ഏട്ടത്തി പറഞ്ഞത് കേട്ട് ഞാൻ വായിച്ചുകൊണ്ടിരുന്ന ബുക്കിൽ നിന്ന് തലയുയർത്തി നോക്കി….

രചന: Shilpa Anie Elias

“ആമി നീ എന്താ ഇങ്ങനെ..” ഏട്ടത്തി പറഞ്ഞത് കേട്ട് ഞാൻ വായിച്ചുകൊണ്ടിരുന്ന ബുക്കിൽ നിന്ന് തലയുയർത്തി നോക്കി. “പുറത്ത് ഒക്കെ പൊയ്ക്കൂടേ എല്ലാരേയും പോലെ.. ഞങ്ങൾ ജോലിക്ക് പോയി കഴിഞ്ഞാൽ ഇങ്ങനെ ഈ റൂമിൽ ഇങ്ങനെ ഒറ്റയ്ക്കിരുന്ന് മടുക്കില്ലേ.. ” “ഇല്ല മയൂരി..ഇതാണ് എനിക്കിഷ്ടം… ബുക്സ് ഒക്കെ ഉണ്ടല്ലോ.. ”

“നീ നന്നാവില്ല ” എന്നർത്ഥം വരുന്ന ഒരു ഹിന്ദി വാക്കെനിക്ക് നേരെ എയ്തു അവൾ നടന്ന് പോയി… ഈ ഏകാന്തത എനിക്ക് ഇപ്പോൾ ഒരു ശീലമാണ്…

പപ്പയെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു… ആ നെഞ്ചിൽ കിടന്ന് ഉറങ്ങാറുള്ളത് നിറം മങ്ങിയെങ്കിലും ഇപ്പോളും ഒരു അനുഭൂതിയാണ് ..

മൂന്നുവയസിൽ അച്ഛന്റെ ശരീരം ഒരു വെള്ളത്തുണിയിൽ ഉമ്മറത്ത് കിടത്തുമ്പോൾ മരണം എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു…

പക്ഷേ എന്നും “വാവേ..” എന്ന് വിളിച്ച് ഓടി വരുന്ന പപ്പാടെ നിശബ്ദത എന്നെ അന്ന് വല്ലാതെ അലറി കരയിച്ചു .. പിന്നീട് ജീവിതം ആകെ മാറി മറിയുകയായിരുന്നു…

അമ്മ പപ്പേനെ വിവാഹം കഴിക്കുമ്പോൾ ഒന്നുമറിയാത്തൊരു പത്തൊൻപതുകാരി ആയിരുന്നു… ഞാനും ഏട്ടനും ഉണ്ടായി കഴിഞ്ഞു അമ്മയ്ക്ക് ഇരുപത്തിയേഴുവയസുള്ളപ്പോൾ ആണ് പപ്പാ ഒരു ആക്സിഡന്റിൽ അങ്ങ് പോയത് ..

അമ്മയ്ക്ക് ഒരു കൂട്ട് വേണം എന്നുള്ളത് പപ്പയുടെ വീട്ടുകാരുടെ നിർബന്ധം ആയിരുന്നു.. അവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് അമ്മ അന്ന് മറ്റൊരു വിവാഹത്തിന് തയാർ ആയത്… അയാൾക്കു ഞങ്ങളെ വലിയ കാര്യമായിരുന്നു…

പക്ഷേ എന്തിനാണെന്ന് അറിയില്ല അമ്മ നാലുവയസുള്ള എന്നെയും വെറും പന്ത്രണ്ട് വയസുള്ള ഏട്ടനേയും ബാംഗ്ലൂരിൽ ഒരു ബോർഡിങ്ങിൽ ആക്കിയതെന്ന്..

ഇരുട്ട് എനിക്ക് പേടിയാണ്… ബോർഡിങ് സ്കൂളിൽ പത്തുമണിക്ക് ലൈറ്റ് അണച്ച് കഴിയുമ്പോൾ ആരും കേൾക്കാതെ കട്ടിലിൽ അള്ളിപ്പിടിച്ചു കരയുമ്പോൾ പപ്പയെ വല്ലാതെ മിസ്സ്‌ ചെയ്യുമായിരുന്നു…

“പപ്പാടെ ആമി ബ്രേവ് ഗേൾ അല്ലേ !!!” എന്ന് പറഞ്ഞു ഇരുട്ട് വരുമ്പോൾ പപ്പാ കെട്ടിപ്പിടിക്കുന്നത് ഓർക്കുമ്പോൾ എന്നുമൊരു തണുത്തകാറ്റ് തഴുകി പോകുമായിരുന്നു.. അത് പപ്പാ ആവുമെന്ന് വിശ്വസിച്ചാണ് പലപ്പോഴും ഉറങ്ങിയിരുന്നത്

മുറപോലെ അമ്മമ്മയും വല്യപ്പച്ചനും വന്ന് അന്വേഷിക്കുമായിരുന്നെങ്കിലും ഞങ്ങൾ തേടിയിരുന്നത് അമ്മയുടെ കാലൊച്ചകളായിരുന്നു…

ദൗർഭാഗ്യമെന്നപോലെ അതൊരിക്കലും ഞങ്ങളെ തേടി വന്നിട്ടുണ്ടായില്ല… ഓരോ വെക്കേഷനുകളിലും അമ്മയുടെ ആങ്ങള വന്ന് വിളിച്ചോണ്ട് പോകും…

ആ സമയങ്ങളിൽ കാറിൽ വന്നിറങ്ങുന്ന, നിറമുള്ളസാരിയുടുത്ത, ഇമ്പോർട്ടഡ് പെർഫ്യൂംന്റെ മണമുള്ള പ്രൗഢയായ ഒരു സ്ത്രീ മാത്രമായിരുന്നു എനിക്ക് അമ്മ …

ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ അവർ വന്നതുപോലെ തിരികെ പോവുകയും ചെയ്യും… അതുപോലെ ഒരു അവധി സമയത്ത് അമ്മ വന്നിറങ്ങിയപ്പോൾ അമ്മയുടെ നീലസാരിയിൽ പറ്റിപ്പിടിച്ചു വേറെ ഒരാൾ കൂടെ ഉണ്ടായിരുന്നു.. ഞങ്ങളുടെ അനിയൻ…

അതോടെ അമ്മയോട് എനിക്കും ഏട്ടനും എന്തോ വെറുപ്പ് തോന്നി തുടങ്ങി.. വല്ലപ്പോഴും ബോർഡിങ് സ്കൂളിലേക്ക് വരുന്ന അമ്മയുടെ കാൾകളെ എടുക്കാതെ ആയി… അവധിയ്ക്ക് വീട്ടിൽ പോവാതെ ഹോസ്റ്റലുകളിൽ തനിച്ചു താമസിക്കാൻ തുടങ്ങി…

ഹോസ്റ്റലുകളിൽ എന്നെ ഇത് പറഞ്ഞു പലരും കുത്തുമായിരുന്നു… ആ വേദനയാണ് ഇരുട്ടും ഏകാന്തതയും ഭയമുള്ള എന്നെ ഒറ്റമുറിയിലേക്ക് ചേക്കേറാൻ പ്രേരിപ്പിച്ചത്…

ഒരു ഓപ്പൺഡേയ്ക്ക് സുഹൃത്തുക്കൾ അമ്മയെപ്പറ്റി പറഞ്ഞ് എന്നെ ഒരുപാട് കളിയാക്കി .. കരഞ്ഞുകൊണ്ട് ഓടി എത്തിയത് ഫുട്ബോൾ ഗ്രൗണ്ടിൽ ആയിരുന്നു… കളിച്ചുകൊണ്ടിരുന്ന ഏട്ടൻ ദൂരെനിന്നു എന്നെക്കണ്ടു ഓടി വന്നു…

അന്ന് എല്ലാം മറന്ന് ആ നെഞ്ചിലേക്ക് വീഞ്ഞു അണപൊട്ടുമ്പോൾ, ആ വിയർപ്പിൽ കുതിന്നപ്പോൾ വീണ്ടും എന്റെ പപ്പാടെ മണവും സ്പർശവും ഞാൻ അറിഞ്ഞു… “ആമിക്ക് ഞാൻ ഉണ്ടല്ലോ… ഏട്ടൻ ഒരിക്കലും തനിച്ചാക്കി പോവില്ലാട്ടോ… ആമി ബ്രേവ് ഗേൾ അല്ലേ.. “ഏട്ടൻ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു..

പിന്നീട് തളർന്നു പോകുമ്പോൾ എല്ലാം ഞാൻ ആ നെഞ്ചിലേക്ക് ഓടുമായിരുന്നു… ഈ ലോകം മുഴുവൻ ഒറ്റയ്ക്കാക്കിയാലും ഏട്ടൻ എന്നെ തള്ളിക്കളയില്ല എന്നെനിക്കു ഉറപ്പായിരുന്നു… ബാല്യം കണ്ണടച്ച് തുറക്കും പോലെ കടന്നുപോയി…

ക്ലാസ്സുകളുടെ കോണിൽ ബുക്കുകളിൽ മാത്രം ഒതുങ്ങി ജീവിക്കാൻ ഞാൻ ശീലിച്ചു തുടങ്ങിയിരുന്നു…ആ ഇടയ്ക്ക് ആണ് ഏട്ടൻ കേരളത്തിലേക്ക് പോകുന്നത്.. പോകുന്നതിനു മുൻപ് എന്നെ വിളിച്ച് പറഞ്ഞു..

“ഈ ലോകത്തിൽ ആമിയെ ഏട്ടന് മാത്രെ മനസ്സിലാവൂ.. വേറെ ആരുടെയും മുൻപിൽ ഒരിക്കലും കരയരുത് കേട്ടോ.. . “എന്ന് അവൻ പോകുന്നത് നിറഞ്ഞ കണ്ണുനീർ അടക്കി ഞാൻ കടിച്ചു പിടിച്ചു കണ്ടു നിന്നു.. ഇനി ഒരിക്കലും കരയില്ലെന്ന വാശിയിൽ…

അപ്പോളാണ് ആദ്യമായി ഒരു കൈ എന്റെ ചുമലിൽ വന്ന് തൊടുന്നത്.. എന്റെ ബിയോളജി മാഡം ആയിരുന്നു അത്… പിന്നീട് അവർ എന്നോട് എങ്ങനെയോ വല്ലാതെ അടുത്തു…ഞാൻ ഒഴിഞ്ഞു മാറാൻ ശ്രെമിച്ചെങ്കിലും.. .

ഒരിക്കൽ അവർ എന്നോട് അടുത്ത് വിളിച്ച് ഒരു സുഹൃത്തിനെ തരട്ടേ എന്ന് ചോദിച്ചു… മ്മ്.. ഞാൻ തലയാട്ടി

“ഇതു ആദി.. എന്റെ മകനാണ്.. നിനക്ക് ആങ്ങളയായും സുഹൃത്തായും എന്നും ഒപ്പം ഉണ്ടാവും കേട്ടോ ” എന്നെ ചിരിച്ചു കൊണ്ട് നോക്കുന്ന കുറുമ്പന്റെ കൈ പിടിച്ചു തന്നുകൊണ്ട് അവർ എന്നോട് പറഞ്ഞു

പിന്നീട് അങ്ങോട്ട്‌ ആദിയുണ്ടായിരുന്നു ഒരു ബോഡി ഗാർഡ് പോലെ..പഠനവും കളിയും ചിരിയുമായി കുറേ കാലം.. അങ്ങനെ ഞങ്ങൾ കൗമാരത്തിൽ എത്തി ..

ഒമ്പതിലെ അവസാനപരീക്ഷക്ക്‌ തയ്യാർ എടുക്കുന്ന സമയമായിരുന്നു..ആദിയ്ക്കൊപ്പം റൂമിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി അടിവയറ്റിൽ തുളച്ചു കയറുന്ന ആ വേദന വരുന്നത്..

“ഞാൻ വാഷ്റൂമിൽ പോയി വരാം.. നീ പഠിക്ക് “എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു പോയി… ബാത്റൂമിലെ രക്തക്കറ കണ്ട് ഞാൻ പേടിച്ചുപോയി… ആദിയോട് പറയാനും ഭയം…

ഞാൻ അതിനുള്ളിൽ തന്നെ കരഞ്ഞിരുന്നു… എന്നെ കാണാത്തൊണ്ടാവും അവൻ വാതിലിൽ മുട്ടിയത്…

“നീ പോ..!!!” എന്ന് പറഞ്ഞ് കരഞ്ഞപ്പോൾ അവനും പേടിച്ചുകാണും.. “എന്താടാ ” എന്ന് ചോദിച്ചപ്പോൾ ഞാൻ ദേഷ്യപ്പെട്ടപ്പെട്ടു..

എന്തായാലും അവൻ അവിടെ നിന്ന് പോയി.. കുറച്ചുകഴിഞ്ഞപ്പോൾ മാഡം വന്ന് വാതിലിൽ തട്ടി.”ഞാൻ ആ ആമി.. തുറക്ക്.. ” ഞാൻ വാതിൽ തുറന്ന് ഓടിപ്പോയി അവരെ അള്ളിപ്പിടിച്ചു കരഞ്ഞു..

“ആമി വല്യകുട്ടി ആയിലോ…പേടിക്കണ്ടാട്ടൊ !!”അവരെന്നെ മുറുക്കി പിടിച്ചു … ഒരു അമ്മ മകൾക്ക് പറഞ്ഞ് കൊടുക്കേണ്ടതെല്ലാം അതിന് മുൻപും പിൻപും എനിക്ക് പറഞ്ഞ് തന്നത് അവരായിരുന്നു …

നെഞ്ചിലെ തടിപ്പുകൾ ഉണ്ടായപ്പോളാണ് ഞാൻ കുനിഞ്ഞു നടക്കുന്നതെന്ന് മനസ്സിലാക്കിയത്, ഞാൻ പൂർണതയുള്ള സ്ത്രീ ആണെന്ന് എനിക്ക് പറഞ്ഞ് തന്നത് അങ്ങനെ എന്റെ അമ്മ പഠിപ്പിക്കേണ്ടതെല്ലാം പഠിപ്പിച്ചത് ആ സ്ത്രീ ആയിരുന്നു

അമ്മയാകാൻ ശരീരം അല്ല വേണ്ടത് മനസ്സാണ് എന്ന് ഞാൻ ആദ്യമായി അവരിലൂടെ അറിഞ്ഞു …. പിന്നീട് ആദിയെ കാണുമ്പോൾ എനിക്ക് എന്തോ പോലെയായിരുന്നു…പീരിയഡ്‌സ് ടൈമിൽ അവന്റെ ഒപ്പം ഉള്ള കറക്കങ്ങൾ ഒഴിവാക്കുമായിരുന്നു.. ഒരിക്കൽ ഞാൻ അവനൊപ്പം ബാസ്കറ്റ്ബോൾ കോർട്ടിൽ കൂടി നടക്കുമ്പോൾ അവൻ എന്നോട് പറഞ്ഞു..

“ലുക്ക്‌ ആമി… ഒരു പെൺകുട്ടി സ്ത്രീ ആകുമ്പോൾ ഉള്ള മാറ്റങ്ങളെപ്പറ്റി അറിയാത്ത ഒരു ആൺകുട്ടിയും ഇല്ല…നീ അതിനെപ്പറ്റി തുറന്നു സംസാരിക്കുന്നതിൽ തെറ്റൊന്നും ഇല്ല.. നല്ല പുരുഷൻ അതിന്റെതായ രീതിയിൽ മാത്രമേ അതെടുക്കൂ.. ”

എന്റെ സുഹൃത്തിൽ നിന്നുള്ള ആ വാക്കുകൾ വല്ലാത്ത റിലീഫ് ആയിരുന്നു.. പിന്നീട് അവന് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ അവൻ എന്നോട് പറഞ്ഞു.. “ആമി ഞാൻ കണ്ട സ്വപ്നങ്ങൾ ഒക്കെ നിന്നിലൂടെ പൂർത്തി ആക്കണം.

“എന്ന് കീമോയുടെ അതികഠിനമായ വേദനകൾക്കപ്പുറവും അവനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു ചിരിച്ചോണ്ട് ഒരാൾ മരിച്ചത് ഞാൻ കാണുന്നത് ആദി മാത്രം ആവും.. അവൻ മരിച്ചു കിടന്നപ്പോൾ പോലും ആ കള്ളച്ചിരി മാഞ്ഞിട്ടുണ്ടായില്ല…

അവന്റെ മരണശേഷം മാഡം വല്ലാതെ തളർന്നുപോയി..ജോലി റിസൈൻ ചെയ്ത് ബാംഗ്ളൂരിൽ നിന്ന് അവർ സ്വന്തം നാടായ ട്രിവാൻഡ്രത്തെക്ക് മടങ്ങിപ്പോയി… എന്നാലും മുടങ്ങാതെ കാളുകൾ എന്നെ തേടിയെത്തുമായിരുന്നു..

അവരുടെ അഭാവം എന്നെ വല്ലാതെ വട്ടാക്കി… ആദിയുടെ ഓർമ്മകൾ എന്നെ അലട്ടാൻ തുടങ്ങി… ഉറക്കം നഷ്ടപ്പെട്ടു..എവിടെ നോക്കിയാലും അവന്റെ ഓർമ്മകൾ മാത്രം.. . ഡിപ്രെഷന്റെ അവസാനത്തെ സ്റ്റേജിൽ എത്തിയിരുന്നു ഞാൻ …

ഏട്ടൻ ചെന്നൈയിലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയി… അവൻ അവിടെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അപ്പോൾ ..

കൗൺസിലിംഗുകളും പ്രാർത്ഥനകളും അവന്റെ സ്നേഹവും എല്ലാം കൊണ്ട് ഞാൻ പതിയെ എല്ലാം മറന്ന് തുടങ്ങി…

അങ്ങനെ രണ്ട് വർഷം അവിടെയായിരുന്നു… അങ്ങനെ ഞാൻ പന്ത്രണ്ടാം ക്ലാസ്സിലെ എക്സാം കഴിഞ്ഞു നിൽക്കുമ്പോളാണ് അവന് നല്ലോരു ജോലി കിട്ടി ദുബായിലേക്ക് പോകുന്നത്…

ഞാൻ ചെന്നൈയിൽ തന്നെ തുടരാം എന്ന് തീരുമാനിച്ചു നിൽക്കുമ്പോളാണ് വർഷങ്ങൾക്കുശേഷം അമ്മയുടെ കാൾ വരുന്നത്… കുറേ തവണ കട്ട്‌ ചെയ്തെങ്കിലും തുടരെ തുടരെയുള്ള കാൾ കണ്ട് ഞാൻ ഫോൺ അറ്റൻഡ് ചെയ്തു

അമ്മയുടെ ആങ്ങള ആയിരുന്നു അത്.. അമ്മയ്ക്ക് ബി പി കൂടി വീണു…ഒരു സൈഡ് തളർന്നു പോയി എന്ന് പറഞ്ഞു

ഒരു ഫോർമാലിറ്റി എന്നപോലെയാണ് എട്ടു വർഷങ്ങൾക്കു ശേഷം ഞാൻ കേരളത്തിലേക്ക് പോയത്.. ഒരു കട്ടിലിന്റെ അരുകിൽ എണീക്കാൻ പോലും ആകാത്ത ആ സ്ത്രീയോട് എനിക്ക് സഹതാപം മാത്രമേ ഉണ്ടായിരുന്നുള്ളു ..

“ആമിക്ക് ക്ലാസ്സ്‌ ഇല്ലല്ലോ.. ഇവിടെ നിന്നൂടെ.. ” എന്ന് അപ്പോഴാണ് അമ്മയുടെ രണ്ടാംഭർത്താവ് ചോദിച്ചത്..

മ്മ്.. ഞാൻ തലയാട്ടി “വേണ്ട.. തിരിച്ചുപോക്കോ !!” എന്ന് മുഖം അടച്ച് അമ്മ പറഞ്ഞപ്പോൾ നെഞ്ചിൽ ഒരു നെരിപ്പോട് കത്തി എങ്കിലും എന്റെ കടമ കണക്കെ ഞാൻ അവിടെ നിന്നു.. അമ്മ എന്നെ പോകാൻ നിർബന്ധിച്ചുകൊണ്ടിരുന്നു..

രണ്ടാനച്ഛന് എന്നോട് വല്യ സ്നേഹം ആയിരുന്നു..അച്ഛനെപ്പോലെ ഞാൻ അയാളെ കണ്ട് തുടങ്ങി… അനിയനും എന്നെ വല്യ കാര്യം ആയിരുന്നു.. അമ്മയേക്കാൾ ഞാൻ അവരോട് അടുത്തു

അമ്മയ്ക്ക് എന്തെങ്കിലും ആവശ്യം വന്നാലോ എന്ന് കരുതി ഒരിക്കലും ഞാൻ വാതിൽ അടയ്ക്കാറുണ്ടായില്ല… ഒരു രാത്രിയിൽ എന്റെ അടിവയറ്റിലൂടെ ഒരു കൈ ഇഴയുന്നത് കണ്ട് ഞാൻ ഞെട്ടിയെണീറ്റു… സിഗററ്റിന്റെയും മദ്യത്തിന്റെയും മണം കുമുകുമാ അടിക്കുന്നുണ്ടായിരുന്നു…

ഞാൻ ഞെട്ടി ബെഡ് സ്വിച്ച് ഇട്ടു… അച്ഛനെപ്പോലെ കണ്ട അയാളെ എന്റെ ബെഡിൽ കണ്ട് എന്റെ നിയന്ത്രണം ഇല്ലാതെ പോയി… ഭയന്ന് അയാളുടെ കരവലയത്തിൽ നിന്ന് കുതറി മാറി ഓടി അമ്മയുടെ റൂമിൽ കയറി വാതിൽ അടയ്ക്കുമ്പോൾ നെഞ്ചിൽ വീണ്ടും കാർമേഘം ഉരുളുകയായിരുന്നു…

വാതിലിൽ ചാരി കോഡ് ലെസ്സിൽ ഏട്ടനെ വിളിച്ച് കരഞ്ഞു തീർത്തപ്പോൾ നെഞ്ചിലെ ഒര് ഭാരം ഇറങ്ങിയ പോലെ തോന്നി.. എല്ലാം കഴിഞ്ഞു അമ്മയെ ഞാൻ നോക്കുമ്പോൾ ഒന്നും പറയാതെ കണ്ണ് കലങ്ങി ഒഴുകുന്നുണ്ടായിരുന്നു

“എത്ര തവണ പറഞ്ഞതാ ആമി.. പോവ്വാൻ.. നിനക്ക് വേണ്ടി അല്ലേ ഞാൻ എല്ലാവരുടെയും മുന്നിൽ മക്കളെ ഉപേക്ഷിച്ച അമ്മ ആയത്.. ഇത് എനിക്ക് അറിയാമായിരുന്നു.. ഇനിയെങ്കിലും തിരിച്ചു പോ ”

അമ്മയുടെ കണ്ണിൽ എന്നോടുള്ള അടങ്ങാത്ത വാത്സല്യവും സ്നേഹവും ഒഴുകി ഇറങ്ങി.. ഞാൻ ഒന്നും പറയാതെ അമ്മയെ ചുറ്റി പിടിച്ചു കിടന്നു…

പിറ്റേന്ന് ഏട്ടൻ പറഞ്ഞിട്ട് ഏട്ടന്റെ സുഹൃത്ത്‌ എന്നെ കൊടൈക്കനാലിലേക് കൊണ്ടുപോകാൻ വന്നു… എല്ലാം പാക്ക് ചെയ്ത് ഇറങ്ങുമ്പോൾ വീണ്ടും അമ്മയെ ഞാൻ ഒന്നുകൂടി നോക്കി “ആമി.. ഇനി എന്തുണ്ടായാലും ഈ നാട്ടിലേക്ക് ഒരിക്കലും തിരിച്ചു വരരുത്…

നന്നായി പഠിച്ചു… സ്വന്തം കാലിൽ നിൽക്കണം… അമ്മയ്ക്ക് ആമിയെ ഓർത്താണ് ഏറ്റവും വിഷമം.. ”

നിറഞ്ഞ കണ്ണീർ ആരും കാണാതിരിക്കാൻ ഞാൻ പെട്ടെന്ന് റൂമിൽ നിന്ന് ഇറങ്ങി കാറിലേക്ക് നടന്നു.. എനിക്ക് ഉറപ്പായിരുന്നു അകത്തു അമ്മ ഉരുകുന്നുണ്ടെന്ന്…

കുറച്ച് ദിവസം അവർക്കൊപ്പം നിന്ന് കൊടൈക്കനാലിൽ അഡ്മിഷൻ ശരിയാക്കി ഞാൻ വീണ്ടും ഹോസ്റ്റലിലേക്ക് മാറി…

അവിടെ ചെന്നായിരുന്നു ഞാൻ ശ്രീയെ കാണുന്നത്… ആദിയെപ്പോലെ കള്ളച്ചിരി ഉള്ള ഒരാൾ … ആദിയുടെ റിസംബലൻസ് എന്നെ അയാളോട് അടുപ്പിച്ചു…ഞങ്ങൾ പെട്ടെന്ന് സുഹൃത്തുക്കളായി..അയാൾക്കു എന്നോട് പ്രണയമാണ് എന്ന് പറഞ്ഞ് പിന്നാലെ നടക്കാൻ തുടങ്ങി

ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും എന്റെ വിഷമങ്ങളും സങ്കടങ്ങളും മനസ്സിലാക്കിയ അയാളോട് എനിക്ക് സോഫ്റ്റ്കോർണർ ഒക്കെ ഉണ്ടായി ..

പക്ഷേ അത് സമ്മതിച്ചു കൊടുക്കാൻ ഞാൻ തയ്യാർ അല്ലായിരുന്നു.. അങ്ങനെ അയാളോടൊപ്പം ഒരു കോഫീഷോപ്പിൽ ഇരിക്കുമ്പോൾ ഞാൻ അവസാനം തുറന്നു പറഞ്ഞു എനിക്കും ഇഷ്ടമാണെന്ന്…

“എനിക്ക് അറിയാം നീ നല്ല കുട്ടിയാണെന്ന്.. പക്ഷേ ഞാൻ ബെറ്റ് വെച്ചാണ് നിന്നോട് ഫ്രണ്ട് ആയത്.. പ്രൊപ്പോസ് ചെയ്തതും അങ്ങനെ തന്നെയാ…

ഞാൻ നിന്നോട് അഭിനയിച്ചതാ എല്ലാം.. ഐ ആം സോറി !!”അവൻ തലകുനിച്ചിരുന്നു എന്നോട് പറഞ്ഞു

“നിനക്ക് അത്രേം ഉള്ളൂ എങ്കിൽ എനിക്കും അത്രേം ഉള്ളൂ…ഇപ്പോളെങ്കിലും പറഞ്ഞത് നന്നായി..സി യൂ . ”

അണപൊട്ടിയൊഴുകിയ കണ്ണുനീർ അടക്കിപ്പിടിച്ചു പറഞ്ഞു ഞാൻ എഴുന്നേറ്റു നടന്നു .. ഏട്ടന്റെ മുന്നിൽ മാത്രമേ കരയുള്ളു എന്നതൊരു വാശി ആയിരുന്നു.. പക്ഷേ മനസ്സിൽ അതെന്നെ വല്ലാതെ തളർത്തി കളഞ്ഞു…

പിന്നെയും ഡിപ്രെഷനിലേക്ക് ഞാൻ വീണുപോയി… ഏട്ടൻ ഒരുപാട് കഷ്ടപ്പെട്ടു എന്നെ പഴയ ഞാൻ ആക്കാൻ…

പിന്നീട് എല്ലാം മറന്ന് ജീവിക്കാൻ തുടങ്ങിയപ്പോൾ ആണ് ഏട്ടൻ ഒരു പെൺക്കുട്ടിയെ സ്നേഹിച്ചു വിവാഹം കഴിക്കുന്നത്… പിന്നീട് ഞങ്ങളുടെ സംസാരങ്ങൾ കുറഞ്ഞു തുടങ്ങി… എനിക്ക് വീണ്ടും ഏകാന്തത കൂട്ടായി..

വീണ്ടും ഒട്ടും പ്രതീക്ഷിക്കാതെ ആണ് ഒരാൾ കൂടി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്… അയാളുടെ എഴുത്തുകളിൽ ആത്മാവുണ്ടായിരുന്നു…

ഇനി ഒരാളെ വിശ്വസിക്കില്ല എന്ന് വിചാരിച്ച ഞാൻ അയാളോട് പെട്ടെന്ന് അടുത്തു.. അയാൾ നല്ലൊരു മനുഷ്യൻ ആയിരുന്നു…എന്നെ ഒരുപാട് മനസ്സിലാക്കിയ ഒരാൾ.. . പക്ഷേ പലപ്പോഴും എനിക്ക് അയാളെ മനസ്സിലാക്കാൻ പറ്റാതെ പോയി..

അയാൾ എന്നോട് സംസാരിക്കാതെ ഇരിക്കുമ്പോൾ ഒരുപക്ഷെ ആയാളും എന്റെ ജീവിതത്തിൽ നിന്ന് പോകുമോ!!.. ഞാൻ അയാൾക്കു ഇമ്പോർടെന്റ് അല്ലേ എന്നൊക്കെ തോന്നി തുടങ്ങി!!… ആ തോന്നലുകൾ ഓക്കേ ഓരോ വഴക്കുകളിൽ കലാശിച്ചു

അയാൾ പലതവണ ക്ഷമിച്ചു.. എന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.. പക്ഷേ എന്തൊക്കെയോ എന്നെ അലട്ടിക്കൊണ്ടിരുന്നു…പറയാൻ അറിയാത്ത എന്തോ ഒന്ന് !!

അയാളെ നഷ്ടപ്പെടാതിരിക്കാൻ ഉള്ള പരിശ്രമങ്ങൾക്കിടെ അയാൾ എന്നോട് വീണ്ടും അകന്നു.. ഞാൻ ഒരു അധികപ്പറ്റായി തോന്നി കാണും ഇല്ലെങ്കിൽ ശല്യം..

അമ്മ പറഞ്ഞത് പോലെ നാലു വർഷം പോവാതിരുന്നു ഞാൻ കേരളത്തിലേക്ക് വന്നു അയാൾക്ക്‌ വേണ്ടി മാത്രം…

അയാൾക്കു ഒന്നും അറിയാത്തതുകൊണ്ടാണോ അതോ ഞാൻ ഒരു ശല്യം ആയതുകൊണ്ടാണോ അവസാനം അയാൾ തുറന്നു തന്നെ പറഞ്ഞു.

“ഇതിവിടെ നിർത്താം…!!” എന്ന് ആദ്യമായി ആകും അന്ന് ഞാൻ ഒരാളുടെ മുൻപിൽ കരഞ്ഞത്… പോവരുതെന്ന് പറഞ്ഞത്.. ഒരിക്കൽ ആദിയോട് പറഞ്ഞത് പോലെ..

പക്ഷേ അവനെപ്പോലെ അയാളും അത് കേട്ടില്ല. അയാളും ഒന്നും പറയാതെ നടന്നു നീങ്ങി…എന്നെന്നേക്കുമായി !!

നെഞ്ചിൽ ഭാരം പോലെ തോന്നി തുടങ്ങിയിരുന്നു .. എന്നെ തന്നെ നഷ്ടപ്പെടുമെന്നായപ്പോൾ എല്ലാം വിട്ട് ഒരൊളിച്ചോട്ടം ഞാൻ ആഗ്രഹിച്ചു.. .

ഞാൻ ഒരു രാത്രിയിൽ ആരോടും പറയാതെ ഫ്ലൈറ്റ് കയറി ഏട്ടനടുക്കലേക്ക് …, നെഞ്ചിൽ ഉരുണ്ടുകൂടിയ കാർമേഘം പെയ്യാൻ തുടങ്ങുമ്പോൾ മനസ്സിൽ ഇപ്പോൾ ഉരുവിട്ട് പഠിക്കും “ആമി ബ്രേവ് ഗേൾ അല്ലേ. “എന്റെ പപ്പാ പറയാറുള്ളതുപോലെ….

“ആമി..!!! എന്താ ഈ ആലോചിക്കണേ !!” ഏട്ടന്റെ സൗണ്ട് കേട്ട് ഞാൻ തിരിഞ്ഞു നോക്കി… കണ്ണ് നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.. അവനെ ഓടിപ്പോയി കെട്ടിപ്പിടിക്കുമ്പോൾ വീണ്ടും പപ്പാടെ ആ മണം…

“എന്തിനാ ഏട്ടാ എന്നെ ഒറ്റയ്ക്കാക്കി പോയേ… എനിക്ക് ആരേം മനസ്സിലാക്കാൻ പറ്റുന്നില്ലെടാ…ഞാൻ കൊള്ളില്ല.. ” ഞാൻ പുലമ്പികൊണ്ടിരുന്നു.. “ആമി ബ്രേവ് ഗേൾ അല്ലേ… ബ്രേവ് ഗേൾ കരയില്ല.. “ഏട്ടൻ എന്റെ ചുമലിൽ തട്ടിക്കൊണ്ടിരുന്നു….

“പക്ഷേ ആമി സ്നേഹിക്കണപോലെ ആർക്കും സ്നേഹിക്കാൻ അറിയില്ലല്ലോ..” “നീ പപ്പയെ പോലെയാ.. സ്നേഹിക്കാൻ മാത്രെ അറിയൂ..!!” ഏട്ടൻ എന്നെ ഇറുക്കിപ്പിടിച്ചു… എല്ലാം കണ്ടു മയൂരി ഒരു കോണിൽ നിൽക്കുന്നുണ്ടായിരുന്നു…

രചന: Shilpa Anie Elias

Leave a Reply

Your email address will not be published. Required fields are marked *