വിവാഹം കഴിഞ്ഞാൽ അച്ഛനമ്മമാരേക്കാൾ ഭർത്താവ് പരിഗണിക്കേണ്ടത് ഭാര്യമായെയാണ്.

രചന: Ajan Anil Nair

ചില അപകട സൂചനകൾ വിനുവിന് ആദ്യ നാളുകളിൽ തന്നെ ലഭിച്ചിരുന്നു

“മോനെ, നീ ഒന്നോർക്കണം, നീ ഞങ്ങളുടെ മകനായിട്ടാണ് അവളുടെ ഭർത്താവായത് ” അമ്മയാണത് പറഞ്ഞത്

“വിനുവേട്ടാ….അതുണ്ടല്ലോ!! വിവാഹം കഴിഞ്ഞാൽ അച്ഛനമ്മമാരേക്കാൾ ഭർത്താവ് പരിഗണിക്കേണ്ടത് ഭാര്യമായെയാണ് കേട്ടോ ” ചിരിയുടെ മേമ്പൊടി കലർത്തി പറഞ്ഞൊപ്പിച്ചുവെങ്കിലും നിഗൂഢമായ അർത്ഥ തലങ്ങൾ സുമ പറഞ്ഞതിലും ഉണ്ടായിരുന്നെന്ന് അയാൾക്ക് തോന്നി

നേരിട്ടുള്ള ഏറ്റുമുട്ടലുകൾ അതുവരെ ഉണ്ടായില്ല എങ്കിലും പോര് കോഴികളെപോലെ തോന്നിച്ച ഇരുവർക്കുമിടയിൽ തന്റെ സ്വൈര്യ ജീവിതം കൊത്ത് കൊണ്ട് ഇല്ലാതാവും എന്ന് അയാൾ ഭയന്നു

“അമ്മേ, ഈ സാരി എങ്ങനെ ? സുമ അമ്മയ്ക്കായി കാഞ്ചീപുരത്ത് നിന്നും വരുത്തിയതാണ്, അമ്മയ്ക്ക് ഇഷ്ടമാകുമോ എന്നൊരു സന്ദേഹം, അതുകൊണ്ട് ഞാൻ ഇങ്ങു കൊണ്ടുപോന്നു ”

വിനുവിന്റെ കൈയിലെ പട്ടു സാരികണ്ടു അമ്മയ്ക്കും മനം കുളിർക്കാതിരുന്നില്ല, മരുമകൾ വിചാരിച്ചത്ര മൂരാച്ചി അല്ല!!

“അല്ല ! എന്നിട് അവൾ എവിടെ ?”

“അവൾക്ക് അച്ഛനെയും അമ്മയെയും ഒന്ന് കണ്ടുവരാൻ ഒരാഗ്രഹം, ഞാൻ പറഞ്ഞു അമ്മയോട് ചോദിച്ചിട്ട് ‘അമ്മ സമ്മതിക്കുകയാണെങ്കിൽ പൊക്കോ എന്ന് ”

“അതിനെന്താ,അവൾക്കും കാണില്ലേ ആഗ്രഹം വീട്ടിൽ പോവാൻ …കുറച്ചു ദിവസം പോയി നിന്നിട്ട് വരട്ടെ ”

മുറിയിലേക്ക് മടങ്ങിയപ്പോൾ സിനിമ വാരികയുടെ അകത്തെ താളുകളിൽ നിന്നും ഏതോ ഒരു ഗോസിപ്പ് നുണഞ്ഞിറക്കുകയായിരുന്നു അവൾ

“നീയുണ്ടാക്കിയ കറി അമ്മയ്ക്ക് പെരുത്ത് ഇഷ്ടായി കേട്ടോടീ ,നിന്നോട് ചോദിച്ച് എങ്ങനാ ഉണ്ടാക്കുന്നെ എന്ന് പഠിക്കാൻ ഇരിക്കുകയാണ് ‘അമ്മ ”

“എന്നിട്ട് അന്ന് കഴിച്ചപ്പോ ‘അമ്മ ഒന്നും പറയുന്നത് കേട്ടില്ലല്ലോ ”

“അത് അമ്മയുടെ സ്വഭാവം അങ്ങനെയാണ്, ഇഷ്ടായാൽ ഇഷ്ടായി ന്നു തുറന്നു സമ്മതിക്കാൻ കുറച്ച് സമയമെടുക്കും, ആട്ടെ നമുക്കൊന്ന് നിന്റെ വീട്ടിൽ പോയി വന്നാലോ ”

ആരാണ് സ്വന്തം വീട്ടിലേക്കൊന്നു പോവാൻ അവസരം കിട്ടിയാൽ പാഴാക്കാത്തത്

പടികടന്നുവന്ന മരുമകനെയും മകളെയും അച്ഛനമ്മമാർ അവിടെയും സ്വീകരിച്ചാനയിച്ചു

“അച്ഛനെയും അമ്മയെയും കാണണം എന്ന് ഇവൾ പറയാൻ തുടങ്ങിയിട്ട് കുറച്ചായി,ഇന്നാണ് നേരം തരായത് ”

വിനു സംഭാഷണങ്ങൾക്ക് തിരി കൊളുത്തി

“വിനൂന്റെ അമ്മയും അച്ഛനും സുഖായിരിക്കുന്നോ ?”

“പിന്നേ ,അവർ സുഖായിരിക്കുന്നു, സുമയെ ഇങ്ങോട് കൊണ്ടുവരുന്ന കാര്യം പറഞ്ഞപ്പോൾ അമ്മയുടെ മുഖം ഒന്ന് വാടി , അധികം വൈകാതെ അവളേം കൂട്ടി വന്നേക്കണം എന്ന് ഇറങ്ങാൻ നേരം കൂടി ‘അമ്മ പറഞ്ഞു ”

കുറച്ചധികം ദിവസങ്ങൾ മുന്നോട്ട് പോകവേ വിനുവിലൂടെ അമ്മയെയും അച്ഛനെയും സുമ കൂടുതൽ അറിയുകയായിരുന്നു

” നീ അമ്മയ്ക്ക് ഒരു മരുമകൾ അല്ല, മകളാണ്, അച്ഛനും നിന്നെ എന്തിഷ്ടമാണെന്നോ ?” അവൻ ഇടയ്ക്കിടെ പറഞ്ഞിരുന്നു

മടങ്ങിയെത്തിയപ്പോൾ അമ്മയ്ക്ക് സുമയുടെ വക കാച്ചിയ എണ്ണയും വറുത്തുപ്പേരിയും ശർക്കര വരട്ടിയും വെച്ച് നീട്ടി വിനു പറഞ്ഞു

” അവൾക്ക് അമ്മയെന്ന് വെച്ചാൽ ജീവനാണ്, അവളുടെ വീട്ടിൽ എത്തിയപ്പോഴും എപ്പോഴും അച്ഛനെയും അമ്മയെയും കുറിച്ച് പറയാനേ നേരമുണ്ടായിരുന്നുള്ളു ”

അന്നാദ്യമായി അമ്മയും ഭാര്യയും പരസ്പരം മനസ്സ് തുറന്നു ചിരിച്ചതായി തോന്നി

“മോളിനി ജോലിയൊന്നും ചെയ്യണ്ട,അതൊക്കെ അമ്മയ്ക്ക് വിട്ടേക്ക് ” അന്നാദ്യമായി ‘അമ്മ പറഞ്ഞു

“അയ്യോ,അത് പറ്റില്ല, എനിക്ക് ആവുന്നതൊക്കെ ഞാനും കൂടിത്തരാം അമ്മാ” അന്നാദ്യമായി സുമ പറഞ്ഞു

പരസ്പരം ഇരുവരുമറിയാതെ കൈമാറ്റം ചെയ്യപ്പെട്ട പട്ടുസാരിയും,കാച്ചിയ എണ്ണയും, വറുത്തുപ്പേരിയും ഒരിക്കലും അവർക്കിടയിൽ ഒരു ചർച്ചാ വിഷയമാവരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനു മുറിയിലേക്ക് നടന്നു

സമാധാനത്തോടെ

രചന: Ajan Anil Nair

Leave a Reply

Your email address will not be published. Required fields are marked *