അപ്പുണ്ണീന്റെ കോയിക്കറി

രചന: P.Sudhi

അപ്പുറത്തെ ആ വലിയ വീട്ടിൽ നിന്നുംവന്ന കോഴിക്കറിയുടെ മണം അവന്റെ മൂക്കിലേക്ക് ഇരച്ചു കയറാൻ തുടങ്ങി….തന്റെ കുടിലിനു മുന്നിലെ മണ്ണിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അപ്പുണ്ണിക്ക് ആ തേങ്ങയരച്ചു വയ്യ കോഴിക്കറിയുടെ മണം അധികനേരം സഹിച്ചു നിൽക്കാനായില്ല…മണ്ണപ്പം ചുട്ടുകൊണ്ടിരുന്ന ചിരട്ടയും വലിച്ചെറിഞ്ഞ് അവൻ അമ്മയുടെ അടുത്തേക്കോടി.

“അമ്മേ നമുക്കും ഇന്നൊരു കോയീനെ വാങ്ങാം…”- പിന്നാമ്പുറത്തിരുന്നു പപ്പടം പരത്തുന്ന അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചുവലിച്ചുകൊണ്ട് അപ്പുണ്ണി കെഞ്ചി…

“അമ്മേടെമോനു അടുത്ത ആഴ്ച എന്തായാലും അമ്മ കോഴികറി വെച്ച് തരാം…ഇന്നിപ്പൊ ഊണിന് മുളകിട്ടു കാച്ചിയ പപ്പടോം മാങ്ങാച്ചമ്മന്തീം അമ്മ ഉണ്ടാക്കിയിട്ടുണ്ട്…” – അമ്മ അവനെ സമാധാനിപ്പിക്കാൻ നോക്കി.

“എപ്പോ നോക്കിയാലും ഒരു പപ്പടോം മാങ്ങാച്ചമ്മന്തീം… എനിക്കു മടുത്തു…” – ഓരോന്ന് പതംപറഞ്ഞും സങ്കടപ്പെട്ടും നിരാശയോടെ അവൻ മുറ്റത്തേക്ക് പോയി.

വേലിക്കടുത്തുള്ള ആ ചെറിയ മൂവാണ്ടൻ മാവിലേക്ക് നോക്കി കണ്ണുരുട്ടി… ഇതുള്ളതു കൊണ്ടാണിവിടെ എന്നും മാങ്ങാച്ചമ്മന്തി..ഇനീം അതിൽ തൂങ്ങിക്കിടപ്പുണ്ട് കുലകുലയായി കുറച്ചു മാങ്ങകൾ…അവൻ മാവിലേക്ക് നോക്കി പല്ലിറുമി.

അപ്പുണ്ണി ആ മാവൊന്നൊടിഞ്ഞു വീഴാൻ കൊതിച്ചിട്ടുണ്ട്..അതു കരിഞ്ഞു പോകാൻ പള്ളിക്കൂടത്തിലെ കൂട്ടുകാരൻ മുത്തൂന്റെ ഉപദേശപ്രകാരം അതിന്റെ ചോട്ടിൽ മുള്ളി വരെ നോക്കീട്ടുണ്ട്.

അതുപോയാ ഇടക്കെങ്കിലും അമ്മ കോഴിക്കറി വയ്ക്കൂന്നാരുന്നു ആ കുഞ്ഞു മനസ്സിലെ ചിന്ത. അമ്മേടെ പ്രാരാബ്ദം തിരിച്ചറിയാൻ അപ്പുണ്ണി ഇനീം വളരാനുണ്ടാരുന്നു.

എങ്കിലും കുറച്ചൊക്കെ അവരും മനസ്സിലായിരുന്നു. അമ്മേടെ ഓട്ട വീണ ബ്ലൗസും കരിമ്പൻ വീണ സാരീം വേറെ വാങ്ങാൻ കാശില്ലാത്തോണ്ടാണെന്ന് അവനു തോന്നിത്തുടങ്ങി രുന്നു.

കോഴിക്കറി അപ്പുണ്ണിയുടെ ജീവനാണ്…അവൻറെ അച്ഛൻ ഉണ്ടായിരുന്നപ്പോൾ വല്ലപ്പോഴുമെങ്കിലും അവനിഷ്ടപ്പെട്ട കോഴിക്കറി വീട്ടിൽ വെച്ചിരുന്നു. അവൻറെ അച്ഛൻ പോയതിൽ പിന്നെ അപ്പുണ്ണിടേം അമ്മേടേം കാര്യം കഷ്ടത്തിലായീന്ന് പറഞ്ഞാൽ മതി.

പപ്പടം പരത്തിയുണ്ടാക്കി വിറ്റാണ് അവനും അമ്മയും കഴിഞ്ഞുപോരുന്നത്. അവൻറെ എൽപി സ്കൂളിലെ പഠിത്തവും കുറച്ചു കടവും ഒക്കെയുള്ളതുണ്ടും മിച്ചം പിടിക്കാൻ ഒന്നുമില്ലാത്തതുകൊണ്ടും വിരളമായിട്ടാണെങ്കിലുമുള്ള കോഴിക്കറി എന്നത് ആ വീടിന് ഒരു ആർഭാടം തന്നെ ആയിരുന്നു.

അന്നും അവൻ അമ്മയുണ്ടാക്കിയ മാങ്ങാച്ചമ്മന്തീം പപ്പടോം കൂട്ടി റേഷനരിച്ചോറുണ്ടു. മാങ്ങാച്ചമ്മന്തിയോടുള്ള മടുപ്പിനേക്കാളും വാശിയേക്കാളും വലുതാണല്ലോ അവന്റെ കുഞ്ഞു വയറിലെ വിശപ്പ്.

അവന് മാറിയുടുക്കാനാകെ ഉണ്ടായിരുന്നത് രണ്ടു വള്ളി നിക്കറും പിന്നെ ഒരു പള്ളിക്കൂടത്തിലെ യൂണിഫോം കുപ്പായവുമാണ്. അതിലൊന്നും ഒരു പരാതിയും പരിഭവവും അവനുണ്ടായിരുന്നില്ല.

പള്ളിക്കൂടത്തിലെ കൂട്ടുകാർ ഇട്ടുവരുന്ന പതുപതുപ്പുള്ള കുപ്പായോം ഫൗണ്ടൻ പേനയുമൊന്നും ഒരിക്കലും മോഹിച്ചിരുന്നില്ല…അവന്റെയാ കുഞ്ഞു മനസ്സ് ആകെ ആഗ്രഹിച്ചത് വല്ലപ്പോഴും ഒരു കോഴിക്കറി (അവന്റെ ഭാഷേൽ പറഞ്ഞാൽ ‘കോയിക്കറി’)കൂട്ടി ഒരു റേഷനരിയൂണു മാത്രമായിരുന്നു.

കവലേലാണ് ബാവൂക്കാന്റെ കോഴിപ്പീടിക . പള്ളിക്കൂടത്തിൽ പോകുമ്പോഴും വരുമ്പോഴും അവൻ ആ കടയുടെ മുന്നിലെത്തിയാൽ ഉള്ളിലേക്ക് നോക്കിയങ്ങനെ നിൽക്കും. ആ കടയുടെ പുറത്ത് വലിയ ഇരുമ്പ് വല കെട്ടിയ കൂട്ടിൽ കോടികൾ അങ്ങനെ തട്ടിയും മുട്ടിയും കളിക്കുന്നത് അവന് കാണാമായിരുന്നു. അതീന്ന് ഒരെണ്ണം കൂടും പൊളിച്ച് അവന്റെയടുത്തേക്ക് വന്നിരുന്നെങ്കിൽ എന്ന് അപ്പുണ്ണി പലപ്പോഴും കൊതിച്ചിരുന്നു.

പള്ളിക്കൂടത്തീന്ന് വന്നിട്ടായാലും അവധി ദിവമായാലും അവൻ ഒരു സൈക്കിൾ ചക്രവും തട്ടി പാടത്തും പറമ്പിലും എല്ലാം ഓടി നടക്കും..കശുവണ്ടി (പറങ്കിയണ്ടി) പെറുക്കലാണ് ആണ് പരിപാടി… അത് പെറുക്കി രാമേട്ടന്റെ കടേൽ കൊടുത്താൽ ഗ്യാസ് മുട്ടായോ ചില്ലറ പൈസയോ കിട്ടും.

മറ്റുള്ള പിള്ളേരൊക്കെ കശുവണ്ടി കൊടുത്ത് ഗ്യാസുമിട്ടായി വാങ്ങുമ്പം അവൻ അത് കാശായി വാങ്ങും കുഞ്ഞു കുഞ്ഞു ചില്ലറത്തുട്ടുകളായി… അത് ഒരു പഴയ പൗഡറു പാട്ടയിൽ ദ്വാരമിട്ട് അതിലിട്ടു സൂക്ഷിക്കും.

ആദ്യം കോഴീനെ വാങ്ങാന്നോർത്താരുന്നു ആ കാശു കൂട്ടാൻ തുടങ്ങിയതെങ്കിൽ ഇപ്പൊ അതല്ല അവന്റെ ഉദ്ദേശം… ഓട്ട വീണ ബ്ലൗസിനു പകരം ഒരെണ്ണം വാങ്ങാൻ കാവിലെ പൂരമാകുമ്പോൾ അമ്മയ്ക്കു കാശു കൊടുക്കണോന്ന വലിയ കാര്യാണ് ആ കുഞ്ഞു മനസ്സിൽ.

അന്നും രാത്രി പതിവുപോലെ രാത്രി അവൻ അന്നു കിട്ടിയ ചില്ലറത്തുട്ടുകൾ പൗഡറു പാട്ടേലിട്ടു കുലുക്കി നോക്കി ഉറങ്ങാൻ കിടന്നു.

“അമ്മ ഇന്നാളു എന്നെ പറ്റിക്കാൻ പറഞ്ഞതല്ലല്ലോ അല്ലേ അടുത്താഴ്ച കോഴിയെ വാങ്ങാന്ന് ” -അവൻ അമ്മയോടൊട്ടി കിടന്നുകൊണ്ട് ചോദിച്ചു.

“അല്ലടാ…നമുക്ക് ശനിയാഴ്ച വാങ്ങാം കോഴീനെ…പപ്പടത്തിന്റെ പൈസ നാളെ കിട്ടും…”

“അവൻ കയ്യിൽ കണക്കുകൂട്ടി…ഇന്നു വ്യാഴം… നാളെ വെള്ളി… മറ്റന്നാൾ … “- അവൻ സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു.

അടുത്ത ദിവസം സ്കൂളിലേക്ക് പോകാൻ അവന് വല്ലാത്ത ഉത്സാഹമായിരുന്നു… ശനിയാഴ്ച അമ്മ കോഴിക്കറി വെക്കൂന്നു കൂട്ടുകാരോട് പറയാല്ലോ …

“എടാ ഞങ്ങടെ വീട്ടിൽ നാളെ കോഴിക്കറിയാ …” – വലിയ അഭിമാനത്തോടുകൂടി ബഞ്ചിൽ അടുത്തിരുന്ന മുത്തുവിനോടവൻ പറഞ്ഞുപ്പോൾ പുച്ഛമായിരുന്നു അവനു തിരിച്ചു കിട്ടിയത്.

” അതാണോ വലിയ കാര്യം…ഞങ്ങൾ അത് എന്നും വാങ്ങാവുന്നതാണ്… അച്ഛൻ ഓഫീസീന്ന് വരുമ്പോൾ കോഴിയോ താറാവോഎന്തെങ്കിലും ഒന്നുണ്ടാവും കയ്യിൽ… ഞങ്ങളാണെങ്കിൽ അത് കൂട്ടി ഞങ്ങൾ മടുത്തു തുടങ്ങി…” – ഇതു കേട്ടപ്പോൾ അവൻ തന്റെ മരിച്ചു പോയ തന്റെ അച്ഛനെക്കുറിച്ചോർത്തു…

നാളെ കോഴി കറി വയ്ക്കുന്ന കാര്യം ഓർത്തോർത്ത് അവൻ അവൻ അന്നു രാത്രി ഉറങ്ങാതെയുറങ്ങി… രാവിലെ തന്നെ എണീറ്റ് പല്ലുതേച്ച് കുളിച്ചു വള്ളിനിക്കറും വലിച്ചു കേറ്റി കോഴീനെ വാങ്ങാൻ തയ്യാറായിനിന്നു.

“ഞാൻ പോയി മേടിച്ചോളാം കോയീനെ…. അമ്മ ഇവിടിരുന്നോ…” -അമ്മ പോയി വാങ്ങാമെന്നു പറഞ്ഞെങ്കിലും നിർബന്ധിച്ച് സമ്മതിപ്പിച്ച് അവൻ ഒറ്റയ്ക്ക് കോഴി വാങ്ങാൻ പോകാനൊരുങ്ങി.

“മോനേ ഇത് അധികം കാശൊന്നൂല്ല… മ്മളു രണ്ടാളല്ലേ ഉള്ളൂ… ഒരു കുഞ്ഞിക്കോഴി മതി…” – കടയിലേക്കോടാൻ തയ്യാറായ അവന്റെ വള്ളിനിക്കറിന്റെ കീശയിലേക്ക് അമ്മ കാശു മടക്കി വച്ചു കൊടുത്തു.

പൗഡറു പാട്ടേലിട്ടുവച്ച കാശും കൂടി എടുക്കണോ ? അതാകുമ്പൊ കുറച്ചൂടി വല്യ കോയി വാങ്ങാം… അല്ലേൽ വേണ്ട, അമ്മയ്ക്ക് ബ്ലൗസു വാങ്ങാനുള്ള കാശല്ലേ… അമ്മ പാവാല്ലേ… – മനസ്സിൽ കണക്കുകൂട്ടി അവനാ ഉദ്യമം ഉപേക്ഷിച്ചു.

അമ്മയെ കെട്ടിപ്പിടിച്ചൊരുമ്മേം കൊടുത്ത് തുള്ളിച്ചാടി അവൻ വീട്ടിൽനിന്നിറങ്ങി.

ആ ചെറിയ റോഡിലൂടെ നടക്കുമ്പോൾ ഞങ്ങളുടെ വീട്ടിൽ നിന്ന് കോയിക്കറി വെക്കുന്ന് കാണുന്നോരോടൊക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു അവന്.ലോകം പിടിച്ചെടുത്ത സന്തോഷത്തോടെ അവൻ കോഴിപ്പീടികയിലെത്തി.

“എനിക്കും അമ്മയ്ക്കും വെക്കാൻ ഒരു കോയീനെ വേണം ബാവുക്കാ…” – കടയിലെത്തി അപ്പുണ്ണി പറഞ്ഞു.

“അതിനെന്താ …. വലുതോ ചെറുതോ വേണ്ടത് ? ” – കയ്യിലെ ചോര തുടച്ചു കൊണ്ട് അയാൾ ചോദിച്ചു.

അതിനുത്തരമായി അമ്മ നൽകിയ കാശ് കീശേന്നെടുത്ത് ബാബുക്കയുടെ കയ്യിൽ വെച്ചുകൊടുത്തു. അയാളാ ചെറിയ നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി.

അയാൾ ഇരുമ്പു കൂട് തുറന്ന് അതിൽ നിന്നും ഉള്ളതിൽ ചെറിയ കോഴിയെ ചിറകിനുപിടിച്ചു പുറത്തേക്കു വലിച്ചെടുക്കുമ്പോൾ അത് ചിറകിട്ടടിച്ച് വലിയ വായിൽ കരയുന്നത് കണ്ട് അപ്പുണ്ണിക്കെന്തോ സങ്കടം തോന്നി.

നേരത്തേ ആർക്കോ വേണ്ടി കഴുത്തിൽ പിച്ചാത്തി കൊണ്ടു വരഞ്ഞ ഒരു കോഴി അടുത്തു കിടന്ന് പ്രാണവേദനയോടെ പിടക്കുന്നുണ്ടായിരുന്നു.

പിടിച്ച കോഴിയുടെ വായിലേക്ക് ബാബൂക്ക രണ്ടിറ്റു വെള്ളം ഇറ്റിച്ചു കൊടുത്തു. അത് ആർത്തിയോടെ അത് കുടിച്ചു.ഇടത്തു കൈ കൊണ്ട് അതിന്റെ കഴുത്തിനു തൂക്കി പിടിച്ചു. വലത്തെ കൈകൊണ്ട് ആ വിലിയ പിച്ചാത്തി ഒരു കല്ലിൽ ഉരച്ച് രാകാൻ തുടങ്ങി.

കത്തി മൂർച്ചപ്പെടുത്തി അതാ കോഴിയുടെ കഴുത്തിനടുത്തേയ്ക്ക് കൊണ്ടുവന്നതും അപ്പുണ്ണി വലിയ വായിൽ പൊട്ടിക്കരഞ്ഞതും ഒരുമിച്ചായിരുന്നു.

“അതിനെ കൊല്ലല്ലേ ബാവൂക്ക…ആ കാശ് ബാബൂക്ക എടുത്തോ… വേണോങ്കി എന്റെ പൗഡറു പാട്ടേലുള്ള കാശും കൂടിത്തരാം… ആ കോയീനെ വിട്ടേക്ക് ബാവൂക്കാ…”ഏങ്ങലടിച്ചു കൊണ്ട് കൈകൂപ്പിക്കൊണ്ടാണ് അപ്പുണ്ണി അത് പറഞ്ഞു തീർത്തത്.

അപ്പുണ്ണീടെ ആ കരച്ചിലു കണ്ട് ബാബൂക്കേടെ കയ്യിലെ പിടുത്തം വിട്ടു… ആ കോഴി വലിഞ്ഞു വലിഞ്ഞ് പുറത്തേക്കോടി.

“നീ കരയാതെ… പിന്നെങ്ങനാ നീ കോഴിക്കറി കൂട്ടുക ?… – അപ്പുണ്ണിയെ ആശ്വസിപ്പിച്ചു കൊണ്ട് അയാൾ ചോദിച്ചു.

” പാവം കോയീനെ ഇങ്ങനെ കൊന്നിട്ട് നിക്ക് കോയിക്കറി കൂട്ടണ്ട… ” – അവന്റെ കരച്ചിടങ്ങിയിരുന്നില്ല.

കാശും തിരിച്ചു കൊടുത്ത് ഗ്യാസു മിഠായീം മേടിച്ചു കൊടുത്ത് ബാബൂക്ക അപ്പുണ്ണിയെ വീടിന്റെ അടുത്തു വരെ കൊണ്ടാക്കി. ഈ കച്ചവടത്തീന്ന് പാവം ബാവുക്കാക്ക് നഷ്ടം ഒരു കോഴീം രണ്ടു ഗ്യാസുമിഠായീടെ പൈസേം.

വീട്ടുവാതിൽക്കൽ അമ്മയെ കണ്ടപ്പോൾ തന്നെ അപ്പുണ്ണി അമ്മയുടെ അടുത്തേക്കോടി… അമ്മയെ കെട്ടിപ്പിടിച്ചു.

” കോയിക്കറിയൊന്നും വേണ്ടമ്മേ…മ്മക്ക് മ്മടെ പപ്പടോം മാങ്ങച്ചമ്മന്തീം തന്നെ മതി…” – കയ്യിലിരുന്ന കാശു തിരിച്ചമ്മേടെ കയ്യിൽ ചുരുട്ടിവച്ചു കൊണ്ട് അപ്പുണ്ണി പറഞ്ഞു…

രചന: P.Sudhi

Leave a Reply

Your email address will not be published. Required fields are marked *