പറയാൻ മറന്നത്

രചന – അനു

പെണ്ണായി ജനിച്ചതിന്റെ പേരിൽ മാത്രമല്ല അവൾ അത് ചെയ്തത്… എല്ലാം തുറന്നു പറയാൻ കഴിയുന്ന ഒരു നല്ല സുഹൃത്തിന്റെ അഭാവവും ആവാം…

അവളുടെ ചിന്തകൾക്ക് പറന്നുയരാൻ ചിറകുകളോ സ്വാതന്ത്ര്യമോ ഉണ്ടായിരുന്നില്ല…

പ്രണയം എന്ന വർണശബളമായ വികാരത്തെ അതിന്റെ തീവ്രത ഉൾക്കൊണ്ടു അവൾ മനസ്സിലാക്കിയിരുന്നുമില്ല…

യാതൃശ്ചികമായി പരിചയപ്പെട്ടപ്പോഴോ കാരണമില്ലാതെ ഫോൺ വിളികളിൽ മുഴുകിയപ്പോഴോ അവൾ തിരിച്ചറിഞ്ഞില്ല തമ്മിൽ അകലാൻ ആവാത്തത്ര അടുക്കും എന്ന്… നേരിട്ട് കണ്ടത് വളരെ കുറച്ചു തവണ മാത്രമായിരുന്നെങ്കിലും അവൾക്കു അവൻ എല്ലാമായി മാറുകയായിരുന്നു… അവളുടെ ചോദ്യങ്ങളുടെ ഉത്തരവും പ്രശ്നങ്ങളുടെ പരിഹാരവും അവനായിരുന്നു … അവനെക്കുറിച്ചു പറയുമ്പോൾ അവൾക്കു വാക്കുകൾ മതിയാവാതെ വന്നു…

അച്ഛനെക്കാളും അമ്മയെക്കാളും ഏറെ അവൾ അവനെ സ്നേഹിക്കുന്നു എന്നത് എന്നിൽ അത്ഭുതം ഉളവാക്കി… ഇരുപതു വര്ഷം എന്നത് കൂട്ടേണ്ട ഈ ലോകത്തിലേക്ക് കാലെടുത്തു വെക്കുന്നതിനു മുൻപ് തന്നെ നമ്മളെ സ്നേഹിക്കാൻ തുടങ്ങിയവർ … വളർത്തി വലുതാക്കി ഒരു നിലയിൽ എത്തിച്ചവർ… തന്റെ ഇതുവരെ ഉള്ള എല്ലാ ആവശ്യങ്ങളും നിറവേറിത്തന്നവർ … അവരെക്കാൾ എന്ത് മഹത്തായ കാര്യമാണ് ഇന്നലെ കണ്ട ഒരുവൻ അവൾക്കു വേണ്ടി ചെയ്തത്… ഫോണിൽ പഞ്ചാരവാക്കുകൾ സംസാരിച്ചതോ? നേട്ടങ്ങളിൽ അഭിനന്ദിച്ചതോ? കുട്ടി വലിയ സംഭവം ആണെന്ന് പ്രകീർത്തിച്ചതോ?

തന്റെ ആവശ്യങ്ങൾ സാധിക്കാത്തതോ അർഹിച്ച പരിഗണന കിട്ടാത്തതോ കൊണ്ടല്ല അവൾ തന്റെ കാര്യങ്ങൾ അവനോടു പങ്കുവെക്കാൻ തുടങ്ങിയത്… ഉറ്റ ചെങ്ങാതിയായ എനിക്ക് പോലും അസ്സൂയ തോന്നത്തക്ക എന്താണ് അവനു പ്രത്യേകത എന്ന് ഞാൻ ചിന്തിച്ചൂ… അവനെക്കുറിച്ചു എനിക്കും ഒന്നും അറിയില്ലായിരുന്നു… ഒരു ഫോട്ടോ പോലും ഞാൻ കണ്ടിട്ടുമില്ല… ഇത്ര പാവവും മിണ്ടാപ്പൂച്ചയുമായ ഒരുവളെ വളക്കണം എങ്കിൽ അവൻ ചില്ലറക്കാരനല്ല എന്ന് ഞാൻ സംശയിച്ചു…

അവന്റെ സംസാരങ്ങളിൽ പഞ്ചസാര മാധുര്യം ഉണ്ടായിരുന്നില്ല… അവൾക്കു അവൻ ആശ്വാസവും ശകാരവും പകരുന്നത് ഞാൻ ശ്രദ്ധിച്ചു…

എനിക്ക് തെറ്റ് പറ്റിയോ, ഇപ്പോഴും ഇങ്ങനെ ഉള്ള ചെറുപ്പക്കാർ ഉണ്ടോ… അതോ ഇതൊക്കെ അവന്റെ കപട നാട്യമോ…? ആൺകുട്ടികൾ എല്ലാം ഇത്തരക്കാരാണ് എന്ന പൊതു അഭിപ്രായത്തെ വെല്ലുവിളിയ്ക്കുന്നതായിരുന്നു അവന്റെ പെരുമാറ്റം…

എപ്പോഴും കണ്ടുകൊണ്ടിരിക്കണം സംസാരിച്ചുകൊണ്ടിരിക്കണം എന്നൊന്നും രണ്ടാൾക്കും നിര്ബന്ധമില്ലായിരുന്നു… പക്ഷെ, ആവശ്യ സമയത്ത് സംസാരിച്ചില്ലെങ്കിൽ അവൾക്കു ഭ്രാന്തുപിടിക്കുന്ന പോലെയാണെന്നത് ഞാൻ പലപ്പോഴും കണ്ടതാണ്…

ഞാൻ ഇതിനും അറിഞ്ഞില്ലേ എന്ന ഭാവമായിരുന്നു ഞാൻ കൈക്കൊണ്ടത്… അത് തെറ്റായിപ്പോയി എന്ന് ഇപ്പോൾ മനസിലാക്കുന്നു…

അവരുടെ ഇടയിൽ എന്താണ്…

പ്രണയമോ..?

സൗഹൃദമോ…?

നിർവചിക്കാൻ വാക്കുകൾ ഇല്ലായിരുന്നു…

അസൂയ കൊണ്ടാണോ അതോ അവളോടുള്ള ഇഷ്ടം ഒന്നുകൊണ്ടു മാത്രമാണോ അങ്ങനെ തോന്നിയത് എന്ന് ഞാൻ ഇപ്പോഴും സംശയിക്കാറുണ്ട്…

ഭാവിയെപ്പറ്റി അവൾ ആശങ്കപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല… അങ്ങനെ ഉള്ള ഹോസ്റ്റൽ ചർച്ചകളിൽ നിന്നും അവൾ അകന്നു നിൽക്കാറുള്ളത് ഞാൻ ശ്രദ്ധിച്ചു…

കൂട്ടുകാരികൾ കൂടെ ഉള്ളപ്പോഴും അവൾ അവളുടേതായ ഒരു മായാലോകത്തു ചുറ്റിത്തിരിയുന്നതായി എനിക്ക് അനുഭവപ്പെട്ടു… അവൾ എന്തൊക്കെയോ ഒളിക്കുന്നുണ്ട് എന്ന കാര്യം മറ്റുള്ളവരെപ്പോലെ ഞാനും സംശയിച്ചു… കാരണം ഈ ചോദ്യങ്ങളെലാം ഞാനാണല്ലോ നേരിടേണ്ടി വരിക… എന്നോട് പോലും പറയാത്ത ഒരുപാടു കാര്യങ്ങൾ അവളിൽ ഉണ്ട് എന്നത് നേരാണ്… അതൊക്കെ അവളുടെ സ്വകാര്യ താൽപ്പര്യങ്ങൾ എന്ന് ഞാൻ ആശ്വസിച്ചു…

സ്ത്രീജന പക്ഷ വാദികളുടെ എഴുത്തുകളും ചർച്ചകളും ലേഖനങ്ങളും ഒന്നും അവളെ സ്വാതീനിച്ചിരിക്കില്ല… അല്ലെങ്കിൽ അവളുടെ മനസ്സ് അവയെ ഒന്നും ഉൾക്കൊള്ളാൻ തയ്യാറായിരുന്നില്ല…

കേവലം ഭാര്യയോ അമ്മയോ മാത്രമായി ഒതുങ്ങേണ്ടവളല്ല ഷ്ട്രീ എന്ന് അവൾ അറിഞ്ഞിരുന്നില്ലേ… ആ തത്വചിന്തയോട് ഒരിക്കലും പൊരുത്തപ്പെടാഞ്ഞത് എന്തുകൊണ്ടാണ്…

പറഞ്ഞ കാര്യങ്ങളിലെ പൊരുത്തക്കേട് കൊണ്ടാവണം, അന്വേഷണ ചുമതലയുള്ള ആ മുറിമീശക്കാരൻ പോലീസ് എന്നെ മാറ്റിനിർത്തിയത്…

പറഞ്ഞ കാര്യങ്ങൾ അത്രയും ഒരു ചുഴലിക്കാറ്റിന്റെ ആക്കത്തിൽ എന്നെ ചുറ്റിത്തിരിയുന്ന പോലെ എനിക്ക് തോന്നി… ഞാൻ തെറ്റൊന്നും ചെയ്തില്ല… സത്യമല്ലാത്ത ഒന്നും പറഞ്ഞതും ഇല്ല…പക്ഷെ അന്നുണ്ടായ ആ നടുക്കം ഇപ്പോഴും മനസ്സിൽ താങ്ങി നിൽക്കുന്നു…

അവനു ഇതിൽ എന്തേലും പങ്കുണ്ടോ എന്ന് എല്ലാവരെയും പോലെ ഞാനും സംശയിച്ചിരുന്നു…

ആ അവധിക്കാലത്തു എന്താവാം സംഭവിച്ചിരിക്കുക…

അവളുടെ അച്ഛനും അമ്മയും ഒന്നും തുറന്നു പറയുന്നില്ല… ഒന്ന് ഉറക്കെ കരയാൻ പോലും ആ അമ്മയ്ക്ക് കഴിയുമായിരുന്നില്ല… അവൾ എന്തിനു ഇ കടുംകൈ ചെയ്തു….

ഇങ്ങനെ ഉള്ള അച്ഛനമ്മമാരെ ഉപേക്ഷിക്കാൻ തക്ക എന്ത് തെറ്റാണു ഇവർ അവളോട് ചെയ്തത്… എന്ന ചോദ്യം മാത്രമായിരുന്നു എല്ലാവരുടെയും മനസ്സിൽ…

എന്താണ് സംഭവിക്കുന്നത്… ആശയങ്ങൾ വഴിപിഴക്കുന്നുവോ… കഥ എങ്ങോട്ടാണ് പോവുന്നത്…

അവളുടെ മരണത്തിനു ആരും ഉത്തരവാദികൾ അല്ല… സ്വയം മരണം വരുമ്പോൾ അവൾ ആരെക്കുറിച്ചും ഓർത്തില്ല… വളർത്തി വലുതാക്കിയ അച്ഛനമ്മമാർ… അവരുടെ പ്രതീക്ഷകൾ… സ്വപ്‌നങ്ങൾ…. അവയെ എല്ലാം തല്ലി തകർത്താണ് അവൾ യാത്രയായത്…

അന്നോളം അവൾ ഡയറി എഴുതുന്നത് ഞാൻ കണ്ടിട്ടില്ല… പക്ഷെ അവസാന നാളുകളിൽ അവൾ എഴുതിയ താളുകൾ അത്രയും പിച്ചിക്കീറി കളഞ്ഞിരിക്കുന്നു… കൂട്ടിയോജിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി…

അതിൽ പറയുന്നത് ഇതാണ്.. _______________________________________________ അവനെ വഞ്ചിക്കാൻ എനിക്കാവില്ല, വെറുക്കാനും കഴിയില്ല… ഞാൻ എന്ത് ചെയ്യണം… സത്യമറിയുമ്പോൾ അവൻ എന്നെ വെറുത്താലോ… എനിക്കതു സഹിക്കാനാവില്ല… *** ഇല്ല അവനതു ഉൾക്കൊള്ളില്ല… അവൻ എന്നെ ഉപേക്ഷിച്ചാൽ… അങ്ങനെ എങ്കിൽ ഈ ലോകത്തു ജീവിച്ചിരിക്കുന്നതിൽ യാതൊരു അർഥവും ഇല്ല… ____________________________________ അവളുടെ ജീവിതത്തിന്റെ അർദ്ധം വ്യാഖ്യാനിക്കേണ്ടത് അവളാണോ… അർഥവത്തായ ഒരു ജീവിതം ജീവിക്കുക എന്നത് അവളുടെ കടമയല്ലേ… അതവൾ മറന്നു പോയോ…? പ്രതീക്ഷിക്കരുത്… ആവശ്യപ്പെടരുത്… ഊഹിക്കരുത് എന്ന് എന്നോട് പറഞ്ഞു പഠിപ്പിച്ചവളാണോ ഇന്നീ കാട്ടായം കാണിച്ചിരിക്കുന്നത്…

എന്തിനാണ് മരിക്കുന്നതിന് മുൻപ്.. എനിക്ക് ഇഷ്ട്ടമല്ല … വെറുപ്പാണ്… ഇനി ശല്യപ്പെടുത്തരുത് എന്നൊക്കെ അവനു സന്ദേശം അയച്ചത്… അപ്പോൾ അവനല്ലേ ശെരിക്കും നിരാശ തോന്നേണ്ടത്… കാരണമൊന്നുമില്ലാതെ ബന്ധം വേര്പെടുത്തുവാൻ മാത്രം എന്ത് തെറ്റാണു അവൻ ചെയ്തത്…

തെറ്റുകാരി അവൾ തന്നെയോ…

അതോ ഞാനോ…?

വല്ലാത്ത ഒരു അവസ്ഥയിലാണ് അവൾ എന്നെ കൊണ്ടെത്തിച്ചിരിക്കുന്നതു… ഒന്ന് ആശ്വസിപ്പിക്കാൻ… പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് കഴിയുമായിരുന്നു… പക്ഷെ, അതിനുള്ള അവസരം അവകൾ എനിക്ക് തന്നില്ല…

ചിതറിയ പുസ്തക താളുകളിൽ എഴുതിയിരുന്ന അവന്റെ പേരുകൾ വെട്ടിക്കുറിച്ചു മറച്ചിരിക്കുന്നു… ആ പേരുകൾ ആർക്കും കാണാൻ പറ്റാത്തത്ര വികൃതമാക്കിയിരിക്കുന്നു…

അവൻ ആരെന്നതിനേക്കാൾ അവൾ എന്തിനാണ് അങ്ങനെ ചെയ്തത് എന്നായിരുന്നു എന്റെ സംശയം… ആഴ്ചകൾക്കു ശേഷം സത്യം അറിഞ്ഞപ്പോൾ എല്ലാവരെയും പോലെ ഞാനും സ്തബ്ധയായിപ്പോയി…

അമ്മയാവുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് ജീവിതത്തിൽ ഏറ്റവും വിലമതിക്കാനാവാത്ത ഒരു കാര്യമാണ്…. പക്ഷെ,, ഭാവിയെപ്പറ്റിയോ… വൈവാഹിക ജീവിതത്തെപ്പറ്റിയോ ഒരിക്കലും ആകുലപ്പെടാതിരുന്ന ഒരുവൾ ഇത്ര പെട്ടെന്ന് എന്തിനാണ് ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടത്… അപ്പോൾ അവനെ അവൾ മനസ്സാ വരിച്ചിരുന്നോ…

കലശലായ വയറു വേദന മൂലം ആശുപത്രിയിൽ അയക്കപ്പെട്ട അവൾ ശസ്ത്രക്രിയക്ക് വിധേയ ആകേണ്ടി വന്നു… ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് സ്വന്തം ഗര്ഭപാത്രമാണ് എന്ന് അവൾ അറിഞ്ഞിരുന്നില്ല… പക്ഷെ, കേസ് ഷീറ്റ് വായിച്ച അവൾ ഒരു നിമിഷം ശൂന്യതയിലേക്ക് വലിച്ചെറിയപ്പെട്ടു… ഒരിക്കലും അമ്മയാവാൻ കഴിയില്ല എന്ന ഡോക്ടറുടെ വെളിപ്പെടുത്തൽ അവളുടെ മനസ്സിന്റെ താളം തെറ്റിച്ചിട്ടുണ്ടാവണം… അല്ലെങ്കിൽ അവൾ ഇങ്ങനെ ഒരു ക്രൂര കൃത്യത്തിനു മുതിരില്ലായിരുന്നു…

അവൾ ആരെപ്പറ്റിയും ആലോചിച്ചില്ല… അമ്മയാവാൻ പ്രസവിക്കേണ്ട കാര്യമൊന്നുമില്ല എന്ന യാഥാർഥ്യവും അവൾ ഓർത്തതില്ല…

ജീവന് തുല്യം സ്നേഹിച്ചിരുന്നു എന്ന് അവകാശപ്പെടുന്ന അവനോടു പോലും ഈ കാര്യം തുടർന്ന് പറയാൻ അവൾ മടിച്ചു… അവളെ എന്തെ വിളിക്കാത്തത്… താൻ തെറ്റൊന്നും ചെയ്തില്ലല്ലോ എന്ന് ആ പാവം ഓരോ നിമിഷവും വിഷമിക്കുന്നുണ്ടാവും…

അവൻ ആരെന്നു അന്വേഷിക്കണം എന്ന് കരുതിയതാണ്… പക്ഷെ അവളുടെ ഫോണിലുള്ള വിവരങ്ങളെല്ലാം നശിപ്പിച്ചിരുന്നത് കാരണം ആ ശ്രമം നടന്നില്ല…

രണ്ടു വര്ഷങ്ങള്ക്കു ശേഷം ലീവിന് നാട്ടിലേക്കു വരുമ്പോൾ ആണ്… റെയിൽവേ സ്റ്റേഷനിൽ വച്ച് കാണാൻ തരക്കേടില്ലാത്ത ആ മനുഷ്യനെ കണ്ടുമുട്ടുന്നത്…

ഒറ്റ നോട്ടത്തിൽ തന്നെ എവിടെയോ കണ്ടിട്ടുള്ളത് പോലെ… അത്രയ്ക്ക് പരിചിതമാണ് ആ മുഖം എന്ന് തോന്നി….

യാത്രയിൽ അടുത്തടുത്ത സീറ്റുകളിൽ ഇരുന്നപ്പോളും… ഇതുപോലെ മുൻപ് സംഭവിച്ചിട്ടുള്ളതായി അനുഭവപ്പെട്ടു…

ഒരു പക്ഷെ ഈ Deja Vu എന്ന് പറയുന്ന പോലെ എന്തേലും ആവും എന്ന് കരുതി… എന്തെങ്കിലും കേറി മിണ്ടിയാലോ എന്ന് വിചാരിച്ചതാണ്… പക്ഷെ ഒന്ന് മടിച്ചു..

ലാപ്ടോപിന്റെ വോൾപേപ്പർ കണ്ടു സ്തബ്ധനായി നിൽക്കുന്ന അവനെ കണ്ടു ഞാൻ ആകെ ഭയന്നു…

ഈ കുട്ടിയെ അറിയുമോ…

ഇപ്പോൾ എവിടെയാണ്…

എന്ത് ചെയ്യുന്നു…

തമ്മിൽ കോണ്ടാക്ട് ഉണ്ടോ…

അയാൾ അക്ഷമയോടെ ആരാഞ്ഞു…

അവളുടെ ഒപ്പമുള്ള ഫോട്ടോ ഉള്ള ആ വോൾപേപ്പറിലേക്കു നോക്കിയാ എന്റെ മനസ്സ് കൊടുങ്കാറ്റിലുലയുന്ന ഒരു വൃക്ഷത്തെ പോലെ ഏതു നിമിഷവും നിലം പൊത്താവുന്ന പോലെ ആയി…

കണ്ണിൽ ഇരുട്ട് കയറുന്നപോലെ…

കാലുകൾക്കു ബലം സഹായിക്കുന്നത് പോലെ…

ആരാണിയാൾ എന്ന ചോദ്യത്തെക്കാൾ… അവനാണോ ഇതെന്ന സംശയമാണ് ആദ്യം ഉടലെടുത്തത്…

നിറഞ്ഞൊഴുകിയ ആ കണ്ണുനീരിൽനിന്നു എല്ലാം എനിക്ക് മനസ്സിലായി…

അതെ, ഇത് അവൻ തന്നെ… തീർച്ച….

സത്യം എങ്ങനെ പറയും എന്ന് പേടിച്ചു എങ്കിലും… പറയാതെ നിവർത്തി ഉണ്ടായിരുന്നില്ല…

അവളുടെ മരണവിവരം വാക്കുകളിലേക്കെത്താൻ ബുദ്ധിമുട്ടി… എന്താണ് സംഭവിച്ചത് എന്ന് എനിക്ക് ഓർമയില്ല…

മാറിലൂടെ കണ്ണുനീർത്തുള്ളികൾ ഒഴുകിയിറങ്ങിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു.. അവന്റെ കണ്ണീരൊപ്പാൻ ഞാൻ പത്രമാവുകയായിരുന്നു…

ക്ഷമ പറഞ്ഞു പിന്വാങ്ങിയപ്പോൾ… എന്തെന്നില്ലാത്ത ഒരു നെടുവീർപ്പ് എന്റെ ഉള്ളിലും മിന്നിമറയുന്നതായി അനുഭവപ്പെട്ടു…

രണ്ടു ദിവസത്തെ യാത്രയിൽ ഞങ്ങൾ കൂടുതൽ അടുത്തു… ഇങ്ങനെ ഉള്ള ഒരു വ്യക്തി എങ്ങനെ അവളുമായി ചങ്ങാത്തത്തിലായി എന്ന ചോദ്യങ്ങൾക്കു ഉത്തരം എന്നവണ്ണം അവൻ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെയും എന്റെ ഓർമയിൽ നിന്നില്ല…

അവൾക്കു പകരമാവാനാണോ… ദൈവനിയോഗം എന്ന് ഞാൻ സംശയിച്ചു… അവനും അത് പറയാതെ പറഞ്ഞതായി എനിക്ക് തോന്നി…

രാത്രി ശുഭരാത്രി പറഞ്ഞു തിരിഞ്ഞു കിടന്നപ്പോൾ ഞാൻ തിരിച്ചറിഞ്ഞു…

ജനാലയിലൂടെ ഇരുട്ടിന്റെ ശൂന്യതയിലേക്ക് കണ്ണുംനട്ട് ഇരിക്കുന്ന അവന്റെ മുഖത്തേക്ക് തുള്ളിത്തെറിച്ച ആ മഴത്തുള്ളികൾക്കു അവളുടെ കണ്ണുനീരിന്റെ ഗന്ധമായിരുന്നു…എന്ന്…

ഉറക്കത്തിലേക്കു വഴുതി വീഴുമ്പോഴും മനസ്സ് നിറയെ അവന്റെ മുഖമായിരുന്നു… അകാലത്തിൽ പൊലിഞ്ഞ ആ കൂട്ടുകാരിയുടെയും…

ഉറക്കം ഉണർന്നപ്പോൾ, ട്രെയിൻ ഏതോ സ്റ്റേഷനിൽ നിന്നും നീങ്ങി തുടങ്ങിയിരുന്നു… ഞെട്ടി എണീറ്റ് നോക്കിയപ്പോഴേക്കും അവൻ പോയിരുന്നു…

എന്തോ പറയാൻ മറന്നു… എന്ന് മനസ്സ് വിങ്ങിപ്പൊട്ടി…

എന്തെങ്കിലും മറന്നു വച്ചിട്ടുണ്ടാവണേ എന്ന പ്രാർഥനയോടെ ഞാൻ അവിടെമാകെ പരതി നോക്കി… ഇല്ല… ഒന്നും കിട്ടിയില്ല…

വല്ലാത്ത ഒരു നഷ്ടബോധം മനസ്സിൽ തിരതല്ലി… ഇത്ര അടുത്തു കിട്ടിയിട്ടും കൈവിട്ടു പോയല്ലോ…

കാണാൻ അത്ര സുന്ദരൻ ഒന്നും അല്ലെങ്കിലും സ്വഭാവത്തിലും സംസാരത്തിലും ആരെയും മോഹിപ്പിക്കുന്ന അസ്സൂയപ്പെടുത്തുന്ന പേഴ്സണാലിറ്റി ഉള്ള ചെറുപ്പക്കാരൻ…

പലരെയും കണ്ടിട്ടുണ്ടെങ്കിലും…

പറയാൻ കഴിയുന്നില്ല…

എന്താ എനിക്ക് പറ്റിയത്…

എന്ത് മണ്ടത്തരങ്ങളാണ് ഞാൻ പറയുന്നത്…

ഏയ് ഇതൊന്നും ശെരിയാവില്ലാ….

ഞാൻ ആരെയും പ്രണയിച്ചിട്ടില്ല.. പ്രണയിക്കണം എന്ന് ആഗ്രഹിച്ചിട്ടുമില്ല… ആരോടും അങ്ങനെ തോന്നിയിട്ടുമില്ല… എന്നോട് ആർക്കും അങ്ങനെ തോന്നിയിട്ടില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി… ബാക്കിയുള്ളവരെ നിരീക്ഷിച്ചും, വിലയിരുത്തിയും… മനസ്സിലാക്കിയും… മാത്രമാണ്… ഞാൻ ജീവിച്ചിരുന്നത്…

പക്ഷെ ഇപ്പോൾ ഇതെന്തു പറ്റി.. മനസ്സ്, പ്രണയം എന്ന വികാരത്തെ തൊട്ടറിയുകയാണോ…

ഇല്ല… ഞാൻ ആരെയും പ്രണയിക്കില്ല… എന്ന് പറഞ്ഞിരുന്ന ആ പുള്ളിപ്പാവാടക്കാരി എങ്ങു പോയി… വാക്കുകൾ വറ്റിത്തുടങ്ങിയിരിക്കുന്നു…

അവളുടെ കഥ പറഞ്ഞു തുടങ്ങിയ ഞാൻ ഇതാ എന്റേതായ ഒരു കോണിൽ കഥയെ കൊണ്ടെത്തിച്ചിരിക്കുന്നു…

പെട്ടെന്നാണ് അനിയത്തി ആ കടലാസു കൊണ്ടുവന്നത്… കീറിയെടുത്ത പുസ്തകത്തിന്റെ മറുപുറത്തു ഇങ്ങനെ എഴുതിയിരിക്കുന്നു…

“നഷ്ടപ്പെട്ടു എന്ന് കരുതിയ എന്റെ ജീവിതം തിരിച്ചു കിട്ടിയിരിക്കുന്നു… ഇനിയുള്ള യാത്രയിൽ, കൂട്ടുകാരീ… നീയും ഉണ്ടാവില്ലേ…”

വായിച്ചു തീർന്നില്ല…കണ്ണുകൾ നിറഞ്ഞൊഴുകി…

ഭൂമിയിൽ ഏറ്റവും ഭാഗ്യവതി ഞാനാണ് എന്ന് എനിക്ക് തോന്നി…

കഥ എന്നിലേക്ക്‌ വഴിതെറ്റി വന്നത് … ഒരു പക്ഷെ എന്റെ സ്വാർഥത കാരണമാവാം…

അതല്ലെങ്കിൽ ദൈവനിയോയോഗമാവാം…

അതുമല്ലെങ്കിൽ… പണ്ടത്തെ ആ കൂട്ടുകാരി അസൂയയോടെ പിറുപിറുത്തതിന്റെ അനന്തരഫലമാവാം…

വായനക്ക് നന്ദി..

രചന – അനു

Leave a Reply

Your email address will not be published. Required fields are marked *