ബാക്ക് ബെഞ്ചേഴ്സ്

രചന : പ്രവീൺ ചന്ദ്രൻ

കോളേജിൽ പഠിച്ചിരുന്ന സമയം… ക്ലാസ്സിൽ കയറുക എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ പ്രയാസമേറിയ കാര്യമായിരുന്നു… ഞങ്ങൾ എന്ന് പറയുംമ്പോൾ കുറച്ച് ബാക്ക് ബെഞ്ചേഴ്സ്…

ക്രിക്കറ്റ് കളിച്ചും പഞ്ചായരയടിച്ചും സിനിമ യ്ക്ക് പോയും ഞങ്ങൾ ഞങ്ങളുടെ യൗവ്വനം ആടിത്തിമിർത്തിരുന്ന കാലം…

ഫ്രണ്ട് ബഞ്ചിലെ കുറച്ച് ബുദ്ധിജീവികളും ഗേൾസും കൂടെ ഇല്ലായിരുന്നെങ്കിൽ കോളേ ജിലെ സാറുമാർക്ക് അവിടെ പ്രത്യേകിച്ച് പണിയൊന്നും ഉണ്ടാവില്ലായിരുന്നു…

ഞങ്ങളുടെ ക്ലാസ്സ് ടീച്ചർക്കും മറ്റും ഞങ്ങളെ കണ്ണെടുത്താ കണ്ടു കൂടായിരുന്നു..

” യൂസ്ലെസ് ഫെല്ലോസ്” അങ്ങനെയായിരുന്നു ഇംഗ്ലീഷ് ടീച്ചർ അന്ന് ഞങ്ങളെ വിളിച്ചിരുന്നത്.

ആ പേര് ഞങ്ങൾ സന്തോഷത്തോടെ സ്വീകരിച്ചു…

ഞങ്ങളുടെ ടീമിന്റെ പേരും അന്ന് മുതൽ അതായി..

“യൂസ്ലെസ് ഫെല്ലോസ്”

അങ്ങനെ കളിച്ചും ആർമാദിച്ചും വർഷങ്ങൾ കടന്നുപോയി…

ഡിഗ്രി പൂർത്തിയായപ്പോൾ പലർക്കും പല വിഷയങ്ങളും നഷ്ടപ്പെട്ടിരുന്നു… പിന്നെ പലരും പലവഴിക്ക് പിരിഞ്ഞു…

പഠിപ്പിസ്റ്റുകളും ഗേൾസിലെ പലരും ആദ്യത്തെ ചാൻസിൽ തന്നെ പാസ്സായിരുന്നു…

ഞങ്ങൾ ബാക്ക് ബഞ്ചേഴ്സ് മാത്രം തനിച്ചായി… പലരും പല വഴിക്ക് പിരിഞ്ഞെങ്കിലും ഞങ്ങളുടെ മനസ്സുകൾ തമ്മിൽ വല്ലാതൊരു ഐക്യമുണ്ടായിരുന്നു…

എവിടെയായിരുന്നാലും ഞങ്ങൾ തമ്മിൽ ഇടയ്ക്കൊക്കെ കാണുമായിരുന്നു..

പലരും പലതവണയായി ഡിഗ്രി എഴുതി എടുത്തി.. പരീക്ഷയെഴുതാനായി പോകുംമ്പോഴൊക്കെ ചില ടീച്ചർമാരൊക്കെ ഞങ്ങളെ കളിയാക്കുമായിരുന്നു…

വർഷങ്ങൾ കടന്നു പോയി… ഞങ്ങളെല്ലവരും സെറ്റിലായി… പലരും സ്വന്തമായി ബിസിനസ്സും ഗൾഫിലുമൊക്കെയായി സാമ്പത്തികമായി നല്ല നിലയിലെത്തി…

അങ്ങനെ ഒരു ദിവസം കോളേജിന്റെ ഫേയ്സ്ബുക്ക് പേജിൽ ഒരു പോസ്റ്റ് കണ്ടു.. ഞങ്ങളുടെ പഴയ ക്ലാസ്സ് ടീച്ചറാണ് പോസ്റ്റിട്ടിരുന്നത്…

ഞങ്ങളുടെ ഒപ്പം പഠിച്ച ഒരു പെൺകുട്ടിയ്ക്ക് കാൻസൻ പിടിപെട്ടു… ചികിത്സക്കായി കഴിയുന്നവർ സഹായിക്കുക.. അടുത്ത മാസം കോളേജിൽ അതിനായി ഒരു കൂടിക്കാഴ്ച്ചയുണ്ട്.. അതായിരുന്നു ആ പോസ്റ്റിന്റെ ഉളളടക്കം…

ഞങ്ങൾ ബാക്ക് ബെഞ്ചേഴ്സ് എപ്പോഴും ഒത്തുകൂടാറുളളത് കൊണ്ട് ഞങ്ങൾ പെട്ടെന്ന് തന്നെ അതിനുളള മുന്നൊരുക്കം നടത്തി…

അങ്ങനെ കാലങ്ങൾക്ക് ശേഷം വീണ്ടും ഞങ്ങൾ ഞങ്ങളുടെ കോളേജിലെത്തി…

പക്ഷെ രണ്ടോ മൂന്നോ പേരൊഴിച്ചു നിർത്തിയാൽ ക്ലാസ്സിലെ മിടുക്കന്മാരിലേയും മിടുക്കികളിലേയും ഒരാളെപ്പോലും ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞില്ല..

ഞങ്ങളെ ഒരുമിച്ചു കണ്ടപ്പോൾ ഞങ്ങളുടെ പഴയ ടീച്ചർമാരെല്ലാം അതിശയത്തോടെ ഞങ്ങളുടെ അടുത്തു വന്നു..

അവരെ കണ്ടതും ഞങ്ങൾ ബഹുമാനപൂർവ്വം അവരോട് കുശലാന്വേഷണങ്ങൾ നടത്തി… ഞങ്ങൾ പിരിച്ചെടുത്ത തുകയുടെ ചെക്ക് ടീച്ചർക്ക് കൈമാറി..

ചെക്കിലെ തുക കണ്ട ടീച്ചർ ഞെട്ടിപ്പോയി…

“ഇത്രയും വലിയൊരു തുക?” ടീച്ചർ ആശ്ചര്യത്തോടെ ചോദിച്ചു..

“ഇതിരിക്കട്ടെ ടീച്ചർ.. ഞങ്ങളുടെ ഒരു സഹപാഠി ഇനി ഇതിന് വേണ്ടി ആരുടെ മുന്നിലും കൈനീട്ടരുത്..ഇനിയും ഇങ്ങനെ എന്തെങ്കിലുമുണ്ടെങ്കിൽ അറിയിക്കാൻ മടിക്കരുത്”

ഞങ്ങൾ പറഞ്ഞത് കേട്ട് ടീച്ചറിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

“നിങ്ങൾക്കെന്ത് കൊണ്ടാണ് ജീവിതത്തിൽ വിജയിക്കാൻ കഴിഞ്ഞതെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി… നിങ്ങളുടെ ഒപ്പം പഠിച്ച പല മിടുക്കന്മാരുടേയും എത്രയോ മുകളിലാണ് നിങ്ങൾ..

പഠിച്ചത് കൊണ്ട് മാത്രം ജീവിതത്തിൽ വിജയിക്കണമെന്നില്ല… അവരിൽ പലരുടേയും വീട്ടിലേക്ക് വരെ പോയി ഞങ്ങൾ വിവരം പറഞ്ഞതാണ്… എന്നിട്ടുപോലും ആരും തിരിഞ്ഞു നോക്കിയില്ല… പക്ഷെ നിങ്ങൾ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു.. നിങ്ങളെപ്പോലുളള ശിഷ്യന്മാരുണ്ടാവുമ്പോഴാണ് ഞങ്ങളെപ്പോലുളള ഗുരുക്കന്മാരുടെ പ്രയത്നത്തിന് മേന്മയേറുന്നത്..”

ടീച്ചറുടെ ആ വാക്കുകൾ കേട്ട് ഞങ്ങളുടെ കണ്ണുകളും നിറഞ്ഞിരുന്നു..

ഞങ്ങൾ പോകാൻ നേരം ഇംഗ്ലീഷ് ടീച്ചർ ഞങ്ങളെ പുറകീന്ന് വിളിച്ചു..

“ഹലോ ഓൾ.. പണ്ട് ഞാൻ നിങ്ങളെ വിളിച്ചി രുന്ന പേര് മാറ്റിവിളിക്കാനാഗ്രഹിക്കുന്നു…”

ഞങ്ങൾ ചെറുപുഞ്ചിരിയോടെ ടീച്ചറുടെ മുഖത്തേക്ക് നോക്കി…

“യൂസ്ഫുൾ ഫെല്ലോസ്”

രചന : പ്രവീൺ ചന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *