഞു വർഷം അഞ്ചായി, ഇതുവരെയും കുട്ടികളായില്ല.. രണ്ടുകൊല്ലം മുൻപത്തെ അവധിക്ക് സമയമുണ്ടാക്കി പോയി ഡോക്ടറെയും കണ്ടു…

“ചെറിയൊരു പ്രശ്നമുള്ളത് സേതുവിന് തന്നെയാണ്..കൗണ്ട് കുറവാണ്.. മരുന്ന് കുറിച്ച് തരാം ഒപ്പം ഈ സമയമില്ലായ്മയെ പഴിചാരി നിസ്സാരമായി പോകുന്നതും ഒരു കാരണം തന്നെയാണ്…ആദ്യം കുറച്ചു കാലമെങ്കിലും ഒരുമിച്ചു ജീവിക്കൂ പിന്നെയല്ലേ മരുന്നും ചികിത്സയുമൊക്കെ..”

ഡോക്ടർ പറഞ്ഞതും അവളുമൊത്തു ജീവിച്ച ഇതുവരെയുള്ള വിരലിലെണ്ണാവുന്ന മാസങ്ങൾ മനസ്സിലേക്ക് ഓടിയെത്തി… അതിനിടയിൽ യാത്രകളും തിരക്കുകളും വിരുന്നുപാർക്കലും നാട്ടിലെത്തിയാൽ എന്നെ കാണാൻ വരുന്ന വിരുന്നുകാരെ സത്കരിക്കാനായി അടുക്കളയിൽ നിന്നും മോചനം കിട്ടാത്ത അവളും..

സ്നേഹിച്ചു കൊതിതീരും മുൻപേ തിരികെ പറക്കാൻ സമയമാകും എല്ലാത്തിനുമിടക്ക് ഒരുമിച്ചുള്ള നിമിഷങ്ങൾ കിട്ടുന്നത് തന്നെ അപൂർവമാണ്. എന്റെ മാത്രം കുറവാണു കുട്ടികൾ ഇല്ലാത്തതെന്ന് വേറെ ആരോടും പറഞ്ഞില്ലെങ്കിലും അമ്മയോട് പറഞ്ഞിരുന്നു എന്നിട്ടും അവളെ മറ്റുള്ളവരുടെ മുൻപിൽ വിഷമിപ്പിക്കാറുള്ളത്‌ കേട്ടിട്ടും പ്രതികരിക്കാൻ എന്നിലെ പുരുഷന് കഴിയാറില്ല…

കഴിവ് കെട്ടവനെന്ന പേര് പുറത്തറിയുമോയെന്ന ഭയം..പെണ്ണിന് പഴി കേട്ടാലും സഹിച്ചോളുമെന്ന ആണൊരുത്തന്റെ നിലപാട്…

തന്നോട് തന്നെ പുച്ഛം തോന്നുമെങ്കിലും പൊരുളില്ലാത്ത ആത്മാഭിമാനം അമ്മയെ തടയാൻ പോലും ഞാൻ അശക്തനായി പോകുന്നു…

“മതി ചിന്തിച്ചു കൂട്ടിയത്.. കിടക്കാം നമുക്ക് നേരമൊരുപാടായി..” ഇഷ്ടം കാണിക്കാൻ എപ്പോഴുമെന്ന പോലെ അവളെന്റെ നെഞ്ചിൽ കടിച്ചതും നീറ്റൽ കൊണ്ട് ചിന്തകളെല്ലാം എങ്ങോ ഓടിമറഞ്ഞു…

പോകാനുള്ള ദിവസമടുക്കുന്തോറും എല്ലാതവണത്തേയും പോലെ എനിക്ക് മുഖം തരാതെ ചില നേരങ്ങളിൽ അവളൊഴിഞ്ഞു നടന്നു..

ചോദിക്കാതെ തന്നെ ആ കലങ്ങിയ കണ്ണുകളെന്നോട് പറയുന്നുണ്ടവളുടെ സങ്കടം.. അവിടെ കിട്ടുന്ന ശമ്പളത്തിൽ നിന്നും റൂം വാടകയും ഭക്ഷണവും നാട്ടിലേക്കുള്ള പതിവ് പൈസയും കൂടെ പെങ്ങന്മാരുടെ ആവശ്യങ്ങളും കൊടുത്തു കഴിഞ്ഞാൽ നീക്കിയിരുപ്പുകൾ ഒന്നും ഉണ്ടാകില്ല…

പലപ്പോഴും മാസാവസാനം ആകുമ്പോഴേക്കും മുറിയിൽ കൂടെ താമസിക്കുന്നവരോടോ കൂടെ ജോലി ചെയ്യുന്നവരോടോ ചോദിക്കേണ്ടി വരുന്ന അവസ്ഥയാണ്.. ഒരിക്കലും ആരെയും ഒന്നും അറിയിച്ചിട്ടില്ല…

നാട്ടിലേക്ക് വെള്ളിയാഴ്ചകളിൽ നെറ്റ് കാർഡിട്ട് വിളിക്കുമ്പോൾ എന്റെ വിശേഷങ്ങൾ ചോദിക്കുന്നതിനേക്കാൾ അവരുടെ അത്യാവശ്യങ്ങളായിരിക്കും പറയുന്നത് … അതിനിടയിലേക്ക് ഇവളെ കൊണ്ടുപോയാൽ കൂടെത്താമസിപ്പിക്കാൻ ഒരു മുറി പ്രത്യേകമെടുക്കണം..

വിസക്കും വിമാനക്കൂലിക്കും മുറിവാടകക്കും കൂടി വരുന്ന ചിലവുകൾ ആലോചിക്കുമ്പോഴേക്കും അടുത്ത തവണയാകട്ടെയെന്ന് ഓരോ അവധിക്കും മാറ്റി വക്കും… അല്ലെങ്കിലും ആവശ്യങ്ങൾ പിന്നീടാകാമെന്ന് മാറ്റിവച്ചാലും പരാതി പറയാത്ത ഒരേ ഒരാൾ അവളാണല്ലോ…

ഒന്നുകിൽ അവളെ അങ്ങോട്ട് കൊണ്ടുപോകുക അല്ലെങ്കിൽ ഞാനിവിടെ കുറച്ചു കൂടുതൽ മാസങ്ങൾ നിൽക്കുക… രണ്ടു വഴികളും നടത്താൻ ഒരുപോലെ ബുദ്ധിമുട്ടായതുകൊണ്ട് കുറച്ചു കൂടി എളുപ്പവഴിയായി പത്തുദിവസം കൂടുതൽ അവധിയെടുത്താണ് ഇത്തവണ എത്തിയത്…

ഡോക്ടറുടെ നിർദ്ദേശപ്രകാരം ഭാമയുടെ മാസമുറ കഴിഞ്ഞു കൃത്യം അണ്ഡോല്പാദന സമയം കണക്കാക്കിയാണ് ഇത്തവണ എത്തിയത്… മരുന്നുകളും പ്രാർത്ഥനകളുമായി എന്തെങ്കിലും അത്ഭുതം നടക്കുമെന്നാണ് രണ്ടാളുടെയും മനസ്സിൽ.. എങ്കിലും പ്രതീക്ഷകളൊന്നും ഇല്ലാതെയാണ് നാളത്തെ മടക്കവും..

പുലർച്ചെ അവളെഴുന്നേറ്റപ്പോഴേ കൂടെ ഞാനും എഴുന്നേറ്റതാ പക്ഷേ എനിക്ക് കൊണ്ടുപോകാനുള്ള അച്ചാറും ചക്ക വരട്ടിയും കായ് വറുത്തതുമെല്ലാം തയ്യാറാക്കാൻ അമ്മക്കൊപ്പം അവൾ അടുക്കളയിൽ നിൽക്കുന്നത് കണ്ടപ്പോൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു…

വൈകുന്നേരം മുറ്റത്തെ നിറയെ പൂത്തുനിൽക്കുന്ന ചെത്തിപ്പൂക്കളിൽ തേൻ കുടിക്കാൻ വന്നിരിക്കുന്ന സൂചിമുഖിപക്ഷികളെയും നോക്കി താലിമാലയിൽ തെരുപിടിച്ചു ഉമ്മറത്തിണ്ണയിലിരിക്കുന്ന അവളെ കണ്ടാണ് ഞാനടുത്തേക്ക് ചെന്നത് ….

എന്തൊക്കെയോ ചിന്തയിലാണെന്ന് മുഖം കണ്ടാൽ അറിയാം… ” ആഹാ നീയിവിടെ വന്ന് ഇരിക്കുകയാണോ ..രാവിലെ മുതൽ എന്തിനാ ഈ ഒളിച്ചു കളി…ഇന്ന് പോയാൽ പിന്നെ കൊല്ലമൊന്ന് കഴിയണം ഞാനിങ്ങു വരണമെങ്കിൽ….”

പിന്നിലൂടെ ചെന്ന് തോളിൽ കൈ വച്ചതും അവളെന്റെ മുഖത്തേക്ക് ഞെട്ടിത്തിരിഞ്ഞു നോക്കി… ആ ചിരിക്കിടയിലും നിറഞ്ഞുവരുന്ന കണ്ണുകൾ ഇന്നോ ഇന്നലെയോ കണ്ടു തുടങ്ങിയതല്ല ഒന്നും മിണ്ടാതെ ആ നനവുള്ള കൺപീലികളിൽ ഉമ്മ കൊടുക്കുമ്പോൾ ഉള്ളിൽ ഞാനും തേങ്ങുന്നുണ്ടെന്നു അവൾക്കറിയാം…

“അടുത്ത തവണ ഞാനിങ്ങു വരുന്നില്ല…എന്തു ബുദ്ധിമുട്ടുണ്ടെങ്കിലും നിന്നെ അങ്ങോട്ടേക്ക് കൊണ്ടുപോകും നോക്കിക്കോ…എല്ലാവരുടെയും ആഗ്രഹങ്ങൾ സാധിച്ചു കൊടുത്തു ഞാൻ… ഇനി നിന്റെ ആഗ്രഹം പോലെ നമുക്കും ഒരു കുടുംബം വേണം..”

ആ കണ്ണിലെ നക്ഷത്രത്തിളക്കം കണ്ടതോടെ ഞാനുറപ്പിച്ചു ഇനി സങ്കടപെടുത്താൻ വയ്യ…എന്ത്‌ ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നാലും കൊണ്ടുപോകണം…

കുന്നോളമുള്ള സ്വപ്നങ്ങളും കൊണ്ട് അന്ന് വൈകുന്നേരം പ്രവാസമെന്ന ലോകത്തിലേക്കുള്ള മടക്കത്തിനായി വിമാനത്താവളത്തിൽ കാത്തിരിക്കുമ്പോൾ കുന്നിക്കുരുവോളമുള്ള അവളുടെ സ്വപ്നവും ഞാൻ ഹൃദയത്തിൽ ചേർത്ത് വച്ചിരുന്നു…

ജീവിതമെന്ന വെറും വാക്കിന് നിറച്ചാർത്തുകൾ ചാർത്തി അർത്ഥം തരുന്നവളുടെ സ്വപ്നങ്ങളിൽ ഇനിയെങ്കിലും വർണങ്ങൾ ചാലിച്ചു കൊടുത്തേ മതിയാകു…

നിറഞ്ഞ കണ്ണുകൾക്ക് പകരം അഗ്നിസാക്ഷിയായി കൂടെകൂട്ടുമ്പോൾ ആ കണ്ണുകളിൽ കണ്ട കുസൃതിയും സ്നേഹവും തിരികെയെത്തിക്കണം..

വരുംതവണയെങ്കിലും സ്വന്തം സ്വപ്നം പൂവണിയും എന്നു കരുതി മടങ്ങുന്ന ഏതൊരു പ്രവാസിയെ പോലെ പറന്നുയരുന്ന വിമാനത്തിൽ കൺകോണിലെ നീർതുള്ളികളെ പുറത്തുപോകാൻ അനുവദിക്കാതെ ഞാനുമിരുന്നു കണ്ണുകളടച്ചു കൊണ്ട്…

രചന: ലിസ് ലോന

Leave a Reply

Your email address will not be published. Required fields are marked *