കുണ്ടറയിൽ നിന്നും പുനലൂരിലേക്കുള്ള തീവണ്ടിയാത്രക്കിടയിലാണ് വീണ്ടും വിളി വന്നത്!

രചന : ജയപാൽ കൊല്ലം

” ഇവർക്കിത് എന്തിൻറെ കേടാണ്? ഇതിപ്പോ എത്രാമത്തെ തവണയാണ്? “എനിക്ക് ശരിക്കും ദേഷ്യം വന്നു.

“ആ ടീച്ചറേ, എത്താറായി! പത്തു മിനുട്ടിനുള്ളിൽ എത്തും ” ഈർഷ്യയോടെ പറഞ്ഞാണ് ഫോൺ വച്ചത്.

ഇന്നലെ രാത്രിയും വിളിച്ചിരുന്നു.പരിചയപ്പെടാൻ! പ്രിസൈഡിങ് ഓഫീസറുടെ പരിശീലന ക്ലാസിൽ പറഞ്ഞത്രേ! രണ്ടാംഘട്ട പരിശീലനമാകുമ്പോഴേക്കും ടീമംഗങ്ങൾ തമ്മിൽ നല്ല ബന്ധമാകണമെന്ന് പോലും!

അല്ലേലും ഈ ടീച്ചറുമാരിങ്ങനാ, എല്ലാം പറഞ്ഞു കൊടുക്കുന്ന മാതിരി കിറുകൃത്യം ചെയ്യാൻ നോക്കും. കൂടാതെ സകലതിനും സംശയം, സംശയം!! രാവിലെ ഉണർന്നോ, വണ്ടി കേറിയോ, ഇറങ്ങാറായോ ടീച്ചറുടെ സംശയം ഒരിക്കലും തീരില്ല!! സംശയ ദൂരീകരണത്തിനായി ഓരോ തവണയും അസന്നിഗ്ദ്ധമായി വിളിച്ചു കൊണ്ടേയിരുന്നു!!

ജി.വി.ജി.എച്ച്.എസ് സ്കൂളിലെ ഹെഡ്മിസ്ട്രസ് ശ്രീമതി. സുഭാഷിണിയമ്മ ടീച്ചർ പ്രിസൈഡിങ് ഓഫീസറായ ടീമിൽ ഒരു തേഡ് പോളിങ് ഓഫീസറായതാണ് ഞാൻ ചെയ്ത തെറ്റ്!

ദൈവമേ, ഇത് ഞാൻ മന:പൂർവ്വം ചെയ്തതല്ലല്ലോ, പിന്നെന്തിനീ പരീക്ഷണം? ടീച്ചറുടെ ഈ വിളി കാരണം ട്രെയിൻ പൂർണമായും നിശ്ചലമാകും മുമ്പ് ചാടിയിറങ്ങേണ്ടി വന്നു! ഫോൺ ചെവിയിൽ വച്ച് പരിശീലന ക്ലാസിലേക്ക് ഓടുമ്പോൾ, മറുതലക്കൽ “പൊന്നു കുഞ്ഞേ, ക്ലാസ് തുടങ്ങീ ” ന്നു പറഞ്ഞ് ടീച്ചർ കേഴുകയായിരുന്നു!

ക്ലാസിൽ കാലുകുത്തിയതും, ഒരു കാൾ! അൺനോൺ നമ്പർ! എടുക്കണോ? എന്തായാലും എടുത്തു. ” ഞാൻ രാമചന്ദ്രനാ, വലത്തോട്ട് നോക്ക് ” ഞാൻ കേറി വന്ന കണ്ട് മാടി വിളിക്കുന്നു.

ഫസ്റ്റ് പോളിങ്! എന്നെ എങ്ങനെ മനസിലായി? ഊഹിച്ചതാവും! തൊട്ടടുത്തു തന്നെ ടീച്ചറുമിരിപ്പുണ്ടാരുന്നു! ഒരു സീറ്റ് അടുത്ത് തന്നെ ഒഴിച്ചിട്ടിട്ടുണ്ട്! അവിടേക്കാണെന്നെ വിളിക്കുന്നത്. ഞാൻ പോയി അവിടിരുന്നു. രണ്ടു പേരും എന്നെ നോക്കി പുഞ്ചിരി പൊഴിച്ചു. പാവങ്ങൾ!!

രണ്ടു പേരും അടുത്തടുത്ത് ക്ലാസും ശ്രദ്ധിച്ച് സാകൂതം ഇരിക്കുന്നത് കണ്ടാൽ ഒരു വീട്ടിൽ നിന്ന് വന്നതാണെന്നേ തോന്നൂ! സിനിമാ കാണാൻ തീയേറ്ററിൽ വന്ന പോലെ എനിക്കൊരു സീറ്റും പിടിച്ചിട്ടതോർക്കുമ്പോ, എനിക്ക് ഉള്ളിലൊരു സ്നേഹം! ഇവർക്ക് പിറക്കാതെ പോയ മകനാണോ ഈ ഞ്യാൻ!!

പെരിനാട് പി.എച്ച്.സി യിൽ ഹയർഗ്രേഡ് ഹെൽത്ത് ഇൻസ്പെക്ടർ രാമചന്ദ്രൻ സർ കാഴ്ചയിലും പെരുമാറ്റത്തിലും “തിലകനെ” അനുസ്മരിപ്പിക്കുന്നുണ്ടായിരുന്നു. തിലകനോട് അടുത്തു പെരുമാറുന്ന സ്ത്രീകൾ സ്വാഭാവികമായും വിധേയയായിപ്പോകും!

അത് പ്രകൃതി നിയമമാണ്! അവരിൽ അറിയാതെ ബഹുമാനം നിറയും ! അദ്ദേഹത്തിൻറെ അഭിപ്രായം ചോദിച്ചിട്ടേ, അല്ലെങ്കിൽ അഭിപ്രായ പ്രകാരമേ എന്തും ചെയ്യൂ! സുഭാഷിണിയമ്മ ടീച്ചറും താൻ പ്രിസൈഡിങ് ഓഫീസറാണെന്ന് നോക്കാതെ തന്നെ, ആ അലിഖിത നിയമം തെറ്റിക്കാൻ പോയില്ല!!

ടീച്ചർ ക്ലാസിൽ പറയുന്ന മുഴുവൻ കാര്യങ്ങളും എഴുതിയെടുക്കുന്നുണ്ടായിരുന്നു. സംശയമുളളത് തിലകനോട് ചോദിക്കുകയും ചെയ്യുന്നുണ്ട്. രണ്ടും കൂടി ഒരു തിലകൻ – കവിയൂർ പൊന്നമ്മ ലുക്ക്!!

ടീച്ചർ എഴുതിയെഴുതി തള്ളുവാണ്. അതിന് സർവ്വാത്മനാ പിന്തുണയുമായി തിലകൻ കൂടെയും ! ഇലക്ഷൻ കമ്മീഷൻ കണ്ടാൽ അപ്പ തന്നെ അവാർഡ് കൊടുക്കും! രണ്ടും കൂടി എഴുതി, എഴുതി ലവ് ആകുമോ? എൻറെ ചിന്ത കുറച്ച് കടന്നു പോയി! ലിഖ് ത്തേ, ലിഖ് ത്തേ ലവ് ഹോ ജായ്!!

ക്ലാസ് കഴിഞ്ഞയുടൻ ടീച്ചർ “ജയപാൽ, എല്ലാം ശ്രദ്ധിച്ചോ? നമ്മൾ ടീമായി എല്ലാം വൃത്തിയായി ചെയ്യണം !” ഇങ്ങനെ വാൽസല്യം പുരട്ടിയ ഉപദേശം നൽകി. “ജയപാൽ വേണം കാര്യങ്ങളൊക്കെ സ്മാർട്ടായി ചെയ്യാൻ! ഞങ്ങളൊക്കെ വയസായില്ലേ” രാമചന്ദ്രൻ സർ കൂട്ടിച്ചേർത്തുകൊണ്ട് എൻറെ യൗവ്വനത്തിൽ പ്രതീക്ഷയർപ്പിച്ചു.

” ഉത്തരവിൽ ഒരു സെക്കൻറ് പോളിങ് ഓഫീസറുടെ പേരുണ്ടായിരുന്നല്ലോ ടീച്ചറേ, വൊക്കേഷണൽ ഹയർ സെക്കൻററി അധ്യാപിക, പാർവതി.എസ്.നമ്പ്യാർ ? അവരെ കണ്ടില്ലല്ലോ!”

” വന്നിരുന്നു ജയപാൽ, അവർക്ക് എന്തോ അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് നേരത്തേ പോയി! കൂട്ടുകാരിയോടൊപ്പം പിറകിലാണിരുന്നത് ” ടീച്ചറിൻറെ മറുപടി.

രണ്ടു ടീച്ചർമാരും ഒരു തിലകനും! ഓർത്തപ്പോൾ പകച്ചുപോയി എൻറെ യൗവ്വനം! രണ്ടു ദിവസം എങ്ങനെ സഹിക്കും! ജനറേഷൻ ഗ്യാപ് വലിയ ഗ്യാപ് തന്നെ! അവർ വലിയ വലിയ കാര്യങ്ങൾ പറയുമ്പോ തലയാട്ടുകയാവും എൻറെ റോൾ! അവരുടെ തമാശ കേട്ട് വായ വെറുതെ വിരിച്ച് കൊടുക്കേണ്ടി വരും! ഇങ്ങനെ പല പല ആശങ്കകളോടെ വീട്ടിലേക്ക് വണ്ടി കയറി.

ഒടുവിൽ ആ ദിനം സമാഗതമായി! ഡിസ്ട്രിബ്യൂഷൻ സെൻററിൽ കനത്ത ജനാവലി! ചിലടുത്ത് അനൗൺസ്മെൻറ്! ചില ക്ലാസ് മുറികൾ കൗണ്ടറുകളായി രൂപാന്തരപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ വിനീതവിധേയരെ പോലെ ക്യൂ നിൽക്കുന്നുണ്ട്.

ഇലക്ഷനാകുമ്പോൾ ഉഗ്ര ശക്തിയാർജിക്കുന്ന ദൈവത്തിൻറെ കോപത്തിന് പാത്രമാകാതിരിക്കാൻ പ്രതിഷേധമൊക്കെ നാലായി മടക്കി ഹൃദയത്തിൻറെ ഉള്ളറകളിൽ സൂക്ഷിച്ച്, ആത്മാർഥത മാത്രം മുഖത്ത് വാരിത്തേച്ച് എന്തിനും സന്നദ്ധരായി എവിടെയും ജീവനക്കാർ മാത്രം!

ചിലരൊക്കെ വെയ്റ്റിംഗ് ലിസ്റ്റിലാണ്! അക്ഷരാർഥത്തിൽ വെയ്റ്റിംഗ്!! കൊച്ചു വെളുപ്പാൻ കാലം മുതൽ പാതിരാത്രി വരെ ചങ്കിടിപ്പോടെ, ഷോകേസിൽ വച്ച പ്രതിമകളെപ്പോലെ, കാത്തിരിക്കുന്നതിൻറെ പകുതി അധ്വാനം മതി, ഇലക്ഷൻ ഡ്യൂട്ടി ചെയ്യാൻ!

അന്വേഷിച്ചും പറഞ്ഞും ഞങ്ങടെ കൗണ്ടറിൻറെ മുന്നിൽ ചെന്നപ്പോൾ തിലകൻ മുൻകൈയെടുത്ത് കാര്യങ്ങൾ ചെയ്യുകയാ! ടീച്ചർ പെട്ടികളൊക്കെ കെട്ടിപ്പിടിച്ച് നിധി കാക്കുന്ന ഭൂതത്തെ പോലെ പിന്നാലെയുണ്ട്!

കുറെ കവറുകളും , കാർഡ് ബോഡുകളുമൊക്കെയായി ടീച്ചറിനോട് എന്തൊക്കെയോ വർത്താനം പറഞ്ഞ് ചുരിദാറിട്ട ഒരു പെൺകുട്ടി! ടീച്ചറുടെ മകളാവുമോ?

അന്തക്കാലത്ത്, അവിവാഹിതനായ എൻറെ ഉള്ളിലെ കാമുകന് ആകാംക്ഷയായി! മുടിയുടെ ലെവലും ഷേപ്പും കൈ കൊണ്ട് തപ്പി പരിശോധിച്ച്, ചുണ്ടും നനച്ച് അവരുടെ മുന്നിലേക്ക് ചെന്നു.

” ആ, ജയപാൽ വന്നല്ലോ! “ടീച്ചർ ആവേശത്തോടെ “മോനേ ,ആ ചെക്ക് ലിസ്റ്റ് പ്രകാരം ഒന്നു ചെക്ക് ചെയ്യൂ ” എന്നൊക്കെ പറഞ്ഞ് പണി തന്നു തുടങ്ങി. ഈ പെൺകുട്ടി ആരാണെന്ന് ചെക്ക് ചെയ്യാനാ എനിക്ക് തോന്നിയത്!

ഞാനവളെ ഒന്നു നോക്കി. അവളും! അവളുടെ നയനങ്ങൾ നാണത്താൽ ചിമ്മിയോ? എൻറെ ഹൃദയം ആ സുന്ദരിയ്ക്കായ് മിടിക്കാൻ തുടങ്ങിയോ?

എവിടെ നിന്ന് വന്നൂ നീ ……. എന്നെ മയക്കുവാൻ…..!! എന്ന് പാടി അവളുടെ മുന്നിൽ മുട്ടുകുത്തി കരം ഗ്രഹിക്കാൻ തോന്നി! പാർവ്വതി, മോളേ! “ലതിങ്ങെടുത്ത്, ലിതിങ്ങെടുക്ക്, ലതിൻറെ ലപ്രത്തെ ലതെങ്ങെടുത്ത് ” ഇങ്ങനെ ടീച്ചറ് പറയാൻ തുടങ്ങിയപ്പോഴാണ് ഇതാണ് ഞങ്ങടെ സെക്കൻറ് പോളിങ് പാർവതി നമ്പ്യാർ എന്ന് എനിക്ക് പിടി കിട്ടിയത്!

ആകാശം മുട്ടെ ചാടാൻ തോന്നി! ഈശ്വരാ, ഇലക്ഷൻ ഡ്യൂട്ടി അവസാനിക്കാതിരിക്കാൻ എന്തേലും മാർഗ്ഗമുണ്ടോയെന്ന് വെറുതേ മോഹിച്ചു!!

എല്ലാം പറക്കി കെട്ടി, കാട്ടിൽ വിറകൊടിക്കാൻ പോയവരെപ്പോലെ സകല കമ്പും കൊള്ളിയും, പേപ്പറും , ബോർഡും ഒക്കെ ചുമന്ന് നടക്കുമ്പോഴും ഒരു ലജ്ജയും തോന്നിയില്ല. അഭിമാനപൂരിതമാണന്തരംഗം!

ജനാധിപത്യ വ്യവസ്ഥയിലെ പരിപാവനമായ പ്രവൃത്തിയിൽ പങ്കാളിയായതോർത്തല്ല, എൻറെ പാർവ്വതിക്കുവേണ്ടിയാണല്ലോയെന്നോർത്ത്! അല്ലെങ്കിൽ അവൾ ചുമക്കേണ്ടി വരില്ലായിരുന്നോ?

എൻറെ പാറൂ, ഒന്നിനും വിഷമിക്കേണ്ട, എക്സികുട്ടീവ് ലുക്കിൽ നടന്നാൽ മതി! ബാക്കിയെല്ലാം ഞാൻ ചുമന്നോളാം! നിൻറെ കൂലിയെപ്പോലെ !! ഏതോ കേസന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സി.ഐ.ഡിയെ പോലെ ബാലറ്റ് യൂണിറ്റും തൂക്കി തിലകൻ ഒപ്പമുണ്ട് !!

ബസിലിരുന്ന് കാടും മേടുമൊക്കെ കടന്ന് ഗ്രാമത്തിൻറെ ഉള്ളറയിലേക്കുള്ള യാത്രയിൽ, അടുത്തിരുന്ന തിലകൻ, രാഷ്ട്രീയത്തെ കുറിച്ചും, സ്ഥാനാർഥികളെ കുറിച്ചും അദ്ദേഹത്തിൻറെ വീക്ഷണ കോൺ അവതരിപ്പിച്ചപ്പോൾ, ആ കോൺ മേടിച്ചൊരു കുത്തു കൊടുക്കാനാണ് തോന്നിയത്! വല്ല ജീപ്പുമായിരുന്നെങ്കിൽ എൻറെ പാറുവുമായി കൂടുതലടുത്തിരിക്കാമായിരുന്നു!!

ഒടുവിൽ സ്ക്കൂളിലെത്തി! മലമുകളിൽ, പാറപ്പുറത്ത് ഒരു സ്കൂൾ! ചുറ്റും കാടു തന്നെ! എല്ലാവർക്കും വിഷമമായി, എനിക്കൊഴിച്ച്!! ആരുടെയും ശല്യമില്ലല്ലോ!! എല്ലാവരും പരിവേദനങ്ങളുടെ കെട്ടഴിച്ചു. അഴിക്കാൻ ഞാനും കൂടി, ഉള്ളിൽ സന്തോഷത്തിരയോടെ!!

എൽ.പി സ്ക്കൂളായതു കൊണ്ട്, കുഞ്ഞുകുഞ്ഞു ബഞ്ചുകളാണുണ്ടായിരുന്നത്. ക്ലാസ് മുറികളിലാകെ എലി കാഷ്ഠം നിരന്നു കിടപ്പുണ്ടായിരുന്നു. ടീച്ചർ എവിടുന്നോ, ഒരു ചൂല് സംഘടിപ്പിച്ച് വൃത്തിയാക്കൽ ആരംഭിച്ചു. ഞാനും തിലകനും കൂടി പുറത്തെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനിടയിൽ ടീച്ചറും പാറുവും വെള്ളമൊക്കെ ഒഴിച്ച് ക്ലാസ് വൃത്തിയായി കഴുകി. രണ്ടു മൂന്ന് ബഞ്ച് തുടച്ചിട്ടു. ആണുങ്ങൾക്ക് വേണ്ട സൗകര്യം ചെയ്തു കൊടുക്കണം എന്ന് ഒരു വീട്ടമ്മയെപ്പോലെ, ടീച്ചർ പാറുവിനോട് പറയുന്നത് ഞാൻ കേട്ടു.

ഞാനും ചെന്ന് ബഞ്ചെടുത്തിട്ട് തുടയ്ക്കാനാരംഭിച്ചതു കണ്ട് “എന്തിനാ മോനേ ” യെന്ന് ടീച്ചർ ചോദിച്ചപ്പോൾ കിടക്കാൻ രണ്ടു മൂന്ന് ബഞ്ച് ചേർത്തിടണ്ടേയെന്ന് ഞാൻ പറഞ്ഞു. ടീച്ചർ “നീ മാറ് മോനേ ” ഞാൻ ചെയ്യാമെന്ന് വാൽസല്യത്തോടെ പറഞ്ഞ് ആ പണിയും ഏറ്റെടുത്തു.

ഞാൻ ഒളി കണ്ണാൽ പാറുവിനെ നോക്കി. അവളുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നോ? “നോൺ സ്റ്റാറ്റൂട്ടറി കവറുകളും, ചെയ്യാൻ പറ്റുന്ന പണിയെല്ലാം ഇന്ന് തന്നെ ചെയ്തു വയ്ക്കാം” തിലകൻറെ ശബ്ദം ഞാൻ കാണാനിരുന്ന ദിവാസ്വപ്നത്തിൻറെ ചരടു പൊട്ടിച്ചു. പണ്ടാരം! ഇങ്ങേരിതെന്നേം കൊണ്ടേ പോവുള്ളൂന്നാ തോന്നുന്നേ!!

തിലകൻ നിർദ്ദേശങ്ങളടങ്ങിയ ബുക്ക് എടുത്ത് വായിച്ച് ഞങ്ങളെ പഠിപ്പിക്കാൻ തുടങ്ങി! ഞാനും പാറുവും ഓരോന്നും ഓരോ കവറിലാക്കിയും മാർക്കർ ഉപയോഗിച്ച് എഴുതിയും പരസ്പരം ഇടപഴകി. ഇതു വരെയും കാര്യമായൊന്നും ചോദിക്കാൻ കഴിഞ്ഞില്ലെങ്കിലും വിരലുകൾ തമ്മിൽ അറിയാതെ സ്പർശിച്ചതാണ് എനിക്കുള്ള നിർവൃതി!

” സെക്കൻറ് പോളിങ് ഓഫീസർക്കാണ് ഏറ്റവും കൂടുതൽ ജോലി അല്ലേ?” അവളെന്നോട് കൊഞ്ചിക്കൊണ്ട് ചോദിച്ചു. ” രജിസ്റ്റർ ഓഫ് വോട്ട് – 17 എ എഴുതുകയും വേണം! അവൾ നിസഹായാവസ്ഥ അവതരിപ്പിച്ചു. “ഞാൻ കൂടി സഹായിക്കാം. ടീച്ചർ, ഇങ്ക് പുരട്ടിയാൽ മതി” ഞാൻ സഹായഹസ്തം നീട്ടി!

“നീ ഒന്നും ചെയ്യേണ്ട മോളേ, എന്നെ നോക്കിയിരുന്നാൽ മതി! എല്ലാം ഞാൻ ചെയ്തോളാം! “ഞാൻ മനസിൽ പറഞ്ഞു.

ഇതിനിടയിൽ, രാഷ്ട്രീയക്കാരും, ഗ്രാമീണ വാസികളുമൊക്കെ പരിചയപ്പെടാൻ വന്നു. ഏജൻറ് മാർക്കുള്ള കാർഡും മറ്റുമൊക്കെ നൽകി. രാവിലെ 6 മണിക്ക് മോക്പോൾ ആരംഭിക്കുമെന്നും, ബന്ധപ്പെട്ട വരെത്തിച്ചേരണമെന്നും തിലകൻ അറിയിച്ചു.

ഹോട്ടലുകളൊന്നുമില്ലാത്തതിനാൽ, അത്താഴം അവരിലൊരാളുടെ വീട്ടിൽ നിന്നും നൽകാമെന്ന് വാഗ്ദ്ധാനം ചെയ്തു. സ്ത്രീ ജനങ്ങൾക്ക് താമസിക്കാൻ സൗകര്യം തരാമെന്ന വാഗ്ദ്ധാനം ഒരു ബോംബ് പോലെയാണെൻറെ നെഞ്ചിൽ വീണത്!

“ആലോചിച്ച് പറയാ”മെന്ന് പറഞ്ഞ് ടീച്ചറവരെ യാത്രയാക്കിയപ്പോൾ ഞാനാശ്വസിച്ചു. ടീച്ചർ പ്രിസൈഡിങ് അല്ലേ! ഉത്തരവാദിത്വവും ഒപ്പം പേടിയുമുള്ളതുകൊണ്ട് അവിടെ പോകില്ലായിരിക്കും. അങ്ങനെയെങ്കിൽ പാറുവും പോകില്ല! ഞാൻ കണക്കു കൂട്ടി സന്തോഷിച്ചു. ഉറങ്ങും വരെ കണ്ടു കൊണ്ടിരിക്കാമല്ലോ!

“ഇവരൊക്കെ വന്നത് പ്രിസൈഡിങ് ഓഫീസറുടെ ഡയറിയിൽ എഴുതണോ, സാറേ?” ടീച്ചർ തിലകനോടായി ചോദിച്ചു. തിലകൻ റൂളും ചട്ടവും ഉദ്ധരിച്ച് എന്തെക്കെയോ ബഡായി അടിച്ചു വിടുന്നുണ്ടായിരുന്നു. ആ ബഡായിയെ ആരാധനയോടെ കേട്ട് ടീച്ചറും !! കേട്ടാൽ തോന്നും ഇലക്ഷൻ കമ്മീഷണറും ഇങ്ങേരും ഒരു മുറിയിൽ താമസിക്കുവാണെന്ന്! “പിന്നേ….., ഇവരടെ ഡയറി കുത്തിയിരുന്നു വായിക്കലല്ലേ കമ്മീഷൻറെ പണി!” ഓർത്തപ്പോൾ എനിക്ക് ചിരി വന്നു. ടീച്ചർ പിന്നെയും സംശയം ചോദിച്ചു കൊണ്ടേയിരുന്നു, തിലകൻ മറുപടിയും!

ഞങ്ങൾ കൂട്ടായി നാളത്തേക്കുള്ള ഐറ്റംസ്, ഒരുക്കുന്നതിനിടയിലാണ്, ഇരുട്ടിൽ നിന്നും ഒരാഡംബര കാർ വന്നു നിന്നത്. ” ഒബ്സർ വർ ആയിരിക്കും” രാമചന്ദ്രൻ സാർ ഭയഭക്തി ബഹുമാനത്തോടെ പതുക്കെ പറഞ്ഞു. അതിൽ നിന്നും അരവിന്ദ് സ്വാമിയെപ്പോലെ ഒരു യുവകോമളൻ ഇറങ്ങി വന്നു. രണ്ടു മൂന്ന് ബോട്ടിൽ മിനറൽ വാട്ടർ ഒരു കവറിലാക്കിയാണ് വരവ്!

“ഓ, ഇത് മൊബൈൽ സ്ക്വാഡ് തന്നെ! ടീമിന് ആവശ്യമായ സാധനങ്ങളുമായി വരികയാണ്! ” ഞാനൂഹിച്ചു.

“എങ്ങനെയുണ്ട്?”സുസ്മേരവദനനായി അദ്ദേഹം ചോദിച്ച മാത്രയിൽ , ടീച്ചർ ഇത് വരെ ചെയ്ത കാര്യങ്ങൾ ഓർമ്മിച്ച് വരിവരിയായി തത്ത പറയും പോലെ പറഞ്ഞു കൊടുത്തു.

“അപ്പോ, ഇന്നിനി പാർവ്വതിയുടെ ആവശ്യമൊന്നുമില്ലല്ലോ! ചെറിയ കുട്ടിയുണ്ടേ, രാവിലെ ഇങ്ങെത്തിക്കാം”

ഇടിത്തീപോലെയാണാ വാക്കുകള് ഞാന് കേട്ടത് !!! ഇവള് കെട്ടിയതാരുന്നോ, അതിന്റെ സിംപ്റ്റംസ് തിരിച്ചറിയാന് കഴിയാഞ്ഞതില് ഞാന് സ്വയം പുച്ഛിച്ചു.

“ഓ, പാർവതിയുടെ ഹസ് ബെൻറാണോ?” എന്നു ചോദിച്ച് ടീച്ചർ ആവേശഭരിതയായി, ചലപില കലപിലാന്നു സംസാരം തുടങ്ങി. ഞാൻ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. കാരണം, എൻറെ പഞ്ചേന്ദ്രിയങ്ങൾ ആ നിമിഷം മുതൽ ഹർത്താലാരംഭിച്ചിരുന്നു! കണ്ണിൽ ഇരുട്ടു കേറുന്നതിനിടയിൽ , ആ ” അരവെന്ത സാമി ” യുടെകാറ് ദൂരേക്ക് പോകുന്ന ശബ്ദവും ഒപ്പം പരിശീലന ക്ലാസിൽ പറഞ്ഞ വാക്കുകളും ഞാൻ കേട്ടു.

“ഇലക്ഷൻ സമയത്ത് ജീവനക്കാർ എണ്ണയിട്ട യന്ത്രത്തെപ്പോലെ പ്രവർത്തിക്കണം”

പിറ്റേ ദിവസം, ഞാനത് അക്ഷരം പ്രതി അനുസരിച്ചു. തേഡ് പോളിങ് ഓഫീസറുടെ ഡ്യൂട്ടി “മാത്രം” ചെയ്തു! എണ്ണയിട്ട യന്ത്രത്തെപ്പോലെ, നിർവ്വികാരമായി!!

രചന : ജയപാൽ കൊല്ലം

Leave a Reply

Your email address will not be published. Required fields are marked *